UPDATES

ഐ ജി കല്ലൂരിയെ മാറ്റിയതിന് പിന്നാലെ ബസ്തറില്‍ രണ്ട് മാവോയിസ്റ്റ് വിരുദ്ധ സംഘടനകള്‍ സ്വയം പിരിച്ചുവിട്ടു

പോലീസിന്റെ സഹായത്തോടെ മാവോയിസ്റ്റ് വിരുദ്ധ റാലികള്‍ സംഘടിപ്പിക്കകു, പോലീസ് ചോദ്യം ചെയ്യുന്ന ഗവേഷകരെയും സന്നദ്ധപ്രവര്‍ത്തകരെയും ‘വെള്ളക്കോളര്‍ നക്‌സലൈറ്റുകള്‍’ എന്നും ‘അനുകൂലികള്‍’ എന്നും മുദ്രകുത്തി ആക്രമിക്കുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍

ചത്തീസ്ഗഡിലെ ബസ്തറില്‍ മവോയിസ്റ്റുകള്‍ എന്നു മുദ്രകുത്തി സന്നദ്ധ പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും ഗവേഷകരെയും വേട്ടയാടിയതിന്റെ പേരില്‍ കുപ്രസിദ്ധനായ ഐജി എസ് ആര്‍ പി കല്ലൂരിയെ മാറ്റിയതിന് തൊട്ടു പിന്നാലെ രണ്ട് മാവോയിസ്റ്റ് വിരുദ്ധ സംഘടനകള്‍ സ്വയം പിരിച്ചുവിട്ടു. ഇത്തരം നിയമവിരുദ്ധ ജാഗ്രത സംഘങ്ങള്‍ വളര്‍ത്തുകയും അഴിച്ചുവിടുകയും ചെയ്യുന്നതിന്റെ പേരില്‍ നിരവധി ആരോപണങ്ങള്‍ നേരിട്ടിരുന്ന ആളാണ് എസ് ആര്‍ പി കല്ലൂരി. അദ്ദേഹത്തെ ബസ്തര്‍ ഐജി സ്ഥാനത്ത് നിന്നും നീക്കിയതിന് തൊട്ടുപിന്നാലെയാണ് അഗ്നി (ആക്ഷന്‍ ഗ്രൂപ്പ് ഫോര്‍ നാഷണല്‍ ഇന്റഗ്രിറ്റി), വികാസ് സംഘര്‍ഷ സമിതി എന്നീ സംഘങ്ങള്‍ സ്വയം പിരിച്ചുവിടുകയാണെന്ന് പ്രഖ്യാപിച്ചത്. ഇത്തരം സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ ചത്തീഗഡിലെ ബിജെപി സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സംഘടനകള്‍ പിരിച്ചുവിടുന്നതിന് പ്രത്യേകിച്ച് കാരണമൊന്നും വ്യക്തിമാക്കിയിട്ടില്ലെങ്കിലും അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തില്‍ സ്വയം പിരിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അഗ്നിയുടെ കണ്‍വീനര്‍ ആനന്ദ് മോഹന്‍ മിശ്ര ഒരു പ്രസ്താവനയില്‍ പറഞ്ഞു. മവോയിസ്റ്റുകള്‍ക്കെതിരെ തങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വലിയ അഭിമാനമുണ്ടെന്നും എന്നാല്‍ നിലവിലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് സംഘടന പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാനമായ ഒരു പ്രസ്താവന വികാസ് സംഘര്‍ഷ് സമിതി കണ്‍വീനറും നേരത്തെ കുപ്രസിദ്ധമായിരുന്ന സാല്‍ ജുദം എന്ന സംഘനടനയുടെ നേതാവുമായിരുന്ന പി വിജയും പുറപ്പെടുവിച്ചിട്ടുണ്ട്.

2016ല്‍ ജഗദല്‍പൂരിലെ നിയമസഹായ സംഘത്തെയും മാലിനി സുബ്രഹ്മണ്യം എന്ന മാധ്യമ പ്രവര്‍ത്തകയെയും വേട്ടയാടി എന്ന ആരോപണം നേരിടേണ്ടി വന്ന സാമാജിക് എക്ത മഞ്ച് എന്ന ക്രിമിനല്‍ ജാഗ്രത സംഘം ഇതുപോലെ സ്വയം പിരിച്ചുവിട്ടിരുന്നു. എന്നാല്‍ രണ്ടു മാസത്തിനുള്ള അതിലെ അംഗങ്ങള്‍ ചേര്‍ന്നാണ് അഗ്നി എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. ഒരു സംഘത്തിലെ അംഗങ്ങള്‍ സൗകര്യം പോലെ മറ്റ് സംഘങ്ങളില്‍ അംഗങ്ങളാകുന്നതും ഇവരുടെ പ്രവര്‍ത്തന രീതിയാണ്.

പോലീസിന്റെ സഹായത്തോടെ മാവോയിസ്റ്റ് വിരുദ്ധ റാലികള്‍ സംഘടിപ്പിക്കകു, പോലീസ് ചോദ്യം ചെയ്യുന്ന ഗവേഷകരെയും സന്നദ്ധപ്രവര്‍ത്തകരെയും ‘വെള്ളക്കോളര്‍ നക്‌സലൈറ്റുകള്‍’ എന്നും ‘അനുകൂലികള്‍’ എന്നും മുദ്രകുത്തി ആക്രമിക്കുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയ എതിരാളികളെ മാവോയിസ്റ്റുകള്‍ എന്ന് മുദ്രകുത്തി പോലീസിന് ഒറ്റുകൊടുക്കുന്നതും ഇവരുടെ രീതിയാണ്. ഒട്ടേറ സായുധ അതിക്രമങ്ങളും ഇവരുടെ നേതൃത്വത്തില്‍ അരങ്ങേറിയതായി ചത്തീസ്ഗഡ് പോലീസില്‍ തന്നെയുള്ള ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബസ്തറില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരെ ഇവര്‍ ആക്രമിക്കുന്നുവെന്ന് ആരോപിച്ച് സന്നദ്ധ പ്രവര്‍ത്തക ബേല ഭാട്ടിയ പോലീസില്‍ പരാതി നല്‍കിയിരുന്നു.

അതിക്രമങ്ങള്‍ ദേശീയശ്രദ്ധ ആകര്‍ഷിച്ചതോടെ ബേല ഭാട്ടിയയെ പോലുള്ള സന്നദ്ധ പ്രവര്‍ത്തകരുമായും ഗവേഷണകരും നിയമസഹായ സംഘങ്ങളുമായും ഒത്തുതീര്‍പ്പിലെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ചില ശ്രമങ്ങള്‍ നടത്തിവരിയായിരുന്നു. ഇതിനിടയില്‍ ബസ്തര്‍ വിടണമെന്ന് അഗ്നി പ്രവര്‍ത്തകര്‍ ബേല ഭാട്ടിയയെ ഭീഷണിപ്പെടുത്തിയതാണ് കല്ലൂരിയുടെ സ്ഥാനമാറ്റത്തിന് കാരണമായതെന്ന് ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തി. പോലീസ് പ്രവര്‍ത്തനം പ്രൊഫഷണലാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക ഡിജി ഡിഎം അശ്വതി പറഞ്ഞു. സംഘങ്ങള്‍ക്കോ വ്യക്തികള്‍ക്കോ പോലീസിനെ സഹായിക്കാം. പക്ഷെ ക്രമസമാധാനപാലനത്തിന്റെ ചുമതല പോലീസിന് തന്നെയായിരിക്കണം. പോലീസിനെ സഹായിക്കുന്നവെന്ന പേരില്‍ ആര്‍ക്കും നിയമം കൈയിലെടുക്കാന്‍ സാധിക്കില്ലെന്നും അശ്വതി വിശദീകരിച്ചു.

കല്ലൂരിയെ നീക്കിയ ഉടനെ ഇത്തരം സംഘങ്ങള്‍ സ്വയം പിരിഞ്ഞത് കൃത്യമായ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയെ എതിര്‍ത്തിര്‍ക്കുന്ന ചില ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇത്തരം സംഘങ്ങള്‍ പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വളരെ മോശം പ്രതിച്ഛായയാണ് സൃഷ്ടിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മേലില്‍ വച്ചുപൊറിപ്പിക്കില്ല എന്ന കൃത്യമായ സന്ദേശം എസ്പിമാര്‍ക്ക് നല്‍കാന്‍ നടപടി സഹായിച്ചതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ക്രിമിനല്‍ സംഘങ്ങളുടെ പിന്തുണയോടെ, മാവോയിസ്റ്റുകള്‍ എന്ന പേരില്‍ നിരപരാധികളായ ഗ്രാമീണരെ വേട്ടയാടുന്നതിന്റെ പേരിലും കല്ലൂരി വിമര്‍ശനം നേരിട്ടിരുന്നു. തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ദ്രോഹിക്കുന്നതായും കല്ലൂരിക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍