UPDATES

സിനിമ

നന്മയായിരുന്നു കല്‍പ്പനയിലെ ചിരി

Avatar

അഴിമുഖം പ്രതിനിധി

‘അഭിനയം എന്റെ തൊഴിലാണ്. നല്ല വേഗത്തില്‍ തെങ്ങു കയറുന്ന ഒരാളെ നിങ്ങള്‍ എപ്പോഴേങ്കിലും ഏതെങ്കിലും വേദിയില്‍ വിളിച്ച് ആദരിച്ചിട്ടുണ്ടോ? പക്ഷേ സിനിമയില്‍ അഭിനയിച്ചൊരാള്‍ക്ക് സ്വീകരണം കൊടുക്കാന്‍ വലിയ ഉത്സാഹമാണ്. അഭിനയം ഒരു കലയാണെങ്കിലും അതെനിക്ക് തൊഴില്‍ കൂടിയാണ്. മറ്റേത് തൊഴില്‍ ചെയ്യുന്നവരെപ്പോലെ തന്നെ എന്നെയും പരിഗണിച്ചാല്‍ മതി.’ വളരെ ഗൗരവത്തോടെയാണ് കല്‍പ്പന ഒരിക്കല്‍ ഇങ്ങനെ പറഞ്ഞത്. അതായിരുന്നു കല്‍പ്പനയുടെ ക്വാളിറ്റിയും. എന്നും തന്റെ നിലപാടുകള്‍ പരസ്യമായി പറയാനും. അതിലുറച്ചു നില്‍ക്കാനും തയ്യാറായ വ്യക്തി. സിനിമയിലെ കല്‍പ്പനയല്ലായിരുന്നു ജീവിതത്തില്‍. ‘എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല, ഞാന്‍ ചെയ്യുന്നത് പ്രേക്ഷകന് ഇഷ്ടപ്പെടുന്നതുകൊണ്ടാണ് കോമഡി ആര്‍ട്ടിസ്റ്റിന്റെ ലേബല്‍ ചുമക്കുന്നത്. അഭിനയം ഏതെങ്കിലും ഒരു ഭാവത്തിലേക്ക് മാത്രം ഒതുക്കപ്പെടേണ്ടവരുടെ ദുഖം വലുതാണ്’. വളരെ പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ച് കല്‍പ്പന യാത്രയാകുമ്പോള്‍ ആ ദുഖം ഇനി പേറേണ്ടത് മലയാള സിനിമയാണ്. 

വളരെ ചുരുക്കമേ ആ അഭിനേത്രിയുടെ കഴിവുകളെ ചൂഷണം ചെയ്യാന്‍ സിനിമ ശ്രമിച്ചിരുന്നുള്ളൂ. 2012 ല്‍ തനിച്ചല്ല ഞാന്‍ എന്ന സിനിമയ്ക്ക് ദേശീയതലത്തില്‍ മികച്ച സഹനടിക്കുള്ള അവാര്‍ഡ് നേടിയ സമയത്ത്, കല്‍പ്പനയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഒരു ഹാസ്യനടിക്ക് ദേശീയ അവാര്‍ഡ് കിട്ടിയെന്ന തരത്തില്‍ വാര്‍ത്തയെഴുതിയേക്കല്ലേ എന്നാണ് പാതി കളിയായി പറഞ്ഞത്. നമ്മുടെ സിനിമ ഒരാളെ ഇന്ന കാറ്റഗറിക്കാരനായി മാര്‍ക്കിട്ടാല്‍ പിന്നതു മായില്ലെന്ന് അവര്‍ പറഞ്ഞു. റസിയ ബീവി എന്ന കഥാപാത്രമായി ആ സിനിമയില്‍ കല്‍പ്പന നടത്തിയ പ്രകടനം, അവരുടെ കഴിവിനെക്കുറിച്ച് അറിയുന്നവര്‍ക്കല്ല, അവരെ ഒരു കോമഡി ആര്‍ട്ടിസ്റ്റായി മാത്രം കണ്ടിരുന്നവരെ സംബന്ധിച്ച് അത്ഭുതമായിരുന്നു. അവര്‍ക്ക് കല്‍പ്പനയിലെ യഥാര്‍ത്ഥ അഭിനേത്രിയുടെ പ്രകടനങ്ങള്‍ കാണാനുള്ള അവസരം വിരളമായിരുന്നു.

ഉര്‍വശി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, കോമഡി ചെയ്യുന്ന കാര്യത്തില്‍ താനൊരിക്കലും തന്റെ സഹോദരിമാരുടെ അടുത്തെങ്ങും എത്തില്ലെന്ന്. അത്ര സ്വാഭാവികമാണ് അവരുടെ റിയാക്ഷനുകളും ഡയലോഗുകളും. അതില്‍ കല്‍പ്പനയായിരുന്നു മുന്നില്‍. ബാലതാരമായി സിനിമയിലെത്തിയ കല്‍പ്പനയെ നായികയായി കാണാമെന്നാണ് വിചാരിച്ചിരുന്നതെങ്കിലും പിന്നീടവര്‍ തിരക്കുള്ള കോമഡി ആര്‍ട്ടിസ്റ്റായി മാറി. മലയാളത്തില്‍ കോമഡി ചെയ്യാന്‍ കഴിവുള്ള നടിമാര്‍ ഉണ്ടായിരുന്ന സമയത്താണ് കല്‍പ്പനയും അവരിലൊരാളായി ചെല്ലുന്നത്. വളരെ നിഷ്‌കളങ്കമായ മുഖഭാവം കൊണ്ടു തന്നെ കല്‍പ്പന ചിരിയുണര്‍ത്തുമായിരുന്നു. അതിലും മികച്ചതായിരുന്നു അവരുടെ സംഭാഷണരീതി. ഇത്ര അനായാസമായി തന്റെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നവര്‍ കല്‍പ്പനയെപ്പോലെ വളരെ വിരളമാണ് മലയാള സിനിമയില്‍. ജഗതി, ഇന്നസെന്റ്, മാള തുടങ്ങിയ ഹാസ്യം അതിഗംഭീരമായി കൈകാര്യം ചെയ്യുന്നവരുമായി കല്‍പ്പനയോളം മത്സരിച്ച് അഭിനയിച്ച നടിമാര്‍ ചുരുക്കമാണ്. 

സുകുമാരി, ഫിലോമിന, കെപിഎസി ലളിത എന്നിവര്‍ക്കൊപ്പം ചേര്‍ത്തു പറയാവുന്ന പേരായിട്ടും ഇവര്‍ക്കൊന്നും കിട്ടിയതുപോലെ വ്യത്യസ്തങ്ങളായ വേഷങ്ങള്‍ക്ക് കല്‍പ്പനയ്ക്ക് ഭാഗ്യമില്ലാതെ പോയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ടായിരിക്കണം ഗൗരവമുള്ള വേഷങ്ങള്‍ കല്‍പ്പനയെ തേടിയെത്താന്‍ തുടങ്ങിയത്. തനിച്ചല്ല ഞാന്‍, ഇന്ത്യന്‍ റുപ്പി, സ്പിരിറ്റ്, ചാര്‍ളി എന്നീ ചിത്രങ്ങളിലെ കല്‍പ്പനയുടെ വേഷം അതിഗംഭീരമായിരുന്നു. അതുപോലെ ഡോള്‍ഫിന്‍ ബാറിലെ സുരേഷ് ഗോപിയുടെ ഭാര്യാവേഷം, ബാംഗ്ലൂര്‍ ഡേയ്‌സിലെ അമ്മ വേഷം, ഇവയൊക്കെ കല്‍പ്പനയിലെ ഇരുത്തം വന്ന നടിയുടെ കഴിവുകളെ ഉപയോഗിച്ച സിനിമകളാണ്. കല്‍പ്പനയുടെ വിടവാങ്ങല്‍ കാര്യഗൗരവമുള്ള കഥാപാത്രങ്ങളെയും ഹാസ്യകഥാപാത്രങ്ങളെയും ഒരേപോലെ അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ കഴിയുന്ന നടിമാരില്‍ കെപിഎസി ലളിതയെ മാത്രം മലയാള സിനിമയ്ക്ക് ബാക്കി നിര്‍ത്തിയുള്ളതാണ്.

സിനിമയില്‍ എല്ലാവരെയും ചിരിപ്പിച്ചിരുന്ന കല്‍പ്പനയുടെ സ്വകാര്യജീവിതം വേദനകളുടെതായിരുന്നു. ദുരന്തങ്ങള്‍ കല്‍പ്പനയുടെ കുട്ടിക്കാലം തൊട്ട് അവരെ പിന്തുടര്‍ന്നു. കുടുംബത്തിനും സമൂഹത്തിനും നന്മ ചെയ്യുന്നവരാണ് യഥാര്‍ത്ഥ താരങ്ങളെന്ന് കേരളത്തില്‍ ആഞ്ഞടിച്ചൊരു പ്രതിഷേധ സമരത്തിന്റെ അഭിപ്രായം അറിയാനായി വിളിച്ചപ്പോള്‍ കല്‍പ്പന പറഞ്ഞിരുന്നു. സിനിമയുടെ ലോകത്തുള്ള അതിരുവിട്ട ആഘോഷങ്ങളെപ്പോലും എതിര്‍ത്തിരുന്ന കല്‍പ്പന ഒരു താരം എന്നതിനേക്കാളൊക്കെ എത്രയോ മുകളിലാണ് ഒരു സമൂഹജീവി എന്ന നിലയില്‍ തനിക്കുള്ള സ്ഥാനം എന്നു വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ ജീവിതത്തെ ബുദ്ധിമുട്ടിച്ചുകൊണ്ടു നടത്തുന്ന ഒരു പ്രകടനത്തിനും താന്‍ കൂട്ടുനില്‍ക്കില്ല എന്നുവ്യക്തമാക്കി കൊണ്ട് കൃത്യമായ സാമൂഹ്യനിരീക്ഷണം പ്രകടിപ്പിച്ചിരുന്നു. താന്‍ ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് തികഞ്ഞ ബോധ്യത്തോടെ അവിടെയുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നേരിട്ടു ചെന്ന് ഇടപെടാനുള്ള അവരുടെ ആത്മാര്‍ത്ഥയും വാര്‍ത്തകള്‍ ആയിട്ടുണ്ട്.

ഇതൊക്കെ കൊണ്ടാവും, കല്‍പ്പന ഇനിയില്ല എന്ന വാര്‍ത്തയോട് പെട്ടെന്നങ്ങ് പൊരുത്തപ്പെടാന്‍ സാധിക്കാത്തത്. കല്‍പ്പനയെ അറിയുന്നവര്‍ക്കെല്ലാം അറിയാം, എത്രവലിയ ദുഖം ഹൃദയത്തിലേറ്റി നടക്കുമ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കാനെ അവര്‍ ശ്രമിച്ചിരുന്നുള്ളൂ. നന്മയായിരുന്നു കല്‍പ്പനയിലെ ചിരി…

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍