UPDATES

സിനിമ

എന്റെ അമ്മയ്ക്ക് മൂത്തമോള്‍ പോയി, എനിക്ക് ചേച്ചിയും-റസിയ ബീവി

Avatar

അഴിമുഖം പ്രതിനിധി

കരഞ്ഞു തീരുന്നില്ല റസിയയുടെ സങ്കടം, കരയാന്‍ പോലുമാകാതെ തളര്‍ന്നു കിടക്കുകയാണ് ചെല്ലമ്മ അന്തര്‍ജനം. ഒരു നീട്ടിവിളിയും ഒപ്പമുള്ള പൊട്ടിച്ചിരിയുമായി കല്‍പ്പന ഇനി തങ്ങളെ കാണാന്‍ വരില്ലെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല ഇരുവര്‍ക്കും.

പത്തുവര്‍ഷമായി കല്‍പ്പന ചേച്ചി ഞങ്ങള്‍ക്കൊപ്പമുണ്ട്. അമ്മയ്ക്ക് രണ്ടു മക്കളാണെന്നാണ് പറയുക, മൂത്തയാള്‍ കല്‍പ്പന ചേച്ചിയും ഇളയവള്‍ ഞാനും. അതങ്ങനെ തന്നെയായിരുന്നു കല്‍പ്പന ചേച്ചിക്കും. ചക്കരേ… എന്നാണ് എന്നെ വിളിക്കുക. അമ്മ പ്രാവാണ്. പ്രാവിന്റെ മുഖം പോലെയാണ് അമ്മയുടെ മുഖവുമെന്നാണ് പറയുക. ഞങ്ങളുടെ പേരുപോലും ചേച്ചി പലപ്പോഴും മറന്നുപോവും. മറ്റുള്ളവരോട് ഞങ്ങളെക്കുറിച്ച് പറയുമ്പോഴും പ്രാവെന്നും ചക്കരയെന്നുമാണ് പറയാറ്.

കഴിഞ്ഞ മാസാണ് അവസാനമായി സംസാരിച്ചത്. ഞങ്ങളുടെ വീടിനു മുന്നിലൂടെ പുതിയതായി ഒരു റോഡ് അനുവദിച്ചിരുന്നു. അതിന്റെ ഉത്ഘാടനത്തിന് കല്‍പ്പന ചേച്ചിയും ഉണ്ടാകണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു. പക്ഷേ ആ സമയത്ത് ഒറ്റപ്പാലത്ത് ഷൂട്ടിംഗിലായിരുന്നു ചേച്ചി. ഞാന്‍ വിളിച്ചപ്പോള്‍, ഇത്ര ദൂരയായി പോയല്ലോ, പെട്ടെന്ന് ഓടിവരാനും പറ്റില്ല, എന്തായലും ഡയറക്ടറോട് ഒന്നു ചോദിച്ചു നോക്കട്ടെ എന്നാണ് മറുപടി പറഞ്ഞത്. പക്ഷേ ചേച്ചിക്കു വരാന്‍ കഴിഞ്ഞില്ല. ഞാനില്ലെങ്കിലും എല്ലാവരോടും എന്റെ അന്വേഷണവും സ്‌നേഹവും അറിയക്കണേയെന്ന് ചട്ടം കെട്ടിയിരുന്നു. നേരില്‍ കണ്ടിട്ടു കുറച്ചായല്ലോ എന്നൊരു ചെറിയ പരിഭവം എനിക്കും അമ്മയ്ക്കും ഉണ്ടായിരുന്നു. എന്റെ ചക്കരേ…എന്റെ തൊഴില് ഇതായിപ്പോയില്ലേ,,, എനിക്കവിടെ വന്നിട്ട് ഓടിപ്പോരാനൊന്നും വയ്യ. അതുകൊണ്ട് കുറച്ചു സമയം അടുപ്പിച്ചു കിട്ടിയാല്‍ ഞാനാദ്യം നിന്നെ അമ്മയേയും കാണാനായിരിക്കും വരുന്നതെന്നാണ് ആശ്വസിപ്പിച്ചത്. ഉടനെ തന്നെ വരുമെന്നു കരുതി ഞങ്ങളും കാത്തിരിക്കുകയായിരുന്നു…

മുറ്റത്തെത്തുമ്പോഴെ നീട്ടിയൊരു വിളിയാണ് എന്നെയും അമ്മയേയും. സ്വന്തം വീട്ടിലേക്ക് വരുന്നതുപോലെയാണ്. വര്‍ത്തമാനം പറച്ചിലും ആഹാരം കഴിക്കലുമെല്ലാം അങ്ങനെ തന്നെ. കിടന്നൊന്നു മയങ്ങിയിട്ടൊക്കെ പോകൂ. വരുമ്പോള്‍ കൈനിറയെ എന്തെങ്കിലും കാണും. തുണിയായിട്ടും പലഹാരായിട്ടുമെല്ലാം. എല്ലാ ഓണത്തിനും ഞങ്ങള്‍ക്ക് മുടങ്ങാതെ കോടി തരും. നേരിട്ട് എത്തിക്കാന്‍ പറ്റിയില്ലെങ്കില്‍ ആരുടെയെങ്കിലും കൈവശം കൊടുത്തുവിടും. പിന്നെയെന്നെ വിളിക്കും, നിനക്കത് ഇഷ്ടപ്പെട്ടോ, ഇല്ലേ വേറെ വാങ്ങാം. ഞാന്‍ പറയും, ചേച്ചിയെനിക്കൊരു തോര്‍ത്തുമുണ്ടാണ് വാങ്ങിത്തരുന്നതെങ്കിലും അതെനിക്ക് നിധിയാണ്. ചേച്ചിയപ്പോള്‍ ചെറുതായൊന്നു ചിരിക്കും. സ്‌നേഹത്തേക്കാള്‍ വാത്സല്യമായിരുന്നു ചേച്ചിക്ക് എന്നോട്.

ആരുടെയും സങ്കടം കാണുന്നത് സഹിക്കാന്‍ പറ്റില്ല. അമ്മയുടെ കാര്യം പറഞ്ഞ് എന്നെയെപ്പോഴും അഭിനന്ദിക്കും. നീ ചെയ്തതിന്റെ മുന്നില്‍ ഞാനൊക്കെ ചെയ്യുന്നത് ഒന്നുമാകില്ലെന്നാണ് ചേച്ചി പറയുന്നത്. ആരൊരു സഹായം ചോദിച്ചാലും ചെയ്തുകൊടുക്കാന്‍ മടിയില്ല. എനിക്കു തോന്നിയിട്ടുണ്ട് ചേച്ചി ശരിക്കുമൊരു സിനിമാനടിയാണോയെന്ന്. നമുക്കൊക്കെ അറിയാവുന്ന സിനിമാക്കാര്‍ക്ക് ഇങ്ങനെ സാധാരണക്കാരോട് ഇടപെടാന്‍ പറ്റുമോ. മറ്റു മനുഷ്യരുടെ സങ്കടം കാണാന്‍ കഴിയില്ലെങ്കില്‍ നമ്മളെങ്ങനെ മനുഷ്യരെന്നു പറഞ്ഞു നടക്കുമെന്നാണ് ചേച്ചി ചോദിക്കുന്നത്. അതേ ചേച്ചിക്ക് തന്നെ ദൈവം കൊടുത്തതോ. ചേച്ചിയുടെ അമ്മ ഒരു ദിവസം എന്നെ കണ്ടപ്പോള്‍ കണ്ണീരോടെ പറഞ്ഞു, എന്റെ മക്കളുടെ കണ്ണീരു കാണാനുള്ള വിധിയാണല്ലോ ഈശ്വരന് എനിക്കു തന്നത്. എല്ലാവരെയും സ്‌നേഹിച്ച ചേച്ചിക്ക് പകരം ആ സ്‌നേഹം എല്ലാവരിലും നിന്നും കിട്ടയതുമില്ല. എനിക്ക് ചേച്ചിയുടെ മകളെ കുറിച്ചാണ് സങ്കടം, ആ കുഞ്ഞിന് ഇനിയാരാണുള്ളത്.

എപ്പോള്‍ വന്നാലും എന്റേം അമ്മേടേം സുഖവിവരങ്ങള്‍ ചോദിച്ചു മനസിലാക്കും. ചെറിയൊരു ഭാവമാറ്റമുണ്ടെങ്കില്‍ പോലും അതിന്റെ കാരണം അറിയണം. പക്ഷേ ഒരിക്കലും ചേച്ചിയുടെ ദുഖം പുറത്തുകാണിച്ചില്ല. എല്ലാവരെയും ചിരിപ്പിച്ചു നടന്നു. പക്ഷേ എന്റെ ചേച്ചി പലപ്പോഴും ഉള്ളില്‍ കരയുകയായിരുന്നു. ഒരു വയ്യായ്ക വന്നാല്‍പോലും അതാരോടും പറയില്ല. നാലുവര്‍ഷം മുമ്പ് ന്യുമോണിയ വന്നായിരുന്നു. അതിനുശേഷം കുറച്ചു നാള്‍ കഴിഞ്ഞ് കൈയ്ക്കും കാലിനുമെല്ലാം വേദന ഉണ്ടായി.വേദന കലശലായപ്പോള്‍ കോയമ്പത്തൂര് ഒരാശുപത്രിയിലാണ് പോയത്. വേദന കൂടണത് വരെ എന്തിനാണത് വച്ചോണ്ടിരുന്നതെന്നു ചോദിച്ചാല്‍ ചിരിക്കും. ഞാന്‍ വന്നു നില്‍ക്കാം സഹായത്തിനെന്നു പറഞ്ഞപ്പോഴും തടഞ്ഞു. നീ ഇപ്പോള്‍ ഇവിടെ വരെ വന്നു ബുദ്ധിമുട്ടണ്ട, എന്നെ നോക്കാന്‍ ആളുണ്ട്. അതായിരുന്നു സ്വഭാവം. ആരെയും ബുദ്ധിമുട്ടിക്കില്ല. എന്നാലോ മറ്റുള്ളവരുടെ ബുദ്ധിമുട്ടൊട്ട് കാണാനും വയ്യാ… 

ആരാ ഇപ്പളത്തെ കാലത്ത് ഇങ്ങനെ മറ്റുള്ളവരെ സ്‌നേഹിക്കുക. ഒരുപരിചയവുമില്ലാത്ത എന്നെത്തേടി കൊറെ കാശുമായി വന്നു. അമ്മയ്ക്ക് ഒരു വീടൊരുക്കാന്‍ ഞാന്‍ ഓടിപ്പാഞ്ഞു നടക്കുമ്പോഴായിരുന്നു. അന്നു മുതല്‍ ചേച്ചിക്ക് ഞാനും അമ്മയും സ്വന്തമായി. രക്തന്ധമില്ലന്നേയുള്ളൂ. ഞങ്ങള്‍ അമ്മയും മക്കളും തന്നെയാണ്. അതിലൊരാളാണ് പോയത്. എന്റെ അമ്മയ്ക്ക് മൂത്തമോളു പോയി, എനിക്ക് ചേച്ചിയും… ചക്കരേ…പ്രാവേ…എന്നു വിളിച്ച് കല്‍പ്പന ചേച്ചി ഇനി വരില്ലെന്നു ഞങ്ങളെങ്ങനെ വിശ്വസിക്കും…

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍