UPDATES

ജോബി വര്‍ഗീസ്

കാഴ്ചപ്പാട്

ജോബി വര്‍ഗീസ്

ന്യൂസ് അപ്ഡേറ്റ്സ്

തേരുരുളും കല്പാത്തിയും ബാബു എന്ന ആനയും: ഒരു കാണാക്കാഴ്ച

പാലക്കാട് നഗരമധ്യത്തിലെ കല്‍പ്പാത്തിഗ്രാമം. 1425ല്‍ ലക്ഷ്മി അമ്മാളെന്ന ബ്രാഹ്മണസ്ത്രീ കാശിയില്‍നിന്നു കൊണ്ടുവന്ന ബാണലിംഗം പുഴയോരത്തു പ്രതിഷ്ഠിച്ചപ്പോള്‍ മുതല്‍ കാശിയുടെ പകുതിയായ കല്‍പ്പാത്തി. അന്നത്തെ പാലക്കാട്ടുശ്ശേരി രാജാവായിരുന്ന ശേഖരിവര്‍മ്മ അനുവദിച്ചുനല്‍കിയ സ്ഥലത്ത് ബാണലിംഗ പ്രതിഷ്ഠയും, അനുബന്ധവിവരങ്ങളടങ്ങുന്ന ശിലാഫലകവുമുള്ള വിശ്വനാഥവിശാലാക്ഷി ക്ഷേത്രം. അവിടെ ആഗമശാസ്ത്ര വിധിക്രാരം പൂജക്കെത്തിയ തമിഴ്ബ്രാഹ്മണര്‍. കുഴിയിലിരിക്കുന്നതുകൊണ്ടു കുണ്ടമ്പലമെന്നു വിളിക്കുന്ന ആ ക്ഷേത്രപരിസരത്തുള്ള മറ്റു ക്ഷേത്രങ്ങള്‍. ഈ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയുണ്ടായ ജനപഥം. ലായം പോലെ നിരയായി, വെള്ളപൂശിയ, അഴിപാകിയ ജനാലകളുള്ള, ഓടിട്ട അഗ്രഹാരങ്ങള്‍. ഗൃഹനാഥന്റെ വിദ്യാഭ്യാസയോഗ്യത വിളിച്ചറിയിക്കുന്ന ‘വെങ്കിടേശ്വരന്‍ ബി.കോം’, ‘എം.എ വിശ്വനാഥന്‍ ബി.എ’ മുതലായ നാമഫലകങ്ങള്‍ തറച്ച,  രണ്ടുവശത്തേക്കും തുറക്കുന്ന, നാലുപാളികളുള്ള കതകുകള്‍. അവക്കുപുറത്ത് അരിപ്പൊടിക്കോലങ്ങളെഴുതിയ, വീതി കുറഞ്ഞ തെരുവുകള്‍. അവിടങ്ങിങ്ങായി, ഇപ്പോഴുമോടുന്ന ടി.വി.എസ് മോപ്പഡുകളില്‍ കുടുമകെട്ടിയ വാദ്യാര്‍മാര്‍. കാശിയിലെ വേദസംവാദങ്ങളില്‍ എന്നും മികവുകാട്ടിയ വിദ്വാന്‍മാരുടെ പിന്‍ഗാമികള്‍. വേപ്പിലക്കട്ടിയും, പാവയ്ക്കാകോണ്ടാട്ടവും, തൈരുമുളകും ഉണങ്ങാനിട്ടിരിക്കുന്ന ചെറിയ വരാന്തകള്‍. അവയ്ക്കു കാവലിരുന്നു വെയില്‍ കായുന്ന പാട്ടിമാര്‍. ആവിപറക്കുന്ന ഫില്‍റ്റര്‍കാഫി സാപ്പിടുന്ന താത്താവെ ഹിന്ദു പത്രം മൈലാപ്പൂര്‍ ശൈലിയില്‍ വായിച്ചുകേള്‍പ്പിക്കുന്ന ഭസ്മം പൂശിയ പശങ്ങള്‍. പിന്നിയിട്ട മുടിയില്‍, മുല്ലയും കനകാംബരവും ചൂടി, ഹാഫ്‌സാരിചുറ്റി ക്ഷേത്രപ്പടികളിറങ്ങുന്ന പെണ്‍കുട്ടികള്‍.  മന്ത്രോച്ചാരണമുഖരിതമായ പ്രഭാതങ്ങളും, കല്‍പ്പാത്തിപ്പുഴ കടന്നുവരുന്ന കിഴക്കന്‍കാറ്റിന്റെ കുളിര്‍മ്മയുള്ള പകലുകളും, ത്യാഗരാജസംഗീതത്തിന്റെ താളമുള്ള രാത്രികളും. തമിഴ്ച്ചുവയില്‍ മലയാളം പറയുകയും, മലയാളലിപിയില്‍ തമിഴെഴുതുകയും ചെയ്യുന്ന കല്‍പ്പാത്തി നിവാസികള്‍. തമിഴകത്തെപ്പോലും അമ്പരപ്പിക്കുന്ന തമിഴ് തനിമയുള്ള കേരളഗ്രാമം. അവിടെ ഡിസംബറില്‍ നടന്ന രഥോത്സവം.

ചുറ്റുവട്ടത്തുള്ള നാലു പ്രധാന ക്ഷേത്രങ്ങളും, കല്‍പ്പാത്തിയിലെ എല്ലാ ജനങ്ങളും പങ്കെടുക്കുന്ന മൂന്നു ദിവസത്തെ ആഘോഷങ്ങള്‍. ആദ്യ രണ്ടുദിവസം കുണ്ടമ്പലത്തിലെ ശിവപാര്‍വ്വതിമാരുടെയും, മുരുകന്റെയും, മന്ദക്കരയിലെയും ചാത്തപുരത്തെയും ഗണപതിമാരുടെയും, ശ്രീകൃഷ്ണന്റെയും തേരുകള്‍ ക്ഷേത്രപരിസരത്തുള്ള തെരുവുകളില്‍ ഒറ്റയായി ഉരുളുന്നു. മൂന്നാം ദിവസം ഗ്രാന്‍ഡ് ഫിനാലെ. മുഖ്യതെരുവില്‍ എല്ലാ തേരുകളും സംഗമിക്കുന്നു. കല്‍പ്പാത്തിഗ്രാമം മുഴുവന്‍ ആ തെരുവില്‍ തടിച്ചു കൂടുന്നു. ലോകമെമ്പാടുമുള്ള കല്‍പ്പാത്തിക്കാര്‍ ഒത്തുചേരുന്നു. കൂടെ കേരളത്തിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും, തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ കാഴ്ചക്കാര്‍. മേമ്പൊടിയായി കുറച്ചു വിദേശികളും.

എല്ലാ ക്ഷേത്രങ്ങളിലും, പല വീടുകളിലും വിഭവസമൃദ്ധമായ അന്നദാനം. നാടന്‍ അരിമുറുക്കു മുതല്‍ ചൈനീസ് ബലൂണുകള്‍ വരെയടങ്ങുന്ന വഴിവാണിഭം. ഇതിനിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന തേരുകള്‍. വലിയ തടിച്ചക്രങ്ങള്‍ക്കു മുകളില്‍ കൊത്തുപണികളുള്ള ഗോപുരങ്ങള്‍. അവ വാഴക്കുലകളും, പൂമാലകളും, തോരണങ്ങളും കൊണ്ടലങ്കരിച്ചിരിക്കുന്നു. കൂടാതെ ചരടില്‍ തൂക്കിയിട്ട മാരുതിയും, പറക്കുന്ന ഗരുഡനും. വലിക്കാനുപയോഗിക്കുന്ന വലിയ വടം. ഓരോ തേരിലും അതതു ക്ഷേത്രവിഗ്രഹങ്ങളുടെ തിടമ്പ്. അവയെ വന്ദിച്ചു കടന്നുപോകുന്ന ജനക്കൂട്ടം. അവരന്യോന്യം പരിചയം പുതുക്കി, കുശലമന്വേഷിച്ച്, പഴയ കല്‍പ്പാത്തിക്കഥകളയവിറക്കി തേരുകളുരുളാന്‍ കാത്തിരുന്നു.

വൈകുന്നേരത്തോടെ ആഘോഷം അതിന്റെ മൂര്‍ദ്ധന്യതയിലെത്തുന്നു. ഒന്നിനുപുറകെ ഒന്നായി എല്ലാ തേരുകളും ഒരുമിച്ചുരുളുന്നു. നിറഞ്ഞുതുളുമ്പുന്ന ഭക്തി, ഉത്സാഹം, സൗഹൃദം, ഉല്ലാസം. എല്ലാം കൂടിച്ചേര്‍ന്നൊരു മഹാ ആഘോഷം.

നമ്മുടെ നാട്ടിലെ സാധാരണ കെട്ടുകാഴ്ചകളില്‍ നിന്നു തികച്ചും വ്യതസ്തമായി, തനി തമിഴ് ആചാരങ്ങളോടെ നടക്കുന്ന രഥോത്സവം തനതായ ഒരനുഭവമായിരുന്നു. കാഴ്ചകള്‍ കണ്ടുനടക്കുന്നതിനിടയിലെപ്പോഴൊ ബാബുവിനെക്കണ്ടു. ആള്‍ക്കൂട്ടത്തില്‍നിന്നുമാറി തനിയെ, അലങ്കാരങ്ങളില്ലാതെ  പൂഴിയില്‍ കുതിര്‍ന്ന്, ആരവങ്ങളില്‍നിന്നകന്ന് വിഷണ്ണനായി നില്‍ക്കുന്ന ചാത്തപുരം ബാബു. കാലില്‍ കൂച്ചുവിലങ്ങിട്ട ചങ്ങലയും, ഭക്ഷണക്ഷാമത്തില്‍ ചടച്ച ശരീരവും, മസ്തിഷ്‌കത്തിലെ മദപ്പാടും, കണ്ണീരില്‍ കുതിര്‍ന്ന മിഴികളുമായി നിന്ന ബാബു ഒരിക്കല്‍ രഥോത്സവത്തിന്റെ രോമാഞ്ചമായിരുന്നത്രെ. അവന്റെ വിരിഞ്ഞ മസ്തിഷ്‌കം തേരുകളെ തള്ളി രഥോത്സവത്തിനു തുടക്കം കുറിച്ചിരുന്നു. തെരുവുകളിലെ കുണ്ടുകളില്‍ ഉടക്കിനിന്ന തേരിനെ വലിച്ചുകയറ്റാനും, വളവുകളില്‍ തിരിയാനും, തേരിന്റെ ഗതി നിയന്ത്രക്കാനുമൊക്കെ ബാബു അനിവാര്യമായിരുന്നു. കല്‍പ്പാത്തിക്കാര്‍ക്ക് കുറെ വര്‍ഷങ്ങളായി ബാബുവില്ലാതെ രഥോത്സവമുണ്ടായിരുന്നില്ല. കുറച്ചു നാളായി മദപ്പാടിലായിരുന്ന ആന ഈ വര്‍ഷവും രഥോത്സവത്തിനുണ്ടാകുമെന്നവര്‍ കരുതി. പക്ഷേ മനുഷ്യരുടെ അനാസ്ഥ കാരണം മദപ്പാടു തുടര്‍ന്നു. പാപ്പാന്‍മാരുടെ തര്‍ക്കത്തില്‍ ആനക്കു ഭക്ഷണവും, ശുശ്രൂഷയും മുടങ്ങി. മാസങ്ങളോളം അഴിക്കാതെ കിടന്ന ചങ്ങല പാദങ്ങളില്‍ മുറിവുകളുണ്ടാക്കി. തന്റെ ഉടമയും നിസ്സംഗമായ നിലപാടെടുത്തതോടെ ബാബു പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. കല്‍പ്പാത്തിയില്‍ തേരുകളുരുളുമ്പോള്‍, ചാത്തപുരം ക്ഷേത്രത്തിനു പുറകില്‍, പുഴക്കരയിലൊരു പുരയിടത്തില്‍ ഗതകാലസ്മരണയുടെ തിടമ്പുമേറ്റി നില്‍ക്കുന്ന ബാബു ഉത്സവത്തിനിടയിലെ വേദനിക്കുന്നൊരോര്‍മ്മയായി.

ഈയിടെ വീണ്ടും പാലക്കാട്ടേയ്ക്കു പോകാനിടയായി. ആളൊഴിഞ്ഞ കല്‍പ്പാത്തിത്തെരു. അലങ്കാരങ്ങളില്ലെങ്കിലും അടുത്ത രഥോത്സവം പ്രതീക്ഷിച്ച് തെരുവോരത്തു നിര്‍ത്തിയിട്ട തേരുകള്‍. ഉരുളാന്‍ വെമ്പുന്ന ചക്രങ്ങള്‍ക്കരികില്‍ ചുരുട്ടിവച്ച വടവും, ചന്നിയും. വറ്റിത്തുടങ്ങിയ കല്‍പ്പാത്തിപ്പുഴ. പുഴക്കരയില്‍ പ്രതീക്ഷകളസ്തമിച്ച കണ്ണുകളും, ഉണങ്ങിയ കണ്ണീര്‍ച്ചാലുകളും, ചടഞ്ഞുടഞ്ഞ ഉടലും, വ്രണപ്പെട്ട കാലുകളില്‍ കൂച്ചുവിലങ്ങുമായി ബാബുവും.

ജോബി വര്‍ഗീസ്

ജോബി വര്‍ഗീസ്

ചാലക്കുടി സ്വദേശിയാണ് ജോബി വര്‍ഗീസ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദം. ഹ്രസ്വചിത്ര സംവിധായകന്‍. സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തകന്‍. ലോകസിനിമയെ കുറിച്ചുള്ള എഴുത്തുകള്‍ സിനിമ ജാലകത്തിലൂടെ വായിക്കാം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍