UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവളെ വീണ്ടും പീഡിപ്പിക്കുന്ന നീതിയുടെ വഴികള്‍

Avatar

കല്‍പനാ ശര്‍മ്മ
മൊഴിമാറ്റം: അനഘ സി ആര്‍


സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഇന്ന് ഇന്ത്യയിലെ ഒരു ജനപ്രിയ സംസാര വിഷയമാണ്. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അത് നിഴലിക്കുന്നുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വിനോദ സഞ്ചാര മേഖലയെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചു ധനകാര്യ മന്ത്രി നടത്തിയ പ്രസ്താവനയിലും ഇതേപ്പറ്റി പരാമര്‍ശമുണ്ടായി. ഇന്ത്യയിലെ ഏറ്റവും  വലിയെ സംസ്ഥാനമായ യു.പിയില്‍ 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനായി ഭരണകക്ഷിയായ ബി.ജെ.പി വളച്ചൊടിച്ച് ഉപയോഗപ്പെടുത്താന്‍ പോകുന്നതും ഇതേ വിഷയം തന്നെയാണ്.

ഒരേയൊരു സമുദായത്തില്‍പ്പെട്ട (ഹിന്ദുവെന്ന് വായിക്കുക) സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചു മാത്രമാണ് ബി.ജെ.പിക്ക് ഉത്കണ്ഠയുള്ളത്. തെളിവുകളൊന്നും ഇല്ലെങ്കിലും മറ്റൊരു സമുദായത്തിലെ (മുസ്ലിം എന്ന് വായിക്കുക) അംഗങ്ങളാണ് എല്ലായ്പോഴും കുറ്റവാളികള്‍ എന്നതാണ് അവരുടെ നിഗമനം. ‘ലവ് ജിഹാദ്’ എന്ന വലതുപക്ഷ ഹിന്ദുത്വഭാവനാസൃഷ്ടി നടപ്പാകുന്നതിലൂടെയാണത്രെ അവര്‍ക്ക് ഇത് ചെയ്യാന്‍ കഴിയുന്നത്.

ഇത്തരം വാദങ്ങളെല്ലാം സമുദായ ഭേദമന്യേ ഇന്ത്യയിലെ സ്ത്രീകളെ ഏതു തരത്തിലാവും ബാധിക്കുക? ഭരണതലപ്പത്തുള്ളവർ തങ്ങളുടെ ക്ഷേമത്തിൽ തൽപരരാണ് എന്നുറപ്പിച്ചുകൊണ്ട് അവർ കൂടുതൽ സുരക്ഷിതത്വ ബോധമുള്ളവരായിത്തീരണമോ? അതോ ഈ താല്പര്യം ഒരു രാഷ്ട്രീയ അജണ്ടയുടെ അല്ലെങ്കിൽ ഇന്ത്യയെ കൂടുതൽ ആകർഷകമായ  വിനോദസഞ്ചാര കേന്ദ്രമാക്കുക പോലുള്ള  സാമ്പത്തിക അജണ്ടകളുടെ ഭാഗം മാത്രമാണ് എന്നോർത്ത് അവർ കൂടുതൽ ഭയപ്പെടണോ?

എന്തൊക്കെത്തന്നെ നിഗമനങ്ങളിൽ എത്തിയാലും ഉന്നത സ്ഥാനങ്ങളിലിരുന്നു പ്രസ്ഥാവനയിറക്കുന്നവർ സ്ത്രീകള്‍  അതിക്രമങ്ങൾക്ക് ഇരയാകുമ്പോൾ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവരാണ് എന്നത് വ്യക്തമാണ്. പ്രത്യേകിച്ച്, സ്ത്രീകള്‍ കുറ്റം റിപ്പോര്ട്ട് ചെയ്യാനും കോടതികളിലൂടെ നിയമപോരാട്ടം നടത്തുവാനുമുള്ള ആർജവം പ്രകടിപ്പിക്കുമ്പോഴുണ്ടാകുന്ന  സംഭവങ്ങളെക്കുറിച്ച്.

ജോലിയുടെ ഭാഗമായി മുംബൈ ശക്തി മിൽ പരിസരത്തെത്തിയ  യുവമാധ്യമ പ്രവര്ത്തക മൃഗീയ പീഡനത്തിന് ഇരയായതിന്റെ ഒന്നാം വർഷിക ദിനമായിരുന്നു ഇക്കഴിഞ്ഞ ആഗസ്റ്റ് 22. കേസ് രജിസ്റ്റർ ചെയ്ത് കുറ്റവാളികളെ പിടികൂടി എന്നുറപ്പാക്കുന്നതിൽ പെണ്‍കുട്ടിയുടെ നിശ്ചയദാര്‍ഡ്യം വഹിച്ച പങ്ക് ഒട്ടും കുറച്ചു കാണാൻ കഴിയുന്നതല്ല. എന്നാൽ ഒരു വര്‍ഷത്തിനു ശേഷം ഇപ്പോൾ മാത്രമാണ് നീതി തേടിയുള്ള യാത്രയിൽ അവര്‍ക്ക് കടന്നു പോകേണ്ടിവന്ന വഴികളെക്കുറിച്ച് നമ്മള്‍ മനസ്സിലാക്കുന്നത്.

അടുത്തിടെ പ്രസിദ്ധീകരിച്ച രണ്ടു സുപ്രധാന ലേഖനങ്ങൾ വസ്തുതകൾ പുറത്തുകൊണ്ടു വന്നിട്ടുണ്ട്. ജൂലൈ 19-ലെ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ ഫ്ലാവിയ ആഗ്നെസ്, ഓദ്രേ ദിമെല്ലോ, പെര്സിസ് സിധ്വ എന്നിവർ ചേർന്നെഴുതിയ ലേഖനം (http://www.epw.in/insight/making-high-profile-rape-trial.html) ശക്തി മില്‍ വിചാരണ  സമയത്തും അതിനു മുന്പും മാധ്യമങ്ങളുമെല്ലാം ഉള്‍പ്പെടുന്ന  നമ്മുടെ വ്യവസ്ഥിതിയെയാകെ ബാധിച്ചിരിക്കുന്ന നിർവികാരതയെ തുറന്നു കാട്ടുന്നതാണ് ഈ ലേഖനം. ഇവിടെ,ഇത്രയും ക്രൂരമായ ആക്രമണത്തെ അതിജീവിച്ചയാളിന് നീതി ലഭ്യമാകുകയെന്നത് ഏറ്റവും അവസാനത്തെ പരിഗണനനാവിഷയമാണെന്ന് തോന്നിപ്പോകും. ലേഖകർ അംഗങ്ങളായ മജ്ലിസ് ലീഗൽ സെന്ററിന്റെ സഹായം ഇല്ലായിരുന്നെങ്കിൽ ഇതിലും മോശമായേനെ പെണ്‍കുട്ടിയുടെ വിധി. ഉദാഹരണത്തിന് ‘ഇൻ ക്യാമറ’ വിചാരണയ്ക്ക് വിസമ്മതിച്ചു കോടതി മുറിയില്‍ നിന്ന് പുറത്തിറങ്ങിയ പെണ്കുട്ടിയുടെ സ്വകാര്യത മാധ്യമങ്ങളുടെ അനാവശ്യ കൈകടത്തലിൽ നിന്ന് സംരക്ഷിക്കണം എന്നാവശ്യപ്പെട്ടത് ഇവരായിരുന്നു. പ്രോസിക്യൂട്ടര്‍ തന്നെ മാധ്യമങ്ങള്ക്ക് എല്ലാത്തരം വിവരങ്ങളും കൈമാറിയ വിചാരണയുടെ രഹസ്യ സ്വഭാവത്തെയും അപഹസിക്കുന്നുണ്ട് ലേഖകര്‍.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹപ്രവർത്തക എഴുതിയ ലേഖനം കുറച്ചുകൂടി അസ്വസ്ഥതയുളവാക്കുന്നതാണ്. ‘ആ ഹാഷ് ടാഗ് എന്‍റെ സഹപ്രവര്‍ത്തകയായിരുന്നു’ (That Hashtag was My Collegue) എന്ന തലക്കെട്ടോടെ വന്ന ലേഖനം (https://in.news.yahoo.com/that-hashtag-was-my-colleague-060844991.html) അത്തരം സാഹചര്യത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി വ്യത്യസ്തമായ ഒരു വിവരണം നല്കുന്നു. എക്സ്ക്ളൂസിവുകളെക്കുറിച്ചു മാത്രം ചിന്തയുള്ള മാധ്യമങ്ങളുടെ നിർവികാരതയെകുരിച്ചും ലേഖിക പരാമർശിക്കുന്നുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഡല്‍ഹി വിധിക്കപ്പുറം : നീതിതേടുന്നത് ഒരു ലക്ഷത്തിലേറെ സ്ത്രീകള്‍
18 തികഞ്ഞാല്‍ ബലാത്സംഗം ചെയ്യാമോ?
ഇന്ത്യൻ പുരുഷന്‍ എത്രത്തോളം നല്ലവനാണ്?
ആസിഡ് ആക്രമണ ഇരകളോട് നമ്മള്‍ ചെയ്യുന്നത്
പ്ലീസ്, ‘ഹിന്ദു സ്ത്രീ’കളെ ഇങ്ങനെ ഉദ്ധരിക്കരുത്

 

ആ ലേഖനത്തിൽ എന്നെ ഏറ്റവുമധികം അസ്വസ്ഥപ്പെടുത്തിയത് തിരിച്ചറിയല്‍ പരേഡിനെ കുറിച്ചുള്ള വിവരണമാണ്. പാശ്ചാത്യ ലോകത്തെ വ്യവസ്ഥിതിയെ ആധാരമാക്കിയുള്ള ജനപ്രിയ ടെലിവിഷൻ ക്രൈം സീരിയലുകളിലും സിനിമകളിലും ഇരയ്ക്കും കുറ്റവാളികളെന്നു സംശയിക്കപ്പെടുന്നവർക്കും ഇടയില്‍ ഒരു വണ്‍-വേ ഗ്ലാസ് കാണാറുണ്ട്. കുറ്റവാളിയെന്ന് സംശയിക്കപ്പെടുന്ന ഓരോരുത്തര്‍ക്കും ഓരോ സംഖ്യ നല്കിയിട്ടുണ്ടാകും. അതിക്രമത്തിനിരയായ വ്യക്തി കുറ്റവാളിയെന്നു തിരിച്ചറിയുന്ന വ്യക്തിയുടെ/വ്യക്തികളുടെ സംഖ്യ പറയണം. എന്നാൽ ഇന്ത്യയിലെ രീതികൾ അതി ക്രൂരമാണ്. പീഡനത്തിനിരയായ പെണ്‍കുട്ടി ഒരു മുറിയിൽ, പലപ്പോഴും വനിതാ പോലീസിന്റെ അഭാവത്തിൽ, പുരുഷന്മാരുടെ ഒരു നിരയെ അഭിമുഖീകരിക്കണം. അവരുടെ അടുത്ത് നടന്നു ചെന്നു കുറ്റവാളികളായവരുടെ തോളിൽ തട്ടി തിരിച്ചറിയുകയും  അവർ തന്നോട് എന്താണ് ചെയ്തതെന്ന് ഉച്ചത്തിൽ പറയുകയും വേണം. മൃഗീയ പീഡനത്തിനിരയായ ഒരു സ്ത്രീക്ക് അപഹാസ്യമായ ഈ വ്യവസ്ഥിതി സമ്മാനിക്കുന്ന ആഘാതം എത്രയെന്ന് ഒരാള്ക്കും  സങ്കല്‍പിക്കാൻ കഴിയുകയില്ല.

ഇത്തരം വിഷയങ്ങളെക്കുറിച്ച് ആശങ്കയുള്ള എതൊരാളിനെയും  അസ്വസ്ഥരാക്കുവാൻ പോന്ന ഇനിയും ധാരാളം വിവരങ്ങൾ രണ്ട് ലേഖനങ്ങളിലുമുണ്ട്. ലൈംഗികാതിക്രമത്തിനു ഇരയായ ഒരു സ്ത്രീയുടെ നീതിയ്ക്കായുള്ള പോരാട്ടത്തിൽ അവളുടെ വ്യക്തിത്വം വീണ്ടും അധിക്ഷേപിക്കപ്പെടാന്‍ ഇടയുണ്ടാക്കാതിരിക്കുക എന്നതാണ് പരമപ്രധാനമായ ആവശ്യം. അതിനായി നമ്മുടെ ക്രിമിനല്‍ ജസ്റ്റിസ് സംവിധാനത്തിലെ ഓരോ അംശത്തെയും പരിശോധനാവിധേയമാക്കിയേ മതിയാകൂ.

(ഹിന്ദു ദിനപത്രത്തില്‍ കല്‍പ്പന ശര്‍മ്മയുടെ ദി അദര്‍ ഹാഫ് എന്ന കോളത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍