UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിത് സ്ത്രീയാണോ? ജാതി വിളിക്കാം, മോഷണക്കുറ്റം ചുമത്താം; ആറ്റിങ്ങല്‍ കല്യാണില്‍ നടക്കുന്നത്

Avatar

ഉണ്ണികൃഷ്ണന്‍ വി

തൊഴിലിടങ്ങളിലെ ശാരീരികവും മാനസികവുമായ പീഢനവാര്‍ത്തകള്‍ കേരളത്തില്‍ ഇന്ന് ദിനംപ്രതിയെന്നോണം വര്‍ദ്ധിക്കുകയാണ്. ഈ പീഢനങ്ങള്‍ക്ക് കാരണമാകുന്ന തൊഴിലുടമയോ, സ്ഥാപനത്തിലെ മറ്റ് ഉദ്യോഗസ്ഥരോ തങ്ങളുടെ സ്വാധീനവും സമ്പത്തും ഉപയോഗിച്ചു രക്ഷപ്പെടുമ്പോള്‍ ഇരകളാക്കപ്പെടുന്നവര്‍ നീതിക്കുവേണ്ടി അലയുന്നു. ഇത്തരം വാര്‍ത്തകളുടെ കൂട്ടത്തിലേക്കാണ് ആറ്റിങ്ങല്‍ കല്യാണ്‍ സില്‍ക്‌സിലെ കരാര്‍ ജീവനക്കാരിയായ ബേബി എന്ന ദളിത് സ്ത്രീയ്ക്ക് തൊഴിലിടത്തില്‍ ഏറ്റുവാങ്ങേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഢനത്തിന്റെ ദുരനുഭവും ചേര്‍ത്തുവയ്‌ക്കേണ്ടത്.

ആറ്റിങ്ങല്‍ കല്യാണ്‍ സില്‍ക്‌സിലെ ഹൌസ് കീപ്പിംഗ് സെക്ഷനിലെ ജീവനക്കാരിയായ ബേബിയ്ക്കാണ് മെയ് 12നു സുപ്പര്‍വൈസറായ തപസ്യയുടെയും ഇയാളുടെ സഹായികളായ ഏതാനും പേരുടെയും ശാരീരിക ഉപദ്രവത്തിനും ജാതിപറഞ്ഞുള്ള അധിക്ഷേപത്തിനും ഇരയാകേണ്ടി വന്നത്. എല്ലാ ദിവസത്തെയും പോലെ ജോലിക്കെത്തിയ ബേബിയെ തപസ്യ തടയുകയും തുടര്‍ന്ന് അധിക്ഷേപിക്കുകയും കൈയ്യേറ്റം ചെയ്യാന്‍ തുനിയുകയുമായിരുന്നു. മുന്‍ വൈരാഗ്യമായിരുന്നു ഇതിനു പിന്നിലെന്ന് ബേബി പറയുന്നു. ബേബിയുടെ തന്നെ വാക്കുകളിലേക്ക്: 

ഹൗസ് കീപ്പിംഗ് സ്റ്റാഫ് ആയ ഞാന്‍ ക്ലീനിംഗ് ലോഷന്‍ എടുക്കാനായി മൂന്നാമത്തെ ഫ്‌ളോറില്‍ ചെന്നപ്പോള്‍ ആ ഫ്‌ളോറിന്റെ ചുമതല വഹിക്കുന്ന ബേബി എന്നുതന്നെ പേരുള്ള മറ്റൊരു സ്ത്രീ എന്നെ അകാരണമായി ശകാരിക്കുകയായിരുന്നു. ഇതൊരു സ്ഥിരം സംഭവം തന്നെയാണ്. മേശ തുടക്കണ ടര്‍ക്കിയും ലോഷനും എടുക്കാന്‍ ചെല്ലുമ്പോള്‍ എന്തെങ്കിലുമൊക്കെ കാരണമുണ്ടാക്കി വഴക്ക് പറയുന്നത് സ്ഥിരമാണ്. സാധാരണ താര എന്ന കൊച്ചാണ് ലോഷനും മറ്റു സാധനങ്ങളും എടുത്തോണ്ട് തരുന്നത്. പതിനൊന്നാം തീയതി ഞാന്‍ ലോഷനെടുക്കാന്‍ ചെന്നപ്പോള്‍ ബേബി ആവശ്യമില്ലാതെ ഓരോന്ന് പറയുകയും ചീത്ത വാക്കുകള്‍ വിളിക്കുകയും ചെയ്തു. സഹികെട്ട്, നീയല്ലല്ലോ ഇവിടുത്തെ സൂപ്പര്‍വൈസര്‍ എന്നെനിക്ക് പറയേണ്ടി വന്നു. അതാണ് തുടക്കം. ഈ സമയത്ത് അവിടുണ്ടായിരുന്ന വിഷ്ണു എന്ന സുപ്പര്‍വൈസര്‍ എന്റെ നേരെ തിരിഞ്ഞു. അയാള്‍ എന്നെ ഒത്തിരി വഴക്കു പറഞ്ഞു. അവിടെ നിന്ന് പോയ എന്നെ വീണ്ടും വിളിച്ചു വരുത്തി പിന്നെയും അയാള്‍ ചീത്തവിളിച്ചു. ഇതൊരു സ്ഥിരം സംഭവമായതുകൊണ്ട് ഞാന്‍ അതത്ര കാര്യമാക്കിയില്ല.

പിറ്റേ ദിവസവും പതിവുപോലെ രാവിലെ ഞാന്‍ ജോലിക്ക് ചെന്നു. എല്ലാ ദിവസവും ജോലിക്കു കയറുമ്പോള്‍ സെക്യുരിറ്റിയെ മൊബൈലും ബാഗുമൊക്കെ ഏല്‍പ്പിക്കണം. എന്നിട്ട് ക്ലീനിംഗ് കോട്ടും ഇട്ടാണ് അകത്തു കയറേണ്ടത്. അന്ന് ഞാന്‍ ചെന്നപ്പോള്‍ സൂപ്പര്‍വൈസര്‍ തപസ്യ വാതില്‍ക്കലുണ്ടാരുന്നു. എന്നെക്കണ്ട ഉടനെ അയാള്‍ ദൂരെ നിന്നും ‘നിന്നെ പുറത്താക്കി നീ കേറണ്ട, എന്തിനാ വന്നത്’ എന്നൊക്കെ ചോദിച്ചു കൊണ്ട് എന്റടുത്തേക്കുവന്നു. കൈയ്യിലിരുന്ന മൊബൈല്‍ പോക്കറ്റിലിട്ടുകൊണ്ട് ഞാന്‍ അകത്തേക്കോടിക്കയറി. സാധാരണ അങ്ങനെ ചെയ്യാത്തതാണ്. എന്നിട്ടും വിടാതെ അയാള്‍ എന്റെ പിറകെ വന്നു. കസ്റ്റമേഴ്‌സും മറ്റു സ്റ്റാഫുകളും എല്ലാവരുടെയും മുന്നില്‍ വച്ചാണ് അയാളെന്നെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചത്. ഞാന്‍ മൂന്നാമത്തെ ഫ്‌ളോറില്‍ പോയപ്പോള്‍ അയാള്‍ അവിടെയും വന്നു. ഇറങ്ങെടി എന്നൊക്കെ പറഞ്ഞ് ഒച്ചവച്ചു.

സഹിക്കാവുന്നതിനും അപ്പുറം ആയതിനാല്‍ ഇതിനെതിരെ ഞാന്‍ ഈ മാസം പതിനഞ്ചാം തിയതി വനിതാ കമ്മീഷനിലും ആറ്റിങ്ങല്‍ പോലീസിലും ലേബര്‍ ഓഫീസര്‍ക്കും പരാതി നല്‍കി. എന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതുവരെ ആര്‍ക്കുമെതിരെ ഒരു നടപടിയും എടുത്തിട്ടില്ല.

പക്ഷേ ഇപ്പോള്‍ അവര്‍ എന്നെയൊരു മോശക്കാരിയാക്കി വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ഞാനൊരു വഴക്കാളി ആണെന്നും സ്ഥിരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുമുണ്ടെന്നാണ് അവര്‍ പറഞ്ഞു പരത്തുന്നത്. തപസ്യ പറയുന്നത് ഞാന്‍ മോശം സ്വഭാവക്കാരി ആണെന്നാണ്. സ്ഥിരമായി മൊബൈല്‍ അകത്തു കൊണ്ട് വരിക, ലോക്കല്‍ ജീവനക്കാരെ ഭക്ഷണം കഴിക്കാന്‍ സമ്മതിക്കാതിരിക്കുക, മറ്റു ജീവനക്കാരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക എന്നിങ്ങനെ പല കുറ്റങ്ങളും എനിക്കുമേല്‍ ആരോപിക്കുന്നു.- ബേബി കണ്ണീരോടെ പറയുന്നു.

മോഷണം നടത്തിയതിനെ തുടര്‍ന്നാണ് ബേബിയെ ആറ്റിങ്ങല്‍ തന്നെയുള്ള പൂജാ ടെക്സ്റ്റയില്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയതെന്നും അവിടെയും മോശം സ്വഭാവമായിരുന്നു ബേബി തുടര്‍ന്നിരുന്നതെന്നും പ്രസ്തുത സ്ഥാപനത്തില്‍ അന്വേഷിച്ചതില്‍ നിന്നും മനസ്സിലായതെന്നാണ് തപസ്യ ഈ വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അഴിമുഖത്തോട് പറഞ്ഞത്. 

എന്നാല്‍ പൂജാ ടെക്സ്റ്റയില്‍സ് മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും പറയാനുള്ളത് മറ്റൊന്നാണ്. അവിടെ ബേബിയെക്കുറിച്ച് അന്വേഷിച്ചു ചെന്നുവെന്ന തപസ്യയുടെ വാദം അവര്‍ തള്ളിക്കളയുന്നു. മാത്രമല്ല ബേബിയെക്കുറിച്ച് അവര്‍ക്കെല്ലാം വളരെ നല്ല അഭിപ്രായവുമാണ്. ബേബി ഇപ്പോള്‍ ജോലിക്കു പുറത്തായ വിവരം തങ്ങള്‍ അറിഞ്ഞെന്നും, അടുത്തിടയ്ക്ക് പുതിയ സ്റ്റാഫുകളെ എടുത്തത്തതിനാല്‍ ഇപ്പോള്‍ ഒഴിവില്ലാത്തതിനാല്‍ മാത്രമാണ് ബേബിയെ സഹായിക്കാന് കഴിയാത്തതെന്നും പൂജ ടെക്‌സറ്റയില്‍സ്  മാനേജ്മെന്‍റ് പറയുന്നു.

തനിക്കുനേരെ മാത്രമല്ല ഇത്തരം ബോധപൂര്‍വമായ അധിക്ഷേപങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് ബേബി പറയുന്നു. താര എന്ന ജീവനക്കാരിക്ക് നേരെയും മോഷണക്കുറ്റം ചാര്‍ത്താനുള്ള ശ്രമം ഇതിനു മുമ്പ് നടന്നിട്ടുണ്ടായിരുന്നു. വേസ്റ്റ്കളയുന്നിടത്ത് നിന്നും ഒരു ചുരിദാര്‍ പീസ് കണ്ടെത്തുകയും അതിന്റെ കുറ്റം ക്ലീനിംഗ് സ്റ്റാഫായ താരയുടെമേല്‍ ചാര്‍ത്തുകയും ചെയ്തു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിക്കണമെന്നും അത് കണ്ടു ബോധ്യപ്പെട്ടാല്‍ മാത്രമേ താന്‍ പുറത്തു പോകൂ എന്ന് താര വാശി പിടിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ സ്‌റ്റോക്ക് എടുക്കുന്നതിനിടെ ചുരിദാര്‍ നഷ്ടപ്പെട്ടതെങ്ങനെ എന്ന് കണ്ടെത്തുകയായിരുന്നു.

കല്യാണ്‍ സില്‍ക്‌സിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരില്‍ 12 പേര്‍ ഒഴികെ മറ്റെല്ലാവരും കല്യാണ്‍ ജീവനക്കാരാണ്. ഇവര്‍ 12 പേരെയും ജോലിക്ക് എടുത്തിരിക്കുന്നത് കൊച്ചി പെരുമ്പാവൂര്‍ ആസ്ഥാനമായുള്ള S & C Multi Commercials Pvt.Ltd എന്ന സ്ഥാപനമാണ്. അവരെ ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത്, ബേബിയെ പുറത്താക്കിയതിനെ കുറിച്ച് അവര്‍ അറിഞ്ഞിട്ടില്ല എന്നാണ്. അതിലും രസകരമായ മറുപടിയായിരുന്നു കല്യാണ്‍ സില്‍ക്‌സില്‍ നിന്നും കിട്ടിയ മറുപടി, ‘ഇതു ഞങ്ങളുടെ സ്റ്റാഫ് അല്ല, അവര്‍ ഇവിടെ ജോലി ചെയ്യുന്നെന്നെ ഉള്ളൂ.അവര്‍ കരാര്‍ തൊഴിലാളിയാണ് .അവരെക്കുറിച്ച്  സ്ഥിരം പരാതികള്‍ വരാറുണ്ടായിരുന്നു.  ഞങ്ങള്‍ക്കതില്‍ ഒന്നും ചെയ്യാനില്ല,കമ്പനിയെ ബന്ധപ്പെട്ടിട്ടുണ്ട്’.

ഉത്തരവാദിത്വപ്പെട്ടവര്‍ കൈമലര്‍ത്തുമ്പോള്‍ തനിക്കുനേരിട്ട അപമാനത്തിന് നിയമത്തിന്റെ വഴിയിലൂടെയുള്ള  പോരാട്ടം തുടരാനാണ് ബേബിയുടെ തീരുമാനം. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(അഴിമുഖം ട്രെയിനി ജേര്‍ണലിസ്റ്റാണ് ഉണ്ണിക്കൃഷ്ണന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍