UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കല്യാണ്‍ സില്‍ക്‌സില്‍ നിന്ന് അപമാനിച്ചിറക്കിവിട്ട ദളിത് സ്ത്രീയെ ജോലിയില്‍ തിരികെയെടുക്കും

Avatar

ഉണ്ണികൃഷ്ണന്‍ വി

കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന തൊഴില്‍ പീഢനങ്ങളില്‍ പലപ്പോഴും ഇരകള്‍ക്ക് അര്‍ഹമായ നീതി ലഭിക്കാതെ പോകുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. തൊഴിലുടമയുടെയോ സ്ഥാപനത്തിന്റെയോ സ്വാധീനത്തിനു മുന്നില്‍ നിയമവും നിയമപാലകരും നിശബ്ദരായി നില്‍ക്കാറാണ് പതിവ്. ഇതിനെതിരെ, ഇരകള്‍ക്കൊപ്പം സമൂഹവും മാധ്യമങ്ങളും നില്‍ക്കുമ്പോഴാണ് അനീതി ചെറുത്തു തോല്‍പ്പിക്കപ്പെടുന്നത്. ഇത്തരമൊരു അണിചേരലിന്റെ നല്ലൊരു ഉദ്ദാഹരണമായി മാറുകയാണ് ബേബി എന്ന ദളിത് സ്ത്രീയുടെ ജീവിതം. ആറ്റിങ്ങല്‍ കല്യാണ്‍ സില്‍ക്‌സിലെ ഹൗസ്‌കീപ്പിംഗ് വിഭാഗത്തിലെ കരാര്‍ ജീവനക്കാരിയായ ബേബിക്ക് തൊഴിലിടത്തില്‍ ഏറ്റുവാങ്ങേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഢനത്തിന്റെ ദുരനുഭവം അഴിമുഖം കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.(ദളിത് സ്ത്രീയാണോ? ജാതി വിളിക്കാം, മോഷണക്കുറ്റം ചുമത്താം; ആറ്റിങ്ങല്‍ കല്യാണില്‍ നടക്കുന്നത്).

ഈ വാര്‍ത്തയെ തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും അസംഘടിത തൊഴിലാളി യൂണിയനും ബേബിയുടെ കാര്യത്തില്‍ ഇടപെടുകയും കല്യാണ്‍ സില്‍ക്‌സ് മാനേജ്‌മെന്റും കരാര്‍ സ്ഥാപനത്തിന്റെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായി ബേബിയ്ക്ക് നീതി ലഭിക്കുകയായിരുന്നു.

സൂപ്പര്‍വൈസറുടെയും സഹായികളുടെയും ജാതീയമായ അധിക്ഷേപത്തിനിരയായ ബേബിയെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാമെന്നുള്ളതാണ് സംയുക്ത ചര്‍ച്ചയില്‍ ഉണ്ടായ പ്രധാന തീരുമാനം. ഈ മാസം 24ന് ആറ്റിങ്ങലില്‍ തന്നെയുള്ള കല്യാണ്‍ ജുവല്ലേഴ്‌സിലായിരിക്കും ബേബി ജോലിയില്‍ പ്രവേശിപ്പിക്കുക. കല്യാണ്‍ മാനേജ്‌മെന്റിനോടും റിക്രൂട്ടിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് സി മള്‍ട്ടി കൊമേഴ്‌സ്യല്‍സിനോടും ലേബര്‍ ഓഫീസറും അസംഘടിത തൊഴിലാളി യുണിയന്‍ പ്രസിഡന്റ് ലിജുകുമാര്‍, സാമൂഹ്യപ്രവര്‍ത്തകനായ മനോജ് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നാള്‍ തൊട്ടുള്ള ശമ്പളവും ബേബിക്ക് നല്‍കും. കൂടാതെ ബേബിയെ അപമാനിച്ച സൂപ്പര്‍ വൈസര്‍ തപസ്യ പരസ്യമായി ഈ വിഷയത്തില്‍ മാപ്പു പറയുകയും ചെയ്യും.

മേയ് പന്ത്രണ്ടിനാണ് ആറ്റിങ്ങല്‍ കല്യാണ്‍ സില്‍ക്‌സിലെ സൂപ്പര്‍വൈസര്‍ തപസ്യ ബേബിയെ ജാതീയമായി അധിക്ഷേപിച്ചതും തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കിയതും. ഇതിനെതിരെ ബേബി ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷന്‍, വനിതാ കമ്മീഷന്‍, ലേബര്‍ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയുണ്ടായി. ബേബിയുടെ പരാതിയിന്മേല്‍ പോലീസ് അന്വേഷണം നടക്കുകയാണ്. 

പൂജ ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് ബേബിയെ മോഷണത്തെത്തുടര്‍ന്ന് പുറത്താക്കുകയായിരുന്നു എന്ന കപട പ്രചരണവും സുപ്പര്‍വൈസറായ തപസ്യ നടത്തിയിരുന്നു. തനിക്കെതിരെ അപമാനകരമായ അബദ്ധ പ്രചചാരണം നടത്തിയതിനും തപസ്യ മറുപടി പറയണമെന്ന ബേബിയുടെയും മകള്‍ വിജിതയുടെയും ആവശ്യത്തെ തുടര്‍ന്ന് തന്റെ ഭാഗത്തു നിന്നു വന്ന പിഴവിന് തിരുത്തിയൊരു പ്രസ്താവന തപസ്യ നടത്തുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ബേബിയുടെ വിജയം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗത്തിന്റെ വിജയമായി വേണം കാണാന്‍. അതിലുപരി കേരളത്തില്‍ അനസ്യൂതം തുടര്‍ന്നുവരുന്ന തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ ചങ്കൂറ്റത്തോടെ നിന്നു പോരാടാനുള്ള പ്രചോദനമായും സാധാരണക്കാര്‍ ഈ വിജയത്തെ കാണണം. ന്യായത്തിന്റെ പക്ഷത്ത് ഒപ്പം നില്‍ക്കാന്‍ ഒരു വിഭാഗം എന്നും കൂടെയുണ്ടെന്ന് ഈ വാര്‍ത്ത സമൂഹത്തിനു മുന്നിലേക്ക് എത്തിച്ചതോടെ അഴിമുഖവും അതിന്റെ മാധ്യമധര്‍മ്മം നിര്‍വഹിച്ചതിലൂടെ പ്രഖ്യാപിക്കുകയാണ്. നമ്മുക്കിടയില്‍ ഇനിയും അനേകം ബേബിമാരും അവരെ വേട്ടയാടുന്ന തപസ്യമാരും ഉണ്ടെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി കൊണ്ടു തന്നെ മുന്നോട്ടു പോകാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍