UPDATES

ട്രെന്‍ഡിങ്ങ്

കമല്‍ സി ചവറയെ കൊണ്ട് എഴുത്ത് നിര്‍ത്തിപ്പിക്കുന്നത് ആരാണ്?

തന്നേയും വീട്ടുകാരേയും പൊലീസ് നിരന്തരം പിന്തുടരുകയും ഉപദ്രവിക്കുകയുമാണെന്ന് കമല്‍ പറയുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യവും സ്വതന്ത്രമായ പൊതുപ്രവര്‍ത്തനവും സംബന്ധിച്ചുള്ള കേരളത്തിന്‌റെ അവകാശവാദങ്ങള്‍ തന്നെയാണ് പൊളിയുന്നത്.

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന്‍ എഴുത്ത് നിര്‍ത്തിയതായി പ്രഖ്യാപിച്ചപ്പോള്‍ സാംസ്‌കാരിക കേരളം പൊട്ടിത്തെറിച്ചു. ‘മാതൊരു ഭഗന്‍’ എന്ന നോവല്‍ ഹിന്ദുസമൂഹത്തെ അപമാനിക്കുന്നതാണ് എന്ന് ആരോപിച്ചായിരുന്നു പെരുമാള്‍ മുരുകനെതിരെ സംഘപരിവാര്‍ ആക്രമണം അഴിച്ച് വിട്ടത്. ഹിന്ദുത്വ സംഘടനകളില്‍ നിന്നുള്ള നിരന്തര ഭീഷണികളെ തുടര്‍ന്നാണ് പെരുമാള്‍ മുരുകന്‍ എഴുത്ത് നിര്‍ത്തിയത്. പെരുമാള്‍ മുരുകന് സംഭവിച്ചത് രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. പെരുമാള്‍ മുരുകന്‍ എഴുത്ത് നിര്‍ത്തരുതെന്ന് കോടതി വരെ അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ പെരുമാള്‍ മുരുകന് വേണ്ടി ഏറ്റവും ശക്തമായി നിലകൊണ്ടവരില്‍ ഇവിടുത്തെ മുഖ്യധാരാ ഇടതുപക്ഷവും ഉണ്ടായിരുന്നു. പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. ഇപ്പോള്‍ കമല്‍ സി ചവറ എന്ന അധികമൊന്നും അറിയപ്പെടാത്ത എഴുത്തുകാരനെതിരെ ആക്രമണവുമായി രംഗത്തെത്തിയിരിക്കുന്നത് സംഘപരിവാര്‍ നേരിട്ടല്ല, മറിച്ച് സംഘപരിവാറിന്‌റെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്ന് ആരോപണം നേരിടുന്ന കേരള പൊലീസാണ്.

കമല്‍ സി ചവറ പെരുമാള്‍ മുരുകനെ പോലെ അത്ര അറിയപ്പെടുന്ന എഴുത്തുകാരനല്ല. ദേശീയഗാനവുമായി ബന്ധപ്പെട്ട അറസ്റ്റാണ് കമലിനെ പ്രശസ്തനാക്കിയത്. ഇപ്പോള്‍ കമല്‍ സി ചവറ എഴുത്ത് നിര്‍ത്തുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു. വിവാദ പുസ്തകമായ ശ്മശാനത്തിന്‌റെ നോട്ട് പുസ്തകം കത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഒരു എഴുത്തുകാരന്‍ എഴുത്ത് നിര്‍ത്തുന്നു എന്ന് പറയുമ്പോള്‍ അയാളിലെ എഴുത്തുകാരന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്നാണ് ഉദ്ദേശിക്കുന്നത്. അതൊരു നിസാര കാര്യമല്ല. ഒരു എഴുത്തുകാരനെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടാതിരിക്കാന്‍ സാംസ്‌കാരിക ലോകത്തിന് ഉത്തരവാദിത്തമുണ്ട്. തന്നേയും തന്‌റെ വീട്ടുകാരേയും പൊലീസ് നിരന്തരം പിന്തുടരുകയും ഉപദ്രവിക്കുകയുമാണെന്ന് കമല്‍ സി ചവറ പറയുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യവും സ്വതന്ത്രമായ പൊതുപ്രവര്‍ത്തനവും സംബന്ധിച്ചുള്ള കേരളത്തിന്‌റെ അവകാശവാദങ്ങള്‍ തന്നെയാണ് പൊളിയുന്നത്. പൊതുസമൂഹത്തില്‍ ശ്രദ്ധ പിടിച്ചു പറ്റാനുള്ള തന്ത്രമോ ഭ്രാന്തോ ആയി കമല്‍ സി ചവറയുടെ നടപടിയെന്നൊക്കെ ആരോപിക്കുന്നവരുണ്ടാകാം. എന്നാല്‍ കമലിനെ പൊലീസ് സംശയത്തിന്‌റെയും ഭീതിയുടേയും നിഴലില്‍ നിര്‍ത്തിയിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അത് എന്തിനാണ് എന്നാണ് ചോദ്യം.

കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരയെയും നരേന്ദ്ര ധബോല്‍ക്കറെയും കൊന്നു തള്ളിയ ഫാസിസത്തിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഒരു വോട്ട്‘- 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന്‌റെ പ്രചാരണത്തിനിടെ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇങ്ങനെയും ഒരു അനൗണ്‍സ്‌മെന്‌റ് കേട്ടിരുന്നു. തിരഞ്ഞെടുപ്പ് നടന്നു. ഇടതുമുന്നണി വലിയ വിജയം നേടി അധികാരത്തില്‍ എത്തി. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് അടക്കം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുമായി. എട്ട് മാസത്തെ പിണറായി സര്‍ക്കാരിന്‌റെ ഭരണത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും ഏറ്റവുമധികം ചീത്തപ്പേരുണ്ടാക്കിയത് പൊലീസാണ്. കൊല്ലത്തെ ലോക്കപ്പ് മരണം, കണ്ണൂരില്‍ ആദിവാസികളെ യുഎപിഎ ചുമത്തി ജയിലിലടച്ചത്, നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നത്, എറണാകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കുടുംബത്തിനും നേരെയുണ്ടായ പൊലീസ് അതിക്രമം, ദേശീയഗാന വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനെന്ന പേര് പറഞ്ഞ് പൊലീസ് നടത്തിയ അറസ്റ്റുകളും അതിക്രമങ്ങളും – ഇങ്ങനെയൊക്കെയാണ് പൊലീസിന്‌റെ പോക്ക്.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‌റെ പൊലീസിനോടുള്ള സമീപനത്തില്‍ സിപിഎമ്മിനകത്ത് തന്നെ പ്രതിഷേധം ഉയര്‍ന്നു. നിലമ്പൂരിലെ മാവോയിസ്റ്റുകളുടെ കൊലപാതകം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ശക്തമായ പ്രതിഷേധവും പരസ്യ പ്രതികരണങ്ങളുമായി സിപിഐ രംഗത്തെത്തി. ഇതിനെല്ലാം പിന്നാലെ ദേശീയഗാനത്തെ അപമാനിച്ചു എന്ന് ആരോപിച്ച് കമല്‍ സി ചവറ എന്ന എഴുത്തുകാരനെ അറസ്റ്റ് ചെയ്തു എന്നും 124 എ വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയെന്നുമുള്ള വാര്‍ത്ത ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ വലിയ ഞെട്ടലും പ്രതിഷേധവും ഉയര്‍ത്തി. അത് സ്വാഭാവികമായിരുന്നു. വലിയ പ്രതിഷേധത്തെ തുടര്‍ന്ന് കമലിനെ വിട്ടയയ്‌ക്കേണ്ടി വന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടില്ലെന്നും ചുമത്തിയത് പിന്‍വലിക്കും എന്നെല്ലാം പല തരത്തില്‍ പറയേണ്ടി വന്നു. പക്ഷെ കമല്‍ സി ചവറ അടക്കമുള്ളവരെ വേട്ടയാടാന്‍ പൊലീസിന് ധൈര്യം നല്‍കുന്ന അവസ്ഥ മാറ്റമില്ലാതെ തുടരുന്നു.

പുസ്തകം കത്തിക്കാനും എഴുത്ത് നിര്‍ത്താനുമുള്ള തന്‍റെ തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് കമല്‍ സി ചവറ പറയുന്നത്. പരിചയമില്ലാത്ത ആളുകള്‍ തന്‍റെ വീട്ടില്‍ നിരന്തരം കയറി വന്ന്‍ അച്ഛനും അമ്മയ്ക്കും ശല്യമുണ്ടാക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നുണ്ട്. കമല്‍ എവിടെ പോയി എന്ന് ചോദിച്ച് ഭീഷണിയുടെ സ്വരത്തില്‍ നിരന്തരം അന്വേഷണമുണ്ട്. തന്‍റെ മാതാപിതാക്കള്‍ക്ക് സമാധാനം കിട്ടാനായി തല്‍ക്കാലം എഴുത്ത് നിര്‍ത്തുകയാണ്. കേരളത്തില്‍ സ്വതന്ത്രമായി ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. വല്ലാത്ത ഭയം തോന്നുന്നു. നേരത്തെ ഞങ്ങള്‍ കുറച്ച് പുരുഷ, സ്ത്രീ സുഹൃത്തുക്കള്‍ കമ്യൂണ്‍ പോലെ ഒരു വീട്ടില്‍ ഒരുമിച്ച് താമസിച്ചിരുന്നു. ഇപ്പോള്‍ അങ്ങനെ സ്വതന്ത്രമായി ജീവിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. സംഘപരിവാര്‍ മാത്രമല്ല, സിപിഎം അടക്കമുള്ളവരും ആക്രമണവുമായി രംഗത്തെത്തും എന്ന ഭയമുണ്ട്. 2005ല്‍ ഹൈക്കോടതിക്ക് മുന്നില്‍ നാടകം കളിച്ചപ്പോള്‍ അറസ്റ്റ് ചെയ്തിരുന്നു. പക്ഷെ അന്നൊന്നും ഇല്ലാത്ത സാഹചര്യമാണ് പൊലീസിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ ഉള്ളത് – കമല്‍ അഴിമുഖത്തോട് പറഞ്ഞു.

നേരത്തെ യുഡിഎഫ് പൊലീസിനെ അഴിച്ച് വിടും, എല്‍ഡിഎഫ് കെട്ടിയിടും എന്നുള്ള രീതിയിലായിരുന്നു പൊതുധാരണയും വിമര്‍ശനവുമെല്ലാം. അതെല്ലാം മാറി. നേരത്തെയും ഇടതുപക്ഷം അധികാരത്തില്‍ ഉള്ളപ്പോള്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 1980ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ തെരുവ് നാടകം കളിച്ചവരെ നക്സലൈറ്റ് അനുഭാവികള്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഉണ്ടാകാത്ത ഭീതിയുടെ അന്തരീക്ഷമാണ് പൊതുപ്രവര്‍ത്തകര്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും ഇടയില്‍ പൊലീസ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ഇതിന് എവിടെ നിന്ന് ഊര്‍ജ്ജം ലഭിക്കുന്നു?. സാംസ്കാരിക ലോകത്തിന്‍റെ നിശബ്ദതയിലും പ്രതിപക്ഷ ശബ്ദം ഇല്ലാതായി കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യം ദേശീയ തലത്തിലും സംസ്ഥാന തലത്തിലും രൂപപ്പെടുന്നതിലും എല്ലാം ഇതിനുള്ള ഊര്‍ജ്ജമുണ്ട്. സോഷ്യല്‍ മീഡിയയുടെ ശക്തമായ ചെറുത്ത് നില്‍പ്പും അത് തുറന്നു വിടുന്ന ചര്‍ച്ചകളും സംവാദങ്ങളുമാണ് അതിന്‍റെ സ്വതന്ത്ര വിഹാരത്തില്‍ കുറച്ചെങ്കിലും തടസം സൃഷ്ടിക്കുന്നത്.

ജനുവരി ഒന്നിന് തിരുവനന്തപുരത്ത് സഫ്ദര്‍ ഹാഷ്മി അനുസ്മരണം നടന്നു. ഇന്ത്യന്‍ തെരുവ് നാടക പ്രസ്ഥാനത്തിന് അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ പ്രമുഖ ഇടതുപക്ഷ നാടക പ്രവര്‍ത്തകനും സിപിഎം അംഗവുമായിരുന്ന സഫ്ദര്‍ ഹാഷ്മിയെ പ്രാസംഗികര്‍ നല്ല രീതിയില്‍ അനുസ്മരിച്ചു. സഫ്ദര്‍ ഹാഷ്മിയെ കൊലപ്പെടുത്തിയ രാഷ്ട്രീയ എതിരാളികളേയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭരണവര്‍ഗ താല്‍പര്യങ്ങളേയും മനുഷ്യാവകാശങ്ങളേയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ചുമെല്ലാം സംസാരിച്ചു. ചരിത്രം ഓര്‍മ്മിപ്പിച്ചവര്‍ കേരളത്തില്‍ ഇന്ന് നടക്കുന്ന പൊലീസ് അതിക്രമങ്ങളെ കുറിച്ച് മിണ്ടിയില്ല. പ്രമുഖ നാടകപ്രവര്‍ത്തകന്‍ നരിപ്പറ്റ രാജു മാത്രമാണ് കമല്‍ സി ചവറ എന്ന പേര് ഉച്ചരിച്ചത്. നമ്മുടെ സാംസ്‌കാരിക ലോകം അത്രമാത്രം നിശബ്ദവും അച്ചടക്കമുള്ളതുമായി മാറിയിരിക്കുന്നു. ദേശീയഗാനത്തെ അപഹസിക്കാന്‍ ശ്രമിച്ച ഒരു ഭ്രാന്തനും തലതിരിഞ്ഞവനും പരിഗണന അര്‍ഹിക്കാത്തവരും എന്ന ചിന്തയിലാണോ ഈ അസ്പൃശ്യത എന്നറിയില്ല. ഐക്യദാര്‍ഢ്യം ലഭിക്കാന്‍ മാത്രമുള്ള വരേണ്യതയോ പ്രശസ്തിയോ അയാള്‍ക്കില്ലാതെ പോയോ? എന്തായാലും തികഞ്ഞ കാപട്യവും ഇരട്ടത്താപ്പുമാണ് ഇത്തരം സമീപനം എന്ന കാര്യത്തില്‍ സംശയമില്ല.

മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍, പൊലീസ് ഭാഷ്യത്തിലെ അയുക്തിയേയും ദുരൂഹതകളേയും സത്യസന്ധതയില്ലായ്‌മേയും പറ്റിയൊക്കെ സംസാരിക്കുമ്പോള്‍, അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമ്പോള്‍, സ്വാഭാവിക നീതിയെ പറ്റി പറയുമ്പോഴൊക്കെ മുഖ്യമന്ത്രിക്ക് പ്രതികരണമുണ്ടായിരുന്നില്ല. പൊലീസിന്‌റെ ഭാഗത്ത് നിന്നുള്ള അതിക്രമങ്ങളെ കുറിച്ച് പരാതി പറയുമ്പോള്‍, പൊലീസിന്‌റെ മനോവീര്യം തകര്‍ക്കില്ല എന്നെല്ലാം ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ മറുപടി പറയുന്നത് കേള്‍ക്കേണ്ടി വന്നു. ഇങ്ങനെയുള്ള മനോവീര്യം ഈ നാട്ടിലെ ജനങ്ങളുടെ നെഞ്ചത്ത് പൊലീസ് കാണിക്കാനും തുടങ്ങി. കമല്‍ സി ചവറയെ പോലുള്ളവരെ നിരന്തരം വേട്ടയാടാന്‍ പൊലീസിന് ധൈര്യം നല്‍കുന്നത് ഈ അവസ്ഥയാണ്. ഇതിനിടയില്‍ തന്നെയാണ് ആവിഷ്‌കാര സ്വാതന്ത്ര്യം ഞെരിഞ്ഞമരുന്നു എന്ന് ഒരു പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.

നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്‌റെ പേരില്‍ സംഘപരിവാര്‍ ആക്രമണം നേരിടുന്ന എംടി വാസുദേവന്‍ നായര്‍ക്കോ ദേശീയഗാനവിവാദവുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെടുന്ന സംവിധായകന്‍ കമലിനോ ലഭിക്കുന്നത് പോലുള്ള പിന്തുണ പോലും കമല്‍ സി ചവറയ്‌ക്കോ നദിക്കോ ഇടതുപക്ഷത്തിന്‌റെ ഭാഗത്ത് നിന്ന് ലഭിച്ചില്ല. അവരെ ഇവിടുത്തെ മുഖ്യധാരാ ഇടതുപക്ഷം സംശയത്തിന്‌റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് അടക്കം സോഷ്യല്‍ മീഡിയയില്‍ കമലിനെ അറസ്റ്റ് ചെയ്ത സമയത്ത് കമല്‍ ദേശീയഗാനത്തെ പരിഹസിച്ചെഴുതി എന്ന് പറയപ്പെടുന്ന ഭാഗം ചൂണ്ടിക്കാട്ടിയും കമലിന്‌റെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയുമെല്ലാം ഇടതുപക്ഷ അനുഭാവികള്‍ തന്നെ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ചിലര്‍ പറയുന്നത് കമലിന് ഭ്രാന്താണെന്നാണ്. കമലിന് ഭ്രാന്താണെന്ന് കമലിന്‌റെ സുഹൃത്ത് ശരിവയ്ക്കുന്നു. അതുകൊണ്ടാണ് അയാള്‍ക്ക് ചില കാര്യങ്ങള്‍ വിളിച്ചു പറയാന്‍ കഴിയുന്നത് എന്നും.

കമല്‍ സി ചവറയുടെ ഫേസ്ബുക്ക് പോസ്റ്റ്: പൂര്‍ണ രൂപം

ഞാന്‍ കാരണം എന്റെ വീട്ടിലെ അമ്മയ്ക്കും ഹൃദ്രോഹിയായ അഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തിനും വീട്ടില്‍ സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് . ജനിച്ച അന്നു മുതല്‍ അവര്‍ക്ക് തലവേദന ഉണ്ടാക്കി കൊണ്ടിരിയ്ക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍ . എന്റെ രാജ്യദ്രോഹ കുറ്റം ഇതു വരെയും പിന്‍വലിക്കപെട്ടിട്ടില്ല. നദിയെയും എന്നെയും വെറുതേ വിട്ടു കേസ് പോലും എടുത്തിട്ടില്ല എന്ന് ഡിജിപി യും ഭരണ നേതാക്കളും പറഞ്ഞങ്കിലും നദിയുടെ കേസില്‍ പോലീസെടുത്ത നിലപാട് കണ്ടതാണ് . ഈ ദിവസം വരെയും എന്റെ വീട്ടില്‍ ഇന്റെലിജന്‍സ് കയറി ഇറങ്ങുകയും അവരെ ഭയപെടുത്തുകയും ചെയ്യുന്നു. വീട്ടിലേക്കും എന്റെ ഫോണിലേക്കും നിരന്തര o കൊന്ന് കളയും എന്ന നിലയില്‍ ഫോണ്‍ കോളുകള്‍ വരൂന്നു . എനിക്ക് ഒരു എഴുത്തുകാരനായി ജീവിക്കാന്‍ ഒരു ആഗ്രഹവുമില്ല .ഈ പുസ്തകത്തിലെ ഒമ്പതാം ചാപ്റ്റര്‍ , ഏതോ അദ്ധ്യായത്തിലെ ഒരു ഭാഗം ഒരു ഇnങ്ങാന്‍ പോകുന്ന നോവലിലെ ഫെയ്‌സുബുക്കിലെ പോസ്റ്റ് ഇതിന്റെയൊക്കെ ദേശ വിരുദ്ധതയുടെ പേരില്‍ കേസിപ്പോഴും നിലനില്ക്കുന്നു . അതൂ കൊണ്ട് ശ്മശാനങ്ങളുടെ നോട്ടു പുസ്തകം ഗ്രീന്‍ ബുക്‌സി നോട് പിന്‍വലിക്കാന്‍ ആവശ്യപെട്ടിട്ടുണ്ട്. മറ്റെ ന്നാല്‍ എന്റെ പുസ്തകം എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് പൊതുജനത്തിന് മുന്നില്‍ വച്ച് കത്തിക്കൂകയാണ് . എഴുത്തുകാരനാവണ്ട എനിക്ക് .മറ്റെ ന്നാല്‍ വൈകിട്ട് നാലൂ മണിക്ക് കിഡ്‌സന്‍ കോര്‍ണറി ല്‍ വച്ചാവും’ ഞാനത് ചെയ്യുക . ക്ഷമിക്കുമെന്നും കൂടെ ഉണ്ടാവുമെന്നും വിശ്വസിക്കൂന്നു.

കമല്‍ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധസ്വരങ്ങള്‍ ഉയരുന്നുണ്ട്. 

 

https://www.facebook.com/sudeep.almitra/posts/10157979995225265

https://www.facebook.com/permalink.php?story_fbid=761644297321939&id=100004291278229
https://www.facebook.com/prasannakumar.tn/posts/1300284843328424
https://www.facebook.com/roshanpm/posts/1565628590119956

https://www.facebook.com/drpokker/posts/1545187295498559

കേരളത്തിൽ ജീവിക്കുന്ന ഒരു എഴുത്തുകാരൻ എഴുത്ത് നിർത്തുകയാണ് എന്നും അയാളുടെ അപ്രകാശിതമായ പുസ്തകം കത്തിച്ചു കളയുകയാണ് എന്നു…

Posted by Shahina Nafeesa on Freitag, 13. Januar 2017

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍