UPDATES

സിനിമ

“എന്റെ ആദ്യത്തെ സിനിമ ഒരു ഉച്ചപ്പടമായിട്ടാണ് ഓടിയത്”: കമല്‍/അഭിമുഖം-ഭാഗം 2

പിഎന്‍ മേനോന്‍, പത്മരാജന്‍, ഭരതന്‍… പിന്നെ ത്രാസവും മിഴിനീര്‍പൂക്കളും

മുപ്പത് വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന പ്രശസ്ത സംവിധായകന്‍ കമല്‍ തന്റെ ഡ്രീം പ്രൊജക്ടായ ആമിയുടെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍. കഴിഞ്ഞ മൂന്നാല് മാസങ്ങളിലായി തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും സംഘര്‍ഷം നിറഞ്ഞ കാലത്തിലൂടെ കടന്നു പോവുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിനും ദേശീയ ഗാന വിഷയത്തിലും അദ്ദേഹത്തെ ക്രൂശിക്കാന്‍ സംഘ പരിവാര്‍ ശ്രമിച്ചപ്പോള്‍ ആമിയില്‍ നിന്നുള്ള വിദ്യാബാലന്റെ പിന്‍മാറ്റം സിനിമാ ജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കി. കൂടാതെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന ഭാരിച്ച ഉത്തരവാദിത്തവും ഈ അവസരത്തില്‍ അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടി വന്നു. തന്റെ സിനിമാ ജീവിതത്തിന്റെ ആദ്യ വര്‍ഷങ്ങളെ കുറിച്ച് കമല്‍ അഴിമുഖം സീനിയര്‍ എഡിറ്റര്‍ സാജു കൊമ്പനുമായി സംസാരിക്കുന്നു. (ഈ അഭിമുഖത്തിന്റെ ഒന്നാം ഭാഗം വായിക്കാന്‍ – ‘എന്നെ ഇരയാക്കുകയായിരുന്നു’; ആമി, മഞ്ജു വാര്യര്‍, ദേശീയഗാനം)

സാജു: സിനിമയിലേക്ക് വരുന്നത് ‘ത്രാസ’ത്തിലൂടെയാണല്ലോ? തിരക്കഥയും സംഭാഷണവും എഴുതിക്കൊണ്ട്… എന്താണ് ത്രാസത്തിന് സംഭവിച്ചത്? ബെര്‍ഗ്മാന്‍റെ സെവന്‍ത് സീലില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് അത് ചെയ്തതെന്ന് കേട്ടിരുന്നു.

കമല്‍: ഞാനും എന്റെ അമ്മാവന്‍ പടിയനും കൂടിയാണ് അത് ചെയ്തത്. അദ്ദേഹമാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. എന്നെ പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിച്ചതും നല്ല സിനിമകള്‍ കാണാന്‍ പ്രേരിപ്പിച്ചതും ഫിലിം സൊസൈറ്റികളുമായി ബന്ധപ്പെടുത്തിയതും അദ്ദേഹമാണ്. ക്ലാസ്സിക് സിനിമകള്‍ ഇന്നതാണ്, സിനിമയ്ക്ക് ഇങ്ങനെ വേറെ മുഖം ഉണ്ട്, അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമകള്‍ ഇങ്ങനെയാണ്, നല്ല സിനിമകളുടെ രീതി ഇങ്ങനെയാണ് എന്നൊക്കെ എനിക്കു പറഞ്ഞു തന്നത് അദ്ദേഹമാണ്. അങ്ങനെയാണ് ഞാന്‍ അത്തരം സിനിമകള്‍ കാണാന്‍ തുടങ്ങിയത്. നല്ല സിനിമയുടെ ആസ്വാദകനായി ഞാന്‍ മാറുന്നത്.

കോളേജില്‍ പഠിക്കുന്ന കാലത്ത് കോളേജ് മാഗസിനില്‍ ഞാന്‍ എഴുതിയ കഥയാണ് ‘ത്രാസം’. യഥാര്‍ത്ഥ പേര് ‘മരണത്തിന് മരണമില്ല’ എന്നായിരുന്നു. അത് അദ്ദേഹത്തിന് വായിക്കാന്‍ കൊടുത്തു. അപ്പോള്‍ അദ്ദേഹം അതിനകത്ത് ഒരു സിനിമ ഉണ്ടല്ലോ എന്നു പറഞ്ഞതാണ് തുടക്കം.

ആ കഥ ഞാന്‍ എന്റെ ഒരനുഭവത്തില്‍ നിന്നു എഴുതിയതാണ്. മതിലകം എന്ന എന്റെ വീടിരിക്കുന്ന സ്ഥലത്തിന്റെയും സ്കൂളിന്റെയും അടുത്തു ഒരു ലാറ്റിന്‍ പള്ളി ഉണ്ടായിരുന്നു. പള്ളിയുടെ ശ്മശാനം വളരെ വലുതാണ്. അതിന്‍റെ കോമ്പൌണ്ട് കഴിഞ്ഞ ഉടനെ പള്ളിവളവ് എന്നൊരു ചെറിയ അങ്ങാടിയായിരുന്നു. പള്ളി ഉള്ളതുകൊണ്ടാണ് പള്ളിവളവ് എന്ന പേര് വന്നത്. അവിടെ യംഗ് മെന്‍സ് ലൈബ്രറി എന്നൊരു ലൈബ്രറി ഉണ്ടായിരുന്നു. അവിടത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍. എന്നും വൈകുന്നേരങ്ങളില്‍ ലൈബ്രറിയില്‍ പോകും. എന്റെ സുഹൃത്തുക്കള്‍ ഒക്കെ ഉണ്ടാകും. ഞങ്ങളുടെ ചില നാടക റിഹേഴ്സലും കാര്യങ്ങളും ഒക്കെ ഉണ്ട്. അന്ന് ഈ പള്ളിയില്‍ മരിച്ചവര്‍ക്ക് കുഴിവെട്ടുന്ന ഒരാളുണ്ടായിരുന്നു. മത്തായിച്ചേട്ടന്‍. ഒരാള്‍ മരിക്കുക എന്നുള്ളത് അയാള്‍ക്ക് ഭയങ്കര സന്തോഷം ഉള്ള കാര്യമായിരുന്നു. ആരെങ്കിലും മരിച്ചു കഴിഞ്ഞാല്‍ എന്തെങ്കിലും ചില്ലറകിട്ടും. അതുകൊണ്ട് കള്ളുകുടിച്ച് അര്‍മ്മാദിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. കള്ള് കുടിച്ചു കഴിഞ്ഞാല്‍ അന്ന് ആരെയാണോ കുഴിച്ചിട്ടത് അയാളുടെ കുഴിമാടത്തിനരികില്‍ വന്നിട്ട് അയാളോട് സംസാരിക്കുമായിരുന്നു. ഇത് ഞങ്ങളുടെ കുട്ടിക്കാലത്തെ സ്ഥിരം കാഴ്ചയായിരുന്നു. മരണത്തെ ഒരാളായി കണ്ടിട്ടാണ് പുള്ളി സംസാരിക്കുക.

ആ സമയത്താണ് ഞാന്‍ ബെര്‍ഗ്മാന്‍റെ സെവന്‍ത് സീല്‍ എന്ന സിനിമ കാണുന്നത്. അതെന്നെ വല്ലാതെ ഹോണ്ട് ചെയ്തു. ഞാന്‍ അപ്പോള്‍ മത്തായി ചേട്ടനെ ഓര്‍ത്തു.

കോളേജില്‍ പഠിക്കുന്ന കാലത്താണ് ത്രാസത്തിലേക്ക് നയിച്ച ആ സംഭവം നടക്കുന്നത്. ഹോസ്റ്റലില്‍ നിന്ന് വീട്ടിലെത്തിയാല്‍ ഞാന്‍ സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കുമായിരുന്നു. ഈ പള്ളിയില്‍ മുന്‍പ് വികാരിയായിരുന്ന അച്ചന്‍ (പുള്ളി ഞങ്ങളുടെ സ്കൂളിന്റെ മാനേജരും കൂടിയായിരുന്നു) എന്തോ ആവശ്യത്തിന് വന്നിട്ടുണ്ടായിരുന്നു. പുള്ളി ഇവിടെ കിടന്നു മരിച്ചു. അദ്ദേഹത്തിന്‍റെ ബോഡി അതേ പള്ളിയില്‍ തന്നെ അടക്കം ചെയ്തു. ഈ മത്തായി ചേട്ടന് ഭയങ്കര സങ്കടമായിരുന്നു. മത്തായി ചേട്ടനോട് ഭയങ്കര ഇഷ്ടം ഉണ്ടായിരുന്ന ഒരാളായിരുന്നു അച്ചന്‍. അന്ന് ഞങ്ങള്‍ വൈകുന്നേരം വീട്ടിലേക്ക് പോകാനിറങ്ങിയപ്പോള്‍ മത്തായിച്ചേട്ടന്‍ വെള്ളമടിച്ചിട്ട് ശ്മശാനത്തില്‍ വന്നിട്ട് ആരെയൊക്കെയോ ചീത്ത വിളിക്കുന്നു. ആരെയാണ് ഇയാള്‍ ചീത്ത വിളിക്കുന്നത് എന്നു നോക്കുമ്പോ ‘നീ കാണിച്ചത് പോക്രിത്തരമാണ്’ എന്നൊക്കെ പറഞ്ഞിട്ടു പുള്ളി മരണത്തെ ചീത്ത വിളിക്കുകയാണ്. അച്ഛനെ കൊണ്ടുപോയതിലുള്ള ദേഷ്യം പ്രകടിപ്പിക്കുകയാണ് മൂപ്പര്‍. അപ്പോ ഞാന്‍ പെട്ടെന്ന് സെവന്‍ത്  സീല്‍ എന്ന സിനിമയുമായി ഇത് കണക്ട് ചെയ്തു. പക്ഷേ അന്നെനിക്ക് അതിനെ കുറിച്ച് ഗൌരവത്തില്‍ ചിന്തിക്കാനൊന്നും അറിയില്ലായിരുന്നു. ഇതിനെ ബെയ്സ് ചെയ്തിട്ട് ഈ മനുഷ്യനെ കുറിച്ചാണ് ഞാന്‍ കഥ എഴുതിയത്. കഥ എന്നൊന്നും പറയാന്‍ പറ്റില്ല. അനുഭവം തന്നെയാണ് എഴുതിയത്.

സിനിമയില്‍ സെമിത്തേരിക്ക് പകരം പൊതുശ്മശാനം ആക്കാം എന്നു പടിയന്‍ പറഞ്ഞു. അന്ന് എറണാകുളം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ഒരു ശവവണ്ടി ഉണ്ടായിരുന്നു. അനാഥരായി മരിച്ചവരെ ഈ വണ്ടിയില്‍ കൊണ്ടുവന്നു പൊതുശ്മശാനത്തില്‍ മറവ് ചെയ്യുമായിരുന്നു. പുല്ലേപ്പടി ശ്മശാനം. എറണാകുളം നഗരത്തിലൂടെയാണ് ശവം വലിച്ചു കൊണ്ടുപോകുന്നത്. അവിടെ പടിയന് അറിയുന്ന ഒരാളുണ്ട്. പടിയന്‍ പറഞ്ഞു, നമുക്ക് കഥയിലെ മത്തായിച്ചനെ അയാളാക്കി മാറ്റാം എന്ന്. തീര്‍ച്ചയായും സെവന്ത്സീല്‍ ഒരു ഇന്‍സ്പിറേഷനായിരുന്നു. അങ്ങനെ ഉണ്ടാക്കിയ സിനിമയാണ് അത്. അതില്‍ ബാലന്‍ കെ നായരായിരുന്നു പ്രധാന കഥാപാത്രമായി അഭിനയിച്ചത്. നിലമ്പൂര്‍ ആയിഷ, നിലമ്പൂര്‍ ബാലന്‍ എന്നിവര്‍ അഭിനയിച്ചിരുന്നു. അതൊരു ഓഫ് ബീറ്റ് സിനിമയാണ്. ഒട്ടും പ്ലസന്‍റായിട്ടുള്ള സിനിമയല്ല. അത് തിയറ്ററില്‍ റിലീസ് ചെയ്തിരുന്നു. ഉച്ചപ്പടമായിട്ടാണ് ഓടിയത്. അധികമാരും കണ്ടിട്ടൊന്നും ഇല്ല.

വിഗതകുമാരന്റെ കഥ പോലെ തന്നെയാണ് ത്രാസവും. അതിന്‍റെ പ്രിന്‍റ് ഒന്നും കിട്ടാനില്ല. അതുകൊണ്ടൊക്കെ ആയിരിക്കും എനിക്കു ജെ.സി ഡാനിയേലിനെ കുറിച്ച് സിനിമ എടുക്കണം എന്നു തോന്നിയത്. ബ്ലാക്ക് & വൈറ്റ് സിനിമ അസ്തമിച്ചു കളറിലേക്ക് വന്നു കൊണ്ടിരിക്കുന്ന സമയത്താണ് ഈ സിനിമ എടുക്കുന്നത്. പിന്നീട് ഞാന്‍ കുറെ കാലം കഴിഞ്ഞിട്ട് ആര്‍കെ ലാബില്‍ പോയി ത്രാസത്തിന്റെ നെഗറ്റീവ് കണ്ടെത്താന്‍  കുറെ ശ്രമിച്ചിരുന്നു. അപ്പോഴാണ് അറിയുന്നത് ഫിലിം ഉരുകിപ്പോയി എന്ന്. അതിന്‍റെ പ്രിന്‍റുകള്‍ എവിടെയാണെന്ന് ഒരറിവും ഇല്ല. ഒന്നോ രണ്ടോ പ്രിന്‍റാണ് റിലീസ് ചെയ്തത്. ജിയോ പിക്ചേഴ്സായിരുന്നു ഡിസ്ട്രിബ്യൂട്ടര്‍. അവരുടെ ഓഫീസില്‍ ഒക്കെ പോയി അന്വേഷിച്ചു. പക്ഷേ ഒന്നും കിട്ടിയില്ല. ആ സിനിമയുമായി ബന്ധപ്പെട്ട ഒന്നും അവശേഷിക്കുന്നില്ല. എന്റെ ആദ്യ സിനിമയുമായി ബന്ധപ്പെട്ട ഒന്നും വിഗതകുമാരന്‍ പോലെ അവശേഷിക്കുന്നില്ല എന്നുള്ളതാണ് അതിന്‍റെ ട്രാജഡി. ആകെ എന്റെ കയ്യില്‍ ഉള്ളത് മാതൃഭൂമിയില്‍ കോഴിക്കോടന്‍ എഴുതിയിട്ടുള്ള ഒരു കുറിപ്പാണ്.

സാ: സിനിമാ മോഹവുമായി മദ്രാസിലേക്ക് പോയത് എപ്പോഴാണ്?

ക: ത്രാസത്തിന് ശേഷമാണ് ഞാന്‍ മദ്രാസിലേക്ക് പോകുന്നത്. നടന്‍ ബഹദൂര്‍ അമ്മയുടെ ബന്ധുവാണ്. ബഹദൂറിന്‍റെ സിസ്റ്ററുടെ മകളെയാണ് ഞാന്‍ കല്യാണം കഴിച്ചത്. ഈ അടുപ്പത്തിന്റെ ഭാഗമായിട്ട് ഞാന്‍ മദ്രാസില്‍ പോകുകയും ബഹദൂറിന്റെ കൂടെ പുള്ളിയുടെ സഹായത്തോടു കൂടി പലരുടേയും സഹ സംവിധായകനായിട്ട് വര്‍ക്ക് ചെയ്യുകയും ചെയ്തു. ഐവി ശശിയെ ഒക്കെ പോയി കണ്ട് നാലഞ്ചു ദിവസം അദ്ദേഹത്തിന്‍റെ കൂടെ വര്‍ക്ക് ചെയ്യുകയുണ്ടായി. അന്നൊക്കെ ഞാന്‍ ഹാഡ്കോര്‍ അവാര്‍ഡ് സിനിമകളുടെ ആളായിരുന്നു. എന്നോടു ബഹദൂറാണ് പറഞ്ഞത് സിനിമയില്‍ വര്‍ക്ക് ചെയ്യണം എങ്കില്‍ സാധാരണ കച്ചവട സിനിമ ചെയ്യുന്ന സംവിധായകരുടെ കൂടെ പഠിക്കണം എന്ന്. ത്രാസത്തിന്റെ കഥയൊക്കെ എഴുതിയ ഒരാളാണല്ലോ എന്നു പറഞ്ഞു അദ്ദേഹം എന്നെ കളിയാക്കുമായിരുന്നു. ഞാന്‍ മദ്രാസില്‍ ആദ്യം വര്‍ക്ക് ചെയ്തത് എ.ബി രാജിന്റെ കൂടെയാണ്. സമ്പൂര്‍ണ്ണ കച്ചവട സിനിമ എടുക്കുന്ന ആളാണ് അദ്ദേഹം. ഒന്നുരണ്ട് പടത്തില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ കൂടെ വര്‍ക്ക് ചെയ്തു. പിന്നെയാണ് ഞാന്‍ പിഎന്‍ മേനോനെ പരിചയപ്പെടുന്നത്. നല്ല സിനിമയുടെ സങ്കേതത്തില്‍ ചെന്നു പെടുന്നത് അങ്ങനെയാണ്.

സാ: പിഎന്‍ മേനോനെ കുറിച്ചുള്ള ഓര്‍മ്മകള്‍…

ക: ഞാന്‍ ചെന്നതിന് ശേഷം അദ്ദേഹത്തിന്‍റെ മികച്ച സിനിമകള്‍ ഒന്നും ഉണ്ടായിട്ടില്ല. അത് വേറെ വിഷയം. എങ്കില്‍ പോലും എനിക്കു അദ്ദേഹത്തില്‍ നിന്നു ഒരുപാട് കാര്യങ്ങള്‍ കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന് അന്ന് പടമില്ല. ഒന്നും ഇല്ലാതെ വീട്ടില്‍ ഇരിക്കുന്ന സമയമായിരുന്നു അത്. എനിക്കു അദ്ദേഹം സിനിമയുടെ അനുഭവങ്ങള്‍ പറഞ്ഞു തരും. കണ്ട മികച്ച സിനിമകളെ കൂറിച്ച് പറയും. സിനിമയെ കുറിച്ച് മാത്രമല്ലാതെ വേറൊരു കാര്യവും അദ്ദേഹം സംസാരിക്കില്ല. മറ്റ് കാര്യങ്ങളില്‍ പുള്ളിക്ക് താത്പര്യവും ഇല്ല. എന്തു പറഞ്ഞു തുടങ്ങിയാലും ഒടുവില്‍ സിനിമയില്‍ എത്തി നില്ക്കും. കാലത്ത് തൊട്ട് വൈകുന്നേരം വരെ ഇത് തന്നെയായിരുന്നു. കുറെ കഴിയുമ്പോള്‍ എനിക്കു ബോറടിക്കും. ആ സമയത്താണ് നവോദയ അപ്പച്ചന്‍ ഒരു ആല്‍ബം കൊണ്ടുപോയി കൊടുത്തിട്ട് പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ പറയുന്നത്. അതിനു മുന്‍പൊക്കെ പുള്ളി നിറയെ പോസ്റ്ററുകള്‍ ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ സിനിമകള്‍ മാത്രമല്ല ആ കാലഘട്ടത്തിലെ പല നല്ല സിനിമകളുടെയും പോസ്റ്റര്‍ ചെയ്തത് പിഎന്‍ മേനോന്‍ ആണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ ആല്‍ബമാണ് അപ്പച്ചന്‍ അവിടെ കൊണ്ടുവന്നത്.

സാ: ഭരതനും പത്മരാജനും… ?

ക: പത്മരാജന്‍ എഴുതിയ സിനിമകളും അദ്ദേഹം സംവിധാനം ചെയ്ത സിനിമകളും പിന്നെ ഭരതന്‍, കെജി ജോര്‍ജ്ജ്, കെആര്‍ മോഹന്‍, ജോണ്‍ എബ്രഹാം, അരവിന്ദേട്ടന്‍, അടൂര്‍ സാര്‍ അങ്ങനെ കുറെ സംവിധായകരുടെ സിനിമകള്‍ കണ്ട് മോഹിച്ചിട്ടാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത് തന്നെ. പക്ഷേ വാസ്തവത്തില്‍ അന്ന് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് പത്മരാജനും ഭരതനും പിഎന്‍ മേനോന്‍ സാറുമായിരുന്നു. അതിനു കാരണം എന്താണെന്ന് വെച്ചാല്‍ നമ്മള്‍ മെയിന്‍സ്ട്രീം എന്നു പറയുന്ന ഒരു ധാര അന്ന് വളരെ സജീവമായിരുന്നു. പാരലല്‍ സിനിമകള് ഉച്ചപ്പടങ്ങളെന്നാണ് അറിയപ്പെട്ടിരുന്നത്. മെയിന്‍ സ്ട്രീം സിനിമ ഏറ്റവും സ്ട്രോംഗ് ആയിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ഇതിന്റെ രണ്ടിന്റെയും നല്ല രീതികള്‍ സ്വാംശീകരിക്കുകയും ഒപ്പം സിനിമ കലാപരമായിട്ട് മുന്നില്‍ നില്‍ക്കണം, പ്രേക്ഷകരുമായിട്ട് സംവദിക്കണം, അതിനു എന്തൊക്കെ ഉപയോഗപ്പെടുത്താം താരങ്ങളെ വെച്ചിട്ടും പാട്ടുകള്‍ ഉള്‍പ്പെടുത്തിയും മുഖ്യധാരാ സിനിമകളുടെ ചേരുവകള്‍ വളരെ ബുദ്ധി പൂര്‍വ്വം ഉപയോഗിക്കുകയും എന്നാല്‍ നമ്മളെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന സിനിമകള്‍ എടുക്കുകയും ചെയ്തവരാണ് ഭരതനും പത്മരാജനും  ഒക്കെ.

സാ: പത്മരാജന്‍ ജീവിച്ചിരുന്ന കാലത്ത് കിട്ടിയതിനെക്കാള്‍ കൂടുതല്‍ അദ്ദേഹം ഇപ്പോള്‍ ആള്‍ക്കാരുടെ മനസ്സില്‍ നിറഞ്ഞു നില്ക്കുകയാണ്

ക: അതെയതെ. പത്മരാജന്‍ മരിച്ചിട്ടു ഇരുപത്തിയഞ്ച് വര്‍ഷമായി. എന്നിട്ടും അദ്ദേഹം ഒരു കള്‍ട്ടായിട്ട് ആള്‍ക്കാരുടെ മനസില്‍ ഇങ്ങനെ നില്‍ക്കുകയാണ്. പലതവണ  ഭരതന്റെ കൂടെയൊക്കെ വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും  ഒക്കെ ചെയ്തിട്ടുണ്ട്. എന്നോടു എന്തോ ഒരിഷ്ടം അദ്ദേഹത്തിന് ഉണ്ടായിരുന്നു. കണ്ടുകഴിഞ്ഞാല്‍ എന്നോടു വളരെയധികം സ്നേഹവും വാത്സല്യവും കാണിച്ചിരുന്നു. നമ്മുടെ സിനിമാ സങ്കല്‍പ്പങ്ങള്‍ അദ്ദേഹത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങളോടൊക്കെ ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന രീതിയില്‍ പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളെ കുറിച്ച്, പ്രത്യേകിച്ചു അദ്ദേഹത്തിന്റെ കഥകളെ കുറിച്ച്  പറയുമ്പോഴൊക്കെ തന്നെ നമ്മളത് വായിക്കുന്ന ഒരാളെന്ന നിലയില്‍ അങ്ങനെ ഒരിഷ്ടം അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്നു. ഞാന്‍ സിനിമ സംവിധാനം തുടങ്ങി കുറച്ചു സിനിമകള്‍ ഇറങ്ങിയപ്പോഴാണ് അദ്ദേഹം മരിക്കുന്നതു. ഞാന്‍ വിഷ്ണു ലോകം എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുമായി മദ്രാസില്‍ നില്‍ക്കുന്ന സമയത്താണ് അദ്ദേഹം മരിക്കുന്നത്. വലിയൊരു ഞെട്ടലോടുകൂടിയാണ് ആ വാര്‍ത്ത നമ്മളൊക്കെ കേട്ടത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുമായി മദ്രാസില്‍ ആയതുകൊണ്ട് എനിക്കു വരാന്‍ പറ്റിയില്ല. പതാമരാജന്റെ മരണം വലിയൊരു നഷ്ടം തന്നെയാണ്. മലയാള സിനിമയ്ക്ക് എക്കാലത്തെയും നഷ്ടങ്ങളില്‍ ഒന്ന്. അതുപോലെ തന്നെയാണ് ഭരതേട്ടന്‍റെ കാര്യവും.

സ: മറ്റാരുടെയൊക്കെ കൂടെയാണ് വര്‍ക്ക് ചെയ്തത്?

ക: പിഎന്‍ മേനോന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന കാലഘട്ടത്തില്‍ തന്നെയാണ് ഞാന്‍ ഭരതേട്ടനെ പരിചയപ്പെടുന്നത്. ആദ്യകാലത്ത് ഭരതേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടില്ല. പിന്നീടാണ് വര്‍ക്ക് ചെയ്തത്. എന്നാലും ഭരതേട്ടന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു. ആ ഒരു കാലഘട്ടത്തില്‍ ഉള്ള പ്രധാനപ്പെട്ടവരില്‍ ഭരതേട്ടന്‍റെ കൂടെ മാത്രമെ വര്‍ക്ക് ചെയ്തുള്ളൂ. പത്മരാജന്‍, കെജി ജോര്‍ജ്ജ്, കെആര്‍ മോഹനന്‍ എന്നിവരുടെ കൂടെയൊന്നും വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. ലെനില്‍ രാജേന്ദ്രന്റെ കൂടെ ചില്ല് എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തു. ഹരികുമാറിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. പതിമൂന്ന് പല തരത്തിലുള്ള സംവിധായകരുടെ കൂടെയെങ്കിലും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഏഴു വര്‍ഷത്തോളം ഞാന്‍ സഹസംവിധായകനായിരുന്നു.

സാ: ആദ്യ സംവിധാന സംരംഭമായ മിഴിനീര്‍ പൂക്കളിലേക്ക്  എത്തുന്നത് എങ്ങനെയാണ്?

ക: മിഴിനീര്‍പ്പൂക്കള്‍ യാദൃശ്ചികമായിട്ട് സംഭവിച്ച സിനിമയാണ്. ജോണ്‍പോളാണ് എന്നെ ആ സിനിമയിലേക്ക് എത്തിച്ചത്. അദ്ദേഹം എനിക്കു ഗുരുതുല്യനായിട്ടുള്ള ഒരാളാണ്. അന്ന് ഏറ്റവും തിരക്കുള്ളയാളായിരുന്നു അദ്ദേഹം. ഏറ്റവും നല്ല തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍. ഞാന്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്ത സിനിമകളിലൊക്കെ എന്നെ അസിസ്റ്റന്‍റായിട്ട് പുള്ളി വിളിക്കുമായിരുന്നു. ഞാന്‍ പുള്ളിയുടെ കൂടെ ഫുള്‍ ടൈം ഉണ്ടാകും. അങ്ങനൊരാത്മബന്ധം ഞങ്ങള്‍ക്കിടയില്‍ വളര്‍ന്ന് വന്നിരുന്നു.  അദ്ദേഹം എന്നെ പലയിടത്തും പ്രമോട്ട് ചെയ്തിട്ടുമുണ്ട്. സേതുമാധവന്‍ സാറിനെയൊക്കെ എനിക്കു പരിചയപ്പെടുത്തുന്നത് അദ്ദേഹമാണ്. ആ സമയത്താണ് ഞാന്‍ എന്‍റെ ആദ്യത്തെ പടം ചെയ്യാന്‍ തീരുമാനിക്കുന്നത്. ആ പടം മുടങ്ങിപ്പോയി. ആരോരുമറിയാതെ എന്ന സിനിമ. അത് എന്‍റെ കഥയായിരുന്നു. ആ കഥ ഞാന്‍ ജോണ്‍പോളിനെ കാണിച്ചപ്പോള്‍  നല്ല കഥയാണെന്ന് അദ്ദേഹം പറയുകയുണ്ടായി. അതില്‍ മൂന്നു നായകന്മാരെയാണ് ഉദ്ദേശിച്ചിരുന്നത്. പ്രേം നസീര്‍, കൊടിയേറ്റം ഗോപി, തിലകന്‍ ചേട്ടന്‍. മൂന്നു വയസ്സന്‍മാരുടെ കഥയായിരുന്നു അത്. അതില്‍ മമ്മൂട്ടിയുണ്ടായിരുന്നു. മമ്മൂട്ടിയൊക്കെ അന്ന് അപ് കമിംഗ് സ്റ്റാര്‍ ആണ്. പൂര്‍ണ്ണിമാ ജയറാം ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ വലിയ സ്റ്റാര്‍ കാസ്റ്റ് ഒക്കെ വെച്ചിട്ട് ഒരു നിര്‍മ്മാതാവൊക്കെ വന്നു. ജോണ്‍പോള്‍ തിരക്കഥയെഴുതാന്‍ തുടങ്ങി. ഞാന്‍ പ്രേം നസീറിന്റെ അടുത്തു പോയി കഥ പറഞ്ഞു. അദ്ദേഹം ഒരുപാട് നേരം ചിരിച്ചു, നല്ല തമാശയൊക്കെ പറഞ്ഞു. പക്ഷേ പിന്നെ ആ സിനിമ നടന്നില്ല. പ്രൊഡ്യൂസര്‍ പിന്‍വാങ്ങി. അതെനിക്ക് സത്യത്തില്‍ ഭയങ്കരമായ ഒരു ഷോക്ക് ആയിരുന്നു. ആ സിനിമയുടെ കഥ പിന്നെ സേതു സാര്‍ സിനിമയാക്കാന്‍ ഭയങ്കര താത്പര്യം പ്രകടിപ്പിച്ചു. അദ്ദേഹം അത് സിനിമയാക്കി. അതില്‍ പ്രേംനസീറിന് പകരം മധുസാറാണ് അഭിനയിച്ചത്. പൂര്‍ണ്ണിമയ്ക്ക് പകരം സുഹാസിനിയും. അന്ന് മധു സാറിന്‍റെയൊക്കെ ഡേറ്റ്, മരണം ദുര്‍ബലം എന്ന സുരേന്ദ്രന്റെ നോവല്‍ സിനിമയാക്കാന്‍ വേണ്ടി വാങ്ങി വെച്ചിരുന്നു. അത് ശരിയാകാത്തത് കൊണ്ട് പെട്ടെന്ന് ഈ സിനിമ അങ്ങ് തുടങ്ങുകയായിരുന്നു. അങ്ങനെ ഞാന്‍ ചെയ്യേണ്ട ആ പടത്തിന്‍റെ അസോസിയേറ്റ് ഡയറക്ടര്‍ ആയി. അങ്ങനെ കറങ്ങിത്തിരിഞ്ഞാണ് മിഴിനീര്‍പൂക്കളില്‍ എത്തിയത്.

(തുടരും)

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍