UPDATES

സിനിമാ വാര്‍ത്തകള്‍

ഇതെന്താ ഈസ്റ്റ് ഇന്ത്യ കമ്പനിയോ? ഇങ്ങനെയാണേല്‍ സിനിമ വിടുമെന്നു കമല്‍ഹാസന്‍

വിനോദമേഖലയിലെ വര്‍ദ്ധിപ്പിച്ച ജിഎസ്ടിക്കെതിരേയാണ് നടന്റെ രോഷം

പ്രാദേശിക സിനിമ മേഖലയുടെ തകര്‍ച്ചയായിരിക്കും ജിഎസ്ടി പ്രാബല്യത്തില്‍ വന്നാല്‍ നടക്കുന്നതെന്നു നടന്‍ കമല്‍ഹാസന്‍. അഭിനയം നിര്‍ത്താന്‍ താന്‍ നിര്‍ബന്ധിതനാകുമെന്നും കമല്‍ പറഞ്ഞു. വിനോദമേഖലയില്‍ 28 ശതമാനമായാണു സേവന നികുതി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ജിഎസ്ടിയേയും ഒരിന്ത്യ, ഒരു നികുതി സമ്പ്രദായത്തേയും സ്വാഗതം ചെയ്യുന്നു. പക്ഷേ ഈ വര്‍ദ്ധനവ് പ്രാദേശിക സിനിമ വ്യവസായത്തെ തകര്‍ക്കും. ഈ നികുതിഭാരം താങ്ങാന്‍ കഴിയാത്തതാണെങ്കില്‍ ഞാന്‍ സിനിമ വിടും. ഞാന്‍ സര്‍ക്കാരിനുവേണ്ടിയല്ല ജോലിയെടുക്കുന്നത്. എന്താണിത്? ഇത് ഈസ്റ്റ് ഇന്ത്യ കമ്പനിയാണോ? കമല്‍ ചോദിക്കുന്നു.
ജിഎസ്ടി നിരക്ക് 12 മുതല്‍ 15 ശതമാനം വരെ കുറയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോടു കമല്‍ ആവശ്യപ്പെടുകയും ചെയ്തു.

വിനോദ നികുതി ഇന്ത്യയുടെ പലഭാഗങ്ങളിലും പലനിരക്കിലാണ്. ബോളിവുഡ് സിനിമയ്ക്ക് 28 ശതമാനം എന്നത് വലിയ കാര്യമല്ലായിരിക്കും. എന്നാല്‍ ഹോളിവുഡ് സിനിമയേയും ബോളിവുഡ് സിനിമയേയും പ്രാദേശിക സിനിമയേയും ഒരേ അളവില്‍ കാണരുതെന്നും കമല്‍ പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സിനിമലോകത്ത് നിന്നു പല സംവിധായകരും നിര്‍മാതാക്കളും ജിഎസ്ടിക്കെതിരേ രംഗത്തു വന്നിരുന്നു. ദക്ഷിണേന്ത്യയില്‍ വിനോദ നികുതി താരതമ്യേന കുറവാണ്. കര്‍ണാടകയില്‍ സിനിമ വ്യവസായത്തിനു നികുതിയേയില്ല. ജൂലൈ ഒന്നു മുതലാണ് ജിഎസ്ടി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍