UPDATES

സിനിമ

കമല്‍ ഹാസന്‍ ഓര്‍ക്കേണ്ട ചില ചരിത്രങ്ങള്‍

Avatar

ഉലകനായകന്‍ എന്നാണ് വിശേഷണം. ലോക സിനിമാവേദിയില്‍ ആര്‍ക്കൊപ്പവും തല ഉയര്‍ത്തി നില്‍ക്കാനുള്ള യോഗ്യതയുണ്ട്. നടന്‍ മാത്രമല്ല, നര്‍ത്തകനും എഴുത്തുകാരനും ഗായകനും കവിയും നിര്‍മാതാവും സംവിധാകനുമെല്ലാമാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭന്‍ എന്ന വിശേഷണത്തിനും അര്‍ഹന്‍. ചായം തേയ്ക്കുമ്പോള്‍ മാത്രമല്ല, ചമയങ്ങളില്ലാത്തപ്പോഴും പുലര്‍ത്തുന്ന മൂല്യങ്ങളും ഉയര്‍ത്തുന്ന ആദര്‍ശങ്ങളും കൊണ്ട് ഹീറോ; കമല്‍ ഹാസനെ ഇങ്ങനെ പലവിധത്തിലും നമുക്ക് ആരാധിക്കാം, ആഘോഷിക്കാം.

മലയാളിയെ സംബന്ധിച്ച് ഏറെ ആത്മബന്ധമുള്ള- തിരിച്ചും- കമല്‍, ഒരു ചലച്ചിത്രതാരം എന്നതിനപ്പുറം തികവുള്ളൊരു ആക്ടിവിസ്റ്റ് ആണ്. കേരളത്തിന്റെ ഇടതുപൊതുബോധത്തോട് ചേര്‍ന്നു നില്‍ക്കുന്ന, നവോത്ഥാനാശയങ്ങള്‍ പങ്കുവയക്കുന്ന, യാഥാസ്ഥിതിക-സാമ്പ്രാദായിക ആചാരങ്ങളെ എതിര്‍ത്തും വര്‍ഗീയതയെയും മതാധിഷ്ഠിത വ്യാപാരങ്ങളെയും ധിക്കരിച്ചും നിലകൊള്ളുന്ന ഉത്തമപുരുഷ മാതൃകയുമായിരുന്നു.

ഒരു കൊമേഴ്‌സ്യല്‍ പ്രൊഡക്ട് എന്നാണ് സിനിമയുടെ കാര്യത്തില്‍ കമല്‍ സ്വയം രേഖപ്പെടുത്തുന്നത്. സത്യസന്ധമായൊരു നിലാപാടെടുക്കല്‍ തന്നെയാണത്. പുറത്തുള്ള കമലില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് സിനിമയിലെ കമലെന്ന് ചിലര്‍ വിമര്‍ശിക്കുമ്പോള്‍ തന്നെയായിരുന്നു, ആ വിമര്‍ശനത്തെ സ്വയം ഏറ്റെടുത്തതും. തമിഴകത്ത് തന്റെ പിന്‍തലമുറ നായകന്മാരെക്കാള്‍ ആരാധകപിന്തുണയുടെ കാര്യത്തില്‍ കമലിന്റെ സ്ഥാനം എന്നും ഒരു ചുവട് പിന്നിലായിരുന്നു. ഒരു താരമെന്ന നിലയില്‍ ഈ കണക്ക് അല്‍പ്പം വിഷമമുണ്ടാക്കുമെങ്കിലും താന്‍ കണ്ടതില്‍വെച്ച് ലോകത്തിലെ ഏറ്റവും മികച്ച നടനെന്ന് നാഗേഷ് വിശേഷിപ്പിച്ച കമല്‍ തന്നെയാണ് ശിവാജി ഗണേശന്‍ കഴിഞ്ഞാല്‍ ഇന്നും തമിഴ് സിനിമയിലെ ലക്ഷണമൊത്ത നടന്‍. ഒരു റിജീയണല്‍ സിനിമയുടെ അകത്തു നിര്‍ത്തേണ്ടതുമല്ല അദ്ദേഹത്തെ. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് മുന്നുതവണ ദേശീയപുരസ്‌കാരം (മികച്ച നടനുള്ള) നേടിയിട്ടുള്ള കമല്‍ ഹാസന്‍. കൊമേഴ്‌സ്യല്‍ സിനിമയുടെ വക്താവ് എന്നു പറയുമ്പോഴും തിയേറ്ററില്‍ ഇരിക്കുന്ന കാണിയുടെ ആര്‍പ്പു വിളികള്‍ക്കുതകുന്ന കഥാപാത്രങ്ങളെക്കാള്‍ അവനില്‍ മാനസിക വിക്ഷോഭങ്ങള്‍ക്ക് കാരണമാകുന്നതായിരുന്നു ഭൂരിഭാഗം കമല്‍ ഹാസന്‍ സിനിമകളും. ഗുണയും നായകനും മഹാനദിയും പോലുള്ള സിനിമകള്‍ കമല്‍ ഹാസന്റെ താര ബ്രാന്‍ഡിനെക്കാള്‍ നടന വൈശിഷ്ട്യത്തെ ഉയര്‍ത്തുന്നവയായിരുന്നു. ഇത്തരം സിനിമകള്‍ക്കൊപ്പം തന്നെയാണ് ഹേ റാം, വിരുമാണ്ടി, അന്‍പേശിവം പോലുള്ള സിനിമകളിലൂടെ കമലിലെ ആക്ടിവിസ്റ്റ് സാമൂഹികോത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചതും. ഒരു പക്കാ കൊമേഴ്‌സ്യല്‍ പാക്കേജ് ആയ സിനിമയില്‍ ആണെങ്കില്‍ പോലും അതിനകത്ത് ലോകത്തിലെ ഏതെങ്കിലുമൊരു പ്രശ്‌നം പറഞ്ഞുപോകാനും കമല്‍ ശ്രമിച്ചിട്ടുണ്ട്. തെന്നാലി പോലുള്ള സിനിമകള്‍ ഉദ്ദാഹരണം.

സിനിമയുടെ പശ്ചാലത്തില്‍ നിര്‍ത്തി കമല്‍ ഹാസനെ ഇനിയുമേറെ ചര്‍ച്ച ചെയ്യാം. എന്നാല്‍ മലയാള സിനിമയിലൂടെ നായകനായി അരങ്ങേറിയ (കന്യാകുമാരി) കമലിനെ ഒരു ചലച്ചിത്ര നടനെന്നതിനെക്കാള്‍ മലയാളി ചര്‍ച്ച ചെയ്യുന്നത് വ്യക്തിയെന്ന നിലയിലുള്ള നിലപാടുകളുടെയും ആദര്‍ശങ്ങളുടെയും പേരിലാണ്. ഒരുപക്ഷേ ഇവിടെയുള്ള നടന്മാരെക്കാള്‍ (മെഗാ-സൂപ്പര്‍ താരങ്ങളെക്കാള്‍) ആശയാധിഷ്ഠിത പിന്തുണ മലയാളികളില്‍ നിന്ന് കിട്ടിയിരിക്കുന്നതും കമലിനാണ്. പ്രത്യേകിച്ച് ഇടതുപക്ഷ-യുവജനപ്രസ്ഥാനങ്ങളില്‍ നിന്ന്. വിശ്വരൂപം എന്ന സിനിമയ്‌ക്കെതിരെ മതമൗലികവാദങ്ങളുടെ എതിര്‍പ്പുയര്‍ന്നപ്പോള്‍ അതിനെ ചെറുത്തതും സിനിമയുടെ സുഗമമായ പ്രദര്‍ശനത്തിന് ഇവിടെ വഴിയൊരുക്കിയതും ഡിവൈഎഫ്‌ഐയാണ്. കമലിന്റെ യുക്ത്യാധിഷ്ഠിത നിലപാടുകള്‍ക്ക് എന്നും പിന്തുണ കൊടുക്കാന്‍ കേരളത്തിലെ ഇടതുപക്ഷം ശ്രമിച്ചു പോന്നിട്ടുമുണ്ട്. തന്നിലെ കമ്യൂണിസ്റ്റുകാരനെ ഇടയ്‌ക്കൊക്കെ ആ രീതിയില്‍ തന്നെ വെളിപ്പെടുത്തിയും കമ്യൂണിസ്റ്റാശങ്ങളോടുള്ള പ്രതിബദ്ധത സിനിമയ്മക്കുള്ളില്‍ തന്നെ (അന്‍പേശിവത്തിലെ  ശിവരൂപം ഓര്‍ക്കുക) പ്രകടിപ്പിച്ചും കമലും തന്റെ രാഷ്ട്രീയം വ്യക്തമാക്കി കൊണ്ടിരുന്നു. 

മാറിയ ഇന്ത്യന്‍ സാഹചര്യത്തില്‍ അതുകൊണ്ടു തന്നെ കമലിന്റെ ശബ്ദത്തിന് ഏറെ പ്രധാന്യം ഉണ്ടായിരുന്നു. അസഹിഷ്ണുതയുടെ ബലപീഠങ്ങള്‍ ഉയര്‍ന്നുവന്ന സംഘികാലത്ത് അവയ്‌ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാകുന്നവരുടെ മുന്‍പന്തിയില്‍ തന്നെ വര്‍ഗീയതയ്‌ക്കെതിരെ പലപ്പോഴും നിലപാട് എടുത്തിരുന്ന കമലിന്റെ സാന്നിധ്യത്തിനുമേല്‍ സംശയം ഇല്ലായിരുന്നു. അതായിരുന്നു കമലിന്റെ ചരിത്രം. താനൊരു ബ്രാഹ്മണന്‍ ആകാനില്ലെന്നും അതിനാല്‍ ഉപനയനത്തിന് നിര്‍ബന്ധിക്കരുതെന്നും പതിനൊന്നാം വയസില്‍ സ്വന്തം പിതാവിനോട് പറയാന്‍ കഴിഞ്ഞ കമലിന്, തനിക്ക് ദൈവം വേണ്ടെന്നും ലോകത്ത് അക്രമം ഉണ്ടാക്കാന്‍ അല്ലാതെ മറ്റൊന്നിനും ദൈവത്തിനു കഴിയില്ലെന്നും ഉറക്കെ പ്രഖ്യാപിച്ച കമലിന് ഫാസിസത്തിന്റെ കവലാളുകള്‍ വേട്ടപ്പട്ടികളാകുന്നൊരു കാലത്ത് നിശബ്ദനാവുക അസാധ്യം എന്നു വിശ്വസിക്കാതിരിക്കുക എങ്ങനെ?

പക്ഷേ കമല്‍ ഈയടുത്ത് നടത്തിയ ചില പ്രതികരണങ്ങള്‍ തന്റെ മുന്‍കാല നിലപാടുകളില്‍ നിന്ന് മാറി നില്‍ക്കുന്നതിനു തുല്യമായിരുന്നു. രാജ്യം ഇന്നേറെ ചര്‍ച്ച ചെയ്യുന്നത് അതിന്റെ ശൈലിയായിരുന്ന സഹിഷ്ണുതയുടെ അടിത്തറ ഇളകുന്നതിനെ കുറിച്ചായിരുന്നു. ഹൈന്ദവ ഫാസിസത്തിന്റെ ശാസനകളെ ധിക്കരിക്കുന്നവര്‍ക്ക് മരണശിക്ഷയും മരണത്തിനു തുല്യമായ നിശബ്ദതയും വിധിക്കുന്ന സാഹചര്യം ഇന്ത്യയുടെ പുതിയ അസഹിഷ്ണുതാബോധത്തിലേക്കുള്ള മാറ്റമാണ് കാണിക്കുന്നത്. ഭരണകൂട പിന്തുണയോടെ നടക്കുന്ന ഈ പൗരാവകാശനിഷേധത്തിനെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ ലഘൂകരിച്ചു കാണുകയും ഇതൊന്നും ഒരു പ്രതിഷേധരൂപമല്ലെന്നു പ്രസംഗിക്കുകയും ചെയ്യുക വഴി കമല്‍ ഹാസന്‍ ഒരു പൊതുവിഭാഗത്തിന് തന്റെ മേലുണ്ടായിരുന്ന വിശ്വാസത്തെ തകര്‍ക്കുകയായിരുന്നു.

കമല്‍ തന്റെ സ്വാതന്ത്ര്യബോധത്തെ കുറിച്ച് പലവട്ടം പറഞ്ഞിട്ടും എഴുതിയിട്ടും ഉണ്ട്. പുരോഗമനചിന്താഗതിക്കാരനായ അച്ഛനും മക്കളുടെ സ്വാതന്ത്ര്യത്തെ എതിര്‍ക്കാതിരുന്ന അമ്മയും ആണ് പരമ്പരാഗത ബ്രാഹ്മണ കുടുംബമായിരിന്നിട്ടും തന്നിലെ മനുഷ്യന് ചിറകുകള്‍ നല്‍കിയതെന്ന് ആത്മവിശ്വാസത്തോട പറഞ്ഞ കമല്‍ തന്നെ ഇന്ത്യയില്‍ ഇപ്പോള്‍ സംജാതമാകുന്ന അസ്വാതന്ത്ര്യത്തില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നു നിലപാടെടുക്കുമ്പോള്‍ വേദനയാണ് തോന്നുന്നത്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടുന്ന അവസ്ഥയോട് ഇത്തരത്തില്‍ ആയിരുന്നോ കമല്‍ പ്രതികരിക്കേണ്ടിയിരുന്നത്. ഒരു ചലച്ചിത്രം താരം എന്നതിനേക്കാള്‍ സമൂഹത്തോടു ബാധ്യതയുള്ളയാളാണ് താനെന്നു പറഞ്ഞിട്ടുള്ള, യാക്കൂബ് മേമനെ എന്നല്ല ഒരാളെയും വധിക്കാന്‍ ഭരണകൂടത്തിന് അവകാശമില്ലെന്നും അത്തരത്തില്‍ ചെയ്താല്‍ അത് ഭരണകൂടം നടത്തുന്ന കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുള്ള കമല്‍ രാജ്യത്തെ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന അക്രമങ്ങള്‍ക്കെതിരെ ഉണ്ടായ ചെറുത്തു നില്‍പ്പിനെ പിന്തുണയ്ക്കാതിരിക്കുകയും കൂടാതെ എതിര്‍ക്കുകയും ചെയ്താല്‍ തെറ്റിനൊപ്പം താനും നില്‍ക്കുന്നു എന്ന തോന്നലല്ലേ മറ്റുള്ളവരില്‍ ഉണ്ടാക്കാന്‍ കഴിയൂ.

തങ്ങള്‍ക്കു കിട്ടിയ അവാര്‍ഡുകള്‍ തിരിച്ചു കൊടുക്കുന്നത് പാഴ് വേലയാണെന്നാണ് കമല്‍ കണ്ടെത്തിയിരിക്കുന്നത്. അതിനദ്ദേഹം കൂട്ടുപിടിക്കുന്ന ഇന്ത്യയുടെ സ്വാതന്ത്രാനന്തര കാലത്തിന്റെ തുടക്കം മുതലുള്ള ചരിത്രമാണ്. ഇന്ത്യ-പാക് വിഭജനത്തെയും ഗാന്ധിജിയെയും ചേര്‍ത്തുപിടിച്ചുള്ള പ്രതികരണങ്ങളാണ് ഒരു കലാകാരന്‍ കൂടിയായ കമല്‍, പ്രതിഷേധിച്ച കലാ-സാംസ്കാരിക പ്രവര്‍ത്തകരുടെ നടപടികളെ എതിര്‍ക്കാന്‍ ഉപയോഗിച്ചത്.

ഏതൊരു ഇന്ത്യക്കാരന്റെയും മാതൃകയായ ഗാന്ധിജി എന്തുകൊണ്ട് തനിക്ക് ബ്രിട്ടനില്‍ നിന്ന് ലഭിച്ച ബിരുദം തിരികെ ഏല്‍പ്പിച്ചില്ല എന്ന തീര്‍ത്തും ബാലിശമായ ഒരുദാഹരണം കമലിന്റെ വായില്‍ നിന്നും വീണത് എത്ര നിര്‍ഭാഗ്യകരമാണ്. ഗാന്ധിജി എന്തുകൊണ്ട് അര്‍ദ്ധനഗ്നനായ ഫക്കീര്‍ എന്നു വിളിക്കപ്പെട്ടുവെന്ന് കമലിന് അറിയില്ലെന്നുണ്ടോ? ഒരു ബിരുദം ഗാന്ധിജി മടക്കി കൊടുക്കാതിരുന്നിരിക്കാം, എന്നാല്‍ ആ മനുഷ്യന്‍ തന്റെ പ്രതിഷേധങ്ങളുടെ ഫലമായി നിരാകരിച്ചവയുടെ എണ്ണം എത്രയെന്ന് പറയാന്‍ കമലിന് ചരിത്രബോധം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. സ്വതന്ത്ര്യസമരകാലത്ത് തങ്ങളുടെ മികവിനും കഴിവിനും കിട്ടിയ പുരസ്‌കാരങ്ങളും ചിഹ്നങ്ങളും തിരിച്ചേല്‍പ്പിച്ച നായകന്മാരുടെ കഥകളും കമല്‍ ഒര്‍ക്കുന്നില്ലേ? രവിന്ദ്രനാഥ ടാഗോറിനെ വെറും കവിയായി മാത്രമാകുമോ ഇനി കമല്‍ കാണുന്നത്? ആ വ്യക്തിയും തന്റെ പ്രതിഷേധം എങ്ങനെയാണ് ബ്രിട്ടീഷ് രാജിനോട് പ്രകടിപ്പിച്ചതെന്ന് അറിയില്ലെന്നുണ്ടോ? ബ്രിട്ടിഷ് രാജ്ഞി സമ്മാനിച്ച കൈസര്‍-ഇ-ഹിന്ദ് പുരസ്‌കാരം ഗാന്ധി തിരിച്ചേല്‍പ്പിച്ച കഥ കമലിന് ഓര്‍മ്മയുണ്ടോ? രവീന്ദ്രനാഥ് ടാഗോര്‍ തനിക്കു ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പാരിതോഷികമായി കിട്ടിയ നൈറ്റ്ഹുഡ് പുരസ്‌കാരം തിരിച്ചേല്‍പ്പിതിന്റെ ചരിത്രവും മറന്നുപോയോ? ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചായിരുന്നു ഇവര്‍ രണ്ടുപേരും തങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെ നല്‍കി കൊണ്ട് ഭരണകൂട ഭീകരതയോട് പ്രതിഷേധിച്ചത്. ഒരു ബിരുദം ഗാന്ധി തിരികെ കൊടുത്തിരുന്നില്ല എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ മറ്റുള്ള പ്രതിഷേധങ്ങളെ മറച്ചുവയ്ക്കുന്നതിലൂടെ കമലിനെതിരെ ഉയര്‍ത്താവുന്നത് ഗാന്ധി നിന്ദയാണ്. ഹേ റാം എന്ന ചിത്രത്തിലൂടെ ചെയ്തതിനെക്കാള്‍ വലിയ നിന്ദ. 

അടിച്ചമര്‍ത്തല്‍ തന്നെയാണ് അസഹിഷ്ണുതയും, സ്വാതന്ത്ര്യമില്ലായ്മയും. പഴയ ബ്രിട്ടീഷ് ഭരണത്തില്‍ ഉണ്ടായിരുന്ന അതേ അസ്വാതന്ത്ര്യം മോദി ഭരണകാലത്തും സംഭവിക്കുമ്പോള്‍ ഗാന്ധിയും ടാഗോറുമൊക്കെ കാണിച്ച അതേ പ്രതിഷേധ രീതികള്‍ ഇപ്പോഴുള്ളവരും തുടര്‍ന്നാല്‍; അതില്‍ എവിടെയാണ് പിഴവ്? അതോ കാലോചിതം അല്ല എന്ന പ്രയോഗത്തിലൂടെ ഗാന്ധിയുടെ പ്രതിഷേധ രൂപങ്ങള്‍ക്ക് സമകാലിന ഇന്ത്യയില്‍ പ്രസക്തി നഷ്ടമായിരിക്കുന്നു എന്നാണോ ശ്രീ കമല്‍ ഹാസന്‍ ഉദ്ദേശിക്കുന്നത്? അന്‍പേശിവം എന്നൊരു ചിത്രത്തില്‍ അഭിനയിച്ച കമല്‍ ഹാസന് ധബോല്‍ക്കറിന്റെയും പന്‍സാരെയുടെയും കല്‍ബുര്‍ഗിയുടെയും ചോരവീഴ്ത്തിയവരെ പരോക്ഷമായിട്ടാണെങ്കിലും അനുകൂലിക്കാന്‍ എങ്ങനെ കഴിയുന്നു!

കമല്‍ ഇങ്ങനെ തന്നെയാണ്. സമൂഹത്തോട് ബാധ്യതയുള്ള കമല്‍ ജയലളിതയെ അനുകൂലിക്കും. അവരെ അഴിമതിക്കുറ്റത്തിന് ജയിലില്‍ അടച്ചാല്‍ കോടതി വിധിക്കെതിരെ തെരുവില്‍ കുത്തിയിരിപ്പു സമരത്തിനു പോകും. കലാകാരന് ദേശവ്യത്യാസമില്ലെന്നു പറയുമ്പോഴും അയല്‍ സംസ്ഥാനത്തിനെതിരെ ധര്‍ണയിരിക്കാന്‍ പോകും. മുംബൈയില്‍ കൊലവിളി രാഷ്ട്രീയം നടത്തുന്ന രാജ് താക്കറെ എന്ന സുഹൃത്തിന്റെ സുഖവിവരം അന്വേഷിക്കാന്‍ പോകും. കമല്‍ ഇങ്ങനെയാണ്. ശരത് കുമാര്‍ പറഞ്ഞതില്‍ എല്ലാം പതിരല്ല.

രാജ്യത്ത് അസഹിഷ്ണുത എല്ലാ കാലത്തും ഉണ്ടായിരുന്നു എന്നാണ് കമല്‍ പറയുന്നത്. ശരിയാണ്. ഓരോരോ കാലത്തും ഭരണകൂടം തങ്ങളുടെ നിലനില്‍പ്പിനു വേണ്ടി അശാന്തി രാജ്യത്ത് നിറച്ചുകൊണ്ടിരുന്നു. ഇന്ത്യ വെട്ടി മുറിക്കപ്പെട്ടതും അസഹിഷ്ണുതയുടെ ഫലമായി തന്നെയാണ്. എന്നാല്‍ ഇനിയത് ഉണ്ടാകില്ലെന്ന് പറയുമ്പോള്‍ കമല്‍ ചെയ്യുന്നത് നിലവിലെ ഭരണകൂടത്തെ വെള്ളപൂശുകയാണ്. ദശാവതാരത്തിനെതിരെ, വിശ്വരൂപത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ കമല്‍ വിമര്‍ശിച്ചത് അസഹിഷ്ണുത എന്ന പേരില്‍ തന്നെയായിരുന്നു. അതേ അസഹിഷ്ണുത തന്നെയാണ് പെരുമാള്‍ മുരുഗനോട് എഴുതരുതെന്നു പറഞ്ഞത്, എഴുതിയതിനും പറഞ്ഞതിനും പന്‍സാരയെയും ധബോല്‍ക്കറെയും കല്‍ബുര്‍ഗിയേയും കൊന്നത്. 

അവാര്‍ഡുകള്‍ തിരിച്ചു കൊടുത്താല്‍ അതു രാജ്യത്തെ അപമാനിക്കലാണെന്നു താങ്കള്‍ പറയുന്നു, എന്നാല്‍ അത്തരമൊരു അപമാനത്തിന് രാജ്യം സ്വയം തയ്യാറായി നില്‍ക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം കമല്‍ കാണാതെ പോകരുത്. രാജ്യം എന്നത് എപ്പോഴും ആര് അധികാരം കൈയാളുന്നുവോ അവരുടെ പ്രതീകമായി മാറുന്ന ഒന്നാണ്. ഇന്നത്തെ ഇന്ത്യ ഗൂഢലക്ഷ്യക്കാരുടെ അധികാരപ്രതീകമായി മാറിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഈ രാജ്യത്തെ എല്ലാ പ്രജകള്‍ക്കും നാണക്കേടുണ്ട്. ആ നാണക്കേട്ട് മാറ്റണം. അതിനു പോരാട്ടം ആവശ്യമാണ്. പോരാട്ടം പലവിധത്തിലായിരിക്കും ഉണ്ടാവുക. ചിലര്‍ മുദ്രാവാക്യങ്ങള്‍ വിളിക്കും, ചിലര്‍ ഏറ്റുമുട്ടും, മറ്റു ചിലര്‍ രാജ്യം തങ്ങള്‍ക്കു നല്‍കിയ ആടയാഭരണങ്ങള്‍ തിരിച്ചേല്‍പ്പിച്ചാവും പ്രതിഷേധിക്കുക. കമലിന് ഇതില്‍ നിന്നെല്ലാം മാറി നില്‍ക്കാം, പങ്കെടുക്കാം; രണ്ടിനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മാറി നില്‍ക്കുകയും അതോടൊപ്പം പോരാടുന്നവരെ വിമര്‍ശിക്കുകയുമരുത്; കാരണം ഞങ്ങള്‍ക്കെല്ലാവര്‍ക്കും കമല്‍ ഹാസനെ ഒരുപാട് ഇഷ്ടമാണ്…

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍