കമലിനെതിരായ ബിജെപി-സംഘപരിവാര്‍ നേതാക്കളുടെ പരാമര്‍ശങ്ങളിലും പോസ്റ്ററുകളിലും ഫേസ്ബുക്ക് പ്രചരണങ്ങളിലുമെല്ലാം ‘കമല്‍’ എന്നതിന് പകരം ‘കമാലുദ്ദീന്‍’ എന്നാണ് ഉപയോഗിച്ചിരുന്നത്.
സംവിധായകന്‍ കമലിന്‌റെ യഥാര്‍ത്ഥ പേര് കമാലുദീന്‍ മുഹമ്മദ് എന്നാണെങ്കിലും കേരളത്തിലെ പൊതുസമൂഹം അദ്ദേഹത്തെ അറിയുന്നത് കമല്‍ എന്ന പേരിലാണ്. എന്നാല്‍ കമലിനെ കമാലുദീന്‍ എന്ന് വിളിച്ച് കൊണ്ട് സംഘപരിവാര്‍ നടത്തിയ കൃത്യമായ വര്‍ഗീയ രാഷ്ട്രീയ പ്രചാരണം കണ്ടതാണ്. സംഘപരിവാറിന് ശേഷം കമലിനെ കമാലുദീന്‍ മുഹമ്മദ് ആക്കിയിരിക്കുന്നത് മനോരമയുടെ ഇംഗ്ലീഷ് വാര്‍ത്താ വെബ് സൈറ്റാണ്.
കമല സുരയ്യയുടെ ജീവിതം പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയില്‍ നിന്ന് വിദ്യ ബാലന്‍ പിന്മാറി എന്ന വാര്‍ത്തയിലാണ് ബോധപൂര്‍വമുള്ള ഈ കമാലുദീന്‍ വിളി. Director Kamaluddin Muhammed, better known as Kamal എന്നാണ് മനോരമയുടെ ഇംഗ്ലീഷ് വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ മറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഇത് വാര്‍ത്തയാക്കിയതോടെ, ‘Kamaluddin Muhammed, better known as Kamal’ എന്ന് പറഞ്ഞത് മനോരമ പിന്‍വലിച്ചു. Rage of Sanghis? Vidya Balan shies away from Kamala Das biopic എന്ന വാര്‍ത്തയിലാണ് കമലിനെ കമാലുദീനാക്കിയത്.
ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് തന്നെ കമാലുദ്ദീനാക്കി മുസ്ലിം സ്വത്വത്തെ മുന്‍നിര്‍ത്തി ആക്രമിക്കാനുള്ള സംഘപരിവാര്‍ തന്ത്രത്തെക്കുറിച്ച് കമല്‍ അടുത്തിടെ പറഞ്ഞിരുന്നു. കമാലുദ്ദീന്‍ എന്ന് കമലിനെ വിളിച്ച് രാജ്യദ്രോഹിയാണെന്നും പാകിസ്ഥാനിലേക്ക് വിടണമെന്നും ആക്രോശിച്ച സംഘപരിവാറിനെ ഏറ്റുപിടിക്കുകയാണ് മലയാള മനോരമയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍. ചലച്ചിത്രജീവിതത്തിലോ പൊതുജീവിതത്തിലോ കൂടെക്കൊണ്ടുനടക്കാത്ത പേരാണ് കമാലുദ്ദീന്‍ മുഹമ്മദ് എന്ന് കമല്‍ ആവര്‍ത്തിച്ചുപറയുമ്പോഴും സംഘപരിവാര്‍ തിരുത്തിയിരുന്നില്ല.
തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായ കമല്‍ രക്ഷാധികാരിയായ ഫിലിം സൊസൈറ്റി ചോദ്യം ചെയ്തതിനെച്ചൊല്ലിയാണ് സംഘപരിവാര്‍ ആദ്യമായി കമലിനെതിരെ തിരിഞ്ഞത്. തിരുവനന്തപുരത്ത് നടന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും (ഐഎഫ്എഫ്‌കെ) പിന്നീട് കമലിന്റെ കൊടുങ്ങല്ലൂരെ വീടിന്് മുന്നിലും ബിജെപി-സംഘപരിവാര്‍ പ്രതിഷേധം തുടര്‍ന്നു. കമലിനെതിരായ ബിജെപി-സംഘപരിവാര്‍ നേതാക്കളുടെ പരാമര്‍ശങ്ങളിലും പോസ്റ്ററുകളിലും ഫേസ്ബുക്ക് പ്രചരണങ്ങളിലുമെല്ലാം ‘കമല്‍’ എന്നതിന് പകരം ‘കമാലുദ്ദീന്‍’ എന്നാണ് ഉപയോഗിച്ചിരുന്നത്. കമല്‍ എസ് ഡി പി ഐക്കാരനാണെന്നും, പാകിസ്ഥാനിലേക്ക് പോകണമെന്നും അടുത്ത ദിവസങ്ങളിലും ബിജെപി ആവശ്യപ്പെട്ടിരുന്നു.
വീട്ടുകാരോ അടുപ്പമുള്ളവരോ വിളിക്കാത്ത, എസ്എസ്എല്‍സി ബുക്കില്‍ മാത്രമുള്ള കമാലുദ്ദീന്‍ എന്ന പേര് ഉപയോഗിക്കുന്നതില്‍ കൃത്യമായ ലക്ഷ്യം വയ്ക്കലുണ്ടെന്നാണ് കമല്‍ നേരത്തെ പറഞ്ഞിരുന്നത്.’മുസ്ലീം സ്വത്വത്തിലോ ഏതെങ്കിലും മതസ്വത്വത്തിലോ അറിയപ്പെടാന്‍ ഒരു കാലത്തും ആഗ്രഹിച്ചിരുന്ന ആളല്ല ഞാന്‍. കമാലുദ്ദീന്‍ എന്ന പേര് എസ്എസ്എല്‍സി ബുക്കില്‍ ഉള്ളതാണ്. എന്നാല്‍ ആ പേര് ഞാന്‍ ചലച്ചിത്രജീവിതത്തിലോ പൊതുജീവിതത്തിലോ എനിക്കൊപ്പം കൊണ്ടുനടന്നിട്ടുള്ളതല്ല. അവര്‍ക്ക് കമല്‍ ദേശവിരുദ്ധനോ തീവ്രവാദിയോ ആണെന്ന് പറയാം. എന്നാല്‍ കമാലുദ്ദീന്‍ എന്ന പേരിനൊപ്പം ഈ ആരോപണങ്ങളെ കെട്ടിവയ്ക്കുന്നത് കൃത്യമായ ഗൂഢോദ്ദേശ്യത്തോടെയാണെന്ന് കമല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.