UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുവര്‍ണ്ണചകോരം കിട്ടുമോ ഇല്ലയോ എന്നതല്ല ചലച്ചിത്രോത്സവത്തിന്‍റെ പ്രസക്തി-കമല്‍

Avatar

കമല്‍/ഷഫീദ്

ചലച്ചിത്രോത്സവം ഇരുപതു വര്‍ഷം പൂര്‍ത്തിയായിട്ടും എന്തുകൊണ്ടാണ് ഒരു മലയാള സിനിമയ്ക്ക്  മേളയിലെ ഏറ്റവും വലിയ പുരസ്കാരമായ സുവര്‍ണ്ണ ചകോരം നേടാന്‍ സാധിക്കാത്തത്? ലോകസിനിമയിലേക്ക് ഇത്രയേറെ തുറന്നു വച്ച ഒരു സമൂഹം വേറെ ഉണ്ടാകില്ല. എന്നിട്ടും അത് നമ്മുടെ സംവിധായകരെ പ്രചോദിപ്പിക്കുന്നതിലും പഠിപ്പിക്കുന്നതിലും പരാജയപ്പെടുകയാണോ? അല്ലെങ്കില്‍ മറ്റെന്തെങ്കിലും സ്ഥാപിത താത്പര്യങ്ങള്‍ ഇതിന് പിന്നിലുണ്ടോ? അഴിമുഖം ചര്‍ച്ച യില്‍ പ്രമുഖ സംവിധായകന്‍ കമല്‍ സംസാരിക്കുന്നു. (ചര്‍ച്ചയിലെ  മുന്‍ പ്രതികരണങ്ങള്‍- സുദേവന്‍, ഡോ. ബിജു)

സുവര്‍ണ്ണചകോരം കിട്ടുന്നതല്ല നമ്മുടെ ചലച്ചിത്രോത്സവത്തിന്‍റെ പ്രസക്തി. അവാര്‍ഡ് കിട്ടുക എന്നതിലപ്പുറം സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് നല്ല സിനിമ ആസ്വദിക്കാന്‍ അവസരം ഒരുക്കുകയാണ് ചലച്ചിത്രോത്സവം ചെയ്യേണ്ടത്.  പലപ്പോഴും അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ളത് എന്ന് ജൂറിക്കു വിലയിരുത്താന്‍ പറ്റുന്ന സിനിമകള്‍ മലയാളത്തില്‍ ഉണ്ടാവുന്നില്ല എന്നതാണ്   അവാര്‍ഡ് ലഭിക്കാത്തതിനു കാരണമായി എനിക്കു തോന്നുന്നത്. പക്ഷം ചേര്‍ന്നുവെന്നോ മറ്റോ ഉള്ള പരാതികളൊന്നും ജൂറിയെക്കുറിച്ച് ഇന്നുവരെ ഉണ്ടായിട്ടില്ല. സിനിമയെ വിലയിരുത്താന്‍  കഴിവും യോഗ്യതയുമുള്ള അന്താരാഷ്ട്ര നിലവാരമുള്ള സംവിധായകരാണ് ജൂറിയായി എത്തുന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് പോലും നമ്മുടെ ചലച്ചിത്രോത്സവ മേളയില്‍ ഇതുവരെ സുവര്‍ണ്ണചകോരം കിട്ടിയിട്ടില്ല.  മലയാളസിനിമയ്ക്ക് ഫിപ്രസി അവാര്‍ഡും സര്‍ക്കാരിന്റെ അവാര്‍ഡുമൊക്കെ കിട്ടുന്നുമുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഓഡിയന്‍സ് പോള്‍ മലയാള സിനിമയ്ക്കാണ് കിട്ടുന്നത്. സിനിമ കാണാന്‍ വരുന്ന പ്രേക്ഷകന്‍ മലയാള സിനിമയെ തഴയുന്നില്ല എന്നതിന്റെ തെളിവാണിത്  

കാര്‍ണിവല്‍ ആകുന്ന ചലച്ചിത്രോത്സവം

കാഴ്ച്ചയുടെ ശീലം, ജനങ്ങളുടെ അഭിരുചി എല്ലാം ആഘോഷമാക്കുന്ന ആഗോളവത്കരണത്തിന്‍റെ ഭാഗമായി ഉണ്ടായ  അവസ്ഥകളുടെ പരിണിതഫലമാണ് കാര്‍ണിവല്‍. ആദ്യ ചലച്ചിത്രമേളകള്‍ പോലെ ഇതിനെ കാണാന്‍ കഴിയില്ല.  ദല്‍ഹിയില്‍ ഉണ്ടായിരുന്ന ചലച്ചിത്ര സംസ്കാരമല്ല ഗോവയില്‍ എത്തിയപ്പോള്‍ ഉള്ളത്. ഗോവയിലേക്ക് ഐഎഫ്എഫ്ഐ മാറിയപ്പോള്‍ അത് കാര്‍ണിവല്‍ ആയി മാറി. പക്ഷേ ഗൌരവപരമായി സിനിമ കാണാന്‍ എത്തുന്ന ധാരാളം ആളുകളുണ്ട്. കാന്‍ അടക്കം ലോകത്തെമ്പാടും നടക്കുന്ന ഫെസ്റ്റിവലുകള്‍ക്ക് കാര്‍ണിവല്‍ സ്വഭാവമാണ് ഉള്ളത്. നഗരങ്ങളില്‍ മാത്രമായി മേളകളെ ഒതുക്കുന്നു. നല്ല സിനിമകള്‍ ഉണ്ടാവുക എന്നതാണ് മേളയുടെ ആത്യന്തിക ലക്ഷ്യം. 

മുഖ്യധാരസിനിമകളും ചലച്ചിത്രോത്സവങ്ങളും

മുഖ്യധാരാ സിനിമകളുടെ സംസ്കാരം വേറെയാണ്. ഈ രണ്ട് സംസ്കാരങ്ങളും അനുഭവിച്ചറിഞ്ഞയാളാണ് ഞാന്‍. എന്റെ തിരിച്ചറിവില്‍ മേളകളില്‍ മികച്ച സിനിമകള്‍ ഉണ്ടാവുന്നുണ്ട്. സാധാരണ ജനങ്ങളിപ്പോഴും ആസ്വാദനലഹരിയുണ്ടാക്കുന്ന, രസിപ്പിക്കുന്ന ചില ഫോര്‍മുലകള്‍ കിട്ടാന്‍ വേണ്ടി മാത്രമാണ് സിനിമ കാണുന്നത്. ഇതു രണ്ടും ചേര്‍ന്നു പോകില്ല എന്നത് വാസ്തവമാണ്. ഒരിക്കലും ഫെസ്റ്റിവലുകളില്‍ വരുന്ന പ്രേക്ഷകരല്ല മറ്റു സമയങ്ങളില്‍ സിനിമ കാണുന്നത്. ഫെസ്റ്റിവലുകളില്‍ പ്രേക്ഷകര്‍ ഇടിച്ചുകയറുന്ന  ഒരു സിനിമ തിയേറ്ററില്‍ വരുമ്പോള്‍ ആരും കാണാറില്ല. ഈ സംസ്കാരത്തിനു മാറ്റം വരണമെങ്കില്‍ സര്‍ക്കാര്‍ കൂടി ശ്രമിക്കണം. മേളയില്‍ ഒതുങ്ങി നില്‍ക്കാതെ ഗ്രാമങ്ങളിലേക്ക് നല്ല സിനിമകള്‍ എത്തിക്കാനുള്ള, സാധാരണക്കാര്‍ക്ക് കാണാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കണം. 

ചലച്ചിത്രോത്സവങ്ങളില്‍ മാറിയ കമല്‍
ഓരോ ഫെസ്റ്റിവലും എന്നെ റിഫ്രെഷ് ചെയ്യുന്നു, അതുകൊണ്ടാണ് എല്ലാ വര്‍ഷവും ചലച്ചിത്രമേളയിലേക്ക് ഞാനെത്തുന്നത്. വേണമെങ്കില്‍ ഡിവിഡി എടുത്ത് വീട്ടിലിരുന്ന് സിനിമ കാണാം പക്ഷേ എനിക്ക് അതിനോടു താല്പര്യമില്ല. ഒരു പക്ഷേ ഡിവിഡിയുടെ കാലത്തിനു മുന്‍പേ ചലച്ചിത്രോത്സവങ്ങളില്‍ വന്നു ശീലിച്ചതുകൊണ്ടാവാം. ഇവിടെ വരുന്നത് വല്ലാത്ത ഒരു അനുഭവമാണ്. സാധാരണക്കാരായ സിനിമാപ്രേമികളുമായി ഇടപെടാം, അവരോടൊപ്പം ഇരുന്നു സിനിമ കാണാം. അങ്ങനെ വീട്ടില്‍ ഇരുന്നു കണ്ടാല്‍ കിട്ടാത്ത പലതും ഇവിടെ നിന്നു ലഭിക്കും.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍