UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുകയുന്ന സിഖ് കൂട്ടക്കൊല വിവാദം; പഞ്ചാബില്‍ ആദ്യ ചുവടു പിഴച്ച് കോണ്‍ഗ്രസ്സ്

Avatar

ടീം അഴിമുഖം

കോണ്‍ഗ്രസ് ഇപ്പോഴും മറ്റേതോ ലോകത്തെന്ന പോലെയാണ്. ശിരോമണി അകാലി ദളിലും ആം ആദ്മി പാര്‍ട്ടിയിലും മാത്രമല്ല, കോണ്‍ഗ്രസിന്റെ പഞ്ചാബ് ഘടകത്തിനുള്ളിലും കാര്യമായ അസ്വസ്ഥതകളുണ്ട്. മുന്‍ കേന്ദ്രമന്ത്രി കമല്‍ നാഥിനെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തെ ചൊല്ലിയാണിത്.

1984-ല്‍ ഡല്‍ഹിയില്‍ നടന്ന സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കമല്‍നാഥിനെതിരെ പാര്‍ട്ടിക്കുള്ളിലെ പലരും രംഗത്തു വന്നെങ്കിലും ഇതുവരെ ഒരു അന്വേഷണ സമിതിയും കമ്മീഷനും കമല്‍നാഥിനു കലാപത്തില്‍ പങ്കുള്ളതായി കണ്ടെത്തുകയോ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കമാന്‍ഡ് തീരുമാനത്തെ പ്രതിരോധിച്ചത്.

എന്നാല്‍ പാര്‍ട്ടി നേതാക്കളില്‍ പലരും കമല്‍നാഥിനെ പഞ്ചാബിന്റെ ചുമതല ഏല്‍പ്പിച്ചതിലുള്ള തങ്ങളുടെ അതൃപ്തി രഹസ്യമായും പേര് വെളിപ്പെടുത്താതെയും പ്രകടമാക്കിക്കഴിഞ്ഞു. ഈ തീരുമാനം ഞങ്ങളെ ‘അമ്പരപ്പിച്ചു’ എന്നും തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കു മുമ്പ് ഒരു വൈകാരിക വിഷയം ‘അനാവശ്യമായി വീണ്ടും പൊടിതട്ടിയെടുക്കുകയും വേണ്ടാത്ത വിവാദത്തിന്’ തിരികൊളുത്തുകയും ചെയ്തുവെന്നും അവര്‍ പറയുന്നു.

ഈ നേതാക്കളില്‍ ചിലര്‍ ഇക്കാര്യം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കു മുമ്പാകെ അവതരിപ്പിക്കുകയും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഇതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മയക്കുമരുന്ന് വ്യാപനത്തിനെതിരെ തിങ്കളാഴ്ച പഞ്ചാബില്‍ ധര്‍ണ നടത്തിയ രാഹുല്‍ ഗാന്ധി പുതിയ വിവാദം സംബന്ധിച്ച് പ്രതികരിക്കാന്‍ തയാറായിട്ടില്ല.

ഈ വിവാദം അനാവശ്യമാണെന്നാണ് കമല്‍നാഥ് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തോട് പ്രതികരിച്ചത്. ‘അകാലിദളും ബിജെപിയും ഈ വിഷയം ഉയര്‍ത്തുന്നത് കലാപത്തിനു 32 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. നേരത്തെ ഇവരൊക്കെ എവിടെയായിരുന്നു? ആം ആദ്മി പാര്‍ട്ടി ഒരു പുതിയ കണ്ടെത്തലാണ്. അകാലികളും ബിജെപിയും എന്തു പറയുന്നുവോ അത് ആവര്‍ത്തിക്കുക മാത്രമാണ് ഇവര്‍ ചെയ്യുന്നത്,’ അദ്ദേഹം പറഞ്ഞു. കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് 2005-ല്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുമ്പോള്‍ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദല്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്നുവെന്നും കമല്‍നാഥ് ചൂണ്ടിക്കാട്ടി. ‘അന്ന് എന്നെക്കുറിച്ച് അദ്ദേഹം ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. അവര്‍ അന്ന് എവിടെയായിരുന്നു? പൊടുന്നനെയാണ് അവര്‍ ഈ തരത്തിലുള്ള പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ ഞാനീ ചുമതല ഏറ്റെടുക്കുമ്പോള്‍ ഈ വിഷയം അവര്‍ ഒരു പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുകയാണ്,’ കമല്‍നാഥ് പറയുന്നു. പുതിയ ചുമതലയില്‍ നിന്ന് ഒഴിയാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ അതിനു തയ്യാറാകുമോ എന്ന ചോദ്യത്തിന് ഏതു തീരുമാനവും സ്വീകാര്യമാണെന്നും ഈ ചുമതല താന്‍ ചോദിച്ച് വാങ്ങിയതല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കമല്‍നാഥിന്റെ നിയമനം ‘സിഖ് വിശ്വാസികള്‍ക്കെതിരായ ആത്യന്തിക അധിക്ഷേപമാണ്’ എന്നാണ് ശിരോമണി അകാലിദള്‍ തലവനും പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദല്‍ തിങ്കളാഴ്ച പ്രതികരിച്ചത്. ‘സിഖുകള്‍ക്കെതിരായി നടന്ന അവിശ്വസനീയമായ അതിക്രൂര നടപടിയായാണത്. ‘

സിഖ് വിശ്വാസികളോടുള്ള അവിശ്വസനീയമായ ഒരു നാണംകെട്ട നിര്‍വികാര നടപടിയാണിത്. 1984 നവംബറില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ കുട്ടികളും സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ആയിരക്കണക്കിന് സിഖുകാര്‍ക്കെതിരെ നടത്തിയ കൂട്ടക്കൊലയിലെ കുറ്റക്കാരോടുള്ള ദേശീയ അഭിപ്രായത്തെ ശക്തമായും നിന്ദ്യമായും അവഹേളിക്കുന്നതുമാണ് ഈ തീരുമാനം. സിഖ് വിശ്വാസികളുടെ വികാരങ്ങളോട് ഇത്രത്തോളം ക്രൂരമായി നിര്‍വികാരമായി പെരുമാറാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിയുന്നുവെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല,’ ബാദല്‍ പറഞ്ഞു.

1984 നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ റകബ് ഗഞ്ച് സാഹിബ് ഗുരുദ്വാര ആക്രമിച്ചവരുടെ കൂട്ടത്തില്‍ കമല്‍നാഥും ഉണ്ടായിരുന്നു എന്നതിന് രേഖാമൂലമുളള തെളിവുകളുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് എച് എസ് ഫൂല്‍ക്ക ചൂണ്ടിക്കാട്ടുന്നു. രണ്ടു സിഖ് വിശ്വാസികള്‍ ഈ ആക്രമണത്തിനിടെ ചുട്ടെരിക്കപ്പെട്ടിരുന്നു.

‘റകബ് ഗഞ്ച് ഗുരുദ്വാരയുടെ ഇപ്പോഴത്തെ മാനേജറായ മുഖ്ത്യാര്‍ സിംഗ് നാനാവതി കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇതു പറയുന്നുണ്ട്. 1984 നവംബര്‍ ഒന്നിന് ഗുരുദ്വാര ആക്രമിച്ചവരുടെ കൂട്ടത്തില്‍ കമല്‍ നാഥ് ഉണ്ടായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സംഭവ ദിവസം താന്‍ അവിടെ ഉണ്ടായിരുന്നെന്ന കാര്യം മറ്റൊരു സത്യവാങ്്മൂലത്തില്‍ കമല്‍നാഥ് തന്നെ സമ്മതിച്ചിട്ടുമുണ്ട്,’ ഫൂല്‍ക്ക പറഞ്ഞു. കമല്‍നാഥിനെ പാര്‍ട്ടിയുടെ പഞ്ചാബ് ചുമതല ഏല്‍പ്പിച്ചതോടെ ഇരകളുടെ മുറിവില്‍ കോണ്‍ഗ്രസ് ഉപ്പ് പുരട്ടുകയാണ് ചെയ്തിരിക്കുന്നതെന്നും ഫൂല്‍ക്ക വിശേഷിപ്പിച്ചു.

അതേസമയം കമല്‍നാഥിനെതിരെ നടക്കുന്നത് ‘നിരര്‍ത്ഥകമായ പ്രചാരണ’മാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ഡല്‍ഹിയില്‍ പ്രതികരിച്ചു. ‘ഇതില്‍ ഒരു സത്യവുമില്ല. 1984 മുതല്‍ 2005 വരെ ആരും സംഭവവുമായി ബന്ധപ്പെട്ട് കമല്‍നാഥിന്റെ പേര് പറഞ്ഞിട്ടില്ല. അദ്ദേഹം ഒരു കേന്ദ്ര മന്ത്രിയായിരുന്നു, കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഒരു സമിതിയും കമല്‍നാഥിന്റെ പേര് പറഞ്ഞിരുന്നില്ല, ഇതുയര്‍ത്തിക്കാട്ടി ആരും കമ്മീഷനുകളെ സമീപിച്ചിരുന്നുമില്ല. ഒരു സാക്ഷിയും അദ്ദേഹത്തിനെതിരേ മൊഴി നല്‍കിയിരുന്നുമില്ല. ആദ്യമായി അദ്ദേഹത്തിന്റെ പേര് ഉന്നയിക്കപ്പെട്ടത് നാനാവതി കമ്മീഷനു മുമ്പാകെയാണ്,’ ശര്‍മ പറഞ്ഞു.

കമല്‍നാഥിനെതിരെ ആരോപണമുന്നയിച്ച ആം ആദ്മി പാര്‍ട്ടിക്കെതിരേയും കോണ്‍ഗ്രസ് രംഗത്തു വന്നു. ‘സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വസ്തുതകളെ നിരര്‍ത്ഥകമായി വളച്ചൊടിക്കുകയാണ് ആം ആദ്മി ചെയ്യുന്നത്. കമല്‍നാഥിനെക്കുറിച്ച് ആം ആദ്മി പാര്‍ട്ടി പറയുന്നതെല്ലാം അസത്യവും വസ്തുകള്‍ക്ക് വിരുദ്ധവും വര്‍ഷങ്ങളായി നിഷേധിക്കപ്പെട്ടതുമാണ്. ഈ ഗൂഢ പ്രചാരണങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടി തള്ളിക്കളയുന്നു,’ ശര്‍മ പറഞ്ഞു.

വര്‍ധിച്ചു വരുന്ന അമര്‍ഷത്തില്‍ കോണ്‍ഗ്രസിനു വഴങ്ങേണ്ടി വരുമോ എന്ന ചാദ്യത്തിന് ശര്‍മയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘എവിടെയാണ് വര്‍ധിച്ചുവരുന്ന അമര്‍ഷം? ആ അമര്‍ഷം അളക്കുന്നതിനുള്ള മാനകം എന്താണ്? ഫൂല്‍ക്കയോ, കെജ്‌രിവാളോ അതോ രാഷ്ട്രീയ അവസരവാദികളോ? ഇങ്ങനെയാണോ അമര്‍ഷം അളക്കുന്നത്? ഈ പൊതു അമര്‍ഷം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ്. ഹീനമായ ഒരു അജണ്ടയാണിത്. പിഴച്ച മനോഗതിയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടി വരുമോ എന്ന ചോദ്യമേ ഉദിക്കുന്നില്ല. സത്യത്തിനു മാത്രമെ ഒടുവില്‍ നിലനില്‍പ്പുണ്ടാകൂ.’

പഞ്ചാബില്‍ കമല്‍നാഥിനെ പിന്തുണയ്ക്കുന്ന രണ്ടേ രണ്ടു ശബ്ദങ്ങള്‍ എംഎല്‍എമാരും പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍മാരുമായ ബ്രഹം മൊഹിന്ദ്രയുടേയും സുഖ്ജീന്ദര്‍ സിംഗ് രണ്‍ധവയുടേതും മാത്രമാണ്. ‘ബിജെപി നിയോഗിച്ച നാനാവതി കമ്മീഷനാണ് കമല്‍നാഥിനെ എല്ലാ ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാക്കിയത്,’ ഒരു സംയുക്ത പ്രസ്താവനയില്‍ അവര്‍ പറഞ്ഞു. നാനാവതി കമ്മീഷന്‍ മാത്രമല്ല, ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷനും കലാപങ്ങളില്‍ കമല്‍നാഥിന്റെ പങ്ക് കണ്ടെത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. കമല്‍നാഥിനോട് അടുപ്പമുള്ളയാളാണ് ബ്രഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍