UPDATES

സിനിമ

വിജയകൃഷ്ണന്‍ അങ്കിള്‍, ഈ സിനിമയില്‍ മനസ്സിലാവാത്തതായി ഒന്നുമില്ല; ഒരു 11വയസ്സുകാരി എഴുതുന്നു

Avatar

അനന്തര എസ് 

പ്രിയ വിജയകൃഷ്ണന്‍ അങ്കിള്‍,

കമ്മട്ടിപ്പാടത്തിന് എ സര്‍ട്ടിഫിക്കറ്റ് കൊടുത്തത് വയലന്‍സ് ഉള്ളതിനാലല്ല മറിച്ച് കുട്ടികള്‍ക്ക് മനസ്സിലാവാത്തത് കൊണ്ടാണെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗമായ വിജയകൃഷ്ണനങ്കിള്‍ പറഞ്ഞല്ലോ. എനിക്കു പതിനൊന്നു വയസ്സാണ്. ആ സിനിമയില്‍ എനിക്കു മനസ്സിലാവാത്തതായി ഒന്നുമില്ല. കുട്ടികളെ എന്തിനാണ് ഇങ്ങനെ തെറ്റിദ്ധരിക്കുന്നത്?

ഞാന്‍ ഈയിടെ കണ്ടതില്‍ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് കമ്മട്ടിപ്പാടം. നമ്മള്‍ താമസിക്കുന്ന നഗരങ്ങളുടെ പിന്നില്‍ ഒരുപാടുപേരുടെ കണ്ണീരുണ്ടെന്ന് കുട്ടികള്‍ അറിയണം. അതെന്തിനാണ് തടയുന്നത്? ഒരു നഗരത്തിനു പിന്നിലെ ജീവിതമാണ് ഈ സിനിമയില്‍ കാണിക്കുന്നത്. മറ്റ് സിനിമകളെ അപേക്ഷിച്ച് ഈ സിനിമ നമ്മെ ചിന്തിപ്പിക്കുന്നുണ്ട്. 

മുതിര്‍ന്നവര്‍ ചിന്തിക്കുന്നത് നമ്മള്‍ കുട്ടികള്‍ക്ക് തമാശ സിനിമകളിലാണ് താത്പര്യം എന്നാണ്. റിങ്മാസ്റ്റര്‍, മയാമോഹിനി, കുഞ്ഞിരാമായണം, പട്ടണത്തില്‍ ഭൂതം ഇത്തരം സിനിമകളാണ് കുട്ടികള്‍ക്ക് ഇഷ്ടം എന്ന ധാരണ അവര്‍ക്കുണ്ട്. അത് തെറ്റാണ്. എന്റെ അച്ഛനും അമ്മയും എല്ലാ സിനിമകളും കാണുന്ന ആളുകളാണ്.  അതുകൊണ്ടുതന്നെ ഇറങ്ങുന്ന മിക്കവാറും സിനിമയും ഞാന്‍ കാണാറുണ്ട്. അതില്‍ മിക്ക സിനിമയും കണ്ടു കഴിഞ്ഞാല്‍ പിന്നീട് അതിനെ കുറിച്ച് ആലോചിക്കാറ് പോലുമില്ല. പക്ഷേ ഈ സിനിമ കണ്ടപ്പോള്‍ അത് ഒന്നു കൂടി കാണാനാണ് എനിക്കു തോന്നിയത്. 

ആദ്യ ദിവസം തന്നെ ഞങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാല്‍ അച്ഛന്റെയും അമ്മയുടെയും ചില സുഹൃത്തുക്കള്‍ പറഞ്ഞു, ‘ഇത് കുട്ടികള്‍ കാണാന്‍ പാടില്ല, ഭയങ്കര വയലന്‍സാണ്, അവള്‍ക്ക് വിഷമമാവും’ എന്നൊക്കെ. അവസാനം തിയേറ്ററില്‍ വിളിച്ച് ചോദിച്ചിട്ടാണ് ഞങ്ങള്‍ പോയത്. 

ഇതിലും കൂടുതല്‍ വയലന്‍സ് ഉള്ള സിനിമകള്‍ ഇറങ്ങുന്നു. അതിനൊന്നും എ സര്‍ട്ടിഫിക്കറ്റ് നല്‍കാറില്ലല്ലോ. ഒരു പെണ്‍കുട്ടി എന്ന നിലയില്‍ എന്ന ഏറ്റവും പേടിപ്പിച്ച സിനിമയാണ് പുതിയ നിയമം. അതിന് എന്തുകൊണ്ടാണ് എ സര്‍ടിഫിക്കറ്റ് മാത്രമായി നല്‍കാത്തത്? അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ മീഡിയകളില്‍ വരുന്ന പല വാര്‍ത്തകളും നിരോധിക്കണമല്ലോ. 

ഇപ്പോള്‍ എല്ലാ വീടുകളും വൈകുന്നേരമായാല്‍ സീരിയലിന്റെ പിടിയിലാണ്. ഞങ്ങളുടെ വീട്ടില്‍ കാണാറില്ലെങ്കിലും എന്റെ ക്ലാസ്സിലെ കുട്ടികള്‍ മിക്കവരും കാണാറുണ്ട്. ഈയിടെ ബന്ധുവീട്ടില്‍ പോയപ്പോള്‍ ഒരു സീരിയല്‍ ഡയലോഗ് കേള്‍ക്കുകയുണ്ടായി. പച്ചച്ചോരയുടെ ഗന്ധം എന്നൊക്കെ പറഞ്ഞ്.. കേട്ടിട്ട് എനിക്ക് വല്ലാതെ തോന്നി. ഇത്തരം സീരിയലുകളാണ് കുട്ടികള്‍ കാണുന്നത്. 

പിന്നെ ഒരു അപേക്ഷ. പറ്റുമെങ്കില്‍ സീരിയലുകള്‍ക്ക് ഒരു സെന്‍സര്‍ ബോര്‍ഡ് ഉണ്ടാക്കണം.

കുട്ടികള്‍ സന്തോഷം മാത്രം അനുഭവിക്കേണ്ടവരല്ല. അവര്‍ ഈ ലോകത്ത് നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ അറിയണം. കുട്ടികള്‍ക്ക് അവരുടേതായ വ്യക്തിത്വം ഉണ്ട്. 

സ്നേഹപൂര്‍വ്വം
അനന്തര എസ്
ക്ലാസ്സ്-7 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍