UPDATES

ഷൈമ പി

കാഴ്ചപ്പാട്

ഷൈമ പി

സിനിമ

കമ്മട്ടിപ്പാടം മുതല്‍ രാജാവിന്റെ മകന്‍ വരെ

ഷൈമ പി

അദലിതന്റെ ദലിത് ഓര്‍മ്മയിലൂടെ അധികാരത്തെ പ്രതിരോധിക്കുകയല്ല, പ്രതിധ്വനിപ്പിക്കുകയാണ് കമ്മട്ടിപ്പാടം. അടിമകളായും പ്രതികരിക്കാന്‍ കഴിവില്ലാത്ത ഇരകളായും അധുനിക പൂര്‍വ്വ കാലത്തില്‍ ജീവിക്കുന്നവരായും Oriental gaze ആഘോഷിക്കുന്ന (തെയ്യ) കോലങ്ങളായും മാത്രം ദൃശ്യപ്പെടുന്ന ദലിതന്‍, കമ്മട്ടിപ്പാടത്തില്‍ അദലിതന്റെ കൂട്ടുകാരനായി, അവന് ഒഴിവാക്കാന്‍ പറ്റാത്ത ഓര്‍മ്മയായി, കുട്ടിക്കാല ഗൃഹാതുരമായിട്ടാണ് അതവതരിപ്പിക്കപ്പെടുന്നത്. തറവാടുകളും പാടങ്ങളിലും തോട്ടങ്ങളിലും മറ്റും അനുസരണയോടെ പണിയെടുക്കുന്ന അടിമകളും ആജ്ഞാപിക്കുന്ന കാരണവന്‍മാരും മധ്യവര്‍ഗ്ഗ കുടുംബവിശേഷങ്ങളും കുടുംബകലഹങ്ങളും മാത്രം ഓര്‍ക്കുന്ന മലയാളസിനിമ. എണ്‍പതുകള്‍ മുതലുള്ള കൊച്ചിയിലെ, ദലിത് പുറമ്പോക്കു ജീവിതത്തിന്റെ പ്രതിരോധങ്ങളും പ്രതികരണങ്ങളും ഓര്‍ത്തെടുക്കുന്നു എന്നത് ദലിതത്വം അഭിസംബോധന ചെയ്യാതിരിക്കാന്‍ പറ്റാത്ത ഒരു രാഷ്ട്രീയ സാഹചര്യത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്. ഓര്‍മ്മകള്‍ വെപ്പുപല്ലുകള്‍ ഉള്ളതും അദലിതനായ പ്രതിനായകന്റേതാകുന്നതും ദലിത് പരിസരം അവതരിപ്പിക്കുന്ന സവര്‍ണ്ണ, ജനപ്രിയ സിനിമയുടെ ആകുലതകളേയാണ് കാണിക്കുന്നത്. കൃഷ്ണന്‍ എന്ന അദലിതന്റെ ഓര്‍മ്മകള്‍, പ്രതിനായകന്റെ ദലിത് ഓര്‍മ്മകള്‍ എന്നതില്‍ നിന്നും ഇല്ലാതാക്കപ്പെടുന്ന ദലിതുകളുടെ രക്ഷകനായ അതിനായകന്റെ/താരനായകന്റെ ഓര്‍മ്മകളായിത്തീരുന്നിടത്താണ് കമ്മാട്ടിപ്പാടം എന്ന സിനിമ വിജയിക്കുന്നത്.

പ്രതിനായകനില്‍ നിന്ന് താരനായകനിലേക്ക്
ബാലനും ഗംഗനും കൃഷ്ണനും ഉള്‍പ്പെടുന്ന കമ്മട്ടിപ്പാടത്തെ ഗുണ്ടാസംഘത്തെ ആദ്യമായി അവതരിപ്പിക്കുന്നത്, കവിതാ ടാക്കീസില്‍ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് കള്ളടിക്കറ്റ് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ബാലന്‍ ഉണ്ടാക്കുന്ന അടിപിടിയിലൂടെയാണ്. 1986-ല്‍ ഇറങ്ങിയ രാജാവിന്റെ മകന്‍ എന്ന സിനിമയ്ക്ക് ശേഷം പ്രതിനായകനില്‍ നിന്നും താരത്തിലേക്കുള്ള മോഹന്‍ ലാലിന്റെ ഉയര്‍ച്ചയെ ഏറെ സ്വാധീനിച്ച സിനിമയാണ് കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട്. 1987-ല്‍ ഇറങ്ങിയ ഈ സിനിമയുടെ സാന്നിധ്യം എങ്ങനെയാണ് കമ്മട്ടിപ്പാടത്തിന്റെ ആഖ്യാനത്തെ സ്വാധീനിച്ചിരിക്കുക, അഥവാ സ്വാധീനിച്ചിട്ടുണ്ടാകുമോ?

 

എണ്‍പതുകളെ സിനിമ ഓര്‍ക്കുമ്പോള്‍
തെരുവില്‍ നിന്നും ‘അധോലോകത്തിന്റെ രാജകുമാരനാ’യി മാറിയ വിന്‍സെന്റ് ഗോമസ്സിന്റെ കഥയാണ് രാജാവിന്റെ മകന്‍. അധോലോക രാജാവായതിനുശേഷമുള്ള വിന്‍സെന്റിന്റെ ഓര്‍മ്മകളില്‍ ഒതുങ്ങുന്ന ഒരിടമാണ് തെരുവ്. കമ്മട്ടിപ്പാടത്തിലൂടെ മറ്റൊരു തെരുവ് ഓര്‍ത്തെടുക്കുകയാണ് കൃഷ്ണന്‍. എന്നാല്‍ ഇരുപതാം നൂറ്റാണ്ടടക്കം പിന്നീടിറങ്ങിയ സിനിമകളെല്ലാം ഈ പാരമ്പര്യം നിരാകരിക്കാനാണ് ശ്രമിച്ചത്. അതിലുപരി കമ്മട്ടിപ്പാടം ഓര്‍ക്കുന്നത്, മോഹന്‍ലാല്‍ എന്ന താരത്തിനേയും സിനിമയും താരനിര്‍മ്മിതി ചരിത്രത്തേയും കൂടിയാണ്. 2010നു ശേഷം ഇറങ്ങിയ, താരങ്ങളില്ലാത്ത എന്നു പറയപ്പെടുന്ന പല സിനിമകളിലും ഈ വിധത്തിലുള്ള പല രീതികളും പുനരവതരിക്കുന്നുണ്ട്.

2010ന് ശേഷം ഇറങ്ങിയ പല സിനിമകളിലും, പ്രേമം (2015), 1983 (2014) മുതലായവയില്‍ എണ്‍പതുകള്‍, കുട്ടിക്കാലമായോ കൗമാരക്കാലമായോ കടന്നുവന്നിട്ടുണ്ട്. അതില്‍ പലതിലും കുട്ടിക്കാലത്തെ ഓര്‍മ്മിക്കപ്പെടുന്നത് മോഹന്‍ലാല്‍ എന്ന താരത്തിലൂടെയാണ്. തന്റെ മകള്‍ ജനിച്ചത് മലയാള സിനിമയില്‍ മോഹന്‍ലാലും മമ്മൂട്ടിയും കത്തിക്കയറുന്ന സമയത്താണെന്ന് ഓര്‍ക്കുന്നു ഓം ശാന്തി ഓശാന (2013)യിലെ അച്ഛന്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ (1983) മോഹന്‍ലാല്‍ ആദ്യമായിട്ട് സ്‌ക്രീനില്‍ വരുമ്പോഴാണ്, അത് തീയേറ്ററില്‍ കാണുന്ന തന്റെ അമ്മയ്ക്ക് പ്രസവവേദന തുടങ്ങിയതെന്ന് ഓര്‍ക്കുന്ന നത്തോലി ഒരു ചെറിയ മീനല്ല, സിനിമയിലെ പ്രേംകൃഷ്ണന്‍. വയറ്റില്‍ കിടന്ന് താന്‍ മോഹന്‍ലാലിനു വേണ്ടി കയ്യടിച്ചതാണ് ആ വേദനയ്ക്ക് കാരണമെന്ന് അഭിമാനത്തോടെ ഓര്‍ക്കുന്നു പ്രേംകൃഷ്ണന്‍. താരങ്ങളില്ല എന്ന് അവകാശപ്പെടുന്ന സിനിമ പല തരത്തില്‍, (ഡയലോഗുകളായും പാട്ടുകളായും) മോഹന്‍ലാല്‍ എന്ന താരത്തെ ഓര്‍ത്തെടുക്കാറുണ്ട്. എണ്‍പതുകള്‍ എന്ന കാലം മലയാള സിനിമ പലപ്പോഴും ഓര്‍മ്മിക്കുന്നത്, അതിന്റെ താരനിര്‍മ്മിത (പ്രത്യേകിച്ചും മോഹന്‍ലാല്‍) ചരിത്രവുമായി ബന്ധപ്പെട്ടാണ്. എണ്‍പതുകളില്‍ ഇറങ്ങിയ സിനിമകളോടും അവയിലെ പാട്ടുകളോടും മലയാളിക്കുള്ള നൊസ്റ്റാള്‍ജിയയ്ക്ക് പുറമേയായണ് ഇത്തരം ഓര്‍മ്മകള്‍. ഈ സാഹചര്യത്തിലാണ് കമ്മട്ടിപ്പാടം കൃഷ്ണനിലൂടെ അവതരിപ്പിക്കുന്ന പല ഓര്‍മ്മകളും വരേണ്യമായിത്തീരുന്നത്.

‘സവര്‍ണ്ണ /ഫ്യൂഡല്‍ ഭാവനകളും അച്ചടി ദേശീയതയും’ പല രീതികളില്‍ വിമര്‍ശനവിധേയമാക്കപ്പെട്ട കാലഘട്ടമാണ് എണ്‍പതുകള്‍. എഴുപതുകള്‍ക്കു ശേഷമാണ് ജാതി ജീവിതവും ദലിത് ജീവിതവും ഇരകളുടെ ഭാഗത്തുനിന്നും അനുഭവവല്‍ക്കപ്പെട്ടു തുടങ്ങിയത് എന്ന്‍ പ്രദീപന്‍ പാമ്പിരിക്കുന്ന് നിരീക്ഷിക്കുന്നുണ്ട്. Seedian ദളിത് ക്രിസ്ത്യന്‍ പ്രസ്ഥാനങ്ങളും അവരുടെ പ്രസിദ്ധീകരണങ്ങളും ദളിതത്വം ചര്‍ച്ചചെയ്യുന്നത് ഈ സമയത്താണ്. 1990-കളിലെ മലയാള സിനിമ ഈയൊരു രാഷ്ട്രീയ അന്തരീക്ഷത്തെ, ആറാം തമ്പുരാക്കന്‍മാരെക്കൊണ്ടും രാവണപ്രഭുക്കന്‍മാരെ കൊണ്ടും മറയ്ക്കാന്‍ ശ്രമിച്ചപ്പോള്‍, 2010-11 നുശേഷം വന്ന താരങ്ങളില്ലാത്ത മലയാള സിനിമ, താരകാലത്തെ നിരന്തരം ഓര്‍ത്തുകൊണ്ടാണ് ദലിത് – ന്യൂനപക്ഷ രാഷ്ട്രീയ ഇടപെടലുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

 

 

സവര്‍ണ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ചുരുക്കം മോഹന്‍ലാല്‍ കഥാപാത്രങ്ങളിലൊന്നാണ് തെരുവില്‍ ജനിച്ചു വളര്‍ന്ന് അധോലോക രാജകുമാരനായിത്തീരുന്ന രാജാവിന്റെ മകന്‍. ആ സിനിമയില്‍ ഇല്ലാതിരുന്ന പാരമ്പര്യം തിരിച്ചുപിടിക്കുക എന്ന കര്‍ത്തവ്യം കൂടി അതിനുശേഷം ഇറങ്ങിയ സിനിമകളില്‍ കാണാം. മോഹന്‍ ലാലിന്റെ പ്രതിനായകനില്‍ നിന്നും താരത്തിലേക്കുള്ള മാറ്റം, രാജാവിന്റെ മകനിലെ തെരുവിന്റെ പാരമ്പര്യത്തില്‍ നിന്നും സവര്‍ണ പാരമ്പര്യത്തിലേക്കുള്ള മാറ്റം കൂടിയാണ്.

രാജാവിന്റെ മകനു ശേഷമുള്ള, ഇരുപതാം നൂറ്റാണ്ടിലേതടക്കമുള്ള മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍, തങ്ങളുടെ പാരമ്പര്യം തെരുവിന്റേതല്ല, മറിച്ച് സവര്‍ണ തറവാടിന്റേതാണെന്ന് പ്രഖ്യാപിക്കുന്ന പ്രതിനായകരാണ്. ബാംഗ്ലൂരിലും മുംബൈയിലും സാഹചര്യവശാല്‍ ഗുണ്ടകളായിരുന്നവര്‍, തങ്ങളുടെ നാട്ടില്‍ തിരിച്ചെത്തുകയും തറവാടുകള്‍ വീണ്ടെടുക്കുകയും ആറാംതമ്പുരാക്കന്‍മാരായി പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്ന പ്രതിനായകരാണവര്‍. രാജാവിന്റെ മകനിലെ തെരുവിന്റെ സന്തതി, നായര്‍/നമ്പൂതിരി/ഈഴവ കുടുംബങ്ങളില്‍ പുന:സ്ഥാപിക്കപ്പെടുന്നു. കിരീടം, രാവണപ്രഭു, നരസിംഹം, ആറാംതമ്പുരാന്‍ മുതലായ സിനിമകള്‍, സവര്‍ണപാരമ്പര്യത്തെ വീണ്ടെടുക്കുന്നവയോ, ആ പാരമ്പര്യം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ആകുലതകളോ ആണ് കാണിക്കുന്നത്. തെരുവില്‍ നിന്നും സവര്‍ണനായ പ്രതിനായകനിലേക്കും പിന്നീട് താരത്തിലേക്കുമുള്ള മോഹന്‍ലാലിന്റെ യാത്ര തുടങ്ങുന്നത് രാജാവിന്റെ മകനില്‍ നിന്നാണ്. കമ്മട്ടിപ്പാടത്തിലെ കൃഷ്ണന്‍ എന്ന കഥാപാത്രവും ഇങ്ങനെയൊരു സാധ്യതയാണ് മുന്നോട്ട് വയ്ക്കുന്നത്. താരം എന്ന സവര്‍ണ ആണ്‍നിര്‍മ്മിതിയെക്കുറിച്ച് ഏറെ പഠനങ്ങള്‍ വന്നിട്ടുണ്ട്. ഇവിടെ വിശദീകരിക്കാന്‍ ശ്രമിച്ചത് എങ്ങനെയാണ് ഈ സവര്‍ണ ആണ്‍നിര്‍മ്മിതിയെ പല രീതിയില്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്, മലയാള സിനിമ അതിന്റെ വരേണ്യതയെ പ്രകടമാക്കുന്നത് എന്നതാണ്. കമ്മട്ടിപ്പാടവും ഈ വരേണ്യതയെ തന്നെയാണ് അഭിസംബോധന ചെയ്യുന്നതും.

 

സംരക്ഷകനായ കൃഷ്ണനില്‍ നിന്നും മോഹന്‍ ലാലിലേക്കുള്ള ദൂരം 
ദലിത് കുടുംബങ്ങള്‍ താമസിക്കുന്ന കൊച്ചിയിലെ പുറമ്പോക്ക് ഭൂമിയിലെ ഒരേയൊരു അദലിതനായ (നായര്‍/പിന്നോക്കജാതി?) കൃഷ്ണന് എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും പ്രതിനായകരെ പോലെ സവര്‍ണപാരമ്പര്യം സ്ഥാപിക്കേണ്ട ഉത്തരവാദിത്തമില്ല. മറിച്ച് തന്റെ ദലിത് കൂട്ടുകാരെ, അവരുടെ സമുദായത്തെ സംരക്ഷിക്കേണ്ട ചുമതലയാണുള്ളത്. ന്യൂജെന്‍ താരം സവര്‍ണന്‍ മാത്രമായാല്‍ പോര, ദലിത് സംരക്ഷകന്‍ കൂടി ആകേണ്ടതുണ്ട്.

 

സ്വന്തം ഇഷ്ടങ്ങളും സന്തോഷങ്ങളും ഉപേക്ഷിച്ചുകൊണ്ട് കുറ്റപ്പെടുത്തലുകളും പരാതികളുമില്ലാതെ, കൃഷ്ണന്‍ തന്റെ സംരക്ഷണ ചുമതല ഉത്തരവാദിത്ത ബോധത്തോടെ നിര്‍വഹിക്കുന്നു. തന്റെ ദലിത് സുഹൃത്തുക്കള്‍ക്ക് വേണ്ടി സ്റ്റേറ്റുമായി ഏറ്റുമുട്ടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. സിനിമയില്‍ ഒരുപാട് ഗുണ്ടകളുണ്ടെങ്കിലും ജയിലില്‍ പോകുന്നതും പോലീസ് പിടിക്കുന്നതും കൃഷ്ണനെ മാത്രമാണ്. രണ്ട് തവണയും കൃഷ്ണന്‍ പിടിക്കപ്പെടുന്നത് ഗംഗന് വേണ്ടിയാണ്. ഇങ്ങനെ തന്റെ ദലിത് സുഹൃത്തുക്കളെ നിരന്തരം സംരക്ഷിച്ചുകൊണ്ടിരിക്കുന്നു കൃഷ്ണന്‍.

അതേസമയം, തോല്‍പ്പിക്കപ്പെട്ട ആണത്തങ്ങളാണ് കമ്മട്ടിപ്പാടത്തിലെ പല ദലിത് പുരുഷന്‍മാരും. സമൂഹവും പിന്നീട് സ്വന്തം ഭാര്യമാരും തോല്‍പ്പിച്ച പുരുഷന്‍മാരാണ് ദലിതരായ ബാലനും ഗംഗനും. ഗംഗന്റെ അച്ഛനും അച്ഛാച്ചനും അതുപോലെ മക്കള്‍ക്കായി ഭൂമിയോ പണമോ ഒന്നും കരുതിവയ്ക്കാന്‍ കഴിയാതെ പോയ പരാജയപ്പെട്ടവരാണ്. ഇങ്ങനെ ദലിതനായ ബാലന് ഒരിക്കലും ഒരു രാജാവിന്റെ മകന്‍ ആകാന്‍ കഴിയില്ല എന്ന പ്രഖ്യാപനമാണ് കമ്മട്ടിപ്പാടം. കൃഷ്ണന്‍ എന്ന അദലിതന്റെ ഓര്‍മ്മയിലൂടെ മാത്രമാണ് ബാലനും ബാലന്റെ സമുദായത്തിനും ജീവിക്കാന്‍ കഴിയുക. പുതിയ താരം അവതരിക്കേണ്ടത് ദലിത് സമൂഹത്തിന്റെ രക്ഷകനായിട്ടാണ്. അതുകൊണ്ടാണ് കൃഷ്ണന്‍, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ, രാജാവിന്റെ മകനായി തീരാനുള്ള സാധ്യത നിലനിര്‍ത്തിക്കൊണ്ട് സിനിമ അവസാനിക്കുന്നത്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഷൈമ പി

ഷൈമ പി

പയ്യന്നൂര്‍ സ്വദേശിയായ ഷൈമ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‍ മലയാള ജനപ്രിയ ചലച്ചിത്രങ്ങളിലെ thiyya masculinities and interventions എന്ന വിഷയത്തില്‍ പി.എച്ച്.ഡി നേടി. അധ്യാപികയാണ്. അഴിമുഖത്തില്‍ smokescreen എന്ന സിനിമ കോളം കൈകാര്യം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍