UPDATES

രൂപേഷ് കുമാര്‍

കാഴ്ചപ്പാട്

ബ്ളാക്ക് ലെറ്റേഴ്സ്

രൂപേഷ് കുമാര്‍

സിനിമ

ഗംഗനും ബാലനും എന്റെ മുറിവിലാണ് തൊട്ടത്

ഒരു ദീര്‍ഘദൂര യാത്ര കഴിഞ്ഞ് വിശന്നു തളര്‍ന്നാണ് കമ്മട്ടിപ്പാടം എന്ന സിനിമ കാണാന്‍ പോകുന്നത്. കോഴിക്കോട് നിന്നുള്ള യാത്രയ്ക്കിടയില്‍ റെജീഷ് വിളിച്ചു സംസാരിച്ചുകൊണ്ടിരുന്നു. രെജീഷ് വല്ലപ്പോഴുമേ അങ്ങനെ വിളിക്കൂ; അതാകട്ടെ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യം പറയാനുമായിരിക്കും. രെജീഷ് പറഞ്ഞു: ‘രൂപേഷേട്ടാ… ഇങ്ങള്‍ എവിടെയാ? കമ്മട്ടിപ്പാടം കണ്ടോ?’ ‘ഇല്ല രേജീഷേ, എങ്ങനുണ്ട്?’. ‘പൊളിച്ചു രൂപേഷേട്ടാ, ഒരു ദിവസം കഴിഞ്ഞിട്ടും വിനായകനും ബാലനും ഒന്നും അങ്ങോട്ട്‌ വിട്ടു പോകുന്നില്ല. ഇങ്ങള് ഇന്നന്നെ പോയി കണ്ടോ. കണ്ടിട്ട് എന്തെങ്കിലും ഒക്കെ എഴുത്’. യാത്രകള്‍ പലപ്പോഴും ജീവിതം തകര്‍ന്നിരിക്കുമ്പോഴാണ് നടത്താറ്. ജീവിതം തകര്‍ന്നു തരിപ്പണമാകുമ്പോള്‍. ഒരു ജോലി ഇല്ലാതാകുമ്പോള്‍, ഒറ്റപ്പെട്ടു പോകുമ്പോള്‍ അങ്ങനെ ഒക്കെ. കയ്യില്‍ വലിയ പൈസ ഒന്നും കാണില്ല. എന്നിട്ടും എന്നും ഇറങ്ങാറുള്ള എറണാകുളത്തെ അതെ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി താല്‍കാലിക താവളത്തില്‍ ബാഗും കുടുക്കയും ഒക്കെ വെച്ചു വേഗം കമ്മട്ടിപ്പാടം കാണാന്‍ ഓടുകയായിരുന്നു. രാവിലെ മുതലേ ഉള്ള യാത്രയില്‍ കയ്യില്‍ പൈസ ഇല്ലാത്തതുകൊണ്ട് തന്നെ അത്യാവശ്യം പട്ടിണിയൊക്കെ കിടന്നിരുന്നു. ഇരുനൂറു രൂപക്ക് യാത്രക്കിടയില്‍ തന്നെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തത് കൊണ്ട് അന്ന് ഭക്ഷണം കുറച്ചേ പറ്റൂ. എ സി പറ്റാത്ത നമ്മള്‍ എ സി യില്‍ തന്നെ ഇരുന്ന്‍ തണുത്ത് കമ്മട്ടിപ്പാടം കണ്ടു തീര്‍ത്തു.

 

സിനി പൊളിസ് എന്ന സിനിമ കോംപ്ലെക്സില്‍ നിന്നും താനേ തിരിയുന്ന സ്റ്റെപ്പില്‍ നിലകള്‍ ഇറങ്ങുമ്പോഴും പുറത്തിറങ്ങി ഒരു ബീഡിപ്പുറത്ത് ഓട്ടോറിക്ഷയാത്രയിലും രണ്ടു പേര്‍ പ്രേതങ്ങളെപ്പോലെ വിടാണ്ട് പിന്നാലെ വരുന്നുണ്ട്. കമ്മട്ടിപ്പാടം എന്ന സിനിമയല്ല. പക്ഷേ ആ സിനിമയിലെ ബാലനും ഗംഗനും വിടാണ്ട് പിന്നാലെ വന്നു കൊണ്ടിരിക്കുകയാണ്. ഒരു ട്രാഫിക് സിഗ്നലിന്റെ അരികില്‍ ചുവന്ന ട്രാഫിക് വെളിച്ചവും കാറുകളുടെ ബാക്ക് ലൈറ്റും തെരുവില്‍ ഉറങ്ങുന്നവരുടെ ബീഡിപ്പുകയുടെ ചുവന്ന തീയും ഒക്കെ ഇങ്ങനെ മിന്നുമ്പോള്‍ ആ ചുവന്ന തീകള്‍ക്കിടയിലൂടെ നെഞ്ചുയര്‍ത്തി പല്ലുന്തി കറുത്ത് ഇരുമ്പ് പോലുള്ള രണ്ടു കമ്മട്ടിപ്പാടക്കാര്‍, ഗംഗനും ബാലനും കൂടെ വരികയാണ്. പേടിച്ചു പോകുന്ന ഒരുതരം ഹീറോയിസം. തലമുറകളായി ചതുപ്പില്‍ താമസിച്ചും ജീവിതത്തില്‍ ജാതി മൂലം മാറ്റി നിര്‍ത്തപ്പെടുകയും ഗുണ്ടകളാവുകയും കൊല്ലപ്പെടുകയും ചെയ്ത കോളനിവാസികളായ പലരേയും പോലെ ഓര്‍മകളിലൂടെ ഇങ്ങനെ തുളച്ചു കയറുകയാണ്; തുളച്ചു കയറുകയാണ്. ഗംഗനെയും ബാലനേയും പലയിടത്തും വെച്ചു ഞാന്‍ കണ്ടിട്ടുണ്ട്; പലയിടത്തും. സഹോദരങ്ങളായി, ശത്രുക്കളായി, കൂട്ടുകാരായി, അധോലോകമായി, കോളേജിലെ ഗാങ്ങുകളായി… പലയിടത്തും. അവരൊക്കെ ഒരുമിച്ച് രണ്ടു മനുഷ്യരിലൂടെ ഇങ്ങനെ നടന്നു കയറി വരികയാണ്. ഒരു നഗരത്തിലെ ചുവന്ന വെളിച്ചത്തില്‍ ഒരു മനുഷ്യനെ ഭ്രാന്തിലേക്ക് എടുത്തെറിയുന്ന ഓര്‍മ്മകളിലേക്ക് ചില കറുത്ത ശരീരങ്ങളുടെ സ്ലോമോഷന്‍.

 

പിറ്റേ ദിവസം രാവിലെ അഴിമുഖം എഡിറ്ററും സുഹൃത്തുമായ അശോക്‌ വിളിച്ചു പറയുന്നു: ‘സാര്‍ (പരസ്പര ബഹുമാനത്തിന്റെ കളിയാക്കലിലാണ് ഞങ്ങള്‍ തമ്മിലുള്ള ആ വിളി) നിങ്ങള്‍ക്ക് കോളനി എക്സ്പീരിയന്‍സ് വെച്ച് ഒരു സാധനം ചെയ്തൂടെ?’ ശ്രമിക്കാം എന്ന് സമ്മതിച്ചു; എങ്ങനെ തുടങ്ങണം എന്ന് അറിയാത്തപ്പോഴാണ് സൌത്ത് ലൈവ് എന്ന വെബ്‌ സൈറ്റില്‍ ബാലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണികണ്ഠന്‍ ആചാരി എന്ന മനുഷ്യന്റെ അഭിമുഖം കാണുന്നത്. സൂക്ഷിച്ചു നോക്കിയപ്പോ അത് മറ്റാരുമല്ല. എന്റെ അച്ഛന്റെ അനിയന്‍ കൃഷ്ണാപ്പനാണ് അതിലൂടെ സംസാരിക്കുന്നത്. എന്റെ ഹീറോ കൃഷ്ണാപ്പന്‍. ഞാന്‍ എന്തെങ്കിലും ഇന്ന് എഴുതുന്നുണ്ടെങ്കില്‍, എവിടെയെങ്കിലും ഇത്തിരി പൊട്ടിത്തെറിച്ചിട്ടുണ്ടെങ്കില്‍, ഒരു കുഞ്ഞു രീതിയിലെങ്കിലും അനീതിക്കെതിരെ വിരല്‍ ചൂണ്ടിയിട്ടുണ്ടെങ്കില്‍, ന്യായം സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് കൃഷ്ണാപ്പന്‍ തന്ന ചൂരിലാണ്.

 


കൃഷ്ണാപ്പനും ഗണേശേട്ടനും

 

കൃഷ്ണാപ്പാനാണ് ടെലിഫോണ്‍സില്‍ ജോലി ഉള്ളപ്പോള്‍ ഒരു ആറു വയസ്സുകാരന് ആദ്യമായി ഒരു ഒരു ഓറഞ്ച് കളര്‍ ജുബ്ബ വാങ്ങിത്തന്നത്. കൃഷ്ണാപ്പനാണ് എന്നെ തളിപ്പറമ്പ ആലിങ്കീല്‍ ടാക്കീസില്‍ ‘എന്റെ മാമ്മാട്ടിക്കുട്ടിയമ്മക്ക്’ എന്ന സിനിമ കാണിച്ചു തന്നത്. പല്ലുന്തിയിട്ടില്ലെങ്കിലും ബാലനെ പോലുള്ള കൃഷ്ണാപ്പന്‍. എന്തൊരു സുന്ദരനാരുന്നോ താടി വെച്ച കൃഷ്ണാപ്പന്‍. പണ്ട് കൃഷ്ണാപ്പന്റെ താടി കണ്ടാ ശരിക്കും പേടി വരുമായിരുന്നു.

 കമ്മട്ടിപ്പാടത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്കിയ സെന്‍സര്‍മാര്‍ എന്തുകൊണ്ടാണ് പഴശ്ശിരാജയ്ക്ക് അത് നല്‍കാതിരുന്നത്?

കൃഷ്ണാപ്പനെ ഒരുപാട് കാലം ഇങ്ങനെ നോക്കി നിന്നിട്ടുണ്ട്. അയാളുടെ നടത്തം, വര്‍ത്തമാനം, സംവാദം, കള്ളുകുടി, വയലന്‍സ്, പ്രണയം അങ്ങനെ അങ്ങനെ. ഒരു മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരിങ്ങീല്‍ എന്ന ദേശത്തെ ഒരു കൂര പോലുള്ള വീടിനു മുന്നില്‍ ഒരു ഓലപ്പന്തല്‍ ഇട്ടാണ് കൃഷ്ണാപ്പന്റെ കല്യാണം. കല്യാണത്തിന്റെ അന്ന് മാത്രമാണ് കൃഷ്ണാപ്പന്‍ താടി വടിച്ച്ചത്. കൃഷ്ണാപ്പനെ താടി ഇല്ലാതെ കാണാന്‍ ഒരു ലുക്ക്‌ ഇല്ലായിരുന്നു. ഒരു പുഴയുടെ അപ്പുറത്ത് താമസിച്ച് കോമള കുഞ്ഞമ്മയെ പ്രണയിച്ചായിരുന്നു കൃഷ്ണാപ്പന്‍റെ കല്യാണം. കല്യാണം കഴിഞ്ഞ് ഇപ്പുറത്തെ കരയിലേക്കുള്ള തോണി യാത്രയില്‍ എന്റെ അനിയന്‍ പ്രവീണ്‍ തോണിയില്‍ അനങ്ങിക്കളിച്ചപ്പോള്‍ തോണി ഉലയും എന്ന് മനസ്സിലായ കോമള കുഞ്ഞമ്മ അവനെ അമര്‍ത്തിപിടിച്ചിരുത്തുകയായിരുന്നു. കൃഷ്ണാപ്പന് മൂന്നു മക്കളും ഉണ്ടായി.

 

കണ്ണൂര്‍ ജില്ലയിലെ എഴോം എന്ന പ്രദേശത്ത് കൃഷ്ണാപ്പന്‍ അറിഞ്ഞിരുന്നത് നക്സലൈറ്റ് കൃഷ്ണന്‍ എന്നായിരുന്നു. കോളേജില്‍ പഠിക്കുമ്പോ എസ് എഫ് ഐ ആവുകയും പിന്നീട് അതിയിലെ ജാതി തിരിച്ചറിയുകയും പിന്നീട് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് നീങ്ങുകയും ചില ആക്ഷനുകളില്‍ പങ്കെടുക്കയും ചെയ്തു കൃഷ്ണാപ്പന്‍. പിന്നീട് ഒരു ഘട്ടത്തില്‍ പോലീസ് കേസുകളില്‍ നിന്നൊക്കെ രക്ഷപെട്ട് കൃഷ്ണാപ്പന്‍ ടെലിഫോണ്‍സില്‍ ജോലിക്കു കേറുകയായിരുന്നു. പിന്നീട് മദ്യപാനം എന്ന യൂഷ്വല്‍ ട്രാന്‍സ്ര്‍ഫോമേഷനിലേക്കും കൃഷ്ണാപ്പന്‍ വഴിമാറി. നോര്‍മല്‍ ആയ പല മനുഷ്യരേക്കാളും മദ്യപാനിയായ കൃഷ്ണാപ്പനെയായിരുന്നു ഞാന്‍ ആരാധിച്ചത്. ആരെയും കൂസാത്ത പ്രകൃതം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങളുടെ പെരിങ്ങീലില്‍ കക്കൂസ് ഇല്ലാത്ത സമയത്ത് രാവിലെ വെളിക്കിരുന്ന് കഴിഞ്ഞ് തിരിച്ചു വരുമ്പോ കൃഷ്ണാപ്പന്‍ ഒരു സിസ്സെഴ്സും വലിച്ചു കൊണ്ട് നെഞ്ചും നിവര്‍ത്തി ഒരു നടത്തം ഉണ്ട്. സൂപ്പര്‍ബ് എന്നേ പറയാന്‍ പറ്റൂ. ബാലാപ്പന്‍ എന്നാ പെരിങ്ങീലിലെ മറ്റൊരു ഒറ്റയാന്‍ ആയിരുന്നു കൃഷ്ണാപ്പന്റെ ചെങ്ങാതി. ഒരിക്കല്‍ ബാലപ്പനുമായി കൃഷ്ണാപ്പന്‍ തെറ്റി. പെരിങ്ങീലിലെ ചതുപ്പ് വഴിയിലൂടെ നടന്നു പോകുമ്പോള്‍ പരസ്പരം കണ്ടു മുട്ടിയാല്‍ അവര്‍ സിഗരറ്റ് കത്തിച്ചു വലിച്ച് പരസ്പരം ദേഷ്യവും ഹീറോയിസവും ഒക്കെ കാണിക്കുമായിരുന്നു. ‘ഞാനൊക്കെ അവിടെ, ആ പോസ്റ്റ്‌ മെട്രിക് ഹോസ്റ്റലില്‍ താമസിക്കുമ്പോ, ആ ചെക്കന്‍, കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒക്കെ ഹോസ്റ്റലില്‍ വന്നു പോകുമായിരുന്നു’ എന്നാണ് കൃഷ്ണാപ്പന്‍ പറയുക. അഹങ്കാരവും വയലന്‍സും കറുപ്പും രാഷ്ട്രീയവും ഒക്കെ ചേര്‍ന്ന ഒരു വല്ലാത്ത മനുഷ്യന്‍.

 

കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ ഒരു ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങിന് പോയി. അദ്ദേഹത്തെ ഷൂട്ട്‌ ചെയ്യാന്‍ സമ്മതം ചോദിച്ചപ്പോ സ്വതവേ ഉള്ള ആ അഹങ്കാരത്തോടെ തന്നെ കൃഷ്ണാപ്പന്‍ ചോദിച്ചത്. ‘വാട്ട് ഡൂ യൂ നോ എബൌട്ട്‌ ഹിസ്റ്ററി?’- ചരിത്രത്തെക്കുറിച്ച് എന്തറിയാം നിങ്ങള്‍ക്ക്- എന്നായിരുന്നു.  അയാളുടെ മരുമകനായ എനിക്കുപോലും ഒന്നും അറിയില്ലായിരുന്നു; കൃഷ്ണാപ്പന്റെ ചരിത്രത്തെക്കുറിച്ച്. പിന്നീട് മഴ പെയ്തു തളിര്‍ത്ത പച്ച വയലിന് മുന്നില്‍ ഇരുത്തി അടിച്ചു ഫിറ്റായ കൃഷ്ണാപ്പന്റെ ഒരു ക്ലോസപ്പ് ഫ്രെയിം വെച്ചു. ആ മനുഷ്യന്‍ ആ ഫ്രെയിമില്‍ ഇരുന്ന് ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ഭൂപരിഷ്കരണത്തെ വിശകലനം ചെയ്ത് അത് രാഷ്ട്രീയപരമായ മണ്ടത്തരമാണെന്ന് വളരെ കൂളായിട്ട് പറഞ്ഞു. ഡോക്യുമെന്ററിയുടെ റഷസ് കണ്ട എന്റെ ഒരു സുഹൃത്ത് പറഞ്ഞത് ‘എന്തൊരു സുന്ദരനാണ് ആ മനുഷ്യന്‍ എന്നായിരുന്നു.’ പുലയര്‍ക്ക് അവസാനം ഒന്നും കിട്ടിയില്ല ഈ ഭൂപരിഷ്കരണത്തിലൂടെ.

 

 

കമ്മട്ടിപ്പാടം എന്ന സിനിമയില്‍ ബാലന്‍ എന്ന കഥാപാത്രം ‘മൂന്നു സെന്റ്‌ ഭൂമിയിലുള്ളവരെ തെരുവിലിറക്കിയിട്ട് ഒരു പണിക്കും നമ്മളില്ല’ എന്നു പറയുമ്പോള്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. അത് എന്റെ കൃഷ്ണാപ്പനാണ്. കൃഷ്ണാപ്പനും ബാലനും ഇവിടെ ഉണ്ട്. ഇന്നലെ ഉണ്ടായിരുന്നു. ഇനിയും ഉണ്ടാകും. വല്ലാതെ വയലന്റ് ആയ ആ മനുഷ്യന്‍ ഇന്നുവരെ ഒരു ആളേയും അടിക്കുന്നത് കണ്ടിട്ടില്ല. പെരിങ്ങീലിലെ സ്ത്രീകള്‍ക്കും കൃഷ്ണാപ്പന്റെ മരുമക്കള്‍ക്കും പെങ്ങമ്മാര്‍ക്കും ഒക്കെ അയാള്‍ ഒരു ഹീറോ ആയിരുന്നു. അവസാനം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പൊട്ടന്‍ തെയ്യത്തിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാന്‍ പോയപ്പോള്‍ ആ മനുഷ്യന്‍ ഷുഗറൊക്കെ പിടിച്ച് ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ എത്തിയിരുന്നു. ഞാന്‍ കൈ പിടിച്ച് ആ മനുഷ്യനെ പൊട്ടന്‍ തെയ്യത്തിന്റെ മുന്നില്‍ കൊണ്ടെത്തിച്ചു. കുറച്ചു കാലം കൂടി ആ മനുഷ്യന്‍ ജീവിച്ചു. അയാളുടെ മരണം എന്നെ സംബന്ധിച്ചിടത്തോളം ചരിത്രത്തിന്റെ മരണമായിരുന്നു. ഒരു പുസ്തകത്തിന്റെ മരണമായിരുന്നു. ഒരു ആക്ഷന്‍ സിനിമയുടെ മരണമായിരുന്നു. ഒരു ലാറ്റിന്‍ അമേരിക്കന്‍ ശവപ്പറമ്പ് പോലെ ശൂന്യമായിരുന്നു ആ മനുഷ്യന്‍ വിട്ടു പോയ കാലം. കമ്മട്ടിപ്പാടത്തിലെ ബാലന്‍ എനിക്ക് കൃഷ്ണാപ്പനെ പുനര്‍ജീവിപ്പിച്ച് തന്നു.

 കമ്മട്ടിപ്പാടം; നഗരം വിഴുങ്ങിയ ചരിത്രത്തിന്റെ വീണ്ടെടുപ്പ്

പിന്നെയും ജീവിതം ‘ദി ഷോ മസ്റ്റ്‌ ഗോ ഓണ്‍’ എന്ന രീതിയില്‍ മുന്നോട്ട് പോകേണ്ടി വന്നു. കൃഷ്ണാപ്പന് ഒരു തുടര്‍ച്ചയായി മകന്‍ വന്നു; ശ്യാം കൃഷ്ണന്‍. അവന്‍ എന്റെ ഡോക്യുമെന്‍ററികളുടെ കൂടെ കൂടി. എനിക്ക് ഒട്ടും ബഹുമാനം തോന്നാത്ത എസ് എഫ് ഐ രാഷ്ട്രീയ ബോധമൊക്കെയുള്ള ശ്യാം കൃഷ്ണനെ കണ്ടപ്പോള്‍ പലപ്പോഴും കൃഷ്ണാപ്പനെ കണ്ടു. അതാ ആ മനുഷ്യന്‍ വീണ്ടും രൂപപരമായി എന്റെ മുന്നില്‍ ജീവിക്കുന്നു. മുടിയൊക്കെ നീട്ടി, കറുത്ത്, ഉയരം കുറഞ്ഞ ശരീരമുള്ള ശ്യാം കൃഷ്ണന്‍. ഞങ്ങള്‍ കൃഷ്ണാപ്പനെ വെച്ചു ഷൂട്ട്‌ ചെയ്ത ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗമായി മറ്റൊരു ഡോക്യുമെന്ററി ചെയതപ്പോള്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു. ഈ മനുഷ്യനെ, കൃഷ്ണാപ്പന്റെ മകനെ ഒരു ഹീറോയായി ഞാന്‍ കാണിക്കും, തീര്‍ച്ച. പെരിങ്ങീലില്‍ അടിക്കുന്ന കാറ്റിന് എതിരെ ശ്യാം മുടി പറത്തി നടന്നു, സ്ലോമോഷനില്‍ നല്ല സ്റ്റൈലായി. എന്തൊരു സുന്ദരന്‍ ആയിരുന്നോ ആ ഫ്രെയിമില്‍ ശ്യാം. ആ വീഡിയോ കണ്ട പലരും ശ്യാമിനെ എനിക്ക് അസൂയ ഉണ്ടാക്കുന്ന രീതിയില്‍ ‘ഇതാരാ ആ കറുത്ത മുത്ത്?’ എന്ന് ചോദിക്കുമായിരുന്നു.

 

ഇന്ന് രാവിലെ വീണ്ടും രെജീഷ് ഫോണ്‍ ചെയ്തപ്പോഴാണ് ഒരു കാര്യം എന്റെ ശ്രദ്ധയില്‍ പെടുത്തിയത്. രജീഷ് പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇങ്ങനെയായിരുന്നു. മലയാളത്തിലെ മറ്റേത് താരത്തിനാണ് വിനായകനെപ്പോലെ ഒരു ഒറ്റ ഷോട്ടില്‍ രണ്ടാം നിലയില്‍ നിന്ന് ചാടി നിലത്തേക്ക് വീഴാന്‍ കഴിയുക? എത്ര അപകടകരമായ രീതിയിലാണ് വിനായകന്‍ ആ ഗംഗന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജീവനില്‍ കൊതിയില്ലേ ഈ മനുഷ്യന്? ഇവിടെയാണ് ഗണേശേട്ടന്‍ എന്ന മനുഷ്യന്‍; കൃഷ്ണപ്പന്റെ ചേച്ചിയായ എന്റെ ഇളയമ്മ ബാലാമണി കുഞ്ഞമ്മയുടെ മകന്‍ ഗണേശേട്ടന്‍. 1989-ലെ ഒരു മേയ് മാസം. അന്ന് വൈകുന്നേരം ഞങ്ങള്‍ എല്ലാവരും വിറക് പെറുക്കിക്കൊണ്ടിരിക്കുമ്പോഴും വയലില്‍ പണിയെടുത്തു കൊണ്ടിരിക്കുമ്പോഴുമാണ് ഒരു പടക്കം പൊട്ടുംപോലെ ഞങ്ങളുടെ കുറച്ച് അകലെയായി വെടി പൊട്ടുന്നത് പോലെ ഇടി വീണത്. എല്ലാവരും, ഒരു പത്തിലധികം പേര്‍ ഓടി ഞങ്ങളുടെ ആ കൊച്ചു വീട്ടില്‍ കയറി. പിന്നെ കൊടുങ്കാറ്റിന്റെയും പ്രളയത്തിന്റെയും ഒരു രാത്രി ആയിരുന്നു അത്. വീടിന്റെ ഓടു മുഴുവന്‍ പറന്നു പോയി. കോരിച്ചോരിയുന്ന മഴ; പുഴ കവിഞ്ഞു വയലിലേക്ക് വെള്ളം കയറി. ഇടിയും മിന്നലും. ഒരു പത്ത് പേര്‍ നിന്ന സ്ഥലത്ത് ഒഴികെ ബാക്കി എല്ലാ ഇടങ്ങളിലെയും ഓടു പറന്നു പോയി.

 

എല്ലാവരും ദൈവത്തെ പ്രാര്‍ഥിക്കുകയും നേര്‍ച്ചകള്‍ നേരുകയും ഒക്കെ ചെയ്യുന്നുണ്ട്. അവിടെ ഒരാളെ മാത്രം കാണാനില്ല. അത് ഗണേശേട്ടനെ ആയിരുന്നു. ഗണേശേട്ടന്‍ മാത്രം അദ്ദേഹത്തിന്റെ വീട്ടില്‍ ഒറ്റക്ക് ആ രാത്രി കഴിച്ചു കൂട്ടി. മറ്റുള്ളവരൊക്കെ ദൈവത്തെ പ്രാര്‍ഥിക്കുമ്പോഴും ദൈവത്തെ വിളിക്കാതിരുന്ന ഗണേശേട്ടന്റെ ധൈര്യത്തിനെക്കുറിച്ച് ആയിരുന്നു ഞങ്ങള്‍ സംസാരിച്ചത്. പല്ലുകളില്‍ വിടവുള്ള, പല്ലുന്തിയ കരുത്തു തടിച്ച് നെഞ്ചുയര്‍ത്തി നടക്കുന്ന ഗണേശേട്ടനായിരുന്നു എന്റെ മറ്റൊരു ഹീറോ. ആ മനുഷ്യനായിരുന്നു എന്റെ കൌമാരത്തില്‍ കൂലിപ്പണി എടുത്ത പൈസ കൊണ്ട് ഒരുപാട് സിനിമകള്‍ കാണിച്ച് തന്നത്. നെരുവമ്പ്രം നാഷണല്‍ ടാക്കീസില്‍ സിനിമ കണ്ടു കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ കമ്മട്ടിപ്പാടത്ത് ഒരു ടോപ്‌ ആങ്കിള്‍ ഷോട്ടില്‍ കാണിക്കുന്ന വിനായകന്‍ നടന്നു പോകുന്നത് പോലെ.

 


ശ്യാം കൃഷ്ണനും വിനായകനും 

 

ഗണേശേട്ടന്റെ പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ പുഴയില്‍ നക്ഷത്രങ്ങളെപ്പോലെ തിളയ്ക്കുന്ന കറുത്ത മീനുകള്‍ ഇങ്ങനെ തലയ്ക്കുള്ളില്‍ തിളയ്ക്കുമായിരുന്നു. ഒരിക്കല്‍ എന്റെ മകള്‍ ഋതുവുമായി പെരിങ്ങീലേക്ക് പോയപ്പോള്‍ അവളെ ഗണേശേട്ടന്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കരഞ്ഞു. അപ്പൊ ഗണേശേട്ടന്റെ മോന്‍ വെറും അഞ്ചു  വയസ്സുള്ള വിനായകന്‍ ഗണേശേട്ടനെ ഇങ്ങനെയായിരുന്നു കളിയാക്കിയത്. ‘അച്ഛ, അച്ഛന്‍ എന്തൊരു  കറുപ്പാ… എങ്ങനെയാണ് ആ ഓള് അച്ഛന്റെ അടുത്ത് വരിക?’ ഞങ്ങളുടെ മറ്റൊരു ഡോക്യുമെന്‍ററിയില്‍ ഗണേശേട്ടനെ ചിത്രീകരിച്ചിരുന്നു. ഗണേശേട്ടന്‍ ഷര്‍ട്ട് ഇടാതെ മണല് കോരുന്ന രംഗം ചിത്രീകരിക്കുമ്പോള്‍ ഗണേശേട്ടന്റെ വയലന്‍റായ കറുത്ത ശരീരം ചിത്രീകരിക്കാനുള്ള പാങ്ങോന്നും ഞങ്ങളുടെ പുറം കറുപ്പും ഉള്ളു വെള്ളയുമായ ക്യാമാറക്കുണ്ടായിരുന്നില്ല. ഇന്നും ഗണേശേട്ടന്റെ നെഞ്ചുയര്‍ത്തിയുള്ള നടപ്പും രീതികളുമൊക്കെ ഒരു ഹരമാണ് ഞങ്ങള്‍ക്ക്. എപ്പോ കാണുമ്പോഴും ഗണേശേട്ടന്‍ ഇങ്ങനെ പറയുമ്പോള്‍ ദേഷ്യം വരും. ‘നീ എന്താടാ ഇങ്ങനെ ക്ഷീണിച്ചത്? നിനക്കൊന്നു നിവര്‍ന്നു നിന്നൂടെ?’ കമ്മട്ടിപ്പാടത്ത് ഗംഗന്‍ ഒരു റിയല്‍ എസ്റ്റേറ്റുകാരന്റെ വീട്ടിനു മുന്നില്‍ച്ചെന്ന് അലറി വിളിക്കുന്നുണ്ട്. ‘ഇവിടെ ഇവിടെയായിരുന്നു ആ മൂന്നു സെന്‍റുകാര്‍ കെടന്നത് സാറേ…’. പണ്ട് അടിമദേശമായിരുന്ന പെരിങ്ങീലില്‍ ഗണേശേട്ടന്‍ ഇപ്പോ ഒരു വീട് വച്ചുകൊണ്ട് ജയിക്കുകയാണ്.

 

കുറെയൊക്കെ പഠിച്ചിട്ടും ചില ഡോക്യുമെന്‍ററികള്‍ ചെയ്തിട്ടും ചില എഴുത്തുകുത്തുകള്‍ ഒക്കെ നടത്തിയിട്ടും ഒരിക്കലും ഗണേശേട്ടനെപ്പോലെയോ കൃഷ്ണാപ്പനെപ്പോലെയോ ഒന്നും വയലന്‍റായ ഒരു ജീവിതം ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ഇവര് രണ്ടു പേര്‍ മാത്രമല്ല, കമ്മട്ടിപ്പാടത്തിലെ അച്ഛനെ കണ്ടപ്പോള്‍, ആ ശരീര ഭാഷ കണ്ടപ്പോള്‍ എനിക്ക് എന്റെ അച്ഛനെയാണ് ഓര്‍മ്മ വന്നതും. ഇത്രയൊക്കെ പഠിപ്പിച്ചിട്ടും എന്നെ പോലുള്ളവര്‍ എവിടെയും എത്താതിന്റെ വിഷമം അച്ഛന് ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. നല്ല അഹങ്കാരി ആണെങ്കിലും ചിലപ്പോള്‍ ഗംഗന്റെ അച്ഛന്റെ ശരീരഭാഷ എന്റെ അച്ഛനിലും കാണാമായിരുന്നു. അതുപോലെ മൂന്നു സെന്റ്‌ സ്ഥലത്തുള്ളവരെ കുടി ഒഴിപ്പിച്ചപ്പോള്‍ ഗംഗന്റെ കാരണക്കുറ്റിക്ക് അടിക്കുന്ന അച്ചാച്ചന്‍ എന്റെ അച്ചാച്ചന്‍ തന്നെയാണ്. ജാതിയുടെയും ദാരിദ്ര്യത്തിന്റെയും അധ്വാനത്തിന്റെയും ഒക്കെ പീഡകള്‍ മുഖത്ത് മരുഭൂമികള്‍ ഉണ്ടാക്കിയ ഒരു അച്ചാച്ചന്‍. ഉള്ളില്‍ ജീവിതത്തോട് മുഴുവന്‍ ദേഷ്യം ഉണ്ടായിരുന്നെങ്കിലും ഒരിക്കല്‍പ്പോലും പോട്ടിത്തെറിക്കാത്ത പുലയനായ അച്ചാച്ചന്‍. പുലയന്‍ എന്നാല്‍ മണ്ണില്‍ പണി എടുത്തു ജീവിച്ച ഒരു തലമുറയെ, അല്ലെങ്കില്‍ മൂന്നോളം തലമുറയെ മുന്നോട്ട് കൊണ്ടുപോയ അച്ചാച്ചന്‍. പുലയന്‍ എന്നത് ഒരു തെറിയാണെന്ന് അച്ചാച്ചന്‍ കേട്ടാല്‍, ‘വിട്ടുകള മക്കളെ, അവരെന്തെങ്കിലും പറയട്ടെ’ എന്ന് സ്വര്‍ഗലോകത്ത് നിന്ന് പറയുന്ന അച്ചാച്ചന്‍. മണ്ണില്‍ പണിയെടുത്ത് ഡിഗ്രി വരെ പഠിച്ച് എന്നെയൊക്കെ ഇതെഴുതാനുള്ള തരത്തില്‍ വിദ്യാഭ്യാസം നേടിത്തന്ന അച്ചന്‍. ഞങ്ങളുടെ ഹീറോ ഇവരൊക്കെയായിരുന്നു. ഇന്നലത്തേയും ഇന്നത്തെയും.

 

ഓര്‍മ്മകള്‍ എന്നുപറഞ്ഞാല്‍ ചില സിനിമകള്‍ ഞങ്ങളുടെ മുറിവില്‍ തൊട്ടു വേദനിപ്പിക്കുന്നതാണ്. കമ്മട്ടിപ്പാടം എന്റെ മുറിവിലാണ് തൊട്ടത്. കമ്മട്ടിപ്പാടമാണ് എന്റെ അച്ചാച്ചന്‍ പണിയെടുത്ത് വീട്ടില്‍ വരുമ്പോള്‍ തരുന്ന പഴകിയ ഒരു രൂപ നോട്ടിന്റെ ആ മണത്തിലും അതുകൊണ്ട് വാങ്ങിയ നാരങ്ങ മിട്ടായികളിലേക്കും എത്തിച്ചത്. ഒരു പുലയനായ എനിക്ക് എന്റെ കഥയും സിനിമയില്‍ പറയാന്‍ കഴിയും എന്നാ ധൈര്യം തന്നത്. ഒരു രൂപ നോട്ടിന്റെ ഇന്നലെകളില്‍ നിന്ന് പുതിയ ഹീറോസ് ഉണ്ടാകും. അത് ഒരു പക്ഷെ വിനായകന്‍ ആയിരിക്കും. കമ്മട്ടിപാടത്തിലെ വിനായകന്‍ അല്ല. ഗണേശേട്ടന്റെ മകന്‍ വിനായകന്‍. അച്ഛനെ കളിയാക്കിയ വിനായകന്‍. വിനായകന്റെ മുഖത്ത് ഞങ്ങള്‍ ക്യാമറ വെച്ചപ്പോള്‍ അവന്‍ പറഞ്ഞത്, ‘പെരിങ്ങീല്‍ എന്തുന്ന്‍… കാലിക്ക തൂറ…’. എന്തൊരു ധാര്‍ഷ്ട്യമായിരുന്നു ആ മുഖത്ത്. ഇന്നത്തെ എന്റെ ഹീറോസ് വിനായകനും മണികണ്ഠനും ആണെങ്കില്‍, ഒരിക്കല്‍ മുടി നരച്ച് മരിക്കാറാകുമ്പോള്‍ എന്റെ ഹീറോ ഗണേശേട്ടന്റെ മകന്‍ വിനായകന്‍ ആയിരിക്കും. 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

രൂപേഷ് കുമാര്‍

രൂപേഷ് കുമാര്‍

പ്രശസ്ത ഡോക്യൂമെന്ററി ഫിലിം സംവിധായകന്‍. ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യൂമെന്ററികള്‍. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങീലില്‍ ജനനം. Documentaries Don’t be our fathers Don’t be our fathers Music video Black Board Twinkle Twinkle Little Caste Crime and Punishment 3D Stereo Caste All Indians are… Sabitha: A Woman and a Day By the side of a River Love stories In Black letters Underworld Memories of Untouchables ബ്ളാക്ക് ലെറ്റേഴ്‌സ് 1980-കള്‍ക്കു ശേഷമുള്ള ദളിത് ജീവിതാനുഭവങ്ങളും ദളിത് ഓര്‍മകളും ദളിത് മനോഭാവങ്ങളുമാണ് ഈ എഴുത്തില്‍ വരിക. നിയതവും ചിട്ടപ്പെടുത്തിയതുമായ അവസ്ഥകളിലല്ല ജീവിതം സംഭവിക്കുന്നതെന്നതിനാല്‍ എഴുത്തും ഇതേ രീതി പിന്തുടരുന്നു. എന്നാല്‍ മുറിഞ്ഞുപോകുന്ന ജീവിതാവസ്ഥകളെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ബ്ളാക്ക് ലെറ്റേഴ്‌സ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍