UPDATES

സിനിമ

കമ്മട്ടിപ്പാടത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്കിയ സെന്‍സര്‍മാര്‍ എന്തുകൊണ്ടാണ് പഴശ്ശിരാജയ്ക്ക് അത് നല്‍കാതിരുന്നത്?

Avatar

രാജീവ് രവി/സാജു കൊമ്പന്‍

ബോളിവുഡിലും മലയാളത്തിലും നിരവധി മികച്ച സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച രാജീവ് രവി സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ കമ്മട്ടിപ്പാടം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കഥ പറച്ചിലിന്റെ അപാരമായ റിയലിസം കൊണ്ടും പ്രമേയത്തിന്റെ രാഷ്ട്രീയമായ കരുത്തുകൊണ്ടും ചിത്രം ഇതിനകം ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. പൊള്ളയായ വികസന ഭ്രാന്തില്‍ ഓരവത്ക്കരിക്കപ്പെട്ട സമൂഹത്തിന്റെ കഥപറയുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതും പെലയന്‍, പെലക്കള്ളി തുടങ്ങിയ വാക്കുകള്‍ നീക്കം ചെയ്തതും വിവാദമായിരിക്കുകയാണ്. ചിത്രത്തെ കുറിച്ചും അത് ഉന്നയിക്കുന്ന രാഷ്ട്രീയത്തെ കുറിച്ചും രാജീവ് രവി സംസാരിക്കുന്നു.  

സാജു: കമ്മട്ടിപ്പാടത്തിന്റെ തുടക്കം എങ്ങനെയായിരുന്നു?

രാജീവ് രവി: വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സിനിമയാക്കണമെന്ന് ആലോചിച്ച പ്രമേയമാണ്. കൊച്ചി നഗരം എന്റെ മുമ്പിലാണ് വലുതായത്. 1990-93കളില്‍ മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോഴും അത് കഴിഞ്ഞ് ഓരോ തവണ ഞാന്‍ പുറത്തു പോയി വരുമ്പോഴും എറണാകുളം മാറിക്കൊണ്ടിരിക്കുകയായിരുന്നു. 91-92 കാലത്തുണ്ടായ ഒരു മാര്‍ക്കറ്റ് ബൂമിനുശേഷം ഉണ്ടായിട്ടുള്ള ഡവലപ്പ്‌മെന്റ് ഒരു അജണ്ടയുടെ ഭാഗമാണ്. ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി എന്ന പേരിലൊക്കെ ഉണ്ടാക്കിയിട്ടിരിക്കുന്ന സ്റ്റേറ്റ് ബോഡീസൊക്കെ സ്റ്റേറ്റ് ഫണ്ടഡ് ആയിട്ടുള്ള റിയല്‍ എസ്റ്റേറ്റ് ഏജന്റ്‌സ് ആണ്. ഇതൊക്കെ ഞാന്‍ നേരിട്ടു മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങളാണ്. ഇതിന്റെ ഭവിഷ്യത്തെന്താണെന്നു വച്ചാല്‍ നമുക്ക് നഷ്ടപ്പെടുന്നത് നമുക്ക് ചുറ്റുമുണ്ടായിരുന്ന സഹോദരങ്ങളും നമ്മള്‍ കണ്ടു പരിചയിച്ച നമ്മളോടൊപ്പം കളിച്ചുവളര്‍ന്ന ആള്‍ക്കാരെയുമാണ്. ഇന്ന് എറണാകുളത്ത് എന്റെ സ്ഥലത്തുവന്നു നില്‍ക്കുമ്പോള്‍ അവിടെ പണ്ട് കൂടെയുണ്ടായിരുന്ന ആള്‍ക്കാര് പലരും ഇല്ല. നമുക്ക് നഷ്ടപ്പെടുന്നത് അവരെയാണ്. 

ഞാനും കമ്മട്ടിപ്പാടത്തെയാണ്. എന്റെ അച്ഛന്റെ കുടുംബവും കമ്മട്ടിപ്പാടത്തെയാണ്. ഞാന്‍ പശുവിനെയൊക്കെ കൊണ്ട് കെട്ടിയിരുന്ന സ്ഥലമാണ് കമ്മട്ടിപ്പാടം. എന്റെ ഒരു ഓര്‍മ്മ ഭയങ്കരമായിട്ട് അതിലുണ്ട്. പാടത്തിന്റെ നടുക്ക് പുലയക്കുടിലുകള്‍ തുരുത്തുകളിലായിരുന്നു. ഇവരുമായിട്ടുള്ള ഇടപെടലുകളും സുഹൃത്ത്ബന്ധങ്ങളുമൊക്കെ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അത് ഒരു കളക്ടീവ് മെമ്മറിയാണ്. നഷ്ടപ്പെട്ടുപോയ സാധനമാണ്. നൊസ്റ്റാള്‍ജിയയാണ്. 

ഞാനിതിലേക്ക് ഫോക്കസ് ചെയ്ത് തുടങ്ങിയത് ശ്രീലങ്കയിലെ ഒരു ഫിലിം മേക്കര്‍ എന്നെ ഫിലിം ചെയ്യാന്‍ വിളിച്ചപ്പോഴാണ്. അദ്ദേഹത്തിന്റെ ഒരു സ്‌ക്രിപ്റ്റില് റോഡിയ എന്നുപറയുന്ന ഒരു ട്രൈബിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു. അതായത് നമ്മുടെ പുലയ, പറയ സമുദായത്തെപ്പോലെ. വളരെ താഴെ നിലയിലുള്ള ആള്‍ക്കാരായിരുന്നു. ഡാന്‍സ് ചെയ്യലും പാട്ടുപാടലുമായി നടന്നവര്‍. അവര്‍ ഇല്ലാതായ ഒരു കഥ പറയുന്നുണ്ട്. അതായത് ബ്രിട്ടീഷുകാര്‍ വന്ന സമയത്ത് അവര്‍ ഇല്ലാതായി. ഇല്ലാണ്ടായെന്ന് വച്ചാല്‍ അപ്രത്യക്ഷമായി. മരിച്ചുപോയെന്നല്ല അവര്‍ അവരുടെ ഐഡന്റിറ്റി ഹൈഡ്‌ ചെയ്ത് പോവുകയാണ്. ഐഡന്റിറ്റി ഹൈഡ് ചെയ്യേണ്ട ഒരവസ്ഥ വരികയാണ് അവര്‍ക്ക്. 

നമ്മള്‍ കുറച്ചുപേര്‍ പ്രിവില്ലേജസ് എന്‍ജോയ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വികസനത്തിന്റെ പേരില്‍ ഇതൊക്കെ നടക്കുന്നത്. നമ്മള്‍ കടുവയെ സംരക്ഷിക്കാനായിട്ട് പോകുന്നു. ടൈഗര്‍ റിസര്‍വ് ഉണ്ടാക്കുന്നു. ആദിവാസികള്‍ ജീവിച്ചിരിക്കുന്നിടത്ത് പോയി അവരുടെ ബാലന്‍സ് തെറ്റിച്ച് അവരെകൊണ്ടുവന്ന് കോളനികളിലിട്ട് അതൊരു ചേരിയാക്കി തീര്‍ക്കുന്നു. ഈ വികസനം ആര്‍ക്കുവേണ്ടിയുള്ള വികസനമാണ്? ഇത് തെറ്റായ ഒരു വികസനമാണെന്നാണ് എന്റെ നിലപാട്. ഇന്ത്യയിലെ 20 ശതമാനത്തിന് താഴെ വരുന്ന പ്രിവില്ലേജ് ക്ലാസിനുവേണ്ടിയുള്ള ഒരു വികസനമാണിത്. അതിന്റെ പേരില്‍ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ സ്വന്തം ആള്‍ക്കാരാണ്. 

ഡവലപ്പ്‌മെന്റെന്ന് പറഞ്ഞാല്‍ ഒരു കാന്‍സറാണ്. ഓരോ നഗരങ്ങളുമുണ്ടാക്കി അടുത്ത ഗ്രാമത്തിലേക്ക് കടന്നുചെല്ലുന്ന ഒരു ക്യാന്‍സറാണിത്. ഇതിങ്ങനെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളൊക്കെ ഉണ്ടാക്കിയിട്ട് തിന്ന് തീര്‍ക്കും. ഇത് പരന്നുപോവുകയാണ്. ഇത് നിര്‍ത്താന്‍ വലിയ പാടാണ്. താഴത്തെ നിലയില്‍ തന്നെ ബ്യൂറോക്രസിയും ബിസിനസ്സുകാരും കൂടി കറപ്റ്റ് ചെയ്തിരിക്കുകയാണ്. ഈ സിസ്റ്റത്തില്‍ ഇതിനെ ചെറുക്കാന്‍ പറ്റില്ല. ഇതിനെ പൊളിച്ചടുക്കേണ്ടിവരും. ആയുധമില്ലാതെ ഇത് കറക്ട് ചെയ്യണം. അതിന് ജനങ്ങള്‍ വിചാരിച്ചാലേ നടക്കൂ.

കമ്മട്ടിപ്പാടം; നഗരം വിഴുങ്ങിയ ചരിത്രത്തിന്റെ വീണ്ടെടുപ്പ് 

സാ: നമ്മുടെ സിനിമ തന്നെ ഇവരെ പ്രാന്തവല്‍ക്കരിച്ചിരിക്കുകയല്ലേ… ആഖ്യാനത്തിന്റെ കേന്ദ്രമായി ദളിത് ജീവിതം കൊണ്ടുവരുന്നത് ഒരു വെല്ലുവിളിയായി തോന്നിയില്ലേ? 

രാ: തീര്‍ച്ചയായും. ഇതൊരു ചലഞ്ചാണ്. എനിക്ക് ദുല്‍ഖര്‍ ഇല്ലാതെ ഈ സിനിമയെക്കുറിച്ച് ആലോചിക്കാന്‍ പറ്റില്ലായിരുന്നു. പ്രിവില്ലേജ്ഡ് ആയ ഒരിടത്ത് നിന്നിട്ട് സഹതപിക്കുകയല്ല ഞാന്‍ ചെയ്തത്. എന്റെ ഒരു കുറ്റബോധത്തിന്റെ, എനിക്കൊന്നും ചെയ്യാന്‍ പറ്റാത്തതിന്റെയൊക്കെ പ്രതികരണമായിട്ടു വേണം ഇതിനെ കാണാന്‍. 

സാ: മൂന്നു സിനിമയിലും കാണുന്ന റിയലിസത്തോടുള്ള ഒരു ആഭിമുഖ്യം…?

രാ: വിന്‍സെന്റ് വാന്‍ഗോഗിന്റെ ഒരു ചെയ്‌ഞ്ചോവര്‍ പിരീഡുണ്ട്. വാന്‍ഗോഗ് വരച്ചുതുടങ്ങുമ്പോള്‍ ഒരു കല്‍ക്കരി ഖനിയിലേക്ക് വിടുകയാണ്. അവിടെ അയാള്‍ വരച്ചതെല്ലാം വിരൂപമായ ഇമേജുകളാണ്. കല്‍ക്കരി ഖനിയില്‍ ജോലിചെയ്യുന്ന മനുഷ്യരുടെ മുഖമാണ് ആദ്യമായി സ്‌കെച്ച് ചെയ്ത് തുടങ്ങിയത്. സൗന്ദര്യമുള്ള ആളുകളെ കാണിച്ച് കാണികളെ രസിപ്പിച്ച് ഇരുത്തേണ്ടതാണോ സിനിമയെന്നതാണ് എന്‍റെ ചോദ്യം. നമുക്ക് വേണ്ടത് റിയലിസമാണ്. ചുറ്റുമുള്ള ആള്‍ക്കാര്‍ ഭ്രാന്തമായ സ്പീഡില്‍ പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ഒന്ന് സ്ലോഡൗണ്‍ ചെയ്യാനും ആലോചിക്കാനും വേണ്ടിയാണ് ഈ സമീപനം. എനിക്ക് പ്രതീക്ഷയുണ്ട് ഇപ്പോഴും ആള്‍ക്കാരില്‍. ആദ്യം നമ്മള്‍ സ്പീഡ് കുറയ്ക്കണം. നമ്മുടെ കണ്‍മുമ്പില്‍ നടക്കുന്നതാണ റിയലിസം. 

സാ: ഇതിലെ കാസ്റ്റിംഗിനെ കുറിച്ച്…?

രാ: ഓഡിഷന്‍ വളരെ നേരത്തെ തുടങ്ങിയിരുന്നു. വിനായകന്‍ വളരെ അടുത്തറിയാവുന്ന ആളാണ്. വിനായകന്‍ ഈ പറഞ്ഞ കമ്മട്ടിപ്പാടത്തെയാണ്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ വിനായകന് അറിയുകയും ചെയ്യാം. അതുപോലെ തന്നെ മണികണ്ഠന്‍. നേരത്തെ എന്‍റെ സ്റ്റീവ് ലോപ്പസില്‍ അഭിനയിച്ച സുജിത്താണ് മണികണ്ഠനെ കുറിച്ച് പറഞ്ഞത്. 

സാ: സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലുകള്‍…?

രാ: എ സര്‍ട്ടിഫിക്കറ്റ് തരാനുള്ള വയലന്‍സൊന്നും ഇതിനകത്തില്ല. അങ്ങനെയാണെങ്കില്‍ പഴശ്ശിരാജയ്ക്കു എ സര്‍ട്ടിഫിക്കറ്റ് കൊടുക്കണം. പെലയന്‍, പെലക്കള്ളി എന്നൊക്കെയുള്ള വാക്കുകള്‍ മാറ്റണമെന്ന് പറഞ്ഞു. അതിലെ ഒരു പാട്ടില് പുലയനോട് ഒരു വാക്ക് പറയട്ടേയെന്ന് ഒരു വരിയുണ്ട്. അതില്‍ നിന്നു പെലയന്‍ മാറ്റണമെന്ന് പറഞ്ഞു. അത് ശരിയായ നിര്‍ദ്ദേശമാണെന്ന് എനിക്കു തോന്നിയില്ല. ഇത് ചോദ്യം ചെയ്യേണ്ട  ഒരു വിഷയമാണ്.

സാ: താങ്കളുടെ മൂന്നു ചിത്രങ്ങളിലും വയലന്‍സ് വളരെ സ്‌ട്രോംഗായിട്ട് വരുന്നുണ്ടല്ലോ…?

രാ: ചുറ്റും നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വയലന്‍സ് മാത്രമാണ് അത്. എന്തുകൊണ്ടാണ് എന്നെനിക്ക് വിശദീകരിക്കാന്‍ പറ്റുന്നില്ല. അങ്ങനെ ആയിപ്പോകുന്നതാണ്.

സാ: സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചതിനെക്കുറിച്ച്.. 

രാ: സിനിമ ഹിറ്റാകുന്നതിലല്ല, ഞാന്‍ ഉദ്ദേശിച്ചത് ആള്‍ക്കാര്‍ക്ക് മനസ്സിലാവുന്നുണ്ടെന്നതിലാണ് എന്‍റെ സന്തോഷം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍