UPDATES

സിനിമ

കമ്മട്ടിപ്പാടം; സിനിമ എന്ന രാഷ്ട്രീയ പ്രവര്‍ത്തനം

Avatar

ശ്രീകാന്ത് പി

അധികാരഘടനയിലോ, എന്തിനു ആ ശ്രേണിയിലെ ഏറ്റവും താഴെക്കിടയിൽ ഉള്ള “സാധാരണ ജനങ്ങളിലോ” പോലും ഇടം കിട്ടാത്ത സാധാരണക്കാരെയാണ് രാജീവ്‌ രവി കഥാപാത്രങ്ങളാക്കാറ്. ഒരാൾ കൊഴിഞ്ഞു പോയാൽ വോട്ടർ പട്ടികയിൽ പോലും വെട്ടേണ്ട ആവശ്യം ഇല്ലാത്ത കുറെ ജീവിതങ്ങൾ. അവർക്ക് മേൽപ്പറഞ്ഞ അധികാര ഘടനകളെ കുറിച്ചോ ആ അധികാരം തങ്ങളുടെമേൽ വന്നു പതിക്കുന്നതിനെ കുറിച്ചോ വലിയ പിടിപാടില്ല. മുസ്ലിം നാമധാരി ആയതുകൊണ്ട് മാത്രം ഗൾഫ്‌ മോഹം വ്യാമോഹമായി കൊണ്ട് നടക്കുന്ന മനുഷ്യൻ (അന്നയും റസൂലും), ജീവിതത്തെ സ്നേഹിച്ചു മതിയാകാത്ത കൊട്ടേഷൻ ഗുണ്ട (ഞാൻ സ്റ്റീവ് ലോപ്പസ്) ഇവരൊക്കെ രാജീവ് രവിയുടെ പഴയ കഥാപാത്രങ്ങൾ  ആണല്ലോ. അവരൊക്കെ തന്നെയാണ് കമ്മട്ടിപ്പാടത്തിലും വന്നും പോയുമിരിക്കുന്നത്.

ഒരു നവതരംഗ സിനിമ സംവിധായകൻ എന്ന വളരെ ഇടുങ്ങിയ കോളത്തിൽ ഉൾപ്പെടുത്തേണ്ട ആളല്ല രാജീവ് രവി. മലയാള സിനിമയുടെ ചരിത്രത്തിൽ കൃത്യമായ ഒരിടം അയാൾ കണ്ടെത്തിക്കഴിഞ്ഞു. മലയാളികളുടെ പാരമ്പര്യമായ പല സിനിമ ധാരണകളെയും മാമൂലുകളെയും വ്യക്തമായ അജണ്ട വെച്ച്  അയാൾ നിഷേധിക്കുന്നുണ്ട്. പൊതുവെ രാഷ്ട്രീയ സിനിമകൾ കുറഞ്ഞു വരുന്ന ഒരു നാട്ടിൽ രാഷ്ട്രീയ സിനിമകൾ വീണ്ടും വീണ്ടും എടുക്കുന്നതിന്റെ ധൈര്യം തിരിച്ചറിഞ്ഞേ തീരു.

സിനിമയുടെ ചരിത്രത്തിലെ ഏറ്റവും തുടക്കകാലത്ത് കാലത്ത് തന്നെ ഉരുവപ്പെട്ട യഥാതഥ ചലച്ചിത്രങ്ങളുടെ പറ്റേൺ മുറുകെ പിടിക്കുന്നയാളാണ് രാജീവ് രവി. ഇന്ത്യൻ സമാന്തരസിനിമകളെ പൊതുവെ സ്വാധീനിച്ചിട്ടുള്ള ഇറ്റാലിയൻ നിയോറിയലിസ്റ്റിക്ക് സിനിമകൾ ടെക്സ്റ്റ്‌ബുക്ക്‌ ആക്കിയിട്ടുള്ള സംവിധായകൻ. കഥ പറച്ചിലിൽ അധികം പൊടിപ്പും തൊങ്ങലും അയാള് ചേർക്കാറില്ല. കമ്മട്ടിപ്പാടം അതിന്റെ ഏറ്റവും പുതിയ നിദർശനം മാത്രം. രാജീവ് രവി ക്യാമറ ചെയ്ത അനുരാഗ്  കശ്യപ് ചിത്രം ‘ഗ്യാങ്ങ്സ് ഓഫ് വസ്സെപുർ’, ബ്രസീലീൻ ചിത്രം ‘സിറ്റി ഓഫ് ഗോഡ്’ എന്നീ സിനിമകൾ കമ്മട്ടിപ്പാടത്തിന്റെ പൂർവ മാതൃകകൾ ആണ് എന്നു വേണമെങ്കില്‍ പറയാം.

സ്റ്റീവ് ലോപ്പസിന്റെ തുടർച്ചയാണ് കമ്മട്ടിപ്പാടം. ഹരി മരിക്കുന്നിടത്ത് കൃഷ്ണനും ഗംഗയും ബാലൻ ചേട്ടനും ജനിക്കുന്നു. ഇവരും വ്യവസ്ഥിതിയുടെ കളികൾ അറിയാത്തവർ ആണ്. ഒരു നഗരം വളരുന്നതിന് പിന്നിൽ ഒരു പറ്റം അഭയാർത്ഥികളുടെ രോദനം ഉണ്ട്. അതെ, ഒരു നഗരം ജനിക്കുമ്പോൾ ഒരു ജനത പുറന്തള്ളപ്പെടുന്നു. അവർ എവിടെ? എന്ത്? എങ്ങനെ? എന്ന് ആർക്കും തിട്ടമില്ല. ചിലയാളുകൾ ഈ അധികാരം ഉറപ്പിക്കാനുള്ള ടൂളുകൾ മാത്രമാകും. ബാലൻ ചേട്ടനും ഗംഗയും കൃഷണനും അതിനു വേണ്ടി നിർമ്മിക്കപ്പെട്ട ചില ടൂളുകൾ മാത്രമാണ്. ഉപയോഗം കഴിഞ്ഞാൽ അവരും ഒരു പുറന്തള്ളപ്പെട്ട ജനതയാണ്. ഓരോ നഗരവും അനേകം കമ്മട്ടിപ്പാടങ്ങളുടെ ചതുപ്പിലും കറുത്ത ചോരയിലും ഉയർന്നു വന്ന കെട്ടിടങ്ങൾ ആണ്. ഇങ്ങനെയാണ് രാജീവ് രവി തന്റെ രാഷ്ട്രീയം മൂന്നാമത്തെ സിനിമയിലും രേഖപ്പെടുത്തുന്നത്. 

മാറുന്ന കമ്മട്ടിപ്പാടത്തെ ഇടയ്ക്കിടെ സംവിധായകൻ കാണിക്കുന്നുണ്ട്. പാടവും വരമ്പും ഇടവഴികളും നിന്നിടത്ത്‌ നിന്നും രാത്രി വെളിച്ചത്തിലെ ചില്ല് സൌധങ്ങൾ വരെ. ഒരു നഗരസൃഷ്ടി ഒരു തെറ്റല്ല. ആധുനികതയും വ്യവസായവല്ക്കരണവും ചേർന്നപ്പോൾ ഉണ്ടായ സ്വാഭാവികമായ ഒരു പരിണതി മാത്രമായിരുന്നു നഗരവല്ക്കരണം. ലോകത്തെല്ലായിടത്തും ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. പക്ഷെ , ഓരോ നഗരത്തിന്റെ സൃഷ്ടിക്ക് പിറകിലും പുറംലോകമറിയാത്ത ക്രൈം നടക്കുന്നുണ്ട്. അതും ഒരു സ്വാഭാവിക പ്രക്രിയയായി എന്ന് മാത്രം. ആ പുറന്തള്ളപ്പെട്ട ജനത കൊട്ടേഷൻ  ഗുണ്ടകളായും, എ ടി എം സെക്യൂരിറ്റിയായും മറ്റും “സസുഖം” വാഴുന്നു. (2011-ൽ ഇറങ്ങിയ ‘പുട്ടക്കാന ഹൈവേ’ എന്ന കന്നഡ സിനിമ ബംഗ്ലൂരിലെ ഒരു പറ്റം  ജീവിതങ്ങൾ അഭയാർഥികൾ ആകുന്ന കഥ പറയുന്നു എന്നത് അനുബന്ധമായി ചേർക്കുന്നു). ഒരു മനുഷ്യൻ മരിച്ചാൽ, “അവനത് തന്നെ വേണം, വാളെടുത്തവൻ വാളാൽ, കൊട്ടേഷൻ ടീം അല്ലെ ?” എന്ന് വലിയ വായിൽ പറഞ്ഞു നഗരത്തിന്റെ പുതിയ മക്കൾ നിർവൃതി കൊള്ളുന്നു. രാജീവ് രവി വരച്ചിടുന്നതും ഈ തുടർച്ചകളും കാഴ്ചകളും ആണ്.

മലയാളത്തിന്റെ മഹാനടന്മാർ പുലിയായും നരിയായും വാണരുളുമ്പോൾ ചില തുരുത്തുകളിൽ നല്ല സിനിമയുടെ വെളിച്ചം കാണുന്നത് ഒരു സന്തോഷമാണ്. ആ സന്തോഷം സിനിമയിൽ ഒരു മുന്നേറ്റം ആകേണ്ടതുണ്ട്. കാരണം, ഇതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.

(ബാംഗളൂരില്‍ ഐ ടി പ്രൊഫഷണലാണ് ശ്രീകാന്ത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍