UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടി.വി ദൈവവിശ്വാസിയാണെന്നത് പവ്വത്തിലിന്റെ സങ്കല്‍പം; കാന്തപുരത്തിന് മറുപടിയില്ല-കാനം രാജേന്ദ്രന്‍ സംസാരിക്കുന്നു

Avatar

രാഷ്ട്രീയ സാഹചര്യങ്ങള്‍ ഏറെ മാറിയൊരു കാലത്താണ് ഇടതുപക്ഷം മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. വര്‍ഗീയ ഫാസിസത്തിന്റെ പിടിയിലേക്ക് ഇന്ത്യ അമരുകയും കേരളത്തിലും അതിന്റെ സ്ഫുരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ഇടതുപക്ഷം അതിന്റെ മര്‍മ്മപ്രധാനമായ പങ്ക് വഹിക്കേണ്ടിയിരിക്കുന്നു. നിലവിലെ സാഹചര്യങ്ങളില്‍ ഈ വെല്ലുവിളി ഏറ്റെടുക്കുന്നതിന് കേരളത്തിലെ ഇടതുപക്ഷവും പ്രത്യേകിച്ച് മുന്നണിയിലെ പ്രധാന  കക്ഷിയായ സിപിഐയും ശക്തമാണോ എന്നതാണ് ചോദ്യം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ്. ഒപ്പം നിരവധി  കാലിക പ്രശ്നങ്ങളില്‍ പാര്‍ട്ടിയുടെ നിലപാടുകളും കാനം വ്യക്തമാക്കുന്നു. കാനം രാജേന്ദ്രനുമായി അഴിമുഖം പ്രതിനിധി രാകേഷ് നായര്‍ നടത്തിയ സംഭാഷണം.

മതവര്‍ഗീയവാദം അതിന്റെ സീമകള്‍ ലംഘിച്ചു മുന്നേറുകയാണ്. ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സിപിഐക്ക് ഇക്കാര്യത്തില്‍ എത്രകണ്ട് പ്രതിരോധങ്ങള്‍ ഉയര്‍ത്താന്‍ കഴിയുന്നുണ്ട്?
ഇടതുപക്ഷവും സിപിഐയും എന്നും നിലകൊണ്ടിട്ടുള്ളത് മതനിരപേക്ഷ ഇന്ത്യക്കായാണ്. മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിച്ചു നിര്‍ത്തുന്നതാണ് മതനിരപേക്ഷതയിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്. രാഷ്ട്രീയത്തില്‍ മതത്തിന്റെ സ്വാധീനം ഉണ്ടാകരുത്. ഭരണകൂടത്തിന്റെ മേല്‍ മതത്തിന്റെ സമ്മര്‍ദ്ദം ഉയര്‍ന്നുവരാന്‍ പാടില്ല. മതവും രാഷ്ട്രീയവും വ്യത്യസ്ത ദിശയില്‍ സഞ്ചരിക്കേണ്ടവയാണ്. അവ തമ്മില്‍ ചേരുന്ന സാഹചര്യം ഉണ്ടാകുന്നതാണ് മറ്റു മതവിഭാഗങ്ങള്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാക്കുന്നതും അതുവഴി സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും രൂപപ്പെടുന്നതിന് കാരണമാകുന്നതും. ഈ വിടവിലൂടെ അധികാരത്തില്‍ വരാന്‍ കഴിയും എന്നു ചിന്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുണ്ട്. ഉത്തരേന്ത്യയില്‍ ബിജെപി സാധ്യമാക്കിയത് ഈ വഴിയാണ്. അതു തന്നെ അവര്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നവോത്ഥാനവഴിയില്‍ ഏറെ മുന്നോട്ടുപോയൊരു സംസ്ഥാനത്ത് അതിനവര്‍ക്കു കഴിയുന്നില്ല. അത്തരമൊരു പ്രതിരോധം ഇവിടെ തീര്‍ക്കുന്നത് ഇടതുപക്ഷമാണ്. ഈ അടിത്തറ കൂടുതല്‍ ശക്തമാക്കാനാണ് ഇടതുപക്ഷമാണെങ്കിലും സിപിഐ ആണെങ്കിലും ശ്രമിച്ചു പോരുന്നത്.

മതനിരപേക്ഷത പറയുമ്പോള്‍ പോലും സഖാവില്‍ നിന്നു തന്നെ ന്യൂനപക്ഷ/ ഭൂരിപക്ഷ പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നു. ഇത് തെറ്റിദ്ധാരണകള്‍ക്ക് വഴിയൊരുക്കില്ലേ?
ഞങ്ങള്‍ ഹിന്ദുവിന് എതിരല്ല, എന്നാല്‍ ഹിന്ദുത്വത്തിന് എതിരാണ്. ഭരണകൂടം അനുശാസിക്കുന്ന ന്യൂനപക്ഷസംരക്ഷണത്തിനായി പാര്‍ട്ടി എന്നും പോരാടുന്നുണ്ട്. അതേസമയം ന്യൂനപക്ഷ പ്രീണനത്തെ ശക്തിയായി എതിര്‍ക്കുന്നു. ന്യൂനപക്ഷ സംരക്ഷണവും ന്യൂനപക്ഷ പ്രീണനവും രണ്ടാണ്. വര്‍ഗീയത ന്യൂനപക്ഷത്തിന്റെയാണെങ്കിലും ഭൂരിപക്ഷത്തിന്റെയാണെങ്കിലും എതിര്‍ക്കണം. ഞങ്ങള്‍ മതത്തെയല്ല വര്‍ഗീയതയെയാണ് എതിര്‍ക്കുന്നത്.

കേരളത്തില്‍ നടക്കുന്നത് ന്യൂനപക്ഷ സംരക്ഷണമോ ന്യൂനപക്ഷ പ്രീണനമോ?
ന്യൂനപക്ഷ സംരക്ഷണമാണ് ഭരണഘടനയില്‍ പറയുന്നത്. പക്ഷെ ന്യൂനപക്ഷ സമുദായത്തിലെ സമ്പന്നരായിട്ടുള്ള ഒരു വിഭാഗം ഭരണകൂടത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി അവരുടെ വാണിജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. യുഡിഎഫ് ഭരണകാലത്ത് കേരളത്തില്‍ നടക്കുന്നത് അതാണ്. ന്യൂനപക്ഷം പടിപടിയായി ഭൂരിപക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം.

ബിജെപി പറയുന്നതും അതാണ്. ഭൂരിപക്ഷസമുദായത്തിലെ അവഗണിക്കപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് അവരും ശബ്ദമുയര്‍ത്തുന്നത്?
ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും പ്രത്യയശാസ്ത്രം ഹിന്ദുവിനെ ഒരുമിപ്പിക്കുന്നതല്ല. സവര്‍ണ്ണ ഹിന്ദുവിന്റെ മേധാവിത്വം ഭൂരിപക്ഷം വരുന്ന ജനസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ചാതുര്‍വര്‍ണ്യത്തില്‍ അടിസ്ഥാനമായ പ്രത്യയശാസ്ത്രമാണ് അവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഭൂരിപക്ഷസമുദായത്തിലെ ന്യൂനപക്ഷത്തിന്റെ താത്പര്യങ്ങള്‍ അവര്‍ സംരക്ഷിക്കുന്നില്ല.

എസ്എന്‍ഡിപി പോലുള്ള പിന്നാക്ക സമുദായ സംഘടന ബിജെപിക്കൊപ്പമാണ്. ഇത് ഇടതുപക്ഷത്തിന് തിരിച്ചടിയാകില്ലേ?
എസ്എന്‍ഡിപി നേതൃത്വം ഒരുകാലത്തും ഇടതുപക്ഷത്തിനൊപ്പം ആയിരുന്നില്ല. അതേസമയം ഈഴവ ജനസമൂഹം എന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പവുമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് അവര്‍ക്ക് ഇന്നു കാണുന്ന സാമൂഹിക പുരോഗതി നേടിക്കൊടുത്തത്. കള്ളുചെത്തു തൊഴിലാളികള്‍ക്ക് മനുഷ്യരെപ്പോലെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുത്തത് പാര്‍ട്ടിയാണ്. 57 ലെ സര്‍ക്കാരാണ് ജന്മി-കുടിയാന്‍ അന്തരം ഇല്ലാതാക്കിയത്. മണ്ണില്ലാത്തവന് മണ്ണു നേടിക്കൊടുത്തത്. അതെല്ലാം സാധാരണ മനുഷ്യര്‍ മറക്കില്ല. നേതൃത്വം എന്തുവേണമെങ്കിലും കാണിച്ചോട്ടെ, ഞങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയാണ് വേണ്ടത്.

നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരെ ഒന്നിപ്പിക്കാന്‍ എസ്എന്‍ഡിപി തയ്യാറെടുക്കുകയാണ്
അതൊരിക്കലും പ്രാവര്‍ത്തികമാകാന്‍ പോകുന്ന ഒന്നല്ല. ഇന്ത്യയുടെ ചരിത്രം നോക്കിയാല്‍ മനസ്സിലാകും. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ അടിമകളും അതിലെ ഒരു ന്യൂനപക്ഷത്തിന്റെ കൈയില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നതാണ് ഹിന്ദുമതത്തിലെ രീതി. അതില്‍ നിന്നു വ്യതിചലിക്കാന്‍ സവര്‍ണവിഭാഗം തയ്യാറാകില്ല എന്നതു തന്നെ എസ്എന്‍ഡിപി നേതൃത്വത്തിന്റെ തയ്യാറെടുപ്പുകളെ പരാജയപ്പെടുത്തും.

എസ്എന്‍ഡിപി-ബിജെപി ബന്ധത്തെ വി എസ് അച്യുതാനന്ദനും സിപിഐഎമ്മും ശക്തമായി എതിര്‍ത്തുപോരുന്നുണ്ടെങ്കിലും സിപിഐയുടെ ഭാഗത്തു നിന്ന് അത്തരത്തില്‍ വലിയ എതിര്‍പ്പുകളൊന്നും ഉയര്‍ന്നു കേള്‍ക്കുന്നില്ല. സമുദായവോട്ടാണോ ഇതില്‍ നിന്നു നിങ്ങളെ വിലക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയില്‍ പാര്‍ട്ടിയുടെ നാലു മന്ത്രിമാരും ഒരു സമുദായത്തില്‍ നിന്നുള്ളവരായിരുന്നു?
എസ്എന്‍ഡിപി നേതൃത്വത്തിന്റെ സൗജന്യം ഒരുകാലത്തും സിപിഐക്ക് ആവശ്യമില്ല. 57 ലെ സര്‍ക്കാരിനെതിരല്ലായിരുന്നോ എസ്എന്‍ഡിപി നേതൃത്വം? വിമോചന സമരത്തില്‍ അവര്‍ എതിര്‍ പാളയത്തില്‍ ആയിരുന്നു. പുന്നപ്ര വയലാര്‍ സമരകാലത്ത് ആര്‍ ശങ്കര്‍ ചേര്‍ത്തലയിലും വയലാറിലുമൊക്കെ നടന്ന് പ്രസംഗിച്ചത് ഈഴവര്‍ ആരും സമരത്തില്‍ പങ്കെടുക്കരുതെന്നായിരുന്നു. എന്നാല്‍ ശങ്കറിനെ തള്ളിക്കൊണ്ടാണ് തൊഴിലാളികള്‍ സമരത്തില്‍ അണി ചേര്‍ന്നത്. ജാതിയല്ല, വര്‍ഗസമരത്തിനാണ് പ്രാധാന്യമെന്നു തൊഴിലാളികള്‍ പറഞ്ഞു. അതാണ് ഞങ്ങള്‍ പറയുന്നത്, നേതൃത്വം എത്രകണ്ട് എതിരു നിന്നാലും സമുദായത്തിലെ സാധാരണ ജനങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കൊപ്പമാണെന്ന്.

എസ്എന്‍ഡിപി-ബിജെപി ബന്ധത്തിനെതിരെ സിപിഐ നിലപാടുകള്‍ എടുക്കുന്നില്ലെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ സിപിഐക്ക് ഞങ്ങളുടെതായൊരു രീതിയുണ്ട്. ഈയൊരു കൂട്ടുകെട്ടിന്റെ ദോഷങ്ങള്‍ എന്തൊക്കെയാണെന്നു സമുദായംഗങ്ങളെ ബോധ്യപ്പെടുത്താനാണ് സിപിഐ ശ്രമിക്കുന്നത്. അല്ലാതെ രാവിലെ മുതല്‍ വൈകുന്നേരം വരെ മൈക്ക് കെട്ടിവച്ച് വെള്ളാപ്പള്ളി നടേശനെ ചീത്തവിളിക്കുന്നതില്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. സമുദായത്തിന് ചിന്തിക്കാന്‍ പറ്റുന്ന ആശയങ്ങള്‍ പകരുകയാണ് സിപിഐ ചെയ്യുന്നത്. അതേ സിപിഐ ചെയ്യൂ.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ- പന്‍സാരയുടെ കൊലപാതകം മുതല്‍ ഭക്ഷണസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം വരെ- മുതലെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയാതെ പോകുന്നുണ്ടോ? സിപിഐഎം ആണെങ്കില്‍ ഈ കാര്യത്തിലൊക്കെ നല്ല മാധ്യമശ്രദ്ധ നേടുകയുമാണ്?
ഗോവിന്ദ് പന്‍സാരയുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ കാമ്പയിന്‍ അതിശക്തവും വിട്ടുവീഴ്ച്ചയില്ലാത്തുമാണ്. രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിട്ടുമുണ്ട്. നവംബര്‍ 24 ന് പന്‍സാരയുടെ ജന്മദിനത്തില്‍, മഹാരാഷ്ട്രയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അദ്ദേഹത്തിന്റെ ‘ആരാണ് ശിവജി’ എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ പ്രഭാത് ബുക്‌സിലൂടെ പുറത്തിറക്കുകയാണ്. ദേശീയതലത്തില്‍ തന്നെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പന്‍സാരെയുടെ കാര്യത്തിലായാലും കല്‍ബുര്‍ഗിയുടെയോ ഭഗവാന്റെയോ കാര്യത്തിലാണെങ്കിലും സിപിഐ ഉറച്ചതും വിട്ടുവീഴ്ച്ചയില്ലാത്തതുമായ നിലപാടുകളാണ് കൈക്കൊണ്ടുപോരുന്നത്. ഭക്ഷണസ്വാതന്ത്ര്യത്തിന്റെ കാര്യത്തിലാണെങ്കിലും അതേ നിലപാടു തന്നെയാണ് പിന്തുടരുന്നത്. കേരള ഹൗസിലെ സംഭവത്തില്‍ പോലും പാര്‍ട്ടി വേണ്ട രീതിയില്‍ തന്നെ പ്രതിഷേധിച്ചിരുന്നു. പൊതുജനങ്ങളോട് അതേ കുറിച്ചു ചര്‍ച്ച നടത്തി. ഏത് ആചാരങ്ങളുടെ പേരിലാണെങ്കിലും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതില്‍ നിന്നു വിലക്കുന്നത് ഫാസിസം തന്നെയാണ്. സര്‍ക്കാര്‍ ഒരു വ്യക്തിയുടെ ഭക്ഷണകാര്യത്തില്‍ ഇടപെടലുകള്‍ നടത്തിയാല്‍ അത് ഏകാധിപത്യമാണ്. ഞാന്‍ എന്തു കഴിക്കണം എന്നു തീരുമാനിക്കുന്നത് ഭരണകൂടമോ സംഘടനകളോ അല്ല. അത്തരം മൗലികാവകാശങ്ങള്‍ ഹനിക്കുന്നതിനെതിരെ സിപിഐയുടെ പോരാട്ടത്തില്‍ വിട്ടുവീഴ്ച്ച ഉണ്ടാവില്ല. പിന്നെ, ഞങ്ങള്‍ എന്തു ചെയ്യുന്നുവെന്നു ജനങ്ങള്‍ കാണുന്നുണ്ട്. ജനകീയ ശ്രദ്ധയാണ് വലുത്.

പൊതുവില്‍ ഇടതുമുന്നണിക്കകത്ത് പ്രശനങ്ങള്‍ ഒന്നും ഇല്ലാതെ ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോഴാണ് എല്‍ഡിഎഫിന്റെ നായകത്വം ആര്‍ക്കാണാണെന്ന തര്‍ക്കത്തിന് സിപിഐ വഴിമരുന്നിട്ടത്. അനാവശ്യമായൊരു വിവാദമല്ലേ ഉണ്ടാക്കിയത്?
പാര്‍ട്ടി ഒരു വിവാദവും ഉണ്ടാക്കിയിട്ടില്ല. സിപിഐയുടെ നിലപാടുകള്‍ എന്താണെന്നു പാര്‍ട്ടി സെക്രട്ടറിയാണ് പറയുന്നത്. ഏതെങ്കിലുമൊക്കെ നേതാക്കന്മാര്‍ പറയുന്നത് പാര്‍ട്ടിയുടെ അഭിപ്രായം ആകില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയോ അഭിപ്രായങ്ങളില്‍ എത്തുകയോ രൂപീകരിക്കുകയോ ചെയ്യുന്നൊരു കാര്യം പര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് ആധികാരികമായി പറയുന്നത്. മറ്റു നേതാക്കന്മാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെതല്ല എന്നു പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ അതിന്റെ പുറത്തൊരു വിവാദത്തിന്റെ ആവശ്യമില്ലല്ലോ.

ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന പ്രധാന ചര്‍ച്ച പവ്വത്തില്‍ പിതാവ് സഖാവ് ടി വി തോമസിന്റെ ദൈവവിശ്വാസവുമായി ബന്ധപ്പെട്ടു പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ്. ഈ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് എന്താണ്?
പവ്വത്തില്‍ പിതാവിന്റെ ഉദ്ദേശം എന്താണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണം. 1972 ല്‍ നടന്നൊരു കാര്യം ഇത്രയും നാളും അദ്ദേഹം എന്തുകൊണ്ട് മിണ്ടാതിരുന്നു? പവ്വത്തില്‍ പിതാവ് ആദ്യമായി ബിഷപ്പ് ആകുന്നത് കാഞ്ഞിരപ്പള്ളി രൂപതിയാലാണെന്നാണ് എന്റെ ഓര്‍മ്മ. ഈ സമയത്ത് അദ്ദേഹം ചങ്ങനാശ്ശേരി രൂപതയില്‍ സഹായമെത്രനോ മറ്റോ ആണ്. അതില്‍ തന്നെ അദ്ദേഹം പറയുന്നതുമായി പൊരുത്തക്കേടുകളുണ്ട്. സഖാവ് ടി വിയുടെ പാരമ്പര്യം എന്താണെന്നു കേരളത്തിന് അറിയാം. പുന്നപ്ര വയലാര്‍ സമര കാലത്ത് തൊഴിലാളികളുടെ നേതാവായി സര്‍ സിപിയെ കാണാന്‍ പോകുന്നത് സഖാവാണ്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അടങ്ങിയ മെമ്മോറാണ്ടം വായിച്ച് അതില്‍ രാഷ്ട്രീയം പാടില്ല എന്ന ഒറ്റ നിബന്ധന അംഗീകരിച്ചാല്‍ ബാക്കിയെല്ലാ തൊഴിലാളി ഡിമാന്‍ഡുകളും അംഗീകരിക്കാമെന്നു സിപി പറഞ്ഞപ്പോള്‍ ആ സമക്ഷംവെച്ച് സാധ്യമല്ല എന്നു പറഞ്ഞ ധീരനാണ് സഖാവ് ടി വി തോമസ്. അങ്ങനെയുള്ളരാള്‍ തന്റെ ജീവിതരീതികളില്‍ നിന്നു വ്യതിചലിക്കുമോ? തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കിടക്കുമ്പോള്‍ ഒരു ദിവസം അദ്ദേഹത്തിന്റെ സഹോദരന്‍ ടി വി ചാക്കോ ഏതാനും പുരോഹിതന്മാരുമായി ചെന്ന് അന്ത്യകൂദാശ വേണോ കുമ്പസാരിക്കാണോ എന്നൊക്കെ ചോദിച്ചു. ഞാന്‍ മരിക്കാറിയിട്ടില്ല, നിങ്ങളെന്റെ മരണം അന്വേഷിച്ചു വന്നതാണോ എന്നു ചോദിച്ച് അദ്ദേഹം അവരെ മടക്കി അയക്കുകയായിരുന്നു. പിന്നീട് അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയിരുന്ന എന്‍ ഇ ബാലറാമിനോടും എന്‍ പി ചന്ദ്രസേനനോടും ടിവി പറഞ്ഞത് എന്നെ പുന്നപ്ര വയലാര്‍ സമരസേനാനികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടില്‍ അടക്കണം എന്നായിരുന്നു. ടി വിയുടെ കൂടെ ഉണ്ടായിരുന്ന കെ കെ കുഞ്ഞന്‍, എം ടി ചന്ദ്രസേനന്‍ എന്നിവര്‍ ടി വി യെ കുറിച്ച് എഴുതിയ പുസ്തകങ്ങള്‍ വായിച്ചാല്‍ ആരായിരുന്നു സഖാവ് എന്നു മനസ്സിലാക്കാം. ടി വി ദൈവവിശ്വാസി ആയിരുന്നുവെന്നത് പവ്വത്തില്‍ പിതാവിന്റെ നിഗനമമാണ്. തെറ്റായൊരു നിഗമനത്തിന് ഞങ്ങള്‍ എന്തിന് സമാധാനം പറയണം.

വിശ്വാസത്തെ എന്തിനാണ് ഇനിയും കമ്യൂണിസ്റ്റുകാര്‍ മനസ്സില്‍ അടച്ചുപൂട്ടിവയ്ക്കുന്നത്?
ഞങ്ങളുടെ പാര്‍ട്ടിയില്‍ ദൈവവിശ്വാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. വിശ്വാസം മനുഷ്യന്റെ വ്യക്തിപരമായ പ്രശ്‌നമാണ്, സമൂഹത്തിന്റെതല്ല, രാഷ്ട്രീയം സമൂഹത്തിന്റെ പ്രശ്‌നമാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട തത്വശാസ്ത്രങ്ങളിലാണ് കമ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നത്. വിശ്വാസിക്ക് പാര്‍ട്ടിയില്‍ ഇടമില്ലെന്നു ഞങ്ങള്‍ പറയുന്നില്ല. ഔദ്യോഗിക ഭാരവാഹിത്വത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമുദായസംഘടനയിലോ മറ്റോ പ്രവര്‍ത്തിക്കരുതെന്നുമാത്രമാണ് നിര്‍ദേശമുള്ളത്.

മതസംഘടനകളുടെ പ്രധാന്യത്തെകുറിച്ചും ഇവയ്ക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ മേലുള്ള നിയന്ത്രണത്തെക്കുറിച്ചുമൊക്കെ സഖാവിനോടുള്ള മറുപടി കൂടിയായി കാാന്തപുരം അബൂബക്കര്‍ മുസല്യാര്‍ പ്രസ്താവന നടത്തുകയുണ്ടായി?
കാന്തപുരം പറയുന്നതിനൊന്നും മറുപടി പറയാന്‍ എനിക്കു താത്പര്യമില്ല. അദേഹം എല്ലാകാര്യത്തിലെയും സര്‍വവിജ്ഞാനകോശം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല. ഇവരെ പോലുള്ളവരാണ് മതം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. സ്ത്രീകള്‍ തെരഞ്ഞെടുപ്പ് രംഗത്തേക്കു വരേണ്ടെന്ന് പറയുന്നു. അവരുടെ കൂട്ടത്തില്‍ അതാണ് താത്പര്യമെങ്കില്‍ ആയിക്കോട്ടെ, പക്ഷെ അത് എല്ലാവരുടെയും മേല്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കരുത്. പാശ്ചാത്യരാജ്യങ്ങളിലെല്ലാം ലിംഗസമത്വത്തിനുവേണ്ടി പോരാട്ടം നടക്കുമ്പോഴാണ് ഇവിടെ സ്ത്രീകള്‍ വീടിനകത്ത് ഇരുന്നാല്‍ മതിയെന്നു പറയുന്നത്. സ്ത്രീവിരുദ്ധമായ നിലപാടുകള്‍ക്കെതിരെ എന്നും ശക്തമായി തന്നെ സിപിഐ പ്രതികരിച്ചിട്ടുണ്ട്. ജനസംഖ്യാനുപാതത്തില്‍ സ്ത്രീസംവരണം വേണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. രാഷ്ട്രീയം പുരുഷന്മാര്‍ക്കു മാത്രമുള്ളതാണെന്ന ധാരണയൊക്കെ തിരുത്തപ്പെട്ടു കഴിഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃനിരയിലും സ്ത്രീപ്രാതിനിധ്യം കുറവാണല്ലോ?
മെംബര്‍ഷിപ്പിലുള്ള പ്രാതിനിധ്യമല്ലേ നേതൃത്വത്തിലും ഉണ്ടാവൂ. കേരളത്തില്‍ സിപിഐ അതിന്റെ ജനകീയാടിത്തറ വിപുലമാക്കുകയാണ്. തീര്‍ച്ചയായും അതിന്റെ ഭാഗമായി കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം പാര്‍ട്ടിയുടെ നേതൃത്വത്തിലും ഉണ്ടാകും.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്ലാപ്പാര്‍ട്ടികളും നേരിടുന്നൊരു പ്രശ്‌നമാണല്ലോ റിബലുകള്‍. അതേപോലെ പലയിടത്തും സിപി ഐഎം -സിപിഐ പോരാട്ടവും നടക്കുന്നുണ്ട്?
റിബലുകള്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ല. അത് കോണ്‍ഗ്രസിലും യുഡിഎഫിലുമാണ്. അവരുടെ നാണക്കേട് മറയ്ക്കാനാണ് എല്ലാ പാര്‍ട്ടികളിലും ഈ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പറയുന്നത്. ഇരുപത്തിനാലായിരത്തോളം സീറ്റുകളിലേക്കുള്ള മത്സരം നടക്കുമ്പോള്‍ ഏതാണ്ട് നാല്‍പ്പത് സീറ്റുകളിലാണ് സിപിഐഎമ്മും സിപിഐയും പരസ്പരം മത്സരിക്കുന്നത്. അതിനെ ഒട്ടും ഗൗരവത്തില്‍ കാണേണ്ടതില്ല. ഞങ്ങള്‍ക്കിടയില്‍ ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ല. ഇടതു മുന്നണി ഒറ്റക്കെട്ടാണ്.

മുസ്ലിം ലീഗ് ഇടതുമുന്നണിയിലേക്കു വരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നു?
ഒരു ചര്‍ച്ചയും ഇപ്പോള്‍ നടക്കുന്നില്ല. ഓരോ പാര്‍ട്ടിയും ഇപ്പോള്‍ പിന്തുടരുന്ന നിലപാടുകളുണ്ട്. നാളെയത് മാറ്റിയേക്കാം. മുസ്ലിം ലീഗ് ഒരു വര്‍ഗീയ കക്ഷിയാണന്നു ഞാന്‍ പറയില്ല. എന്നാല്‍ ലീഗ് മതനിരപേക്ഷതയുള്ള പാര്‍ട്ടിയല്ല. ഇടതുപക്ഷം മതനിരപേക്ഷതയില്‍ ഉറച്ചു നില്‍ക്കുന്ന മുന്നണിയാണ്. അങ്ങനെയുള്ളപ്പോള്‍ അവര്‍ക്ക് എങ്ങനെ ഇങ്ങോട്ടുവരാന്‍ കഴിയും? ലീഗ് ആണെങ്കിലും കേരള കോണ്‍ഗ്രസ് ആണെങ്കിലും മന്‍മോഹന്‍ സിംഗ്-മോദി സര്‍ക്കാരുകളുടെ സാമ്പത്തിക നയങ്ങളെ പിന്താങ്ങുന്ന പാര്‍ട്ടികളാണ്. ആ നിലപാടുകള്‍ തുടരുന്നിടത്തോളം അവര്‍ക്ക് ഇടതുമുന്നണിയില്‍ സ്ഥാനമില്ല.

നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് മുന്നണി വിട്ട പാര്‍ട്ടികളെ തിരികെ കൊണ്ടുവരാന്‍ കഴിയുമോ?
മുന്നണി വിട്ടുപോയ പാര്‍ട്ടികള്‍ തിരികെ വരണമെന്നാണ് സിപിഐ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. കൊല്ലത്ത് നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ സഖാവ് സി കെ ചന്ദ്രപ്പന്‍ തന്നെ ജെഡിയു തിരികെ മുന്നണിയിലേക്കു വരണമെന്നു ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ പോസിറ്റീവ് ആയി ചിന്തിക്കുകയാണ്. അവരും അങ്ങനെ ചിന്തിച്ചാല്‍ മാത്രമെ കാര്യമുള്ളൂ. മുന്നണി മാറുക എന്നതൊക്കെ പെട്ടെന്നൊരു ദിവസം നടക്കുന്ന തീരുമാനമല്ല. എന്നാലും ഞങ്ങള്‍ക്കു പ്രതീക്ഷയുണ്ട്. പ്രതീക്ഷകളാണല്ലോ മനുഷ്യനെ മുന്നോട്ടു കൊണ്ടുപോകുന്നത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍