UPDATES

കാനം രാജേന്ദ്രന്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറി; കെ ഇ ഇസ്മയില്‍ പിന്‍മാറിയത് അവസാന നിമിഷം

അഴിമുഖം പ്രതിനിധി

സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. പന്ന്യന്‍ രവീന്ദ്രന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരം ഉണ്ടാവുമെന്നായിരുന്ന പൊതു വിശ്വാസം. കാനവും മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയിലും സെക്രട്ടറി സ്ഥാനത്തിനായി നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലാണ് കാനത്തെ സെക്രട്ടറി പദവിയില്‍ എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

വോട്ടെടുപ്പിലേക്ക് നീങ്ങിയ ഘട്ടത്തില്‍ ഇരു നേതാക്കളെയും കേന്ദ്ര നേതൃത്വം ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. 89 അംഗ സംസ്ഥാന കൗണ്‍സിലില്‍ 50 ലേറെ പേരുടെ പിന്തുണ അവകാശപ്പെട്ടുകൊണ്ടാണ് ഇസ്മയില്‍ പക്ഷം തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ നടത്തിയത്. എന്നാല്‍ അഖിലേന്ത്യാ സെക്രട്ടറി സുധാകര്‍ റെഡ്ഢി പിന്മാറാണമെന്ന് ഇസ്മയിലിനോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു എന്നറിയുന്നു.

സിപിഎമ്മിനെതിരെ ശക്തമായ നിലപാടുകളുടെ പേരിലാണ് കാനം രാജേന്ദ്രന്‍ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇടത് മുന്നണിയില്‍ കാനത്തിന്റെ നിലപാടുകള്‍ നിര്‍മണായകമാകും. പ്ര്‌ത്യേകിച്ചും സംസ്ഥാന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഎമ്മിനെതിരെ കനത്ത വിമര്‍ശനം സിപിഐ ഉന്നയിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍.

നിലവില്‍ എഐടിയുസി സംസ്ഥാന പ്രസിഡന്റാണ് കാനം രാജേന്ദ്രന്‍. 1950 നവംബര്‍ പത്തിന് ജനിച്ച കാനം രാജേന്ദ്രന്‍ രണ്ട് തവണ വാഴൂര്‍ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, എഐടിയുസി വൈസ് പ്രസിഡന്റ്, എഐവൈഎഫ് ദേശീയ കൗണ്‍സില്‍ മെമ്പര്‍, സിപിഐ സ്റ്റേറ്റ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍