UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

എം ബി സന്തോഷ്

ന്യൂസ് അപ്ഡേറ്റ്സ്

കാനവും കോടിയേരിയും അമരക്കാരാവുമ്പോള്‍

ഇരുപതാം വയസ്സില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ സംസ്ഥാന സെക്രട്ടറിമാരായവരിലേക്ക് രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സംസ്ഥാന സെക്രട്ടറി പദം കൈമാറുമ്പോള്‍ കേരളം പുതിയ പ്രതീക്ഷകളോടെയാണ് ഇരുവരെയും  ഉറ്റുനോക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണവര്‍. ഇരുവരും രണ്ട് പാര്‍ട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാരായത് ഐകകണ്‌ഠ്യേനയാണ്. കോടിയേരിയും കാനവും ഇത്തവണ ഈ ഇടത് കക്ഷികളുടെ സംസ്ഥാന സെക്രട്ടറിമാരാവുമെന്ന നേരത്തെയുണ്ടായിരുന്ന പ്രതീക്ഷ യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായി ഐകകണ്ഠ്യന തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രന്‍ ഇരുപതാം വയസ്സില്‍ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ്. ഇരുപത്തെട്ടാം വയസ്സില്‍ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗമാകാനുള്ള ഭാഗ്യം ലഭിച്ചു. സി.അച്യുതമേനോനും എം.എന്‍.ഗോവിന്ദന്‍നായര്‍ക്കും ടി.വി.തോമസിനും എന്‍.ഇ.ബലറാമിനുമൊപ്പം ഈ ‘ബേബി’യും പാര്‍ട്ടിയുടെ ഏറ്റവും മികച്ച നാളുകളില്‍ നയിക്കാന്‍ മുന്നില്‍ നിന്നു. അവിടെനിന്ന് അങ്ങോട്ട് വളര്‍ച്ചയിലെ കുതിപ്പ് മുരടിച്ചുപോയതായാണ് അനുഭവം.

കാനം രാജേന്ദ്രന്‍ വാഴൂരില്‍നിന്ന് 1982ല്‍ നിയമസഭയിലെത്തുമ്പോള്‍ തലശ്ശേരിയില്‍നിന്ന് കോടിയേരി ബാലകൃഷ്ണനും അവിടെയുണ്ടായിരുന്നു. ഇരുവരുടെയും കന്നി നിയമസഭ. രണ്ടുപേരും പാര്‍ലമെന്ററി രംഗത്ത് മികച്ച വാഗ്ദാനങ്ങളാണെന്ന് ആദ്യമേ തെളിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ എതിരാളികളെ ആക്രമിച്ച് കീഴടക്കാനുള്ള പ്രസംഗ വൈഭവം അന്നത്തെ ഈ യുവനേതാക്കള്‍ക്കുണ്ടായിരുന്നു. നിയമസഭ തിളച്ചുമറിഞ്ഞ അക്കാലയളവില്‍ കോടിയേരിയും കാനവും മുന്‍നിര പോരാളികളായി. ചെറുപ്പത്തിന്റെ വാക്ശരങ്ങളുതിര്‍ത്ത് പാര്‍ട്ടിയുടെയും മുന്നണിയുടെയും മികച്ച റേക്കോര്‍ഡിന് ഇരുവരും കാരണക്കാരായി. 1987ല്‍ ഇരുവരും അതേ മണ്ഡലങ്ങളില്‍നിന്ന് വീണ്ടും എം.എല്‍.എമാരായി തിരഞ്ഞെടുക്കപ്പെട്ടു. കാനം രാജേന്ദ്രന്‍ അവതരിപ്പിച്ച സ്വകാര്യബില്ലാണ് കെട്ടിടനിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡായി പരിണമിച്ചത്. 1982 – 87 കാലയളവില്‍ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനോട് മികച്ച നിയമസഭാംഗമാരെന്ന ചോദ്യത്തിന് ‘സി.പി.ഐയിലെ പയ്യന്‍ കാനം രാജേന്ദ്രന്‍ ‘ എന്നായിരുന്നു മറുപടി. എന്നാല്‍, പിന്നീട് പാര്‍ലമെന്ററി രംഗത്ത് വാഴൂരിലെ തുടര്‍ച്ചയായ തോല്‍വി കാനം രാജേന്ദ്രന്‍ എന്ന ചെറുപ്പക്കാരനായ നേതാവിന്റെ ക്രമാനുഗതമായ വളര്‍ച്ചക്ക് തടസ്സമായി. ഇരുവരും ഒരുമിച്ചിരുന്ന നിയമസഭാ സമ്മേളനങ്ങള്‍ക്കുശേഷം പാര്‍ലമെന്ററി രംഗത്തുനിന്ന് ഒരു ദശകത്തോളം വിട്ടുനിന്ന കോടിയേരി 2001ല്‍  സി.പി.എമ്മിന്റെ നെടുങ്കോട്ടയായ തലശ്ശേരിയില്‍ വീണ്ടും മത്സരിക്കാനെത്തി. ഒടുവിലത്തെ മൂന്ന്  തിരഞ്ഞെടുപ്പുകളിലും കോടിയേരി ജയിക്കുമോ എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പെടെയുള്ള അവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍പോലും ആരാഞ്ഞില്ല, ഭൂരിപക്ഷം എത്രയായിരുന്നു എന്നുമാത്രമായിരുന്നു അന്വേഷിക്കാനുണ്ടായിരുന്നത്.

കഴിഞ്ഞ തവണ കാനമായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വരേണ്ടിയിരുന്നത്. അന്ന് പക്ഷേ, അത് തട്ടിത്തെറിപ്പിച്ചത് പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വമായിരുന്നു. നിയമസഭാ കക്ഷിനേതാവായിരുന്ന സി.ദിവാകരനായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ നോമിനി. അത് അംഗീകരിക്കാനാവില്ലെന്ന കര്‍ശന സമീപനം കാനവും കൈക്കൊണ്ടു. നേതാക്കളെ കെട്ടിയിറക്കാനാവില്ലെന്ന നിലപാടിന് സംസ്ഥാന സമ്മേളന പ്രതിനിധികള്‍ക്കിടയില്‍ സ്വീകാര്യത കൂടിയപ്പോള്‍ കേന്ദ്രനേതൃത്വത്തിന് പുനരാലോചന വേണ്ടിവന്നു. അങ്ങനെയാണ് സമവായ സെക്രട്ടറിയായി പന്ന്യന്‍ രവീന്ദ്രനെ കേന്ദ്രനേതൃത്വം മുന്നോട്ടുവച്ചത്. അത് അംഗീകരിക്കപ്പെട്ടു. കഴിഞ്ഞ തവണ എതിര്‍ത്ത അതേ കേന്ദ്രനേതൃത്വത്തെക്കൊണ്ടുതന്നെ സെക്രട്ടറി സ്ഥാനത്തേക്ക് സ്വന്തം പേര് നിര്‍ദ്ദേശിപ്പിക്കാനായി എന്നത് തീര്‍ച്ചയായും കാനം രാജേന്ദ്രന്റെ മികവായി കാണാം. കഴിഞ്ഞ തവണ കേന്ദ്രേതൃത്വത്തിന്റെ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായിരുന്ന സി.ദിവാകരന്‍ ബെനറ്റ് എബ്രഹാമിനെ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കപ്പെട്ടതിന്റെ പേരില്‍ നടപടിക്ക് വിധേയനായി ചിത്രത്തില്‍ നിന്നേ അപ്രത്യക്ഷനായി എന്നത് വിധിയുടെ വിളയാട്ടമായി കമ്മ്യൂണിസ്റ്റകാരല്ലാത്തവര്‍ക്ക് തോന്നിക്കൂടെന്നില്ല.

കോടിയേരി ബാലകൃഷ്ണന്‍ മുപ്പത്താറാം വയസ്സില്‍ പാര്‍ട്ടിയിലെ ഏറ്റവും വലിയ ജില്ലയായ കണ്ണൂരിലെ സെക്രട്ടറിയായി. എന്നാല്‍, അമ്പത്തിനാലാം വയസ്സില്‍ സി.പി.എം പോളിറ്റ്ബ്യൂറോ അംഗമാകുന്നത് കേന്ദ്രനേതൃത്വത്തിന്റെ താല്പര്യപ്രകാരമായിരുന്നു.ഇത്തവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മറ്റാരുമാവില്ലെന്ന് നേരത്തേ ഉറപ്പിച്ചു. കോടിയേരി എതിരില്ലാതെയാണ് ഇത്തവണ സി.പി.എമ്മിന്റെ സംസ്ഥാനത്തെ അമരക്കാരനായത്.  സാങ്കേതികമായി കാനം രാജേന്ദ്രന്‍ ഐകകണ്‌ഠ്യേന സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അവസാന    നിമിഷംവരെയും നിയമസഭാകക്ഷി മുന്‍ നേതാവും മുന്‍മന്ത്രിയുമായ കെ.ഇ.ഇസ്മയിലും സെക്രട്ടറി സ്ഥാനത്തേക്കുള്ള പന്തയത്തില്‍ ഉണ്ടായിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പിന്‍മാറ്റം.

സി.പി.എമ്മില്‍ സ്ഥാപക നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാവണം കോടിയേരിയുടെ മുന്നോട്ടുള്ള പാത സുഗമമാവാന്‍ വേണ്ടത്. സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടെ ജനാധിപത്യപരമായി അഭിപ്രായം പറയാനുള്ള ഇടമല്ലാതായി എന്ന ആരോപണം വി.എസ് ഉയര്‍ത്തിയിട്ടുണ്ട്. കമ്മിറ്റിയില്‍ ചര്‍ച്ച ഇല്ലാതെ സെക്രട്ടറിയുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കുന്ന പ്രവണത മാറിയേ തീരൂ എന്നും വി.എസ് ആവശ്യപ്പെടുന്നുണ്ട്. കോടിയേരിയുടെ ശൈലി വ്യത്യസ്ഥ അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുക്കുന്നതാണ് എന്നത് പ്രതീക്ഷ നല്‍കുന്നു. സി.പി.എം കമ്മിറ്റികളിലെ ‘വി.എസ് വധം’ എന്ന അജണ്ടക്ക് ഇനിയെങ്കിലും മാറ്റമുണ്ടായേക്കാം. സി.പി.ഐ കമ്മിറ്റികളില്‍  വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. പാര്‍ട്ടി അംഗങ്ങളുടെ ആ ജനാധിപത്യാവകാശം തുടരാന്‍ കാനം മുന്‍കൈയെടുക്കുമെന്ന് കരുതാം.

‘അഡ്ജസ്റ്റുമെന്റല്ലാത്ത’ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഈ നേതാക്കള്‍ക്ക് കഴിയട്ടെ. നികുതിനിഷേധ സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്തശേഷം നേതാക്കളുടെ വീട്ടിലേയും പാര്‍ട്ടി ഓഫീസുകളിലേയും ബില്ലൊടുക്കുന്ന ‘വിപ്‌ളവമാതൃക’ ഇനി ഉണ്ടാവില്ലായിരിക്കാം. ‘പേമെന്റ്’ സ്ഥാനാര്‍ത്ഥികളല്ലാത്തവര്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരരംഗത്ത് വരുമെന്ന് കരുതാം.(തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തെറ്റുസംഭവിച്ചപ്പോള്‍ സി.പി.ഐ നടപടി എടുത്തെന്നും എറണാകുളത്ത് തെറ്റുപറ്റിയെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം എം.എം.ലോറന്‍സ് പറഞ്ഞിട്ട് ആ പാര്‍ട്ടിയില്‍ ചര്‍ച്ചപോലും നടന്നില്ലെന്ന് പ്രതിനിധി ചര്‍ച്ചകള്‍ക്ക് മറുപടി പറയവേ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞതിന് കോടിയേരി പ്രതികരിക്കുമോ, ആവോ?)അഴിമതിയുടെ പുതിയപുതിയ കഥകള്‍ കേരളത്തിന് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്ന യു.ഡി.എഫ് സര്‍ക്കാരിന് ഭീഷണിയാവുന്ന വിധത്തില്‍ എല്‍.ഡി.എഫിനെ മാറ്റിയെടുക്കാന്‍ കോടിയേരിക്കും കാനത്തിനും കഴിയുമോ എന്ന ആകാംക്ഷയിലാണ് കേരളീയര്‍.

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍