2016 ഡിസംബര്‍ 14ന് തയ്യാറാക്കിയിരിക്കുന്ന കത്ത് സിപിഐയുടെ മുഖപത്രമായ ന്യൂ ഏജിന്റെ എഡിറ്റര്‍ എന്‍ ചിദംബരം ആണ് ഒപ്പുവച്ചിരിക്കുന്നത്
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ രാജ്യസഭയിലേക്ക് അയയ്ക്കാനൊരുങ്ങി സിപിഐ കേന്ദ്ര നേതൃത്വം. 2018-ല്‍ നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ കാനം രാജ്യസഭയില്‍ എത്തണമെന്നും കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമാകണമെന്നുമാണ് ആവശ്യം.
എഐടിയുസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന സിപിഐ നേതാവുമായ ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്‍ദേശമനുസരിച്ച് 2016 ഡിസംബര്‍ 14ന് തയ്യാറാക്കിയിരിക്കുന്ന കത്ത് സിപിഐയുടെ മുഖപത്രമായ ന്യൂ ഏജിന്റെ എഡിറ്റര്‍ എന്‍ ചിദംബരമാണ് ഒപ്പുവച്ചിരിക്കുന്നത്. കത്തിന്റെ പകര്‍പ്പ് ഗുരുദാസ് ദാസ് ഗുപ്തയ്ക്കും അയച്ചിട്ടുണ്ട്.
ഗുരുദാസ് ദാസ് ഗുപ്തയാണ് കാനത്തെ രാജ്യസഭയിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. കേരളത്തിലെ പാര്‍ട്ടിയെ സംബന്ധിച്ചും, പ്രത്യേകിച്ച് കാനത്തിന്റെ കാര്യത്തില്‍ ഗുരുദാസിന് പ്രത്യേക താത്പര്യമുണ്ടെന്നും അതുകൊണ്ടു തന്നെ കാനം രാജ്യസഭയിലേക്ക് വരണമെന്ന അദ്ദേഹത്തിന്റെ തുടര്‍ച്ചയായ ആവശ്യം അംഗീകരിക്കണമെന്നും കത്തില്‍ പറയുന്നു. കാനത്തോട് ഇത് ആവശ്യപ്പെട്ടുകൊണ്ട് എഴുതിയ കത്ത് അഴിമുഖത്തിന് ലഭിച്ചു.
ഇതുകൂടാതെ ഹൈദ്രാബാദില്‍ നടക്കുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് മുതല്‍ കാനത്തെ മുഴുവന്‍ സമയ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാക്കാനാണ് തീരുമാനം. കേരള സെക്രട്ടറി എന്ന നിലയിലും കേന്ദ്ര സെക്രട്ടേറിയറ്റ് പ്രതിനിധി എന്ന നിലയില്‍ കേരളത്തിന്റെ ചുമതയ്ക്കു പുറമെ കാനത്തിന് തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെയും ചുമതലയുണ്ടാകും. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെ ഈ അധികചുമതല ഏറ്റെടുക്കണമെന്നും കാനത്തെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്ന കാര്യം ഗുരുദാസ് തന്നെ അവതരിപ്പിക്കുമെന്നും കത്തില്‍ പറയുന്നു. മലയാളിയായ ചിദംബരം ഗുരുദാസ് ദാസ് ഗുപ്തയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്.
കൂടാതെ പന്ന്യന്‍ രവീന്ദ്രനെ ഉടന്‍ തന്നെ പ്രോഗ്രാം കമ്മിഷനിലേക്ക് മാറ്റുമെന്നും കത്തില്‍ പറയുന്നുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ ഉയര്‍ച്ചയാണെന്നും ഭാഷാ പ്രശ്നം പരിഹരിക്കപ്പെടുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഈ വാര്‍ത്ത കാനം രാജേന്ദ്രന് നിഷേധിച്ചു. അത്തരമൊരു നീക്കം നടക്കുകയാണെങ്കില്‍ തന്റെ അറിവില്ലാതെ നടക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. മാത്രമല്ല രാജ്യസഭയിലേക്ക് അടുത്ത തെരഞ്ഞെടുപ്പ് നടക്കാന്‍ ഇനിയും സമയമുണ്ടല്ലോയെന്നും അദ്ദേഹം അഴിമുഖത്തോട് പ്രതികരിച്ചു.
എന്നാല്‍ 2015ല്‍ എംപി അച്യുതന് സ്ഥാനമൊഴിഞ്ഞപ്പോള്‍ സിപിഐയെ രാജ്യസഭയിലേക്ക് പരിഗണിച്ചിരുന്നില്ല. പകരം 2018-ല്‍ സിപിഎമ്മിന്റെ സിപി നാരായണന് ചുമതലയൊഴിയുമ്പോള്‍ സിപിഐ കാനത്തെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സാധ്യത ഏറെയാണ്. സിപിഐക്ക് ഇപ്പോള്‍ കേരളത്തില്‍ നിന്ന് രാജ്യസഭയില്‍ പ്രതിനിധികളില്ല.
ഇതിനിടെ കാനത്തിന് പകരം ആര് സംസ്ഥാന സെക്രട്ടറിയാകുമെന്ന ചര്‍ച്ചകളും സജീവമായിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതില്‍ സംസ്ഥാന സമിതിയില്‍ ശക്തമായ സ്വാധീനമുള്ള കെ ഇ ഇസ്മായിലിന്റെ പേരാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. അതേസമയം സംസ്ഥാന മന്ത്രിസഭയില്‍ പരിഗണിക്കാതിരുന്ന സി ദിവാകരനും ഈ സ്ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കാനുള്ള സാധ്യതയുണ്ട്.