UPDATES

സിനിമ

ഒരു കൊച്ചു വീട് വയ്ക്കണം, അതിനാണ് ഞാന്‍ സിനിമയിലേക്ക് തിരിച്ചെത്തിയത്: പി.കെ കാഞ്ചന സംസാരിക്കുന്നു

2016 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് കാഞ്ചന സ്വന്തമാക്കിയത് 86-ആം വയസിലാണ്

നാടകാഭിനയം, കഥാപ്രസംഗം, സിനിമ, വിപ്ലവം, കയറുപിരിത്തൊഴിലാളി; പികെ എന്ന സ്ത്രീയുടെ ജീവിതത്തില്‍ അവര്‍ ആടിയ വേഷങ്ങള്‍ പലതാണ്. സിനിമയില്‍ നിന്നും പിന്മാറി 41 വര്‍ഷങ്ങള്‍ക്കുശേഷം യാദൃശ്ചികമായി അതേ കലാരൂപത്തിലേക്ക് എത്തപ്പെടുകയും 86 ആം വയസില്‍ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്ത ആശ്ചര്യതയും കൂട്ടിവച്ചാല്‍ ഏറെ സംഭവബഹുലം തന്നെയാണു കാഞ്ചനയുടെ ജീവിതം. ഓര്‍മയുടെ റീലുകളില്‍ മങ്ങലേറ്റു തുടങ്ങിയെങ്കിലും തന്റെ ജീവിതം എന്തായിരുന്നുവെന്നു പറയുമ്പോള്‍ കാഞ്ചനയുടെ വാക്കുകളില്‍ അനുഭവങ്ങളുടെ കരുത്തുണ്ടായിരുന്നു. 2016 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ നടിക്കുന്ന അവാര്‍ഡ് സ്വന്തമാക്കിയ പികെ കാഞ്ചനയുമായി കെആര്‍ ധന്യ സംസാരിക്കുന്നു. 

ധന്യ: 41 വര്‍ഷത്തെ ഇടവേളയ്ക്ക ശേഷം അഭിനയ രംഗത്തേക്കുള്ള തിരിച്ചുവരവ്, ഇപ്പോള്‍ മികച്ച സ്വഭാവ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. എന്ത് തോന്നുന്നു?
കാഞ്ചന: ഞാനിപ്പോള്‍ വലിയ സ്റ്റാര്‍ ആയിരിക്കുകയാണ്. എന്നെപ്പോലെ ഭാഗ്യവതിയായി ആരുമില്ലെന്ന് തോന്നുന്നു. അത്രയ്ക്ക് സന്തോഷമുണ്ട്. മനസ്സ് നിറയെ. ജീവിതത്തില്‍ ഇങ്ങനെയൊരു ഘട്ടം കൂടിയുണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ ചോരയിലുള്ളതാണ് അഭിനയം. 86 വയസ്സായ എനിക്ക് വീണ്ടും അഭിനയിക്കാമെന്ന പ്രതീക്ഷ ഒരിക്കല്‍ പോലുമുണ്ടായിരുന്നില്ല. എല്ലാം ദൈവഹിതം. ഈ പ്രായത്തില്‍ വലിയ സ്റ്റാര്‍ ആവാനായിരിക്കും യോഗം. എന്നെ അഭിനയത്തിലേക്ക് തിരിച്ചുകൊണ്ടുവന്നവര്‍ക്കും പുരസ്‌കാരം നല്‍കി എന്നെ അംഗീകരിച്ചവര്‍ക്കും നന്ദി.

ധ: പതിനെട്ടാം വയസ്സില്‍ തുടങ്ങിയ നാടകാഭിനയം. എങ്ങനെയായിരുന്നു തുടക്കം?
കാ: എന്റെ സംഗീത അധ്യാപനായിരുന്ന കുഞ്ഞന്‍ഭാഗവതരാണ് നാടകത്തില്‍ അഭിനയിക്കാനായി കൊണ്ടുപോവുന്നത്. ഓച്ചിറ പരബ്രഹ്മോദയത്തിന്റെ ‘അരുണോദയം’ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. വാസവദത്തയുടെ കഥ പറയുന്ന നാടകത്തില്‍ ബുദ്ധന്റെ വേഷമായിരുന്നു. വാസവദത്തയായി അഭിനയിക്കുന്ന വേലുക്കുട്ടി വാസുദേവന്റെ തോഴികളില്‍ ഒരാളായും അന്ന് വേഷമിട്ടു. ഓച്ചിറ കിഴക്ക് കടുവനാലില്‍ വച്ചായിരുന്നു നാടകാവതരണം. പിന്നീട് പല വേദികളിലും ആ നാടകം അവതരിപ്പിച്ചു. ഒരു ബാനറിന് കീഴില്‍ മാത്രം നില്‍ക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. പാര്‍ട്ടി നാടകങ്ങളായിരുന്നു അന്ന് ചെയ്തിരുന്നതിലധികവും. കെ.പി.എ.സ്.യും മറ്റും സമീപിച്ചിരുന്നെങ്കിലും പോയില്ല. കാരണം ഞാന്‍ അന്ന് നാടകരംഗത്ത് വലിയ സ്റ്റാര്‍ ആയിരുന്നു. കെ.പി.എ.സി. അഭിനയിക്കുന്നവര്‍ക്ക് ചെറിയ പ്രതിഫലമാണ് അന്നു നല്‍കിയിരുന്നത്. ഞാന്‍ ഒരു സുന്ദരിയും തരക്കേടില്ലാത്ത അഭിനേത്രിയുമായിരുന്നു. നല്ല പ്രതിഫലം തരാന്‍ ആളുകളുള്ളപ്പോള്‍ അതുപേക്ഷിച്ച് ഏതെങ്കിലും ഒരു ബാനറിലേക്ക് ചുരുങ്ങാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. കലാനിലയം, എസ്.എല്‍.പുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ എന്നിവര്‍ക്ക് വേണ്ടിയാണ് പ്രധാനമായും അഭിനയിച്ചിരുന്നത്. ‘ഉമ്മിണിത്തങ്ക’യും ‘പഴശിരാജ’യുമാണ് അക്കൂട്ടത്തില്‍ ഏറ്റവും പ്രശംസപിടിച്ചുപറ്റിയ നാടകങ്ങള്‍. ഈ നാടകങ്ങള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മറ്റ് സംസ്ഥാനങ്ങളിലുമെല്ലാം അവതരിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഒരു വേദിയില്‍ ‘പഴശിരാജ’ അവതരിപ്പിച്ചപ്പോള്‍ കുറിച്യപ്പെണ്ണായി അഭിനയിച്ച് എന്നെ ലക്ഷ്മി മേനോനും ഡോ.രാധാകൃഷ്ണനും നേരിട്ട് വന്ന് അഭിനന്ദിച്ചിട്ടുണ്ട്. അതെല്ലാമാണ് അന്നത്തെ സന്തോഷങ്ങള്‍. പുരസ്‌കാരങ്ങളൊന്നുമുണ്ടായിരുന്നില്ല.

ധ: പുന്നപ്ര-വയലാര്‍ സമരത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഒരാളാണ് കാഞ്ചന. സമരശേഷമാണ് കലാരംഗത്തേക്ക് തിരിയുന്നത്. സമരരംഗത്തു നിന്ന് കലാരംഗത്തേക്കുള്ള വരവിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാമോ?
കാ: എന്റെ അമ്മാവന്‍ പുന്നശേരി നാരായണന്‍ സമരത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളാണ്. എനിക്കന്ന് 16 വയസ്സേയുള്ളൂ. എന്റെ ചോരയില്‍ അലിഞ്ഞ് ചേര്‍ന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചുവപ്പ്. രക്തത്തില്‍ തന്നെ അതുള്ളതിനാല്‍ എനിക്കും സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാവുമായിരുന്നില്ല. എന്റെ വീടിന് ഇരുവശങ്ങളിലും സമരസേനാനികള്‍ തമ്പടിച്ചിരുന്നു. വിശ്രമ വേളകളില്‍ അവര്‍ക്ക് വേണ്ടി ഞാന്‍ പാട്ടുകള്‍ പാടും, നാടകം അവതരിപ്പിക്കും. അതാണ് എന്റെ കലാജീവിതത്തിലെ ആദ്യത്തെ പൊതുവേദി. പട്ടാളക്കാരുടെ കയ്യില്‍ നിന്ന് തലനാരിഴയ്ക്കാണ് ഞാന്‍ രക്ഷപെട്ടത്. പുന്നശേരി നാരായണന്റെ വീട്ടില്‍ പട്ടാളക്കാര്‍ ഇടയ്ക്കിടെ തിരച്ചിലിനെത്തും. ഞങ്ങള്‍ എവിടെയെങ്കിലും ഒളിയ്ക്കും. ഒരിക്കല്‍ അപ്രതീക്ഷിതമായി പട്ടാളക്കാരെത്തിയപ്പോള്‍ വീട്ടില്‍ ഞങ്ങള്‍ സ്ത്രീകളും പെണ്‍കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെ അവര്‍ക്കറിയാം. കണ്ടാല്‍ പിടിച്ചുകൊണ്ട് പോവുമെന്നുമറിയാം. പക്ഷെ ഒളിക്കാനുള്ള നേരം കിട്ടിയില്ല. അടുക്കളയോട് ചേര്‍ന്നുള്ള ചാര്‍ത്തില്‍ അടുപ്പില്‍ അരി തിളച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ അനങ്ങാതെ അടുപ്പില്‍ തീകത്തിയ്ക്കുന്ന വ്യാജേന ഒറ്റ ഇരിപ്പിരുന്നു. എന്തോ ഭാഗ്യം കൊണ്ട് പട്ടാളക്കാര്‍ ചാര്‍ത്തിലേക്ക് വന്നില്ല. മച്ചിലും അറകളിലുമെല്ലാം തിരച്ചില്‍ നടത്തിയ അവര്‍ തിരികെ പോയി. ആ സംഭവത്തിന് ശേഷം എന്നെ വീട്ടുകാര്‍ ദൂരെയുള്ള അമ്മായിയുടെ വീട്ടിലേക്കയച്ചു. അതുകൊണ്ട് ഇന്നും ജീവനോടെയിരിക്കുന്നു. സമരത്തിനിടെ അവതരിപ്പിച്ചിരുന്ന എന്റെ കലാപ്രകടനങ്ങള്‍ കണ്ട് പാര്‍ട്ടിക്കാര്‍ തന്നെയാണ് നാടകത്തിലഭിനയിക്കാന്‍ ആവശ്യപ്പെട്ടത്.

ധ: നാടകാഭിനയം പിന്നീട് സിനിമാഭിനയത്തിലേക്ക് വഴിമാറി. അമ്പതോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അഭിനയിച്ചു. സിനിമയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?
കാ: ഒരിക്കല്‍ അരൂരില്‍ നാടകം അഭിനയിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് ഒരു സംഘം നാടകം കാണാനെത്തി. അവര്‍ ചെയ്യാനിരിക്കുന്ന മലയാള ചിത്രത്തിലേക്ക് ആളുകളെ തിരഞ്ഞെടുക്കാനുദ്ദേശിച്ചായിരുന്നു ഇത്. എന്റെ ഒരു പരിചയക്കാരനായ പി.എ. തോമസ് അന്ന് എന്നോട് സ്വകാര്യമായി പറഞ്ഞത് ഇന്നുമോര്‍ക്കുന്നു. ‘നീ നാടകം നന്നായി ചെയ്‌തോളണം. തമിഴ്‌നാട്ടില്‍ നിന്ന് സിനിമാക്കാര്‍ എത്തിയിട്ടുണ്ട്. നന്നായി അഭിനയിച്ചാല്‍ നിനക്ക് സിനിമയില്‍ കേറാം’ എന്നാണ് അദ്ദേഹം പറഞ്ഞത്. നാടകാവതരണം കവിഞ്ഞപ്പോള്‍ തോമസ് ചേട്ടന്‍ കാറുമായി വന്ന് ഞങ്ങളില്‍ ചിലരെ കൂട്ടിക്കൊണ്ടു പോയി. അവര്‍ ഞങ്ങളെ സിനിമയിലേക്ക് തിരഞ്ഞെടുത്തു. ‘പ്രസന്ന’ യായിരുന്നു ആ സിനിമ. അതില്‍ ഒരു മുഴുനീള വേഷമാണ് ഞാന്‍ ചെയ്തത്. കല്യാണി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. പിന്നീട് എന്നെ പലരും കല്യാണി എന്നാണ് വിളിച്ചിരുന്നത്. ആ കഥാപാത്രം അത്രയും ശ്രദ്ധിക്കപ്പെട്ടു. ലളിത, പത്മിനി, രാഗിണി, ദൊരൈ രാജ്, ബാലയ്യ എന്നിവരോടൊപ്പമാണ് അന്ന് അഭിനയിച്ചത്. ശ്രീരാമലുനായിഡുവായിരുന്നു സംവിധായകന്‍. പിന്നീട് ഉദയയുടെ ബാനറിലിറങ്ങിയ മിക്ക ചിത്രങ്ങളിലും ചെറിയ വേഷങ്ങള്‍ ചെയ്തു.

ധ: നാടകവും സിനിമയും ഒന്നിച്ചുകൊണ്ടുപോവാന്‍ പ്രയാസമായിരുന്നില്ലേ?
കാ: നാടകത്തില്‍ അഭിനയിക്കുന്നതുകൊണ്ട് എനിക്ക് എത്രയോ സിനിമകള്‍ നഷ്ടപ്പെട്ടിരിക്കുന്നു. നാടകമാണ് എനിക്ക് പ്രിയപ്പെട്ടത്. അതുകൊണ്ട് നാടകത്തില്‍ അഭിനയിക്കാന്‍ കിട്ടുന്ന ഒരു സാധ്യതയും ഞാന്‍ ഒഴിവാക്കിയിരുന്നില്ല. പക്ഷെ അതുകൊണ്ട് സിനിമയില്‍ ചെറിയ വേഷങ്ങള്‍ മാത്രമാണ് ലഭിച്ചത്. അന്ന് ഒരു വര്‍ഷം കൊണ്ടൊക്കെയാണ് ഒരു സിനിമ പൂര്‍ത്തീയാവുക. മുഴുനീള വേഷങ്ങള്‍ ചെയ്താല്‍ ഈ ഒരു വര്‍ഷം മുഴുവന്‍ ആ സിനിമയ്ക്കായി നമ്മള്‍ മാറ്റിവക്കേണ്ടി വരും. അതിനിടയ്ക്ക് നാടകം അഭിനയിക്കാന്‍ ദൂരെ സ്ഥലങ്ങളിലടക്കം പോവേണ്ടി വരും. ഡേറ്റ് പലപ്പോഴും പ്രശ്‌നമായി വന്നു. നാടകത്തില്‍ അഭിനയിക്കാന്‍ പോവുന്നതിന് കുഞ്ചാക്കോ മുതലാളി എന്നെ ഗേറ്റില്‍ തടഞ്ഞുവച്ചിട്ടുവരെയുണ്ട്. നാടകം ഒഴിവാക്കിയിരുന്നെങ്കില്‍ സിനിമയില്‍ കുറേക്കൂടി നല്ല വേഷങ്ങള്‍ കിട്ടിയേനെ. പക്ഷെ അതില്‍ കുറ്റബോധമില്ല. കാരണം നാടകമാണ് ഇന്നും എനിക്ക് പ്രിയപ്പെട്ടത്. അതിലഭിനയിക്കുമ്പോഴുള്ള സന്തോഷം മറ്റൊന്നിനും നല്‍കാനാവില്ല.

ധ: സഹപ്രവര്‍ത്തകനായ കുണ്ടറ ഭാസി ജീവിതപങ്കാളിയായി. മിശ്രവിവാഹം. എതിര്‍പ്പുകളുണ്ടായിരുന്നല്ലോ?
കാ: പാലാ കുഞ്ഞപ്പാപ്പന്‍ സംവിധാനം ചെയ്ത നാടകത്തില്‍ ഞാനും ഭാസിച്ചേട്ടനും ജോസ്പ്രകാശും ഒന്നിച്ചാണഭിനയിച്ചത്. തുടക്കം മുതല്‍ ഭാസിച്ചേട്ടന് എന്നോട് താത്പര്യമുള്ളതായി തോന്നിയിരുന്നു. പിന്നീടത് പ്രണയമായി. എനിക്കും പ്രണയമായി. ഞങ്ങള്‍ വിവാഹം കഴിച്ചു. ഞാന്‍ ഈഴവയും ഭാസിച്ചേട്ടന്‍ നായരുമായിരുന്നു. ആദ്യം എതിര്‍പ്പുകള്‍ പല ഭാഗത്തുനിന്നുമുണ്ടായി. അന്ന് മിശ്രവിവാഹം അത്ര സാധാരണമല്ലായിരുന്നു. പക്ഷെ അവസാനം കുടുംബക്കാരെല്ലാം അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു വിവാഹം.

ധ: 45 വയസ്സുള്ളപ്പോള്‍ അഭിനയ രംഗത്തോട് പൂര്‍ണമായും വിട പറഞ്ഞു. എന്തായിരുന്നു ആ തീരുമാനത്തിന് പിന്നില്‍?
കാ: കുടുംബമായിരുന്നു എനിക്കു വലുത്. നാടക സിനിമാ നടനും കാഥികനുമായിരുന്നു ഭാസിച്ചേട്ടന്‍. കയ്യില്‍ അത്യാവശ്യം ജീവിച്ച് പോവുന്നതിനുള്ള കാശും കിട്ടും. എല്ലാവരോടും സ്‌നേഹം മാത്രമുള്ള വലിയ മനുഷ്യനായിരുന്നു. അതുകൊണ്ടുതന്നെ ആരെങ്കിലും വന്ന് ചോദിച്ചാല്‍ കയ്യിലുള്ളത് മുഴുവന്‍ എടുത്തുകൊടുക്കും. ആര് വിളിച്ചാലും അവരുടെ കൂടെ പോവും. അഭിനയിച്ച് കിട്ടുന്നത് ഒന്നും കയ്യില്‍ നില്‍ക്കില്ല. ഞാന്‍ ഒരു ദിവസം മൂന്ന് കഥാപ്രസംഗങ്ങള്‍ വരെ അവതരിപ്പിച്ച സമയമുണ്ട്. കുടുംബം പോറ്റാന്‍. അന്ന് കിട്ടിയ ചെക്ക് മാറിക്കൊണ്ടുവരാമെന്ന് പറഞ്ഞ് പോയ അദ്ദേഹത്തെ പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാണ് കാണുന്നത്. ആ ദിവസങ്ങളില്‍ എന്റെ മക്കളുടെ വയറ് നിറയ്ക്കാന്‍ ഒന്നുമില്ലാതെ ഞാന്‍ കരഞ്ഞിട്ടുണ്ട്. എന്റെ മൂത്തമകന് പഴനിയില്‍ കൊണ്ടുപോയി ചോറ്‌കൊടുക്കാമെന്ന് നേര്‍ച്ചയുണ്ടായിരുന്നു. നാടകം, സിനിമ എന്ന് പറഞ്ഞ് നടക്കുന്നതിനിടയില്‍ എനിക്കതിന് സമയമുണ്ടായില്ല. അവന് ഏത്തപ്പഴം ചുട്ടുകൊടുക്കാറായിരുന്നു പതിവ്. ഒരു ദിവസം എന്റെ കയ്യില്‍ അഞ്ചുപൈസയില്ല. എനിക്ക് പ്രതിഫലമായി കിട്ടിയ ചെക്ക് ഭാസിച്ചേട്ടന്‍ കൊണ്ടുപോയിട്ട് ദിവസങ്ങളായിട്ടും തിരിച്ച് വന്നിട്ടില്ല. കുഞ്ഞ് വിശന്ന് കരയാന്‍ തുടങ്ങി. അവന്റെ കൂടെയിരുന്ന് കരയുകയല്ലാതെ എനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു. ഒടുവില്‍ എന്റെ അമ്മാവന്‍ ഞങ്ങളെ സൂക്ഷത്തിന് ഏല്‍പ്പിച്ച പറമ്പില്‍ നിന്ന് തേങ്ങവെട്ടി അത് വിറ്റിട്ട് അവനുള്ള ഭക്ഷണം വാങ്ങി വന്നു. അങ്ങനെ എത്രയോ ദിവസങ്ങള്‍…

ഞാന്‍ ജോലിയ്ക്ക് പോവുമ്പോള്‍ എന്റെ അമ്മയും അമ്മായിയുമൊക്കെയാണ് കുഞ്ഞുങ്ങളെ നോക്കിയിരുന്നത്. അവര്‍ മരിച്ചതോടെ കുട്ടികളെ നോക്കാന്‍ ആളില്ലെന്ന് വന്നു. അതോടെ അഭിനയം ഉപേക്ഷിച്ചു. കുട്ടികളുടെ ജീവിതമായിരുന്നു അന്ന് എനിക്ക് പ്രധാനം.

ധ: അവഗണനയുടേയും ദുരിതങ്ങളുടേയും വര്‍ഷങ്ങള്‍ കൂടിയായിരുന്നല്ലോ ഇത്?
കാ: ആദ്യ കാലങ്ങളില്‍ പലരും സിനിമയിലേക്കും നാടകത്തിലേക്കും ക്ഷണിച്ചെങ്കിലും പോവാന്‍ പറ്റുന്ന സാഹചര്യം എനിക്കില്ലായിരുന്നു. പക്ഷെ പിന്നീട് എല്ലാവരും എന്നെ മറന്നു. ഞാനങ്ങോട്ട് ഓര്‍മ്മിപ്പിക്കാനും പോയില്ല. കുഞ്ഞുങ്ങളെ നോക്കാനും കുടുംബം പുലര്‍ത്താനുമായി ഞാന്‍ കയര്‍പിരി തൊഴിലാളിയായി. ഒത്തിരി ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ട്. പട്ടിണി കിടന്നിട്ടുണ്ട്. പക്ഷെ ഒരു കലാകാരിയായിരുന്ന എന്നെ അന്വേഷിച്ച് ആരും വന്നിട്ടില്ല. അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചതാണെങ്കിലും ‘അമ്മ’യുടെ അംഗത്വത്തിന് അപേക്ഷിച്ചിട്ടും കിട്ടിയില്ല. കലാകാര പെന്‍ഷന്‍ പോലും ലഭിച്ചില്ല. ഒടുവില്‍ രണ്ടാമതെ സിനിമയിലേക്ക് വന്നതിന് ശേഷം നടന്‍ മമ്മൂട്ടിയുടെ ശ്രമം കൊണ്ടാണ് ‘അമ്മ’ അംഗത്വം ലഭിച്ചത്. ഇപ്പോള്‍ പെന്‍ഷനും ലഭിക്കുന്നുണ്ട്.

ധ: വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവ് സംഭവിച്ചതെങ്ങനെ?
കാ: ‘ഇണപ്രാവി’ന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിലേക്ക് എന്നേയും ക്ഷണിച്ചിരുന്നു. ഇണപ്രാവില്‍ ശാരദയുടെ സഹോദരിയായി അഭിനയിച്ചത് ഞാനാണ്. അന്ന് പത്രങ്ങളില്‍ എന്നെക്കുറിച്ച് വാര്‍ത്തകള്‍ വന്നു. ആ വാര്‍ത്തകള്‍ കണ്ട് എന്നെ അന്വേഷിച്ചെത്തിയ ക്രിഷ് കൈമള്‍ കണ്ടപ്പോള്‍ തന്നെ എന്നെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. ‘എന്റെ ഓലപ്പീപ്പിയിലെ മുത്തശ്ശി ഇതുതന്നെയാണ്’ എന്നാണദ്ദേഹം ആദ്യം പറഞ്ഞ വാക്കുകള്‍. അങ്ങനെ 41 വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാമറയ്ക്ക് മുന്നില്‍ വീണ്ടും എത്തി.

ധ: 41 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സിനിമയില്‍ നിന്ന് നിരവധി മാറ്റങ്ങള്‍ ഇന്നത്തെ സിനിമയ്ക്കുണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ ഈ മാറ്റങ്ങളില്‍ പകച്ചുപോയോ?
കാ: എനിക്ക് ഒരു മാറ്റവും തോന്നിയില്ല എന്നതാണ് സത്യം. സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുമ്പോഴുള്ള ആവേശവും സന്തോഷവുമായിരുന്നു. ജോലിയെടുക്കാന്‍ കുറേപ്പേര്‍ കൂടി ഉണ്ടായിട്ടുണ്ടെന്നതൊഴിച്ചാല്‍ എനിക്ക് യാതൊരു മാറ്റവും അനുഭവിക്കാന്‍ കഴിഞ്ഞില്ല. മുമ്പും പരമാവധി സഹകരണവും സ്‌നേഹവും മാത്രമേ എനിക്ക് സിനിമയില്‍ നിന്ന് ലഭിച്ചിട്ടുള്ളൂ. ഇപ്പോഴും അത് കിട്ടുന്നുണ്ട്. സത്യത്തില്‍ അഭിനയിക്കാന്‍ കൊതിയായിരുന്നു. ആ ആഗ്രഹമുള്ളതുകൊണ്ട് പകപ്പോ വെപ്രാളമോ ഒന്നും തോന്നിയില്ല.

ധ:ഓലപ്പീപ്പി’യ്ക്ക് ശേഷം ‘ക്രോസ് റോഡ്’, ‘സൈറബാനു’ എന്നീ സിനിമകളില്‍ അഭിനയിച്ചു. എന്തായിരുന്നു അനുഭവങ്ങള്‍?
കാ: സൈറാബാനുവില്‍ ഒരു മുത്തശ്ശിയുടെ റോള്‍ തന്നെയാണ്. മഞ്ജുവാര്യര്‍ ഇരുത്തം വന്ന നടിയാണ്. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് ഭാഗ്യം. തികഞ്ഞ സ്‌നേഹത്തോടെയുള്ള പെരുമാറ്റമായിരുന്നു അവരുടേത്. 86 വയസ്സുള്ള എന്നോട് പരമാവധി സിനിമാ പ്രവര്‍ത്തകരെല്ലാം സഹകരിച്ചു എന്നതും വലിയ കാര്യമാണ്. ക്രോസ് റോഡ് കുറേ ചെറിയ സിനിമകള്‍ ചേര്‍ന്നിട്ടുള്ളതാണ്. അതില്‍ പ്രദീപ് നായര്‍ സംവിധാനം ചെയ്ത ‘കൊഡേഷ്യന്‍’ എന്ന സിനിമയിലാണ് ഞാന്‍ അഭിനയിച്ചത്. അതില്‍ കേന്ദ്രകഥാപാത്രമാണ്. പ്രായമായ സ്ത്രീകള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ കഥ പറയുന്ന ആ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

ധ: പുതിയ പ്രോജക്ടുകള്‍?
കാ: മാര്‍ച്ച് 10ന് ദിലീപ് നായകനായ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. അതില്‍ ചെറിയ വേഷം ചെയ്യുന്നുണ്ട്. എനിക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല. നാലോ അഞ്ചോ സിനിമകള്‍ കൂടി ചെയ്യണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയിച്ച് കിട്ടിയതെല്ലാം കൂട്ടിവച്ച് പണിതതാണ് ഞാനിപ്പോള്‍ താമസിക്കുന്ന വീട്. രണ്ട് മുറിയേ ഉള്ളൂ. പഴക്കമുള്ള കൊച്ചുവീടാണ്. അതൊന്നു പൊളിച്ചുമാറ്റി നല്ല ഒരു വീട് പണിയണം. കൊച്ചു വീട് മതി. എന്നാലും അതിനുള്ള പണം വേണം. അതിന് വേണ്ടി അഭിനയിക്കണം. അതിനുള്ള അനുഗ്രഹം തമ്പുരാന്‍ തരണമെന്നേയുള്ളൂ…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍