UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാഞ്ചനമാലയും ചെറിയാന്‍ ഫിലിപ്പും ദിലീപും ചേര്‍ന്ന് ശാക്തീകരിക്കുന്ന സ്ത്രീ

ഒക്‌ടോബര്‍ 18, 2015 ന്റെ മാതൃഭൂമി വാരാന്ത്യപതിപ്പിലെ ജീവിച്ചിരിക്കുന്ന കാഞ്ചനമാലയെക്കുറിച്ചുള്ള ഫീച്ചറില്‍ പറഞ്ഞിരിക്കുന്ന പ്രകാരം “74-ാം വയസ്സിലും കാഞ്ചനമാല തന്റെ ജീവിത ലക്ഷ്യത്തിനായി പോരാട്ടം തുടരുന്നു” എന്നാണ്.

എന്താണ് കാഞ്ചനമാലയുടെ ജീവിതലക്ഷ്യം? അശരണരായ സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം  നിലനിര്‍ത്തുക എന്നതോ? അങ്ങനെയാണെങ്കില്‍, ഇത്തരം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ധാരാളം പേര്‍ കേരളത്തില്‍ തന്നെയുണ്ട്. ആണും പെണ്ണും. അവരില്‍ നിന്നും കാഞ്ചനമാല വ്യത്യസ്തയാകുന്നത് എങ്ങനെ?

അതോ സ്വന്തമായി കുടുംബം പോലും വേണ്ട എന്നുവച്ച് മുഴുവന്‍ സമയം സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നതോ? അങ്ങനെ എത്രപേര്‍, ആണും പെണ്ണും, കേരളത്തില്‍ വിവിധ തുറകളില്‍ ഉണ്ട്. രാഷ്ട്രീയക്കാര്‍, കലാകാരന്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, മദ്യപാനികള്‍, പരാണുജീവികള്‍, വായിനോക്കികള്‍ എന്നിങ്ങനെ പലയിനം മനുഷ്യര്‍.

അതോ കാമുകനെ നഷ്ടപ്പെട്ടതിന്റെ ഓര്‍മ്മയില്‍ കാമുകനെ മാത്രം ഓര്‍ത്ത്, ജപിച്ച്, ജീവിയ്ക്കുന്നവരോ? ഏതായാലും കാമുകിയെ ഓര്‍ത്ത്, ജപിച്ച്, സ്വന്തം ജീവിതം മുഴുവന്‍ കുട്ടിച്ചോറാക്കുന്ന ഒറ്റപുരുഷനും കാണുമെന്ന് തോന്നുന്നില്ല. ചില സ്ത്രീകള്‍ കണ്ടേക്കാം. പുരുഷ സമൂഹം കല്‍പ്പിച്ചുകൊടുത്ത ചട്ടക്കൂടിനുള്ളില്‍, പുരുഷനിര്‍മ്മിത മൂല്യബോധത്തിനുള്ളില്‍, ജീവിച്ചുമരിക്കുന്ന സ്ത്രീയെ പുരുഷ സമൂഹം മാലയിട്ടു സ്വീകരിക്കുന്നത് മനസ്സിലാക്കാം. അത് അവന്റെ സ്വാര്‍ത്ഥതയാണ്. എന്നാല്‍ ആ ചട്ടക്കൂടിനുള്ളില്‍ ചതഞ്ഞരഞ്ഞുപോയ സ്വന്തം ജീവിതം മഹത്തരമാണെന്ന് ഒരു സ്ത്രീ സ്വയം വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് സ്ത്രീവിരുദ്ധതയാണ്. കലര്‍പ്പില്ലാത്ത സ്ത്രീവിരുദ്ധത.

കാമുകനില്ലാത്ത ജീവിതം ജീവിതമല്ലെന്നും കാമുകന്‍ മരണപ്പെടുന്നതിനു മുമ്പു ചെയ്ത കാര്യങ്ങള്‍ അതേ പടി ചെയ്യുന്നതാണ് വിവാഹം കഴിയാതെ തന്നെ വിധവയായ തന്റെ ജീവിതലക്ഷ്യം എന്നൊക്കെ കരുതുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. ഒരു പക്ഷെ, ആ കാമുകന്‍ ഭര്‍ത്താവായി മാറിയിരുന്നെങ്കില്‍ ആ പുരുഷന്‍ തന്നെ പണ്ടു തുടങ്ങി വച്ച പ്രസ്ഥാനങ്ങളില്‍ തന്നെ അടയിരിക്കുമായിരുന്നില്ല. ഒരു പക്ഷെ, ആ ഭര്‍ത്താവില്‍ നിന്നും ആ സ്ത്രീ മറ്റു കാരണങ്ങളാല്‍, വിവാഹമോചനം നേടാന്‍ വരെ തയ്യാറായിക്കൂടെന്നില്ല. ലക്ഷണമൊത്ത എത്ര പ്രേമങ്ങളാണ് ലക്ഷണമൊത്ത വിവാഹമോചനത്തില്‍ എത്തിയത്!

സ്വന്തം ജീവിതത്തിനെ സ്‌നേഹിക്കാന്‍ കഴിയാത്തവര്‍ക്ക്, സ്വന്തം ജീവിതം ഓര്‍മ്മകളുടെ ശവപ്പറമ്പ് മാത്രമാക്കി മാറ്റിയവര്‍ക്ക്, എങ്ങനെയാണ് ജീവിതത്തിന്റെ വിലയെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞുകൊടുക്കാന്‍ കഴിയുന്നത്? (കാഞ്ചനമാല അശരണരും പ്രശ്‌നങ്ങളില്‍ ഉഴലുന്നവര്‍ക്കും കൗണ്‍സിലിംഗ് കൊടുക്കുന്നു എന്ന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് ഞാന്‍ വായിച്ചത്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ആയിരം കാതം അകലെ ജീവിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് പ്രശ്‌നങ്ങളില്‍ ഉഴലുന്ന ഒരു മനസ്സിനെ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തിലേക്ക് കൗണ്‍സിലിംഗിലൂടെ എത്തിക്കാന്‍ കഴിയുക?)

ഇനി, സ്വന്തം ഇഷ്ടം ഇതാണെന്നു വാദിച്ചാലോ? എങ്കില്‍, ആദ്യകാലങ്ങളില്‍ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിച്ച് ‘സതി’ അനുഷ്ഠിച്ച സ്ത്രീകളും 20-ാം വയസ്സില്‍ ഭര്‍ത്താവ് മരിച്ച ശേഷം ശിഷ്ടകാലം മുഴുവന്‍ വിധവയായി ജീവിക്കുന്ന സ്ത്രീകളും ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ശിരോമുണ്ഡനം ചെയ്ത് പാട്ടിയായി മാറുന്ന ബ്രാഹ്മണസ്ത്രീകളും സ്വന്തം ഇഷ്ടം തിരഞ്ഞെടുത്തതാണെന്നും പറയാം.

പ്രണയം തന്നെ മനോരോഗമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. Obsessive Compulsive  Disorder ബാധിച്ച മനോരോഗിയുടേയും പ്രണയബാധിതരുടേയും Chemical Profie സമാനമാണ്. ഏതു Paasion ഉം കുറച്ചുനാളത്തേക്ക് മാത്രമേ നിലനില്‍ക്കുകയുള്ളു. പിന്നെയുള്ളത് അതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം. (കൂടുതല്‍ വിവരത്തിന് ഫെബ്രുവരി 2006 ലെ നാഷണല്‍ ജോഗ്രഫിക് മാഗസീനിന്റെ കവര്‍ സ്റ്റോറി കാണുക).

പ്രണയം തന്നെ മഹാരോഗത്തിന്റെ മറ്റൊരു അവസ്ഥാന്തരമാണെന്നിരിക്കെ, അതിന്റെ ഓര്‍മ്മകളെ പ്രണയിക്കുന്നതോ? പ്രണയം കുറച്ചുനാള്‍ കഴിഞ്ഞാല്‍ സ്വയമേ ഇല്ലാതാകുന്ന ഒരു മനോരോഗമാണെന്നിരിക്കെ, ശിഷ്ട ജീവിതം മുഴുവനും നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകളെ മാത്രം പ്രണയിച്ചു ജീവിക്കുന്നതോ?

കാഞ്ചനമാലയുടെ ജീവിതത്തിന്റെ ഏറ്റവും തീഷ്ണമായ ദുരവസ്ഥ വ്യക്തമാകുന്നത് മാതൃഭൂമിയിലെ ലേഖനത്തിന്റെ അവസാനഭാഗത്താണ്. അവര്‍ താമസിക്കുന്ന വീടിന്റെ തൊട്ടടുത്തുള്ള തീയേറ്ററില്‍ നിന്ന് അവരുടെ പ്രണയത്തെ ആസ്പദമാക്കി എടുത്ത സിനിമയിലെ ഗാനങ്ങള്‍ കേള്‍ക്കുന്നു. പക്ഷെ കാഞ്ചനമാല അത് ശ്രദ്ധിക്കുന്നില്ല. ”മൊയ്തീന്റെ ചങ്കില്‍ നിന്നുതിര്‍ന്ന അനശ്വരപ്രണയഗാനങ്ങള്‍ക്കു മാത്രമേ കാഞ്ചന ചെവി കൊടുത്തിട്ടുള്ളു… അന്നും എന്നും.” അതായത്, സമീപകാലത്ത് മലയാള സിനിമയില്‍ ഉണ്ടായ ഏറ്റവും മനോഹരങ്ങളായ ഗാനങ്ങളേക്കാള്‍ ഇമ്പമേറിയത് മൊയ്തീന്റെ ഗാനങ്ങളായിരുന്നത്രേ! ഈശ്വരാ, എത്ര സുന്ദരമായ നുണ!

പ്രണയത്തിന്റെ കാര്യത്തില്‍, ഏകദേശം ഇതേ മനോനിലയുണ്ടായിരുന്ന ഒരു സ്ത്രീയെ തിരുവനന്തപുരത്തുകാര്‍ക്ക് പരിചയമുണ്ടായിരുന്നു. പേര്, ചെല്ലമ്മ. അറിയപ്പെട്ടിരുന്നത് സുന്ദരിചെല്ലമ്മയെന്ന്. പണ്ടെങ്ങോ നൃത്തം ചെയ്തതിന് ചിത്തിരതിരുനാള്‍ മഹാരാജാവില്‍ നിന്ന് പട്ടുസാരി സമ്മാനമായി കിട്ടിയ നാള്‍ മുതല്‍ ചെല്ലമ്മ രാജാവിനെ പ്രണയിച്ചു തുടങ്ങി. പ്രണയം കൂടിയപ്പോള്‍, രാജാവ് കാറില്‍ സഞ്ചരിക്കുന്ന വഴിയില്‍ കാമുകനായ രാജാവിനെ കാത്തുനില്‍ക്കും.  ഒരു നോക്കു കണ്ടാല്‍ മതി, സായൂജ്യമായി. അങ്ങനെ നോക്കിനില്‍ക്കവെ ചെല്ലമ്മ ഭ്രാന്തിയായി.  ആരേയും ഉപദ്രവിക്കാത്ത ഭ്രാന്തി. എല്ലാരോടും ചിരിച്ച മനസ്സോടെ നില്‍ക്കുന്ന ഭ്രാന്തി. അമ്മമഹാറാണിയെപ്പോലെ പട്ടുനേരിയത് മുലക്കച്ചകെട്ടി നടന്നിരുന്ന സുന്ദരിചെല്ലമ്മ.

ഐതിഹ്യങ്ങളിലും ഉണ്ട് ഇത്തരം കഥാപാത്രങ്ങള്‍. ഉദാഹരണത്തിന്, ഭക്തമീര. അവരുടെ പ്രണയം ഒരു കഥാപാത്രത്തോടായിരുന്നു. കൃഷ്ണനോട്. വീടും കുടുംബവും വിട്ട് കൃഷ്ണന്റെ കാമുകിയായി സ്വയം വിശ്വസിച്ച് കൃഷ്ണനെക്കുറിച്ചുള്ള പാട്ടുകളും പാടി നടന്ന് മരിച്ചുപോയ ഒരു പാവം മനോരോഗി.

ഇവരൊക്കെ എങ്ങനെയാണ് സ്ത്രീശാക്തീകരണത്തിന്റെ മോഡലുകളാകുന്നത്? ഇവരില്‍ നിറഞ്ഞുനില്‍ക്കുന്നത് സ്ത്രീവിരുദ്ധത മാത്രമല്ല, മനുഷ്യവിരുദ്ധത കൂടിയാണ്.

(പണ്ട് നാരായണഗുരുവിനെ കാണാന്‍ വന്ന ഗാന്ധിജിയോട് ഗുരു നിരാഹാരത്തെക്കുറിച്ചും അഹിംസയെക്കുറിച്ചും ചോദിച്ചു. സംസാരത്തിന്റെ ഒരു ഘട്ടത്തില്‍ സ്വന്തം ശരീരത്തോട് ഹിംസ കാട്ടാന്‍ ആരാണ് ഗാന്ധിജിക്ക് അനുവാദം കൊടുത്തതെന്ന് ഗുരു ചോദിച്ചു. ഗാന്ധിജിയെ കുഴക്കിയ ചോദ്യം. കൊട്ടിഘോഷിക്കപ്പെട്ട അഹിംസയും നിരാഹാരസമരവും പൊരുത്തപ്പെടാത്തതിന്റെ സത്യം ഗാന്ധിജി അന്ന് മനസ്സിലാക്കിക്കാണും.)

ഇത്തരം സ്ത്രീവിരുദ്ധതകള്‍ സ്ത്രീത്വത്തിന്റെ മഹനീയ ഉദാഹരണങ്ങളായി വാഴ്ത്തപ്പെടുന്ന പുരുഷന്റെ കാലത്താണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റ് കൊടിയ സ്ത്രീവിരുദ്ധതയായി വിലയിരുത്തപ്പെട്ടതും സമൂഹം, ആണ്‍-പെണ്‍വ്യത്യാസമില്ലാതെ ചെറിയാനെ കുരിശിലേറ്റാന്‍ ശ്രമിച്ചതും.

ചെറിയാന്‍ പറഞ്ഞത് ഭാഗികമായി മാത്രമാണ് സത്യമെന്ന് ഞാന്‍ കരുതുന്നു. കോണ്‍ഗ്രസിലെ ചില വനിതാ നേതാക്കളെയും ചില പുരുഷ കേസരികളെയും ലക്ഷ്യംവച്ച് ചെറിയാന്‍ ഇട്ട പോസ്റ്റ്, ചെറിയാന് അഭയം നല്‍കിയിരിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും മറ്റും പ്രബലകക്ഷികളായ മുസ്ലീം ലീഗിലും മാണി കോണ്‍ഗ്രസിലും നിര്‍ബാധം തുടരുന്നു എന്നതുമാണ് ചെറിയാന്‍ പറയാന്‍ വിട്ടുപോയ സത്യത്തിന്റെ മറ്റൊരു ഭാഗം.

ഒരുദാഹരണം പറയാം. തലമുതിര്‍ന്നവരും സ്വാധീനമുള്ളവരുമായി മാര്‍ക്‌സിസ്റ്റ് നേതാക്കളെ  ചില സ്ത്രീകള്‍ അവിഹിതമായി സ്വാധീനിയ്ക്കുന്നു എന്നും ഇത്തരം സ്ത്രീകള്‍ക്ക് പാര്‍ട്ടിയിലും  നേതാക്കന്‍മാരിലുമുള്ള സ്വാധീനം പുറത്തുപറയാന്‍ കൊള്ളാത്തതുമാണെന്ന് ആരോപിച്ച് ഒരു വാരിക അതിന്റെ കവര്‍ സ്റ്റോറി ചെയ്തു. ചെറിയാനെപ്പോലെ ആളുകളെ വ്യക്തമാക്കാതെയല്ല. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന വ്യക്തികളുടെ പേരും ഫോട്ടോയും സഹിതം, വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട്.

എന്നാല്‍ റിപ്പോര്‍ട്ടിനെതിരെ പ്രസ്താവനയിറക്കുകയോ, വാരികയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുകയോ ചെയ്യുന്നതിനു പകരം മാര്‍ക്‌സിസ്റ്റ് സംസ്ഥാന നേതൃത്വം അതിനു പരിചയവും തഴക്കവുമുള്ള വഴിയാണ് തിരഞ്ഞെടുത്തത്. വാരികയുടെ കോപ്പികള്‍ കടകളില്‍ കയറി  പിടിച്ചെടുത്ത് കത്തിച്ചു; വാരികയുടെ ഓഫീസ് തല്ലിത്തകര്‍ത്തു; അവിടെ സൂക്ഷിച്ചിരുന്ന രേഖകള്‍ തീയിട്ട് നശിപ്പിച്ചു. മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ ഉത്തരവിന്‍ പ്രകാരം നടന്ന ഈ ക്രിമിനല്‍ പ്രവര്‍ത്തികള്‍ക്കെതിരെ വാരിക നല്‍കിയ 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരക്കേസ് (ഒ.എസ്. 474/2011) കോഴിക്കോട് കോടതിയില്‍ നടക്കുന്നു. കസബ പൊലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 34/2005, 36/2005 എന്നീ രണ്ടു ക്രിമിനല്‍ കേസുകള്‍ മജിസ്‌ട്രേറ്റ് കോടതിയിലും നടക്കുന്നു. മൂന്നു കേസുകളിലും പ്രസ്തുത വാരികയുടെ പ്രസ്തുത ലക്കം ഡോക്യുമെന്റ് ആയി സമര്‍പ്പിച്ചിട്ടുണ്ട്. അതായത്, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമുന്നതരായ പുരുഷ നേതാക്കള്‍ ഒന്നിലേറെ വനിതകളുമായി നടത്തിയ അവിഹിതബന്ധങ്ങളെക്കുറിച്ചും അതിലൂടെ ആ വനിതകള്‍ നേടിയ നേട്ടങ്ങളെക്കുറിച്ചും ഉള്ള വാര്‍ത്ത നിയമപരിശോധനയ്ക്ക് വിധേയമാകുന്നു എന്നര്‍ത്ഥം. റിപ്പോര്‍ട്ടില്‍ പരാമര്‍ശിയ്ക്കുന്ന ഒരു വനിത മറ്റു പല വനിത നേതാക്കളുടേയും തലയ്ക്കുമുകളിലൂടെ ജനപ്രതിനിധിയായി മാറി എന്ന പില്‍ക്കാല സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ വേണം ഈ റിപ്പോര്‍ട്ടിനെ വിലയിരുത്താന്‍.

ചെറിയാന്‍ ഫിലിപ്പിന്റെ റിപ്പോര്‍ട്ടിനെതിരെ കടുത്ത ഭാഷയില്‍ സംസാരിച്ച തോമസ് ഐസക്കും  ടി.എന്‍.സീമയും എം.എ.ബേബിയും വൃന്ദാകാരാട്ടും ഈ കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ലേ?

വാസ്തവത്തില്‍ ചെറിയാന്‍ തന്റെ പോസ്റ്റില്‍ പരാമര്‍ശിക്കുന്ന സംഭവത്തിന് ആധാരമായ വ്യക്തികളുടെ പേര് കൂടി വെളിപ്പെടുത്തണമായിരുന്നു. നിയമപരമായ രീതിയില്‍ അവര്‍ മാനനഷ്ടത്തിന് കേസ് കൊടുക്കട്ടെ. അപ്പോള്‍ നുണപരിശോധനയ്ക്ക് ചെറിയാന്‍ വിധേയനാകട്ടെ. അത്തരം ഒരു പരിശോധനയ്ക്ക് കേസു കൊടുത്തവര്‍ കൂടി വിധേയരാകണമെന്ന് വാദിക്കട്ടെ. അപ്പോള്‍ കാണാം  നമ്മുടെ പല രാഷ്ട്രീയനേതാക്കളുടെയും തനിനിറം.

രാഷ്ട്രീയത്തില്‍ എല്ലാത്തരം വഴങ്ങിക്കൊടുക്കലുമുണ്ട്. നേതാവിന്റെ പെട്ടി ചുമന്നു നടക്കുന്ന യുവാക്കള്‍ പിന്നീട് അതേ നേതാവിന്റെ അനുഗ്രഹാശിസ്സുകളോടെ നേതാക്കന്‍മാരായി മാമോദിസ മുക്കി പുറത്തുവരുന്നത് ഈ കേരളം എത്രവട്ടം കാത്തിരിക്കുന്നു. സ്വവര്‍ഗ്ഗാനുരാഗിയായി നേതാവിന്റെ ലൈംഗിക പങ്കാളികള്‍ അധികാരകേന്ദ്രങ്ങളായി മാറിയ സത്യം സോളാര്‍ കേസിന്റെ സമയത്ത് അരമനരഹസ്യമായി പുറത്തുവന്നതല്ലേ? നേതാവിന്റെ വെപ്പാട്ടി പദവി അലങ്കരിച്ചിരുന്ന എത്ര വനിതകള്‍ നേതാവിന്റെ മരണശേഷം പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വത്തിലെത്തുകയും മുഖ്യമന്ത്രിവരെ ആകുകയും ചെയ്ത സംഭവങ്ങള്‍ ഇന്ത്യന്‍ ചരിത്രത്തില്‍ പലതുമുണ്ട്.

ഇവിടെ പ്രശ്‌നം സ്ത്രീയുടെയും പുരുഷന്റേയുമല്ല, അധികാരത്തിന്റേതാണ്. ഇന്ത്യയിലേയും  കേരളത്തിലേയും അധികാരകേന്ദ്രങ്ങള്‍ പുരുഷന്റേതായതുകൊണ്ടാണ് ചില സ്ത്രീകളെങ്കിലും വഴങ്ങിക്കൊടുത്ത് വിലപേശുന്നത്; നേട്ടങ്ങള്‍ കൊയ്യുന്നത്. അധികാരകേന്ദ്രം സ്ത്രീയാണെങ്കില്‍,  ഇത്തരം വഴങ്ങിക്കൊടുക്കലുകള്‍ നടത്തുന്നത് പുരുഷനായിരിക്കും. അത്തരം സാഹചര്യങ്ങളില്‍ ലൈംഗികമായി ഉപയോഗിക്കപ്പെടുന്നത് പുരുഷനായിരിക്കും. ക്ലിയോപാട്ര എങ്ങനെയാണ് കരുത്തരായ യോദ്ധാക്കളെ സ്വന്തം ലൈംഗിക കാര്യങ്ങള്‍ക്കുപയോഗിച്ചിരുന്നതെന്നും ആവശ്യം കഴിഞ്ഞശേഷം അവരെ എങ്ങനെയാണ് കൊന്നുകളഞ്ഞതെന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഈജിപ്ത് കീഴടക്കാന്‍ വന്ന് രണ്ടു റോമന്‍ ചക്രവര്‍ത്തിമാരെ ക്ലിയോപാട്ര എങ്ങനെയാണ് വഴങ്ങിക്കൊടുത്ത് കീഴ്‌പ്പെടുത്തിയതെന്നും ചരിത്രത്തിലുണ്ട്.

ലോകചരിത്രമോ സ്വന്തം പാര്‍ട്ടിയുടെ ചരിത്രമോ മനസ്സിലാക്കാതെ, മനസ്സിലാക്കാന്‍ തയ്യാറാകാതെ, ചില വനിതാരത്‌നങ്ങളും ചില പുരുഷകേസരികളും ചെറിയാന്‍ ഫിലിപ്പിന്റെ രക്തത്തിനു വേണ്ടി മുറവിളി കൂട്ടുമ്പോള്‍, ഓര്‍ക്കുക, നിങ്ങള്‍ ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നത് പുരുഷനിര്‍മ്മിതമായ സദാചാര മൂല്യങ്ങളെയാണ്. കാരണം, ചെറിയാന്റെ പോസ്റ്റിലെ സ്ത്രീവിരുദ്ധതയാണ് എല്ലാ പേരും ചൂണ്ടിക്കാട്ടിയത്. അധികാരത്തിനു മുന്നില്‍ സ്ത്രീ വഴങ്ങിക്കൊടുത്തു എന്നത് സ്ത്രീവിരുദ്ധത. എന്നാല്‍, അധികാരമുപയോഗിച്ച് സ്ത്രീയെ വഴങ്ങാന്‍ പരുവത്തില്‍ മെരുക്കിയെടുത്ത പുരുഷന്റെ പ്രവര്‍ത്തിയെ ആരും പുരുഷവിരുദ്ധമായി പറഞ്ഞിട്ടില്ല. അതായത്, പുരുഷന് ഇതെല്ലാം അനുവദനീയമാണ്. അങ്ങനെ വഴങ്ങിക്കൊടുത്ത സ്ത്രീകളുടെ പേരല്ല, മറിച്ച് സ്ത്രീയെ അങ്ങനെ ഉപയോഗപ്പെടുത്തിയ പുരുഷന്‍മാരുടെ പേര് പുറത്തുപറയണമെന്ന് ആരും  ആവശ്യപ്പെട്ടതുമില്ല. എല്ലായിടത്തും പുരുഷന്‍ സമര്‍ത്ഥമായി രക്ഷപ്പെടുന്നത് കണ്ടോ? ശാക്തീകരിക്കപ്പെട്ടു എന്ന് വീമ്പിളക്കുന്ന വനിതാരത്‌നങ്ങള്‍ പോലും പുരുഷന്‍മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും അത്തരം പ്രശ്‌നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു പോസ്റ്റ് ഇട്ട ചെറിയാനെതിരെ തിരിയുന്നതും കണ്ടോ?

കേരളത്തിലെ ശാക്തീകരിക്കപ്പെട്ട സ്ത്രീ പുരുഷന്റെ മിനുസമുള്ള വാല്‍ മാത്രമാണ്. വാല്‍ മാത്രം.

അടിക്കുറിപ്പ്: കാഞ്ചനമാലയുടെ സേവാകേന്ദ്രത്തിന് പുതിയ വീടുവച്ചു നല്‍കാമെന്ന് നടന്‍ ദിലീപ് പ്രസ്താവിച്ചു. അത് മഞ്ജുവാര്യര്‍ക്കുള്ള സന്ദേശമാണ്. സ്ത്രീയായാല്‍ ഇങ്ങനെയിരിക്കണം. മരിച്ചുപോയ കാമുകന്റെ ഓര്‍മ്മയില്‍ ജീവിക്കുന്ന ഒരു വനിതാരത്‌നം. അങ്ങനെയാണോ വിവാഹമോചനം നേടി സിനിമയിലേക്കു തിരിച്ചുവന്ന മഞ്ജു? എത്ര സമര്‍ത്ഥമായാണ് അദ്ദേഹം 16 വര്‍ഷം ഒരു കലാകാരിയെ ഭാര്യ മാത്രമാക്കി തളച്ചുനിര്‍ത്തിയത്! എല്ലാം നശിപ്പിച്ചില്ലേ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍