UPDATES

ഷൈമ പി

കാഴ്ചപ്പാട്

ഷൈമ പി

സിനിമ

കാഞ്ചനമാല എന്ന ഹിന്ദുമതേതര നിര്‍മിതി

ഷൈമ പി

തീയ്യ/മുസ്ലിം സമുദായങ്ങളില്‍പ്പെട്ട കാഞ്ചനമാലയുടേയും മൊയ്തീന്റെയും പ്രണയത്തെ ഹിന്ദു/മതേതര വ്യവഹാരത്തിനു പ്രിയപ്പെട്ട ഹിന്ദു-മുസ്ലിം അനശ്വര പ്രണയമാതൃകയാക്കി മാറ്റാന്‍ കഴിഞ്ഞുവെന്നതാണ്  ‘എന്നു നിന്റെ മൊയ്തീ’ന്റെ 19 കോടിയിലധികം കളക്ഷന്‍ സൂചിപ്പിക്കുന്നത്. സിനിമയിലൂടെയും സിനിമാനന്തര വ്യവഹാരങ്ങളിലൂടെയും ഹിന്ദുവത്ക്കരിക്കപ്പെട്ട കൊറ്റങ്ങല്‍ എന്ന മുക്കത്തെ സമ്പന്ന തിയ്യ തറവാട്ടിലെ കാഞ്ചനമാല രണ്ട് വിധത്തിലാണ് നിശബ്ദമാക്കപ്പെടുന്നത്. ഹൈന്ദവവത്ക്കരിച്ച തിയ്യജാതിയുടെ പ്രതിനിധിയായും ആണ്‍നിര്‍മ്മിത കാല്‍പ്പനിക പ്രണയത്തിന്റെ അനശ്വരവല്‍ക്കരിക്കപ്പെട്ട കാമുകിയായും.

 

അച്ചുതന്‍ മാധവനും കാഞ്ചനമാല നായരുമാകുന്നത്
കൊറ്റങ്ങല്‍ എന്ന തിയ്യത്തറവാടിനെ കുറിച്ചും കാഞ്ചനമാല – മൊയ്തീന്‍ പ്രണയത്തെക്കുറിച്ചും ആദ്യം വായിക്കുന്നത് 2013 ല്‍ ഇറങ്ങിയ പി.ടി. മുഹമ്മദ് സാദിഖിന്റെ ‘മൊയ്തീന്‍ കാഞ്ചനമാല: ഒരപൂര്‍വ്വ പ്രണയജീവിതം’ (മാതൃഭൂമി ബുക്സ്) എന്ന ജീവചരിത്രപരമായ പുസ്തകത്തിലാണ്. എന്നാല്‍ 2010-ല്‍ ആ പുസ്തകത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉദ്ധരിച്ച മാതൃഭൂമി ആഴ്ച്ചപതിപ്പോ (10 ഒക്‌ടോബര്‍ 2002), 2006 ല്‍ ഇറങ്ങിയ ആര്‍.എസ്. ബിമലിന്റെ ‘ജലം കൊണ്ട് മുറിവേറ്റവള്‍’ എന്ന ഡോക്യുമെന്ററിയോ, 2015 ല്‍ ഇറങ്ങിയ ‘എന്ന് നിന്റെ മൊയ്തീന്‍’ സിനിമയോ സിനിമയ്ക്ക് ശേഷം ഇറങ്ങിയ നിരൂപണങ്ങളോ കാഞ്ചനമാലയെ തിയ്യ ആയി അടയാളപ്പെടുത്തുന്നില്ല. ഓണ്‍ലൈന്‍ നിരൂപണങ്ങളും ആഴ്ചപ്പതിപ്പുകളും ഒരുപോലെ ഇതൊരു ഹിന്ദു-മുസ്ലിം മാതൃകാപ്രണയമായി ആഘോഷിക്കുന്നതാണ് കണ്ടത്.

നവമലയാളിയില്‍ വന്ന ജി.പി.രാമചന്ദ്രന്റെ ‘മലയാള സിനിമ: ചില കുറിപ്പുകള്‍’ സിനിമയിലെ മുസ്ലീം അപരനിര്‍മ്മിതിയെ പ്രശ്‌നവത്ക്കരിക്കുന്നുണ്ടെങ്കിലും അതൊരു ഹിന്ദു-മുസ്ലീം പ്രണയമാണെന്നതില്‍ സംശയമില്ല. കാഞ്ചനമാലയായി അഭിനയിച്ച പാര്‍വ്വതി (മേനോന്‍) കവര്‍ചിത്രമായി ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (25 ഒക്‌ടോബര്‍ 2015) സിനിമയെ നിരൂപിക്കുന്ന രണ്ടു ലേഖനങ്ങളുണ്ട്. അവയില്‍ എന്‍.പി.സജീഷിന്റെ ”വര്‍ഗ്ഗീയതയ്‌ക്കെതിരെ പ്രണയം ഒരു സാധ്യതയാണ്” (34-43) എന്നു നിന്റെ മൊയ്തീന്‍ (ഹിന്ദു-മുസ്ലിം) ‘മതേതരപ്രതിസന്ധിയുടെ കാര്യത്തില്‍ ധനാത്മകമായി ഇടപെടുന്നു’ എന്ന് പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയൊരു ഇടപെടല്‍ മൊയ്തീന്‍ എന്ന സിനിമ നടത്തിയിട്ടില്ല എന്ന് മനസ്സിലാവാന്‍ അതേ ആഴ്ചപ്പതിപ്പില്‍ വന്ന സി.എസ്. വെങ്കിടേശ്വരന്റെ ‘കലിപ്പും കാത്തിരിപ്പും: മലയാളിപ്രണയത്തിന്റെ വഴിത്തിരിവുകള്‍’ വായിച്ചാല്‍ മതിയാവും.

സി.എസ്.വെങ്കിടേശ്വരന്റെ കാഞ്ചനമാല ഹിന്ദു മാത്രമല്ല, നായര്‍ കൂടിയാണ്! അവള്‍ ‘സേതുവിന്റെ സഹോദരിയും, ഉണ്ണിമൊയ്തീന്‍ സാഹിബിന്റെ അടുത്ത സുഹൃത്തും പുരോഗമനവാദിയും നായര്‍ പ്രമാണിയുമായ മാധവന്റെ പുത്രിയുമാണ്.’ (പേജ് 24). ഇങ്ങനെ ഒരു ഭാഗത്ത്, ‘പ്രേമം’, ‘എന്നു നിന്റെ മൊയ്തീന്‍’ എന്നീ സിനിമകളെ ”മലയാളി പൗരുഷത്തിന്റെ ഇരുതലയുള്ള അഭിലാഷമായും, പത്മരാജന്‍ സിനിമകളുടെ തുടര്‍ച്ചകളാ”യും അടയാളപ്പെടുത്തുമ്പോള്‍ മറ്റൊരു ഭാഗത്ത്, മലയാളി പുരുഷന്‍ പുരോഗമന നായരായ മാധവന്‍ ആണെന്നും അയാളുടെ അഭിലാഷം, ഇന്ദുലേഖ നായരുടെ പിന്തുടര്‍ച്ചക്കാരിയായ കാഞ്ചനമാരാണെന്നും വ്യക്തമാക്കുകയാണ് സി.എസ്.വെങ്കിടേശ്വരന്‍. ഇവിടെ ‘എന്നു നിന്റെ മൊയ്തീന്‍’ മതേതര പ്രതിസന്ധിയില്‍ ഇടപെടുകയല്ല. മതേതരം എന്നത് നായര്‍/ഹിന്ദു/മതേതരം മാത്രമാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുകയാണ്. തിയ്യ സമുദായത്തില്‍പ്പെട്ട കാഞ്ചനമാല ഇവിടെ, ഹിന്ദു/നായര്‍, മതേതരത്തിന്റെ പ്രതിനിധി ആയിത്തീരുന്നു.

കാഞ്ചനമാല എന്ന ഹിന്ദു/നായര്‍/മതേതര ചിഹ്നം
2010 ല്‍ തന്നെ വര്‍ഗ്ഗവാദികള്‍ക്ക് പ്രിയങ്കരിയായിത്തീര്‍ന്നിരുന്നു കാഞ്ചനമാല. കേരളത്തില്‍ സി.പി.ഐ.എം. സ്വത്വ/വര്‍ഗ്ഗ വാദ സംവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒക്‌ടോബര്‍ 2010-ല്‍ ഇറങ്ങിയ മാതൃഭൂമി ആഴ്ചപതിപ്പ് പത്ത് മതേതര പ്രണയ ജീവിതങ്ങളെക്കുറിച്ചുള്ള സ്‌പെഷ്യല്‍ പതിപ്പ് ആയിരുന്നു. പത്ത് ഹിന്ദു/മുസ്ലിം പ്രണയകഥകള്‍/ജീവിതങ്ങള്‍ ഉള്‍പ്പെട്ട ആഴ്ചപ്പതിപ്പിന്റെ കവര്‍ സ്റ്റോറി/ഫോട്ടോ ആയിരുന്നു മൊയ്തീനും കാഞ്ചനമാലയും. (മുസ്ലീം) മതത്തെ പ്രണയിക്കാത്ത (മുസ്ലിം) മതമില്ലാത്ത ജീവിതങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വര്‍ഗ്ഗവാദികളായ ഇടതുപക്ഷത്തിന്റെ പ്രതിനിധികളായാണ് മാതൃഭൂമി മൊയ്തീനേയും കാഞ്ചനമാലയേയും അവതരിപ്പിച്ചത്. മതേതരത്വം എന്നത് ഹിന്ദു-മുസ്ലിം മൈത്രിമാത്രമായി ചുരുക്കുന്നത്. ജാതീയതയില്‍ അടിസ്ഥാനപ്പെടുത്തിയ ഹിന്ദുത്വ ഫാഷിസത്തിന്റെ മുഖ്യമായ ടാര്‍ജറ്റ് (മതഭ്രാന്തനായ) മുസ്ലിം ആയതുകൊണ്ടാണ്. ആധുനികപൂര്‍വ്വ സമയത്തില്‍ ജീവിക്കുന്നു എന്നു വിശ്വസിക്കുന്ന മുസ്ലീം ന്യൂനപക്ഷത്തിന് ഹിന്ദുത്വ സഹിഷ്ണുതയുടെ പാഠങ്ങള്‍ ജീവിച്ചു കാണിച്ചുകൊടുക്കുന്ന നായര്‍ (ഹിന്ദു) മതേതര പ്രതിനിധിയായിത്തീരുന്ന കാഞ്ചനമാല അവള്‍ ജാതിയേയും മതത്തേയും അതിജീവിച്ച വര്‍ഗ്ഗവാദികളായ പുരോഗമന ഇടത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ്. ഇതേ കാഞ്ചനമാല തന്നെയാണ്, എന്നു നിന്റെ മൊയ്തീനും അതിനുശേഷം ഇറങ്ങിയ നിരൂപണങ്ങളും പുനര്‍നിര്‍മ്മിക്കുന്നത്. മാതൃഭൂമി കാഞ്ചനമാലയുടെ ജാതിയെപ്പറ്റി മിണ്ടാതിരിക്കുന്നതും സി.എസ്. വെങ്കിടേശ്വരന്‍ അവരെ നായരാക്കുന്നതിലും കാരണമില്ലാതില്ല. ലിബറല്‍ വ്യവഹാരങ്ങള്‍ക്കു ആവശ്യാനുസരണം ഹിന്ദുവും നായരുമാക്കി മാറ്റാന്‍ പറ്റുന്ന, സ്വന്തമായി ജാതി/സമുദായിക മേല്‍വിലാസം അവകാശപ്പെടാന്‍ കഴിയാത്ത മതേതര ചിഹ്നമാണ് കാഞ്ചനമാല.  

തിയ്യനിര്‍മ്മിതിയും മലയാള സിനിമയും
കാഞ്ചനമാല ‘പുരോഗമന വാദിയും നായര്‍ പ്രമാണിയുമായ മാധവ’ന്റെ (സി.എസ്.) മകളാകുന്നത് ആകസ്മികമല്ല. മലയാള സിനിമാ പഠനമേഖലയുടെ മതേതര/നായര്‍ പ്രവണതയുടെ ഭാഗമാണത്. നായര്‍ പുരോഗമന പുരുഷന്‍/സ്ത്രീ. കീഴാള – മുസ്ലിം അപരര്‍ എന്നീ ദ്വന്ദ്വ ഭാവനയില്‍ അപ്രത്യക്ഷമാക്കപ്പെട്ടവരാണ് സിനിമയിലെ പിന്നോക്ക സമുദായത്തില്‍പ്പെട്ട ഈഴവരും തിയ്യരും. ഈഴവ/തിയ്യ നിര്‍മ്മിതികള്‍ മലയാള സിനിമകളില്‍, പ്രത്യേകിച്ചും തൊണ്ണൂറുകള്‍ക്കുശേഷം, പ്രകടമായ രീതികളില്‍ വരുന്നുണ്ടെങ്കിലും അവ മതേതര വായനകളില്‍ നായരീകരിക്കപ്പെടുകയാണ് പതിവ്. സി.എസ്.വെങ്കിടേശ്വരന്‍ കാഞ്ചനമാലയെ നായരും ഹിന്ദുവും ആക്കിയതുപോലെ നായര്‍ വരേണ്യത നിര്‍ണ്ണയിക്കുന്ന നിരൂപണ അതിര്‍ത്തികള്‍ തിയ്യരുടെ പ്രതിനിധാനങ്ങളേയും പ്രതിരോധങ്ങളേയും അഭിസംബോധന ചെയ്യുന്നില്ല. ഹിന്ദുത്വം എന്നത് മാധവന്‍ അച്ഛനും ഭര്‍ത്താവും കാമുകനും സഹോദരനുമായുള്ള ഒരു നായര്‍ തറവാട്ടിന്റെ പാരമ്പര്യം മാത്രമായിത്തീരുന്നു. ആധുനിക കേരളത്തിന്റെ സവര്‍ണ്ണ പൊതുഇടത്തിന്റെ രൂപീകരണത്തില്‍ ഹിന്ദു സമുദായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവിധ കീഴാള-പിന്നോക്ക സമുദായങ്ങള്‍ ഒരേ പോലെ  പ്രാതിനിധ്യാവകാശങ്ങള്‍ അനുഭവിക്കുന്നവരല്ല. വ്യത്യസ്ത ഭാഷാ/സംസ്‌കാര രീതികള്‍ തുടരുന്ന ജാതി/ഉപജാതി സമുദായങ്ങള്‍ വിവിധ തരത്തില്‍ വിവേചനത്തിനിരയാവുകയും വിവിധ തരത്തിലുള്ള പ്രതിരോധസമരങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഹിന്ദു ആയി തുടരുന്നതില്‍ അഭിമാനിക്കുന്നവരും അതൊരു അപമാനമായി കാണുന്നവരും അതില്‍ ഉള്‍പ്പെടുന്നു. ഈഴവര്‍ ഹിന്ദുക്കളല്ല, സ്വതന്ത്രസമുദായമാണെന്ന് പറയുന്ന, അതിനുവേണ്ടി പ്രവര്‍ത്തിച്ച മുന്‍ എസ്.എന്‍.ഡി.പി. സെക്രട്ടറിയായ ഇ.മാധവനും മറ്റും, തങ്ങള്‍ ഹിന്ദു സമൂഹത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിക്കുന്ന എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അനുയായികളും തിയ്യ മഹാസഭ പ്രതിനിധാനം ചെയ്യുന്ന ഒരു വിഭാഗം സമുദായാംഗങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ആധുനിക കേരളത്തിന്റെ സവര്‍ണ്ണ പൊതു ഇടത്തിന്റെ രൂപീകരണത്തില്‍, ജാതിവ്യവസ്ഥിതിയുടെ ഉത്പന്നമായ തിയ്യ ജാതി, സമുദായത്തിന്‌റെ സ്വയം ആവിഷ്‌ക്കരിക്കാനുള്ള പ്രതിരോധങ്ങളും സമരസങ്ങളും വഹിച്ച പങ്ക് അപ്രധാനമല്ല. വരേണ്യസംസ്‌കാരത്തെ പല വിധത്തില്‍, പല കാലങ്ങളില്‍, നിര്‍മ്മിച്ചും അപനിര്‍മ്മിച്ചും സ്വാശീകരിച്ചും പ്രതിരോധിച്ചുംകൊണ്ടുള്ള ഒരു ചരിത്രം, തിയ്യ ജാതി സമുദായത്തിനുണ്ടെന്നിരിക്കെ, ഇത്തരത്തിലുള്ള ന്യായീകരണങ്ങള്‍, തിയ്യജാതി ചരിത്രവത്ക്കരണത്തെ ഇല്ലാതാക്കാനേ ഉപകരിക്കൂ.

കൊറ്റങ്ങല്‍ തറവാടും ഹൈന്ദവവത്ക്കരണവും
വടക്കന്‍ കേരളത്തിലെ തിയ്യ മഹാസഭ മുതലായ ജാതി കൂട്ടായ്മകള്‍ ഈഴവരില്‍ നിന്നും വ്യത്യസ്തമായ, ഹിന്ദു ഐഡന്റിറ്റി അവകാശപ്പെടുന്ന ഒരവസരത്തിലാണ് ഹൈന്ദവചിഹ്നങ്ങളോടുകൂടിയുള്ള തിയ്യ തറവാടായ കുടിയാന്‍മാരും പണിക്കാരികളും ആജ്ഞാപിക്കുന്ന കുടവയറുള്ള കാരണവന്‍മാരൊക്കെയുമുള്ള, പത്മരാജന്‍, എം.ടി. സിനിമകളിലെ തറവാടുകളേയും, തെയ്യം ഉത്സവങ്ങളേയും, സമാനമായ ഓറിയന്റല്‍ കാഴ്ച്ചകളും കൊണ്ട് സമ്പന്നമായ രഞ്ജിത്തിന്റെ തറവാടുകളേയും ഓര്‍മ്മിപ്പിക്കുന്നുണ്ട് കൊറ്റങ്ങല്‍. ഇങ്ങനെ ‘മൊയ്തീന്‍’ അഭിസംബോധന ചെയ്യുന്നത്, 2000-ത്തിനു ശേഷം, കാസര്‍ഗോഡ് മുതല്‍ കണ്ണൂര്‍ വരെ, പുനരുദ്ധാരണം നടന്ന കുറേ തിയ്യ തറവാട്ടമ്പലങ്ങളും അവിടെ നടക്കുന്ന ഹൈന്ദവവത്ക്കരിച്ച തെയ്യം മഹോത്സവങ്ങളേയുമാണ്.

 

കാഞ്ചനമാലയില്‍ നിന്ന് കാഞ്ചനാമ്മയിലേക്ക്
24 വര്‍ഷങ്ങള്‍, മൊയ്തീനു വേണ്ടി, കൊറ്റങ്ങല്‍ തറവാട്ടിനുള്ളില്‍ കാത്തിരിക്കുന്ന കാമുകിയാണ് സിനിമയിലെ കാഞ്ചനമാലയെങ്കില്‍, 2006-ല്‍ ഇറങ്ങിയ ആര്‍.എസ്.ബിമലിന്റെ തന്നെ ‘ജലം കൊണ്ട് മുറിവേറ്റവള്‍’, കാണിക്കുന്നത് മൊയ്തീന്റെ മരണശേഷം, അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ മാത്രം മുഴുകി ജീവിക്കുന്ന കാഞ്ചനമാലയെയാണ്. ഇരവഴിഞ്ഞിപ്പുഴയ്ക്കരികെ സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ മൂലധനമുള്ള രണ്ടു തറവാടുകളില്‍ ജനിച്ചു എന്നത് കാഞ്ചനമാലയുടേയും മൊയ്തീന്റെയും പ്രണയത്തെ അനശ്വരമാക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. മുക്കം പ്രദേശത്തെ  ദേശീയ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നവരാണ് മൊയ്തീന്റെ ഉപ്പ സി.പി ഉണ്ണിമൊയ്തീനും കാഞ്ചനമാലയുടെ അച്ഛന്‍ കൊറ്റങ്ങല്‍ അച്ചുതനും. മുക്കത്തെ പുരോഗമനം മുന്നില്‍ കണ്ടുകൊണ്ട് രണ്ടു പേരും ചേര്‍ന്ന് തുടക്കമിട്ട സ്ഥാപനങ്ങള്‍ അനവധിയാണ്. സഹകരണ സൊസൈറ്റി, മുക്കം ഹൈസ്‌കൂള്‍, ബാങ്ക് മുതലായവ. വിദേശവസ്ത്രം ബഹിഷ്‌ക്കരിച്ചും കള്ളകച്ചവടത്തിനെതിരെ സ്വന്തം ബന്ധുക്കളോട് സമരം ചെയ്തും പിന്നീട് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകം നടത്താന്‍ സ്വന്തം വയല്‍ വിട്ടുകൊടുത്തും ഒളിവില്‍ കഴിയുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തും കൊറ്റങ്ങല്‍ അച്യുതന്‍ പുരോഗമന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പ്രിയങ്കരനായിരുന്നു. കാഞ്ചനമാല മുക്കത്തെ ഏറ്റവും സമ്പന്നമായ ഹിന്ദുതറവാടായ കൊറ്റങ്ങലിലെ മകള്‍ ആയതും മൊയ്തീന്‍ സി.പി.ഉണ്ണിമൊയ്തീന്റെ മകനും സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വന്ന്, മുക്കത്തെ  എല്ലാവര്‍ക്കും പ്രിയങ്കരനായതും ആ പ്രണയത്തെ അനശ്വരമാക്കുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ട്. ഉന്നതമായ അഥവാ പ്രബലരായ ജാതി/സാംസ്‌കാരിക/സാമ്പത്തിക പദവികള്‍ സാധ്യമാക്കുന്ന പ്രണയങ്ങള്‍ അനശ്വരഗാഥകള്‍ ആവുകയും അതൊന്നും അവകാശപ്പെടാനില്ലാത്തവരുടെ പ്രണയങ്ങള്‍ ‘അഭിമാനകൊല’കളും മറ്റു മോറല്‍ പോലീസിംഗ് രീതികളിലൂടെയും ഇല്ലാതാക്കപ്പെടുകയും വിസ്മരിച്ചു പോവുകയും ചെയ്യുന്നു.

കാഞ്ചനമാല: കാമുകിയില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തകയിലേക്കുള്ള ദൂരം
24 വര്‍ഷങ്ങള്‍ മൊയ്തീനുവേണ്ടി, കൊറ്റങ്ങല്‍ തറവാട്ടിനുള്ളില്‍ കാത്തിരിക്കുന്ന കാമുകിയാണ് സിനിമയിലെ കാഞ്ചനമാലയെങ്കില്‍, 2006 ല്‍ ഇറങ്ങിയ ആര്‍.എസ്.ബിമലിന്റെ തന്നെ  ‘ജലം കൊണ്ട് മുറിവേറ്റവള്‍’ ഡോക്യുമെന്ററി കാണിക്കുന്നത്, മൊയ്തീന്റെ മരണത്തിനുശേഷം, അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ മുഴുകി ജീവിക്കുന്ന കാഞ്ചനമാലയെ ആണ്. ഇരവഴഞ്ഞിപ്പുഴയ്ക്കരികെ താടിക്ക് കൈയും കൊടുത്തിരിക്കുന്ന കാഞ്ചനമാലയുടെ കുറേയേറെ ഷോട്ട്‌സ് ഉണ്ട് ഇതില്‍. എന്നാല്‍ ബി.പി.മൊയ്തീന്‍ സേവനകേന്ദ്രത്തെ ഒരു പെണ്‍കൂട്ടായ്മയുടെ ഇടമാക്കി മാറ്റിയ, പെണ്‍പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന, സാമൂഹ്യപ്രവര്‍ത്തകയായ കാഞ്ചനമാല വരേണ്യകാഴ്ച്ചകള്‍ക്കപ്പുറത്താണ്. സിനിമ ഇറങ്ങിയതിനുശേഷം, കാഞ്ചനയെന്ന, പെണ്ണുങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന  സാമൂഹ്യ പ്രവര്‍ത്തകയെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും എഴുതി കണ്ടത് അഞ്ജന ശശിയുടെ ‘എന്ന് മൊയതീന്റെ കാഞ്ചന’ എന്ന കുറിപ്പില്‍ മാത്രമാണ്. (മാതൃഭൂമി വാരാന്തപ്പതിപ്പ്, 18 ഒക്‌ടോബര്‍ 2015). പെണ്ണുങ്ങള്‍ക്ക് തയ്യല്‍ പഠനകേന്ദ്രമായും, സൗജന്യവിദ്യാഭ്യാസത്തിനുള്ള ഇടമായും ലൈബ്രറി ആയും പ്രവര്‍ത്തിച്ച സേവാമന്ദിറിന്റെ നടത്തിപ്പുകാരിയായി കാഞ്ചനമാലയെ രേഖപ്പെടുത്തുന്നു അഞ്ജന ശശിയുടെ എഴുത്ത്. അതിന് അവരെ പ്രേരിപ്പിച്ച മൊയ്തീന്റെ ഉമ്മയുടെ പ്രാധാന്യത്തെക്കുറിച്ചും സിനിമാ കഥയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം തനിക്കുണ്ടാക്കിയ മാനസിക സംഘര്‍ഷം ചൂണ്ടിക്കാണിച്ച് സംവിധായകനെതിരെ കേസ് കൊടുക്കുന്ന, പെണ്ണുങ്ങളുടെ പലതരത്തിലുള്ള സ്വാതന്ത്ര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കാഞ്ചനമാല ഹിന്ദു/മതേതര വ്യവഹാരങ്ങള്‍ നിര്‍മ്മിക്കുന്ന കാഞ്ചനമാലയില്‍ നിന്നും വ്യത്യസ്തയാണ്. അതുകൊണ്ട് തന്നെയാവണം സിനിമ ഇറങ്ങിയതിനുശേഷം ഉണ്ടായ പത്രസമ്മേളനങ്ങളിലും ‘എന്ന് സ്വന്തം മൊയ്തീന്‍’ തിരക്കഥ പ്രകാശനം ചെയ്ത ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള പോലുള്ള പൊതുഇടങ്ങളിലും കാഞ്ചനമാലയ്ക്ക് (അവരെ അവതരിപ്പിച്ച പാര്‍വ്വതിക്കും) ഇടമില്ലാതാകുന്നത്. കാഞ്ചനമാല എന്നത് ഹിന്ദുത്വ പ്രത്യയശാസ്ത്രം നിര്‍മ്മിച്ച മതേതര ചിഹ്നം ആയിത്തീരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഷൈമ പി

ഷൈമ പി

പയ്യന്നൂര്‍ സ്വദേശിയായ ഷൈമ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‍ മലയാള ജനപ്രിയ ചലച്ചിത്രങ്ങളിലെ thiyya masculinities and interventions എന്ന വിഷയത്തില്‍ പി.എച്ച്.ഡി നേടി. അധ്യാപികയാണ്. അഴിമുഖത്തില്‍ smokescreen എന്ന സിനിമ കോളം കൈകാര്യം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍