UPDATES

വിദേശം

കാണ്ഡഹാര്‍ ഏറെ മാറിയിട്ടുണ്ട്; ഭൂതകാലം ആവര്‍ത്തിക്കാതിരുന്നാല്‍ മതി

Avatar

സുദര്‍ശനന്‍ രാഘവന്‍ 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കാണ്ഡഹാര്‍ രണ്ട് പതിറ്റാണ്ടുകള്‍ എന്തൊക്കെ മാറ്റമാണുണ്ടാക്കുന്നത്! 

താലിബാന്‍ മുന്നേറ്റത്തിന്റെ കളിത്തൊട്ടിലായിരുന്ന ഈ തെക്കന്‍ അഫ്ഗാന്‍ നഗരത്തില്‍ ഞാന്‍ ഒടുവില്‍ വന്നത് അന്താരാഷ്ട്ര റെഡ് ക്രോസ് സമിതിയുടെ ഒരു വിമാനത്തിലായിരുന്നു. വിമാനത്താവളം പോലെ റണ്‍വേയും വളരെ ചെറുതായിരുന്നു. നഗരത്തില്‍ ആളുകള്‍ വളരെ കുറവ്. 1996ലെ ഒരു വേനല്‍ക്കാലമായിരുന്നു അത്; കൊല്ലുന്ന ചൂട്. 

അതെ, താലിബാനായിരുന്നു നഗരത്തിന്റെ നിയന്ത്രണം, അഫ്ഗാനിസ്ഥാന്റെ ഏറെ ഭാഗവും. 

ഈ മാസം ആദ്യം ഞാന്‍ വീണ്ടും കാണ്ഡഹാറില്‍ എത്തിയപ്പോള്‍ ഞാന്‍ വന്നത് ഒരു യാത്രാ വിമാനത്തിലായിരുന്നു. ഏത് പടിഞ്ഞാറന്‍ വിമാനത്താവളത്തോടും കിടപിടിക്കുന്ന വമ്പന്‍ റണ്‍വേ. വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തില്‍. യാത്രക്കാര്‍ പുറത്തെത്തുമ്പോള്‍ സ്വീകരിക്കാന്‍ ഒട്ടകപക്ഷികള്‍. സത്യം, ഒരു ധനികന്റെ സമ്മാനമാണ്. നഗരം വല്ലാതെ വലുതായിരിക്കുന്നു, ജനസംഖ്യ പത്തുമടങ്ങു വര്‍ധിച്ചു. 

സ്വാഭാവികമായും നഗരം താലിബാന്റെ നിയന്ത്രണത്തിലല്ല. 

സമീപ്രദേശങ്ങളെല്ലാം സജീവമാണ്. കെട്ടിടങ്ങള്‍ ഇരട്ടിച്ചു. കൊട്ടാര സദൃശ്യമായ വീടുകള്‍ക്കു ചുറ്റും പത്തടിയോളമുള്ള മതിലുകള്‍. പടിക്കല്‍ സായുധരായ കാവല്‍ക്കാര്‍. നഗരത്തിന് ചുറ്റും സൈനിക കേന്ദ്രങ്ങളും, സ്‌ഫോടനം ചെറുക്കുന്ന മതിലുകളും. യു.എസ് സാന്നിധ്യത്തിന്റെ ശേഷിപ്പായ ഹംവീസില്‍ സൈനികര്‍. ആള്‍ബലം കുറച്ചെങ്കിലും വിമാനത്താവളത്തിനടുത്ത് യു.എസിന് ഇപ്പോഴും താവളമുണ്ട്. 

നഗരത്തിന്റെ പഴയ ഭാഗത്ത് എന്റെ കഴിഞ്ഞ സന്ദര്‍ശനത്തിന്റെ ഓര്‍മകള്‍ തള്ളിവന്നു. അന്നൊരു വിദേശ ലേഖകന്-ഞാനന്ന് ന്യൂസ് വീക്കിന്റെ പ്രതിനിധിയായാണ് അവിടെയത്തുന്നത്- താലിബാനെ അഭിമുഖം ചെയ്യാന്‍ എളുപ്പമാണ്. മിക്ക അഫ്ഗാന്‍കാരെയും പോലെ അവരും ആതിഥേയ മര്യാദയുള്ളവരായിരുന്നു. പാശ്ചാത്യ വിരുദ്ധരും മാധ്യമപ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോകുന്നവരുമായി അവര്‍ രൂപം മാറിയത് പിന്നീടാണ്. എന്റെ സന്ദര്‍ശനത്തിന് കുറച്ചു ആഴ്ച്ചകള്‍ക്ക് ശേഷം താലിബാന്‍, തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്തു. 

ഒരു ദിവസം രാവിലെ ഞാന്‍ ഒരു മുതിര്‍ന്ന താലിബാന്‍ മുല്ലയുമായി അഭിമുഖം നടത്തി. ഞാന്‍ എവിടെ നിന്നാണെന്ന് അയാള്‍ ചോദിച്ചു. അമേരിക്കക്കാരനാണെന്ന് പറഞ്ഞു. വീണ്ടും അയാളാ ചോദ്യം ആവര്‍ത്തി ച്ചു, എന്റെ മാതാപിതാക്കള്‍ എവിടെ നിന്നാണെന്ന് അറിയാനായിരുന്നു. ചെറിയ മടിയോടെ ഞാന്‍ മറുപടി നല്‍കി, ഇന്ത്യ. ഇന്ത്യയുടെ എക്കാലത്തെയും ശത്രു പാകിസ്താനുമായുള്ള താലിബാന്റെ അടുപ്പമാണ് എന്നെ ആശങ്കപ്പെടുത്തിയത്. പക്ഷേ മുല്ലയ്ക്ക് കൂടുതല്‍ താത്പര്യം മതത്തിലായിരുന്നു. 

‘ഹിന്ദുവാണോ?’ മുല്ല ചോദിച്ചു. 

‘അതേ,’ എന്റെ മറുപടി. 

ആ വളപ്പിലുണ്ടായിരുന്ന സായുധരായ താലിബാന്‍ പോരാളികള്‍ സശ്രദ്ധം കേട്ടിരുന്നു. 

മുല്ല ഇസ്ലാമിന്റെ ഗുണങ്ങളും മഹത്വവും വര്‍ണിക്കാന്‍ തുടങ്ങി. പിന്നെ ഇസ്ലാമിലേക്ക് മതം മാറാന്‍ താത്പര്യമുണ്ടോ എന്നായി. എന്റെ ഉത്തരം കാക്കുന്ന താലിബാന്‍ പോരാളികള്‍ കൂടുതല്‍ അടുത്തെത്തി. ഞാന്‍ ദുര്‍ബലമായി പുഞ്ചിരിച്ചു. എങ്ങനെ മറുപടി പറയണം? ഒടുവില്‍ ഒരുവിധം പറഞ്ഞു; എനിക്കെന്റെ ആച്ഛന്റെ സമ്മതം വാങ്ങണം, അല്ലെങ്കില്‍ അദ്ദേഹത്തെ ബഹുമാനിച്ചില്ലെന്ന് വരും. 

ഞാന്‍ പോരാളികളെ ആശങ്കയോടെ പാളിനോക്കി. മുല്ലയുടെ മറുപടിക്ക് കാത്തു. അയാള്‍ പുഞ്ചിരിച്ചുകൊണ്ടു തലയാട്ടി. ശരിയാണ്, അയാള്‍ പറഞ്ഞു, അച്ഛനെ അനാദരിക്കാന്‍ ആകില്ല. പിന്നെ ഞങ്ങള്‍ അഭിമുഖം തുടര്‍ന്നു . 

സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തിന് ശേഷം ഞാന്‍ അഫ്ഗാനിസ്ഥാനില്‍ മടങ്ങിയെത്തിയിരുന്നു. പക്ഷേ ഒരിക്കലും കാണ്ഡഹാറില്‍ പോയിരുന്നില്ല. 2004ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്തും ഇതായിരുന്നു സ്ഥിതി. അതുകൊണ്ട് എന്റെ അവസാന സന്ദര്‍ശനത്തിന് ശേഷം നഗരത്തിന് വന്ന മാറ്റങ്ങള്‍ എന്റെ ഡ്രൈവര്‍ പറഞ്ഞുതന്നു. വര്‍ഷങ്ങളോളം നഗരത്തിലെ തെരുവുകളും സമീപപ്രദേശങ്ങളും കടക്കാന്‍ പറ്റാത്ത ഇടങ്ങളായിരുന്നു. അമേരിക്ക സേന റോന്തു ചുറ്റവെ ആക്രമണങ്ങള്‍ സ്ഥിരമായിരുന്നു. പക്ഷേ ലാഭകരമായ അമേരിക്കന്‍ കരാറുകള്‍ നഗരത്തെ സമ്പന്നമാക്കുകയും ചെയ്തു. 

ഇന്നിപ്പോള്‍ സുരക്ഷ ഏറെ മെച്ചപ്പെട്ടിരിക്കുന്നു. യു.എസ് സേനയുടെ പിന്‍വാങ്ങലും നഗരത്തിലെ കുപ്രസിദ്ധനായ പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുള്‍ റസീക്കുമാണ് കാരണം. അയാള്‍ സുരക്ഷ കൂട്ടിയെങ്കിലും കൊലപാതകവും, മര്‍ദ്ദനവുമായിരുന്നു അതിനുള്ള വഴികള്‍. എന്നാല്‍ റസീക് ഇതൊക്കെ നിഷേധിക്കുന്നു. 

അഫ്ഗാനിസ്ഥാനിലെ മറ്റെല്ലായിടത്തെയും പോലെ ഇവിടെയും ഭാവിയെക്കുറിച്ചുള്ള ആശങ്കകളുണ്ട്. നിരന്തരമായ വൈദ്യുതിക്ഷാമം; അമേരിക്കന്‍ സൈന്യം പോകുന്നതോടെ താലിബാനോ മറ്റ് സായുധ സംഘങ്ങളോ വീണ്ടും വന്നേക്കാമെന്ന ഭയം അങ്ങനെ പലതും. 

പുറമേക്ക് അതൊന്നുമില്ല. 1996ലേത് പോലെ കാണ്ഡഹാറില്‍ ഞാന്‍ സ്വതന്ത്രനായി നടന്നു. കടകളിലും, അങ്ങാടികളിലും തെരുവുകളിലും ആളുകളുമായി സംസാരിച്ചു. രാത്രി എനിക്കു തോന്നിയ ഭക്ഷണശാലയില്‍ കയറി ആഹാരം കഴിച്ചു. ഇന്ന് കാബൂളില്‍ എനിക്കത് കഴിയില്ല. എങ്കിലും സ്ത്രീകള്‍ ഇപ്പോഴും തല മുതല്‍ പാദം വരെ മറയ്ക്കുന്ന ബുര്‍ഖയും, കണ്ണുകളൊഴിച്ച് എല്ലാം മറയ്ക്കുന്ന കറുത്ത വസ്ത്രങ്ങളുമൊക്കെ ധരിച്ചാണ് നടക്കുന്നത്. രാജ്യത്തെ ഏറ്റവും യാഥാസ്ഥിതികമായ പ്രദേശങ്ങളിലൊന്നാണ് കാണ്ഡഹാര്‍. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കനത്ത സുരക്ഷയോടെ പണിത കൊട്ടാര സദൃശമായ മാളികകളും, താമസ സമുച്ചയങ്ങളും, വാണിജ്യ സമുച്ചയങ്ങളും എല്ലാം നിറഞ്ഞ, അമേരിക്കന്‍ കരാറും അഴിമതിയും നിറഞ്ഞ ഐനോ മിന്നയാണ് വലിയ അത്ഭുതമായി ഉയര്‍ന്നത്. മുന്‍ പ്രസിഡണ്ട് ഹമീദ് അന്‍സാരിയുടെ ബന്ധുക്കളാണ് ഇത് പണിതത്. 

ഒരു കവലയില്‍ ഏതൊരു യൂറോപ്യന്‍ ജലധാരയെയും വെല്ലുന്ന, ഒന്നില്‍ നിന്നും വെള്ളം കുമിളകളായി പതഞ്ഞുപൊങ്ങി. തെരുവോരങ്ങളില്‍ വരിയായി പച്ചപ്പിട്ട മരങ്ങള്‍, നിരത്തില്‍ ചുവപ്പും മഞ്ഞയുമായ പൂവിതളുകള്‍. 

‘ദുബായില്‍ നിന്നും വിമാനത്തില്‍ ഇറക്കിയത്’ എന്നാണ് പേര്‍ഷ്യന്‍ ഗള്‍ഫിലെ ആഡംബര പാര്‍പ്പിട സമുച്ചയങ്ങളുടെ ഓര്‍മ്മയില്‍ ഒരു സുഹൃത്ത് ഇതിനെ വിശേഷിപ്പിച്ചത്.

ഐനോ മിന്നയില്‍ കാണ്ഡഹാറിന്റെ ഭാവി തിരിച്ചുപോക്കില്ലാത്തവണ്ണം തോന്നിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍