UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാനേഷുമാരിയിലെ ഉപരിവര്‍ഗതാല്‍പര്യങ്ങള്‍

Avatar

സൈതലവി പി.സി

മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ വിവരണം പുറത്ത് വന്നതിന്റെ അടുത്ത ദിവസത്തെ രണ്ടു ദേശീയ പത്രങ്ങളില്‍ (ദ ഹിന്ദു, ടൈംസ് ഓഫ് ഇന്‍ഡ്യ) വന്ന വാര്‍ത്തകള്‍ നമ്മുടെ സാമാന്യ ബോധത്തിന്റെ രണ്ടു ധ്രുവങ്ങളെ വ്യക്തമായും പുറത്തു കാണിച്ചു. മുസ്ലിം വളര്‍ച്ച നിരക്ക് ആനുപാതികമായി കുറഞ്ഞതായി ഹിന്ദു ചൂണ്ടിക്കാട്ടിയപ്പോള്‍, ടൈംസ് ഓഫ് ഇന്‍ഡ്യയുടെ തലക്കെട്ട് വായിച്ചതു തന്നെ ഇങ്ങനെയാണ്: ഹിന്ദു ജനസംഖ്യ കുറഞ്ഞു, മുസ്ലിംകള്‍ വര്‍ധിച്ചു. മറ്റു പത്രങ്ങളും വാര്‍ത്താമാധ്യമങ്ങളും ഈ രണ്ടു ധ്രുവങ്ങള്‍ക്കിടയില്‍ പൊതുബോധത്തെ പിടിച്ചിരുത്തുകയും ചെയ്തു. ഈ വ്യാഖ്യാനങ്ങളൊക്കെത്തന്നെ ജനാധിപത്യ പ്രക്രിയയുടെ ഒരു അവിഭാജ്യ ഘടകമായി കാണുന്നതിനപ്പുറം അത്തരം ഉദ്യമങ്ങളെ ചരിത്രപരമായും രാഷ്ട്രീയപരമായും വിശകലനം ചെയ്യേണ്ടതു അത്യാവശ്യമാണ്. അതിലുപരി എങ്ങനെയാണ് ജനസംഖ്യാ കണക്കുകള്‍ എപ്പോഴും ഒരു പ്രശ്‌നം പിടിച്ച സംഗതിയായി പൊതുബോധത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് എന്നതും പ്രശ്‌നവിധേയമാക്കേണ്ടതുണ്ട്.

മുസ്ലിം ജനസംഖ്യ പെരുപ്പം കാനേഷുമാരി കണക്കുകളിലെ അക്കങ്ങളില്‍ ആദ്യമായി വായിച്ചത് 1891ലെ മദ്രാസ് പ്രസിഡന്‍സി സെന്‍സസിലാണ്. സെന്‍സസിന്റെ റിപ്പോര്‍ട്ടില്‍ എച്. എ. സ്റ്റുവര്‍ട്ട് എഴുതി: 1881-91 കാലയളവില്‍ മലബാറിലെ മുസ്ലിങ്ങള്‍ 18.04 ശതമാനം വര്‍ധിച്ചപ്പോള്‍ ഹിന്ദു ജനസംഖ്യ 9.89 ശതമാനം മാത്രമേ വര്‍ധിച്ചിട്ടുള്ളൂ. ഇക്കാലയളവില്‍ മലബാറിലെ പൊതു ജനസംഖ്യ വര്‍ധനവ് 12.16 ശതമാനമാണ്. ഇത്തരത്തില്‍ മുസ്ലിം ജനസംഖ്യ വര്‍ധിച്ചാല്‍ ഫെബ്രുവരി 1891 മുതല്‍ 121.6 വര്‍ഷത്തേക്ക് മുസ്ലിം, ഹിന്ദു ജനസംഖ്യ തുല്യമാകും. ഈയൊരു പ്രഖ്യാപനം ഹിന്ദുക്കളിലെ ഉന്നത ജാതീയരെ ഉണര്‍ത്തി. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആര്യ സമാജവും മറ്റു ശുദ്ധി പ്രസ്ഥാനങ്ങളും അവരുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചതും നടപ്പിലാക്കിയതും ഈ റിപ്പോര്‍ട്ടിന്റെ അടിസഥാനത്തിലാണ്. മതം മാറ്റം തടയുന്നതില്‍ നിന്നു തുടങ്ങി, മതം മാറിയവരെ തിരിച്ചു ശുദ്ധികലശം നടത്തി തിരിച്ചെടുക്കുന്നതിലേക്കും പരിശുദ്ധ സ്ഥലങ്ങളിലേക്ക് ഒരളവുവരെയെങ്കിലും കീഴാളരെ പ്രവേശിപ്പിക്കുന്നതിലേക്കും എത്തിച്ചേര്‍ന്നു. 124 വര്‍ഷങ്ങള്‍ക്കിപ്പുറം നമുക്കറിയാം മുസ്ലിംകള്‍ ഹിന്ദു ജനസംഖ്യയുടെ ഏഴയലത്തുപോലും എത്തിയിട്ടില്ല. പക്ഷേ, ജനസംഖ്യ ഭൂതം മുസ്ലിം ജനസാമാന്യത്തെ ഇക്കാലമത്രയും വിടാതെ പിന്തുടര്‍ന്നിട്ടുണ്ട്.

കണക്കിലെ കളികള്‍
ജനസംഖ്യ ഭൂതം നമ്മുടെ രാഷ്ട്രീയ, സാമൂഹിക സ്വഭാവങ്ങളെ ഇക്കാലമത്രയും നിയന്ത്രിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ കണക്കിനു പുറത്തു തന്നെയാണ്. കാനേഷുമാരിയിലെ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ വിവരണം ഒരു പ്രശ്‌നമാണെന്ന് വരുത്തിത്തീര്‍ക്കുന്നതിന്റെ ആദ്യത്തെ പടി അത് ഒരേ സമയത്തു പുറത്തുവിടാതിരിക്കലാണ്. അത്തരം ഒരു പ്രശ്‌നത്തിന്റെ പ്രതീതി ഉളവാക്കിയതിന്നു ശേഷം മാത്രമേ ഇത്തവണയും കണക്കുകള്‍ പുറത്തുവിട്ടിട്ടുള്ളൂ. ഇന്നും മുസ്ലിം, ക്രിസ്ത്യന്‍ ജനസംഖ്യാ വര്‍ധനവ് നമ്മുടെ മുഖ്യധാരാ ചര്‍ച്ചകളില്‍ സജീവമാണെങ്കില്‍ അത് മതം മാറ്റത്തിന്റെ ബാഹുല്യം കൊണ്ടൊന്നുമല്ല; മറിച്ച്, മതം മാറ്റം ആര് നടത്തുന്നു, എന്തിനു നടത്തുന്നു എന്നുള്ളത് കൊണ്ടാണ്. മലബാറില്‍ ചെറുമരും, പറയരും നായാടികളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇസ്ലാം മതം സ്വീകരിച്ചത് പ്രധാനമായും സാമൂഹിക, സാമ്പത്തിക ചൂഷണങ്ങളില്‍ നിന്നും വിടുതല്‍ കിട്ടുന്നതിനാണ്. അവര്‍ണര്‍ക്ക് നല്ലത് ഇസ്ലാമാണെന്ന് പെരിയാര്‍ ഒരു ചരിത്ര ഘട്ടത്തില്‍ പ്രഖ്യാപിച്ചെങ്കില്‍, അംബേദ്കര്‍ മറ്റൊരവസരത്തില്‍ ദര്‍ശിച്ചത് ബുദ്ധിസത്തെയാണ്. ബുദ്ധിസത്തെയും സിക്കിസത്തെയും ജൈനിസത്തെയും ഹിന്ദുയിസം രാഷ്ട്രീയമായിട്ടെങ്കിലും ആവാഹിച്ചിട്ടുണ്ടെങ്കില്‍ ആ ഗണത്തില്‍പ്പെടാതെ നില്‍ക്കുന്നത് ഇസ്ലാമും ക്രിസ്റ്റ്യാനിറ്റിയും മാത്രമാണ്. ഈ രണ്ടു മതങ്ങളിലേക്കുമുള്ള പരിവര്‍ത്തനത്തിലൂടെ ചോദ്യം ചെയ്യപ്പെടുന്നത് ജാതീയത മാത്രമല്ല, ഉന്നത ജാതിക്കാരുടെ ജാതിമേല്‍ക്കോയ്മ കൂടിയാണ്. ഈ മേല്‍ക്കോയ്മയെ സാംസ്‌കാരികമായെങ്കിലും നിലനിര്‍ത്തല്‍ അവരുടെ രാഷ്ട്രീയാവശ്യമാണ്. ഒരു ജനതയെ രാഷ്ട്രീയമായി കൂടെ നിര്‍ത്തുന്നതിനുള്ള ഏറ്റവും നല്ല ഒരു സൂത്രം പുറമേനിന്നുള്ള ഭീഷണിയെ പെരുപ്പിച്ചു കാണിക്കലാണ്. അതിന്നു വേണ്ടിയാണ് കടലാസു പുലികളെക്കാണിച്ചു മുഖ്യധാരാ രാഷ്ട്രീയത്തെ ഇവര്‍ നിയന്ത്രിക്കുന്നതും നിലനിര്‍ത്തുന്നതും. ഇത്തരം രാഷ്ട്രീയ തന്ത്രങ്ങളിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത് ജാതീയതയെ അപ്പാടെ സാംസ്‌കാരികമായെങ്കിലും നിലനിര്‍ത്താനാണ്. ജനസംഖ്യ ഭൂതത്തെക്കാണിച്ചു വ്യത്യസ്ത ജാതി, സമുദായങ്ങളെ ബ്രാഹ്മണാധിപത്ത്യത്തിന്റെ കുടക്കീഴില്‍ നിര്‍ത്താനും ഇവര്‍ കഠിനപ്രയത്‌നം ചെയ്യുന്നു. കണക്കിന്റെ കളികള്‍ ഇത്തരം വിശാലരാഷ്ട്രീയ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

മുസ്ലിങ്ങളും ജനസംഖ്യ വിവാദങ്ങളും
ജനസംഖ്യ വിവാദങ്ങളില്‍ എപ്പോഴും ക്രൂശിക്കപ്പെടുന്നത് മുസ്ലിങ്ങളാണെന്നത് കൊണ്ടുതന്നെ ഇവ ചെയ്യുന്ന ഫലങ്ങള്‍ പൊതുവെ നാം തിരിച്ചറിയാതെ പോവുകയാണ് പതിവ്. ഇത്തരം വിവാദങ്ങള്‍ മുസ്ലിങ്ങളിലെ തല്‍പ്പരകക്ഷികളെയും വല്ലാതെ സഹായിക്കുന്നുണ്ട്: പ്രതിരോധങ്ങള്‍ മിക്കപ്പോഴും രാഷ്ട്രീയമായി ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നു. മതപരമായും സാമൂഹികമായും മുസ്ലിങ്ങള്‍ ഒറ്റക്കെട്ടാണെന്ന മിഥ്യാധാരണ ഇവ പൊതുമണ്ഡലത്തില്‍ ജനിപ്പിക്കുന്നു. ഫലത്തില്‍ ഇവ രണ്ടു തരത്തിലുള്ള വിള്ളലുകളെ മൂടിവെക്കുന്നു: ഒന്ന്, മതപരമായ വേര്‍തിരിവുകളും വിദ്വേഷവും തദനുസാരിയായ സംഘട്ടനങ്ങളും. കേരളത്തിലെ മുസ്ലിങ്ങള്‍ മതപരമായി ഇകെ, ഏപി സുന്നികളായും, മുജാഹിദുകളായും, ജമാഅത്തായും, തബ്ലീഗായും മറ്റും വേര്‍പെട്ടു കിടക്കുന്നു. രണ്ടാമത്തേത്, സാമൂഹികമായി തങ്ങന്മാരായും, മാപ്പിളമാരായും ഒസ്സാനായും പൂസലാനായും വിഭാഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ കല്യാണ ബന്ധങ്ങള്‍ പൊതുവെ അപൂര്‍വങ്ങളാണ്. അതിന്നപ്പുറം, പ്രത്യേകിച്ചും പൂസലാന്മാരെയും ഒസ്സാന്മാരെയും വിലകുറച്ച് കാണുന്ന ഒരുപാട് ചര്‍ച്ചകളും പ്രയോഗങ്ങളും പൊതുമണ്ഡലത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. പെണ്‍കുട്ടികളുടെ പെട്ടെന്നുള്ള വിവാഹങ്ങളും അനന്തരസ്വത്തില്‍ അവര്‍ക്കെതിരെയുള്ള വിവേചനങ്ങളും സാമൂഹിക വിപത്തുകളില്‍ മറ്റുചിലതാണ്. ജനസംഖ്യ ഭൂതങ്ങളും, അതുപോലെത്തന്നെ സാമുദായിക സംഘട്ടനങ്ങളും ഇത്തരം സാമൂഹിക വിപത്തുകള്‍ മറച്ചുവെക്കപ്പെടാനും, സാമൂഹികമായും രാഷ്ട്രീയമായും മുസ്ലിങ്ങള്‍ ഒറ്റക്കെട്ടാണെന്ന പ്രതീതി ജനിപ്പിക്കാനും ഇടവരുത്തുന്നു. ഇത്തരം സങ്കല്‍പങ്ങള്‍ രാഷ്ട്രീയമായി മുതലെടുക്കാന്‍ ഹിന്ദുക്കളിലെ ഉന്നത ജാതീയരെപ്പോലെ മുസ്ലിങ്ങളിലെ ഉപരിവര്‍ഗങ്ങളും (തങ്ങമ്മാരും മാപ്പിളമാരിലെ പൂര്‍വ ജന്മികളും) എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ കാനേഷുമാരിയിലെ വിവാദങ്ങള്‍ കണക്കുകളിലെ വിള്ളലുകളിലേക്കും വ്യാഖ്യാനക്കസര്‍ത്തുകളിലേക്കും ഒതുക്കാതെ ബൃഹത്തായ രാഷ്ട്രീയ നീക്കുപോക്കുകളിലേക്ക് വായിക്കപ്പെടേണ്ടതുണ്ട്.

(സൈതലവി ന്യൂ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ സോഷ്യോളജി ഡിപാര്‍ട്ട്‌മെന്റില്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയാണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍