UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമങ്ങളെ, കോടതികളെ, സൈന്യത്തെ എല്ലാം കാവി പുതപ്പിക്കുന്നു: കനയ്യ കുമാര്‍ / അഭിമുഖം

Avatar

കനയ്യ കുമാര്‍/ വിഷ്ണു ശൈലജ വിജയന്‍

(തിരുവനന്തപുരത്ത് നടന്ന എഐവൈഎഫ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കനയ്യ കുമാറുമായി അഴിമുഖം പ്രതിനിധി വിഷ്ണു  വിജയന്‍ സംസാരിക്കുന്നു)

വിഷ്ണു: രോഹിത് വെമുലയുടെ ദളിത് അസ്തിത്വത്തെ നിരാകരിക്കുകയാണ് രൂപന്‍വാല കമ്മീഷന്‍ റിപ്പോര്‍ട്ട്. എങ്ങനെ പ്രതികരിക്കുന്നു?

കനയ്യ: രൂപന്‍വാല കമ്മീഷന്‍ റിപ്പോര്‍ട്ട് മുഴുവനും തെറ്റാണ്. നോക്കൂ, അന്വേഷണ കമ്മിഷനെ നിയമിച്ചത് അയാളുടെ ജാതി കണ്ടുപിടിക്കാനല്ലായിരുന്നു. രോഹിത് ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം? ഉത്തരവാദികള്‍ ആര്? എന്നീ കാര്യങ്ങള്‍ കണ്ടെത്താനായിരുന്നു. പക്ഷെ സംഭവിച്ചത് വേറൊന്നും. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഉപസംഹാരമായി വന്നത് രോഹിത് ദളിത് അല്ലായിരുന്നു എന്ന രീതിയിലാണ്. രൂപന്‍വാല കമ്മിഷന്‍ കേന്ദ്ര ഭരണകൂടത്തിന്റെ മുഖം രക്ഷിക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ട് എല്ലാ വിഷയങ്ങളില്‍ നിന്നും വഴി തിരിച്ചു വിടാനുള്ള ഒരു ശ്രമമായിരുന്നു അത്.

ഞങ്ങള്‍ എപ്പോഴും രോഹിതിന്റെ അമ്മ രാധികയ്‌ക്കൊപ്പം നില്‍ക്കും. ദളിത് ആണെന്ന കാരണത്താല്‍ അവരുടെ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു പോയി. അതിനു ശേഷം അവര്‍ ഒറ്റയ്ക്കാണ് ജീവിച്ചത്. ഒറ്റയ്ക്കാണ് മക്കളെ വളര്‍ത്തിയത്. രാധികയും അവരുടെ മക്കളും ജാതീയതയുടെ ഇരകളായിരുന്നു എപ്പോഴും.

അച്ഛന്‍ മക്കള്‍ക്കൊപ്പം ജീവിച്ചിട്ടില്ല. കുട്ടികളെ വളര്‍ത്തുന്നതാരോ അവരുടെ ജാതിയാണ് കുട്ടികളുടെ ജാതി. ഇവിടെ രോഹിതിന്റെ അമ്മയാണ് അവനെ വളര്‍ത്തിയത്. അവര്‍ ദളിതാണ്. അതാണ് അപ്പോള്‍ അവരുടെ ജാതി. അതവിടെ നിര്‍ത്തൂ. നമുക്ക് രോഹിത്തിന്റെ മരണത്തിന് കാരണക്കാരായവരെക്കുറിച്ച് സംസാരിക്കാം. ജാതി വെറി, അഹന്ത അതെല്ലാമാണ് അയാളെ ഇല്ലാതാക്കിയത്. ആ മരണത്തിന് പിന്നിലെ വലിയ സത്യത്തെയാണ് ഇപ്പോള്‍ രോഹിത്, ദളിത് അല്ല എന്ന് സമര്‍ത്ഥിച്ച് നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഈ റിപ്പോര്‍ട്ടിന്റെ അര്‍ത്ഥം എന്താണ്? ഒരു ജനറല്‍ വിഭാഗക്കാരനെയോ, ഒബിസിക്കാരനെയോ ഇങ്ങനെ കൊന്നാല്‍ അതും തെറ്റ് തന്നെയാണ്. കൊലപാതകം തെറ്റാണ്. അതേതു ജാതിയില്‍പ്പെട്ടയാളെയാണെങ്കിലും. ഒരു പക്ഷപാതവും ഇല്ലാതെയാണ് അന്വേഷണം നടത്തേണ്ടത്. അത് സത്യം തെളിയിക്കപ്പെടാന്‍ വേണ്ടിയാകണം.

വി: ഇന്ത്യന്‍ ഫാസിസത്തെ പറ്റിയുള്ള പ്രകാശ് കാരാട്ടിന്റെ നിലപാടിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സിപിഐ താങ്കളെ എതിര്‍ത്തു രംഗത്തു വന്നിരുന്നല്ലോ, എന്തുകൊണ്ടാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നത്?

ക: ഞാന്‍ ഒരു വ്യക്തിയെയും വിമര്‍ശിച്ചിട്ടില്ല. ഞാന്‍ വിമര്‍ശിച്ചത് ആശയപരമായ കാഴ്ച്ചപ്പാടുകളെയാണ്. ഇതു വളരെ നിര്‍ഭാഗ്യകരമായ സ്ഥിതിയാണ്. ഈ ആശയക്കുഴപ്പങ്ങള്‍ കാലങ്ങളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിടയില്‍ നിലനില്‍ക്കുന്നതാണ്. മാറ്റം വരുത്തേണ്ടതുണ്ട്. എംഎന്‍ റോയിയും ലെനിനും തമ്മില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. സിപിഐയ്ക്കും സിപിഎമ്മിനും ഇടയില്‍ സംവാദങ്ങള്‍ നിലനില്‍ക്കുന്നു. ഇപ്പോള്‍ സിപിഎമ്മിന് അകത്ത് തന്നെ സംവാദങ്ങള്‍ നടക്കുന്നു. കേരള ലൈന്‍, ബംഗാള്‍ ലൈന്‍ എന്ന തരത്തില്‍. എപ്പോഴും ആശയ സംവാദങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. ആശയ സംവാദങ്ങള്‍ എപ്പോഴും നമ്മുടെ അടിത്തറ സംരക്ഷിക്കും വിധമായിരിക്കണം.

അതേ; നമ്മുടെ സമൂഹം വൈവിധ്യമാര്‍ന്നവയാണ്. ഫാസിസ്റ്റ് ചിന്തകള്‍ നമ്മുടെ സമൂഹത്തിന് വിപത്താണ്. തീര്‍ച്ചയായും ബിജെപി ഫാസിസത്തിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നത്. അവരുടെ എല്ലാ നയങ്ങളും അതിനായി ഉപയോഗിക്കുന്നുണ്ട്. എങ്ങനെയുള്ള യുദ്ധ തന്ത്രങ്ങളാണ് അവര്‍ നടപ്പിലാക്കുന്നത് എന്നു നിങ്ങള്‍ക്കു കാണാമല്ലോ. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സൈന്യത്തെ എങ്ങനെയാണ് അവര്‍ ഉപയോഗിക്കുന്നത് എന്നും നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ദളിത്, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ഉന്നം വെക്കുന്നതും കാണാമല്ലോ. ഇതെല്ലാം ഫാസിസ്റ്റ് പ്രവണതകള്‍ ആണ്.

വി: ലാല്‍സലാം, നീല്‍സലാം മുദ്രാവാക്യങ്ങള്‍ക്ക് അപ്പുറം അംബേദ്കറൈറ്റ് ആശയങ്ങളും മാര്‍ക്‌സിസ്റ്റ് ആശയങ്ങളും ഒന്നാകും എന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ക: നോക്കൂ; ഈ മുദ്രാവാക്യങ്ങള്‍ പിറവികൊള്ളുക എന്നത് അത്തരം രാഷ്ട്രീയപരമായ ഒത്തുചേരലുകളില്‍ നിന്ന് മാത്രമേ സാധ്യമാകുകയുള്ളൂ. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യം ഉണ്ടാകേണ്ടതുണ്ട്. ക്ലാസിന്റെയും കാസ്റ്റിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ എല്ലാവരും ഒരുമിക്കണം. നമുക്ക് ഒരാളെയും ഈ പോരാട്ടത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ല. ചുവന്ന കൊടി ഉയര്‍ത്തുന്ന കൈകള്‍ നീലക്കൊടിയും ഉയര്‍ത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

നമ്മള്‍ കൊടികളുടെ നിറങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ അവിടെയൊരു ഐഡിയോളജിക്കല്‍ സിംമ്പോളിസം കടന്നു വരുന്നു. ബാബാസഹേബ് അംബേദ്കര്‍ ഹിന്ദുത്വത്തിനും ബ്രാഹ്മണിക്കല്‍ ചിന്തകള്‍ക്കും എതിരെ പോരാടാന്‍ ബുദ്ധിസമാണ് തെരഞ്ഞെടുത്തത്. അംബേദ്കറൈറ്റ് ചിന്തകള്‍ക്കും മാര്‍ക്‌സിസ്റ്റ് ചിന്തകള്‍ക്കും തീര്‍ച്ചയായും ഒരു ഐഡിയോളജിക്കല്‍ കോമണ്‍ഗ്രൗണ്ട് ഉണ്ട്. അതിന് ഏറ്റവും നല്ല ഉദാഹാരണം പെരിയാര്‍ (ഇവി രാമസ്വാമി നായ്ക്കര്‍) ആണ്. ‘there is no god, there is no god’ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ദ്രാവിഡ സംസ്‌കാരത്തെ തള്ളിക്കളഞ്ഞതുമില്ല. അവിടെ മാര്‍ക്‌സിസ്റ്റ് ചിന്തയും ദ്രാവിഡ ചിന്തയും ഒന്നാകുകയായിരുന്നു. നമുക്ക് ആ മോഡല്‍ തീര്‍ച്ചയായും സ്വീകരിക്കാം. രണ്ടു തരത്തിലുള്ള ഇന്ത്യന്‍ രാഷ്ട്രീയ ചിന്തകള്‍ ഉണ്ട്. ബ്രാഹ്മണിക്കലും ശ്രാമണിക്കലും. നമുക്ക് മാര്‍ക്‌സിസിറ്റ് ചിന്തകള്‍ക്കൊപ്പം ശ്രാമണിക് ആശയങ്ങളെയും സ്വീകരിക്കാവുന്നതാണ്. അത് എന്തിനു വേണ്ടിയാണ്? ബ്രാഹ്മണിക്കല്‍ ഫാസിസ്റ്റ് നയങ്ങള്‍ക്ക് എതിരെ ഇതൊരു ശക്തമായ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മുന്നേറ്റത്തിന് സഹായമാകും.

ഇവിടെ ഇപ്പോള്‍ സംഭവിക്കുന്നത് ശ്രദ്ധിച്ചാല്‍ മനസ്സിലാകും ലിബറലുകളെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത് എന്ന്‍. കല്‍ബുര്‍ഗിയും ധബോല്‍ക്കറും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍മാര്‍ ആയിരുന്നില്ല. പന്‍സാരെ മാത്രം സിപിഐ അംഗം ആയിരുന്നു. എന്തുകൊണ്ട് അവരെല്ലാവരും ടാര്‍ഗെറ്റ് ചെയ്യപ്പെട്ടു? അവര്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ സമൂഹത്തെ പ്രേരിപ്പിച്ചു. ദളിതരുടെ, സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി സംസാരിച്ചു. അതു മതതീവ്രവാദികളുടെ ചിന്തകള്‍ക്ക് എതിരായിരുന്നു. അവര്‍ക്ക് എതിരായി വരുന്നവരെ കൊല്ലുക എന്നതു മാത്രമാണ് അവരുടെ മുന്നില്‍ ഉള്ള വഴി. അല്ലാതെ പ്രത്യയശാസ്ത്രപരമായി എതിര്‍ത്തു തോല്‍പ്പിക്കാന്‍, കാര്യകാരണ സഹിതം തങ്ങളാണ് ശരി എന്നു പറഞ്ഞു ജയിക്കാന്‍ അവര്‍ക്ക് കഴിയില്ല, അതിനുള്ള അറിവില്ല, അതിനുള്ള പ്രത്യയശാസ്ത്ര പിന്തുണയും ഇല്ല. ഈ റിയാലിറ്റിയാണ് എല്ലാവരെയും ഒരുമിപ്പിക്കാന്‍ കാരണമാകുന്നത്. അവിടെ പ്രത്യയശാസ്ത്രവും കൊടിയുടെ നിറവുമല്ല; മറിച്ച് മനുഷ്യരെപ്പറ്റിയുള്ള, ജീവിതങ്ങളെ പറ്റിയുള്ള ചിന്തയാണ് ആളുകളെ ഒരുമിപ്പിക്കുന്നത്. പോരാടാന്‍ പ്രേരിപ്പിക്കുന്നത്. സ്വാതന്ത്ര്യസമരം എടുത്തു നോക്കൂ, കര്‍ഷകര്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ എല്ലാവരും ഒരുമിച്ചു നിന്നു പോരാടി. ഇതാ ഇപ്പോള്‍ വീണ്ടും ഒരുമിച്ചു നിന്നു പോരാടാനുള്ള അവസരം വന്നിരിക്കുന്നു. പോരാടണം. അല്ലെങ്കില്‍ അവര്‍ നമ്മുടെ സമൂഹത്തെ നശിപ്പിക്കും.

വി: എഐഎസ്എഫ് എന്തുകൊണ്ടാണ് ഇത്തവണ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത്?

ക: ഞങ്ങള്‍ക്ക് അതിന് കൃത്യമായ ഉത്തരം ഉണ്ട്. ഒരുപാട് തവണ പറഞ്ഞതാണ്. ഇടതുപുരോഗമന വിദ്യാര്‍ഥി സംഘടനകള്‍ എല്ലാം ഒരുമിച്ചു നിന്ന് തെരഞ്ഞെടുപ്പിനെ നേരിടണം എന്ന ആശയമാണ് എഐഎസ്എഫ് മുന്നോട്ട് വെച്ചത്. പക്ഷെ ചില സംഘടനകള്‍ മാറി നിന്നു. അപ്പോള്‍ എഐഎസ്എഫ് സ്വന്തമായി മത്സരിച്ചാല്‍ വീണ്ടും വോട്ട് വിഘടിക്കും എന്ന സാഹചര്യം വന്നപ്പോള്‍ ഞങ്ങള്‍ ഇലക്ഷനില്‍ പങ്കെടുക്കാതെ മാറി നിന്നു. എന്നാല്‍ ഇടതു പുരോഗമന സംഘടനകള്‍ക്ക് വേണ്ടി പ്രചാരണത്തിന് ഞങ്ങള്‍ ഉണ്ടായിരുന്നു. അധികാരമല്ല ഞങ്ങളുടെ ലക്ഷ്യം. വലതു, ഫാസിസ്റ്റ് ശക്തികള്‍ വിജയിക്കരുത്. അതാണ് ലക്ഷ്യം.

ബിജെപി അതിവേഗത്തില്‍ വളരുകയാണ്. സാക്ഷരസമൂഹമായ, പുരോഗമന ചിന്തകള്‍ ഏറ്റവും കൂടുതലുള്ള കേരളത്തില്‍ പോലും അവര്‍ക്ക് ഒരു സീറ്റ് ലഭിച്ചു. എല്ലായിടത്തും പിടിമുറുക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. ജെഎന്‍യുവില്‍ അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് എഐഎസ്എഫ് ശ്രമിക്കുന്നത്.

വി: ഏകീകൃത സിവില്‍ കോഡിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുകയാണല്ലോ, എന്താണ് താങ്കളുടെ ഈ വിഷയത്തില്‍ ഉള്ള നിലപാട്?

ക: തീര്‍ച്ചയായും നിയമം നടപ്പിലാക്കണം. എന്നാല്‍ വേഗത്തിലത് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. നമ്മുടെ സാമൂഹ്യഘടനയ്ക്ക് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തി, കൃത്യമായ അടിത്തറ ഉണ്ടാക്കിയതിന് ശേഷം മാത്രമേ ഇത് നടപ്പിലാക്കാന്‍ പാടുള്ളൂ. ഒരു നിയമവും ജനങ്ങള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല.

വി: പാക്കിസ്ഥാനുമായുള്ള യുദ്ധത്തിന് വേണ്ടി ഒരു വിഭാഗം മുറവിളി കൂട്ടുകയാണ്. യുദ്ധത്തിന്റെ ആവശ്യകത ഇപ്പോള്‍ നിലനില്‍ക്കുന്നു എന്ന് കരുതുന്നുണ്ടോ?

ക: അങ്ങനെയൊരു നീക്കത്തിന്റെ ആവശ്യകതയുണ്ടെങ്കില്‍ വേണം. എന്നാല്‍ പ്രധാനമന്ത്രി കോഴിക്കോട് വന്നു പറഞ്ഞത് എന്താണ്? യുദ്ധം ചെയ്യേണ്ടത് തൊഴിലില്ലായ്മയ്ക്കും പട്ടിണിക്കും അസമത്വങ്ങള്‍ക്കും എതിരെയാണ് യുദ്ധം ചെയ്യേണ്ടത് എന്നാണ്. നമ്മുടെ രാജ്യത്തിന്റെ പരാമാധികാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ പാടില്ല. പക്ഷെ യുദ്ധങ്ങള്‍ ഒരു രാജ്യത്തെയും സഹായിക്കുകകയില്ല, അത് ഒരു വലിയ യാഥാര്‍ഥ്യമാണ്. അത് മറക്കരുത്.

വി: കശ്മീര്‍ വിഷയത്തില്‍ താങ്കളുടെ നിലപാട് എന്താണ്?

ക: കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. ഞങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ കൂടെ നില്‍ക്കുന്നു. ഇന്ത്യന്‍ പ്രദേശങ്ങളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ജനാധിപത്യപരമായി പരിഹരിക്കണം. അസ്പയാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണം. അത് എല്ലാ മേഖലയില്‍ നിന്നും പിന്‍വലിക്കണം. അത് വളരെ പിന്തിരിപ്പന്‍ നിയമമാണ്. ചിലയാള്‍ക്കാര്‍ അവരുടെ തന്നെ പൗരന്മാര്‍ക്ക് എതിരെ അതു ദുരുപയോഗം ചെയ്യുകയാണ്.

വി: പ്രധാനമന്ത്രി റിലയിന്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ചതിനെ എങ്ങനെ വിലയിരുത്തുന്നു?

ക: ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഒരു കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചതു വഴി തെറ്റായ ഒരു മെസ്സേജ് ആണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. കോര്‍പ്പറേറ്റ് കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചത് വഴി അദ്ദേഹം ആര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത് എന്ന് നമുക്ക് കൃത്യമായും മനസിലാക്കാന്‍ സാധിച്ചു. പൊതുമേഖലയെ നശിപ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നാണ് ഇതില്‍ നിന്നും നമുക്ക് സൂചന ലഭിക്കുന്നത്. അദ്ദേഹത്തിന് പ്രൊമോട്ട് ചെയ്യണമായിരുന്നു എങ്കില്‍ ബിഎസ്എന്‍എല്ലിനെ പ്രൊമോട്ട് ചെയ്യാമായിരുന്നു. അത് ചെയ്തില്ല.

ഞാന്‍ ജിയോക്ക് എതിരല്ല, ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. തെരഞ്ഞെടുക്കണം. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയുടെ നിലപാടുകളെയാണ് ഞാന്‍ എതിര്‍ക്കുന്നത്. നമ്മുടെ രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ എല്ലാം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്ന ഈ സമയത്ത് ഒരു സ്വകാര്യ കമ്പനിക്ക് വേണ്ടി എങ്ങനെയാണ് ഒരു പ്രധാനമന്ത്രിക്ക് മോഡല്‍ ചെയ്യാന്‍ സാധിക്കുന്നത്? അതുകൊണ്ടാണ് ഞാന്‍ പറയുന്നത് നരേന്ദ്ര മോദി പ്രൈം മിനിസ്റ്റര്‍ അല്ല, പ്രൈം മോഡല്‍ ആണ് എന്ന്.

വി: സംഘപരിവാര്‍ കാലത്തെ മാധ്യമ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ഏറ്റവും വലിയ ശ്രദ്ധ നേടുകയും വിമര്‍ശനം നേരിടുകയും ചെയ്യുന്ന മേഖല. ഏറ്റവും കൂടുതല്‍ മാധ്യമ വിചാരണ നേരിട്ട ഒരാളാണ് താങ്കള്‍. ഈ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു?

ക: ഇതൊരു ഭയാനകമായ അവസ്ഥയാണ്. ഫാസിസം ജീവിതത്തിന്റെ എല്ലാ മേഖലയിലും ബാധിക്കും. ആര്‍എസ്എസ് ഇപ്പോള്‍ സകല മേഖലകളും കാവിവത്കരിക്കാന്‍ ശ്രമിക്കുകയാണ്. മാധ്യമങ്ങളെ, കോടതികളെ, സൈന്യത്തെ അങ്ങനെ എല്ലായിടങ്ങളിലും കാവിവത്കരിക്കാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ പ്രധാനമായും മാധ്യമങ്ങളെ കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുകയാണ്. പ്രത്യേകിച്ച് കോര്‍പ്പറേറ്റ് മാധ്യമങ്ങളെ. പക്ഷെ എന്നെ സംബന്ധിച്ച് ഈ അവസ്ഥ ആശയറ്റതല്ല. ഒരു വാദം ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും ഒരു മറുവാദവും ഉണ്ടാകും. ഒരു കോര്‍പ്പറേറ്റ് മാധ്യമം ഉണ്ടെങ്കില്‍ അതിനെ എതിര്‍ക്കാന്‍ കെല്‍പ്പുള്ള, മാധ്യമ കുത്തകളുടെ സ്ഥാപിത താല്‍പ്പര്യങ്ങളെ എതിര്‍ക്കുന്ന ശരിയായ മാധ്യമ സ്ഥാപനവും ഉണ്ടാകും.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് വിഷ്ണു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍