UPDATES

കഞ്ഞിക്കുഴി ബ്രാൻഡ് ജൈവപച്ചക്കറി എത്രത്തോളം ജൈവമാണ്? ഒരന്വേഷണം

കർഷകരെ പഴിക്കരുത്, അവർ നിസഹായരാണ്

കഞ്ഞിക്കുഴിയിലെ ജൈവപച്ചക്കറികളില്‍ മായം കലരുന്നുണ്ടോ? ജൈവം ചിലപ്പോഴെങ്കിലും രാസമായി മാറുന്നുണ്ടെന്ന് പറഞ്ഞ് കേട്ട അറിവിന്റെ പുറത്ത് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത് ഞെട്ടിക്കുന്ന സത്യങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ യുവകര്‍ഷക പുരസ്‌കാരം ലഭിച്ച കര്‍ഷകന്റെ വെളിപ്പെടുത്തലുകളിലേക്ക്-

‘ഞാന്‍ ജൈവകര്‍ഷകനല്ല. അത്യാവശ്യം രാസവളവും കീടനാശിനികളും ഉപയോഗിച്ച് തന്നെയാണ് ഞാന്‍ കൃഷി ചെയ്യുന്നത്. അല്ലാതെ ഇന്നു നിലനില്‍ക്കാനാവില്ല. ചെടികള്‍ക്കോ വിളകള്‍ക്കോ ഒരു രോഗം വന്നാല്‍ പോലും അതിനെ എങ്ങനെ ജൈവരീതിയില്‍ മറികടക്കണമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോലും അറിയില്ല. പിന്നെ എങ്ങനെ ജൈവകൃഷി മാത്രം ചെയ്യും? ജീവിക്കാന്‍ വേണ്ടിയല്ലേ കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. ഞാനുത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ കഞ്ഞിക്കുഴിയിലെ സ്റ്റാളുകളിലേക്കാണ് മുഖ്യമായും പോകുന്നത്. അവിടെ അതിന് ആവശ്യക്കാരുമുണ്ട്.’

ഈ കര്‍ഷകന്റെ വിളകള്‍ കഞ്ഞിക്കുഴിയിലെ ഇരുപതോളം ‘ജെവ’ പച്ചക്കറി സ്റ്റാളുകളിലേക്കാണെത്തുന്നത്. ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്ന കര്‍ഷകരുടെ പേര് വെളിപ്പെടുത്തുന്നതില്‍ പ്രയാസമുണ്ടായിട്ടല്ല, മറിച്ച് ഇപ്പോഴും ജൈവകര്‍ഷകരായി തുടരുന്ന ചിലരുടെയെങ്കിലും നല്ല ഭാവിയെക്കരുതി ഇത് മറച്ചുവക്കേണ്ട ആവശ്യകതയുള്ളതിനാലാണ്.

‘നല്ല ഭംഗിയായി അടുക്കി വച്ചിരിക്കുന്ന പച്ചക്കറികളിലേക്കാണ് എല്ലാവരുടേയും നോട്ടം ആദ്യമെത്തുക. ഇങ്ങനെ ഭംഗിയായി അടുക്കി വയ്ക്കാൻ ജില്ലയ്ക്ക് പുറത്തു നിന്നും പച്ചക്കറികള്‍ ഇവിടേക്കെത്തുന്നുണ്ട്. മുഖ്യമായും കോട്ടയം കുറുവിലങ്ങാടു നിന്നാണ്. അവിടെ രാസവളവും കീടനാശിനികളും ഉപയോഗിച്ച് കൃഷി ചെയ്യുന്നവരുടെ കയ്യില്‍ നിന്നാണ് ഇവിടേക്ക് പച്ചക്കറികള്‍ എത്തുന്നത്. മിക്ക ദിവസങ്ങളിലും ലോഡെത്തുന്നുണ്ട്. പക്ഷെ ഇതെല്ലാം ജൈവ പച്ചക്കറിയാണെന്ന് പറഞ്ഞാണ് കച്ചവടക്കാര്‍ വില്‍ക്കുന്നത്. ജൈവകര്‍ഷകരുടെ കയ്യില്‍ നിന്ന് 50 രൂപയ്ക്ക് ഒരു കിലോ പയറെടുത്താല്‍ കച്ചവടക്കാര്‍ അത് 70 രൂപയ്ക്ക് വില്‍ക്കും. രാസവളമുപയോഗിച്ച് കൃഷി ചെയ്യുന്ന കര്‍ഷകരുടെ കയ്യില്‍ നിന്ന് 25-30 രൂപയ്ക്ക് ഒരു കിലോ പയര്‍ ഇവര്‍ക്ക് കിട്ടും. 60-70 രൂപയ്ക്ക് ഇത് വില്‍ക്കുകയും ചെയ്യാം. അത്രയും ലാഭം കിട്ടുമ്പോള്‍ കച്ചവടത്തില്‍ നഷ്ടമുണ്ടാക്കി ആരെങ്കിലും ജൈവ കര്‍ഷകന്റെ പച്ചക്കറി വാങ്ങിക്കുമോ?’ മറ്റൊരു കര്‍ഷകന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ.

ജൈവപച്ചക്കറി കൃഷിയുടെ ഗ്രാമം എന്ന നിലയില്‍ പേര് കേട്ടതാണ് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി. ഇന്നും ഇരുന്നൂറോളം കര്‍ഷകര്‍ ഇവിടെ ജൈവകര്‍ഷകരായി തുടരുന്നു. കഞ്ഞിക്കുഴിയില്‍ തന്നെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളില്‍ 90 ശതമാനവും വിഷമടിച്ച പച്ചക്കറിയാണെന്നും ഒരു ജൈവകര്‍ഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. ‘കഞ്ഞിക്കുഴിയില്‍ പഞ്ചായത്തിന്റെ വിപണന കേന്ദ്രമുള്‍പ്പെടെ ഇരുപതോളം വില്‍പ്പന കേന്ദ്രങ്ങളുണ്ട്. ഒരു ദിവസം ഒരു സ്റ്റാളില്‍ ഏതാണ്ട് പതിനായിരം രൂപയുടെ കച്ചവടം നടക്കും. അതില്‍ കൂടുകയല്ലാതെ കുറയാറില്ല. കഞ്ഞിക്കുഴിയുടെ സ്വന്തം ജൈവപച്ചക്കറി വാങ്ങാനായി എത്തുന്ന ദൂരയാത്രക്കാരാണ് കച്ചവടക്കാരുടെ വരുമാനമുയര്‍ത്തുന്നത്. പച്ചക്കറി വാങ്ങാനായി നിര്‍ത്തുന്നവരുടെ സ്റ്റാറ്റസിനനുസരിച്ച് വിലയും ഉയരും. വന്‍ വില കൊടുത്ത് മറ്റെല്ലായിടത്തും കിട്ടുന്ന പോലത്തെ വിഷമടിച്ച പച്ചക്കറി വാങ്ങാനാണ് ഇങ്ങനെയെത്തുന്നവരുടെ യോഗം. ചിലപ്പോള്‍ ഭാഗ്യത്തിന് ഇവര്‍ വാങ്ങുന്നതില്‍ ജൈവകര്‍ഷകന്റെ പച്ചക്കറിയും ഉണ്ടെങ്കിലായി. കര്‍ഷകരും കച്ചവടക്കാരും ചേര്‍ന്ന് ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. യഥാര്‍ഥ ജൈവ കര്‍ഷകന്റെ അധ്വാനത്തിന്റെ ഫലം നാട്ടുകാര്‍ക്കോ കര്‍ഷകനോ ലഭിക്കുന്നില്ല. ജൈവ കര്‍ഷകന്‍ ഉത്പാദിപ്പിച്ച പച്ചക്കറികള്‍ പലപ്പോഴും ആടുമാടുകളുടെ ഭക്ഷണമാവുകയാണ്. എടുക്കാനാളില്ലാതെ ചീഞ്ഞ് പോവുന്ന പച്ചക്കറികള്‍ വെട്ടിമൂടേണ്ട ഗതികേടാണ് കര്‍ഷകന്. വിലകൂടിയ ജൈവപച്ചക്കറി വാങ്ങാന്‍ പലരും തയ്യാറാവുന്നുമില്ല. ജൈവപച്ചക്കറി മാത്രം വില്‍ക്കാന്‍ ഉദ്ദേശിച്ച് തുടങ്ങിയ ചില വിപണന കേന്ദ്രങ്ങളുമുണ്ട്. പക്ഷെ ഇവിടേയും ജൈവമല്ലാത്ത പച്ചക്കറികള്‍ എത്തുന്നുണ്ട്. കര്‍ഷകര്‍ ജൈവമെന്ന് പറഞ്ഞ് നല്‍കുന്നതാണ് ഇവ. ജൈവമാണോ അതോ രാസവളമുപയോഗിച്ച് ഉത്പാദിപ്പിച്ചതാണോ എന്ന് കടക്കാര്‍ക്ക് തീരുമാനിക്കാന്‍ പറ്റില്ലല്ലോ. കര്‍ഷകന്റെ വാക്കാണ് അവസാന വാക്ക്.’ കഞ്ഞിക്കുഴിയിലെ ഒരു ജൈവ കര്‍ഷകന്‍ പറയുന്നു.

തൊണ്ണൂറുകളുടെ മധ്യത്തോടെയാണ് കഞ്ഞിക്കുഴി പുതിയൊരു വിപ്ലവത്തിന് തുടക്കംകുറിക്കുന്നത്. അന്ന് മാരാരിക്കുളം പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി സ്വാതന്ത്ര്യത്തിന്റേയും കൃഷി ഓഫീസറായിരുന്ന ടി.എസ്. വിശ്വന്റേയും ചിന്തയിലുദിച്ച ആശയം കഞ്ഞിക്കുഴിക്കാര്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു. പുല്ലുപോലും കിളിര്‍ക്കാത്ത ചൊരി മണലില്‍ പച്ചക്കറി കൃഷി, അതും ജൈവപച്ചക്കറി ഉത്പാദിപ്പിച്ചെടുക്കുക എന്ന ശ്രമകരമായ സംരംഭത്തിനാരംഭം കുറിക്കുന്നത് അങ്ങനെയാണ്. എല്ലാ വീട്ടിലും ജൈവപച്ചക്കറി കൃഷി എന്നതായിരുന്നു ആദ്യത്തെ ആശയം. ആദ്യ ശ്രമം വിജയം കണ്ടു. മാരാരിക്കുളം, കഞ്ഞിക്കുഴി പ്രദേശങ്ങളിലെ 14 വാര്‍ഡുകളിലെ എല്ലാ വീടുകളിലും കൃഷി ചെയ്യാന്‍ തുടങ്ങി. മേല്‍നോട്ടത്തിന് അമ്പത് വീടുകള്‍ക്ക് ഒരു അയല്‍ക്കൂട്ടം എന്ന തരത്തില്‍ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. കൃഷി ചെയ്തയിടത്തെല്ലാം പ്രതീക്ഷിച്ചതിലും വിളവ് ലഭിച്ചു. അതോടെ ഈ ചെറുചലനത്തെ വലിയ മാറ്റമാക്കി മാറ്റാന്‍ കഞ്ഞിക്കുഴി നിവാസികള്‍ കൃഷിയിടത്തിലേക്ക് ഒറ്റക്കെട്ടായിറങ്ങി.

തുടക്കത്തില്‍ ആയിരത്തിയഞ്ഞൂറില്‍ പരം ജൈവകര്‍ഷകര്‍ ഉണ്ടായിരുന്നു. പരമ്പരാഗത കൃഷിക്കാര്‍ക്കൊപ്പം നിരവധി ചെറുപ്പക്കാരും കൃഷിചെയ്യാന്‍ തയ്യാറായി എത്തി. അങ്ങനെ കഞ്ഞിക്കുഴി ജൈവപച്ചക്കറി എന്ന ബ്രാന്‍ഡുമുണ്ടായി. പക്ഷെ ആദ്യ വര്‍ഷങ്ങളിലെ ആവേശം പിന്നീടുണ്ടായില്ല. കര്‍ഷകരെ തെറ്റുപറയാനാവില്ല. ജൈവകര്‍ഷകരെ രാസവളകര്‍ഷകരാക്കിയത് സര്‍ക്കാരുകളാണ്. ഒരു ഘട്ടത്തില്‍ പോലും കൃഷിയ്ക്ക് പ്രോത്സാഹജനകമായ ഒരു നടപടിയും മാറി മാറി വന്ന സര്‍ക്കാരുകളില്‍ നിന്നുണ്ടായില്ലെന്നതാണ് ഇതിന്റെ മുഖ്യ കാരണം. നെല്‍കര്‍ഷകര്‍ക്കും മറ്റും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ പച്ചക്കറി കര്‍ഷകര്‍ക്ക് ഇത് ലഭ്യമാവുന്നില്ല. മറ്റ് കര്‍ഷകര്‍ക്ക് വിത്തിനും വളത്തിനും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. വിത്ത് സര്‍ക്കാര്‍ തന്നെ നല്‍കും. എന്നാല്‍ പച്ചക്കറി കര്‍ഷകര്‍ വിത്തും വളവും സ്വന്തമായി അന്വേഷിച്ച് കണ്ടെത്തേണ്ട ഗതികേടിലാണ്. സര്‍ക്കാരിന്റെ കീഴിലുള്ള വിത്ത് വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിത്തിന് ഉത്പാദന ശേഷി പൊതുവെ കുറവായതിനാല്‍ പച്ചക്കറി കര്‍ഷകര്‍ ബാംഗ്ലൂരില്‍ നിന്ന് വിത്തുകള്‍ വാങ്ങുകയാണ് ചെയ്യുന്നത്. ഇതിന് നാടന്‍ വിത്തുകളേക്കാള്‍ വില കൂടുതലാണ്.

ജൈവ കര്‍ഷകര്‍ മുഖ്യമായി ഉപയോഗിക്കുന്ന കോഴിവളത്തിനും ചാണകത്തിനും വര്‍ഷം തോറും വില വര്‍ധിക്കുകയും ചെയ്യുന്നു. രണ്ട് വര്‍ഷം മുമ്പ് ഒരു കിലോ കോഴി വളത്തിന് അമ്പത് രൂപയായിരുന്നെങ്കില്‍ ഇപ്പോളത് 120 മുതല്‍ 130 രൂപ വരെയാണ്. ഒരു ലോഡ് ചാണകം ഇറക്കണമെങ്കില്‍ ചുരുങ്ങിയത് 1000 രൂപയെങ്കിലും കര്‍ഷകന് ചെലവ് വരും. വര്‍ഷാവര്‍ഷം കൃഷിച്ചെലവുകള്‍ കൂടുമ്പോള്‍ മുടക്കു മുതല്‍ പോലും ജൈവ കര്‍ഷകന് തിരികെ ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. അങ്ങനെവരുമ്പോള്‍ താരതമ്യേന ചെലവ് കുറഞ്ഞതും കൂടുതല്‍ വിളവ് ലഭിക്കുന്നതുമായ രാസവള കൃഷിയിലേക്ക് കര്‍ഷകര്‍ തിരിയുകയാണ്. രോഗം മൂലമോ പ്രകൃതിക്ഷോഭം മൂലമോ കൃഷി നശിച്ച് പോയാല്‍ പച്ചക്കറി കര്‍ഷകന് നഷ്ടപരിഹാരം ലഭിക്കാനും സംവിധാനമില്ല. പച്ചക്കറി കൃഷിയ്ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം വര്‍ഷങ്ങളായുണ്ടെങ്കിലും ഇക്കാര്യവും സര്‍ക്കാര്‍ ഇതേവരെ പരിഗണിച്ചിട്ടില്ല.

‘നെല്‍ കൃഷി മുഞ്ഞ കയറി നശിച്ചാല്‍ കര്‍ഷകന് നഷ്ടപരിഹാരം ലഭിക്കും. പച്ചക്കറി ചാഴി വന്ന് നശിച്ചാല്‍ അതിന്റെ നഷ്ടം കര്‍ഷകന്‍ തന്നെ സഹിക്കണം. കഞ്ഞിക്കുഴിയില്‍ പലരും പാട്ടത്തിന് ഭൂമിയെടുത്താണ് കൃഷി ചെയ്യുന്നത്. പക്ഷെ സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് മാത്രമേ കാര്‍ഷികാനൂകൂല്യങ്ങള്‍ നല്‍കൂ എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. നഷ്ടം സഹിച്ച്, കടം കയറി കര്‍ഷകര്‍ ആത്മഹത്യ ചെയ്താലും ഇവിടെ ഉദ്യോഗസ്ഥര്‍ക്കോ സര്‍ക്കാരിനോ ഒരു കുലുക്കവുമുണ്ടാവില്ല.’ മറ്റൊരു ജൈവ കര്‍ഷകന്‍ പറഞ്ഞു.

മറ്റൊന്ന് ജൈവകര്‍ഷകന്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ അര്‍ഹമായ വിലയ്ക്ക് വില്‍ക്കാന്‍ കഴിയുന്നില്ലെന്നതാണ്. രാസവളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന കര്‍ഷകന്‍ ഒരു കിലോ വെണ്ട 10 രൂപയ്ക്ക് നല്‍കുമ്പോള്‍ ജൈവ കര്‍ഷകര്‍ക്ക് 20 രൂപയെങ്കിലും കിട്ടിയാലേ കൃഷി മുതലാവുകയുള്ളൂ. കൂടുതല്‍ വില നല്‍കി ജൈവ കര്‍ഷകന്റെ പച്ചക്കറികള്‍ എടുക്കാന്‍ കച്ചവടക്കാര്‍ പലപ്പോഴും തയ്യാറാവാറില്ല. എന്നാല്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളൊരുക്കുന്ന സര്‍ക്കാര്‍ കര്‍ഷകന്റെ വിളകള്‍ ശേഖരിക്കാനോ അവര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കാനോ നയം രൂപീകരിച്ചിട്ടില്ല.

‘നഷ്ടം സഹിച്ച് ആരാണ് നാട്ടുകാരെ നല്ലത് ഊട്ടാന്‍ നടക്കുന്നത്. ഞങ്ങള്‍ കുറച്ചു പേരെങ്കിലും ജൈവകര്‍ഷകരായി തുടരുന്നത് എന്നെങ്കിലും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിച്ചാണ്. ഉറുമ്പ് പൊടി പോലും ഉപയോഗിക്കാതെയാണ് ഞങ്ങള്‍ കൃഷി ചെയ്യുന്നത്. ഞങ്ങളില്‍ പലരുടേയും വീട് ജപ്തി നടപടിയായി കിടക്കുകയാണ്. ബാങ്കുദ്യോഗസ്ഥരുടെ അപഹാസം സഹിച്ച് തുടരുന്നതിനേക്കാള്‍ ആത്മഹത്യയാണ് നല്ലതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞങ്ങള്‍ക്കും രാസവളമുപയോഗിച്ച് കൃഷി ചെയ്ത് ലാഭമുണ്ടാക്കാനറിയാഞ്ഞിട്ടല്ല. രാസവളം കൊണ്ട് കൃഷി ചെയ്തിട്ട് ജൈവമാണെന്ന് പറഞ്ഞ് ഞങ്ങള്‍ക്കും പച്ചക്കറി കൊടുക്കാം. പക്ഷെ അത് മനസ്സാക്ഷിയ്ക്ക് നിരക്കുന്നതല്ലാഞ്ഞിട്ടാണ്. അഞ്ച് വര്‍ഷമൊക്കെ ജൈവകൃഷി ചെയ്ത് കടംകയറി മടുത്തിട്ടാണ് പലരും അതില്‍ നിന്ന് പിന്‍മാറിയത്. ജൈവകര്‍ഷകരായി തുടരുന്ന ഞങ്ങളുടെ അവസ്ഥയെന്താണ്. ഉത്പാദനവും മാര്‍ക്കറ്റിങ്ങും കൂടി കര്‍ഷകന് നടക്കില്ല. ഞങ്ങള്‍ ഉത്പാദിപ്പിക്കാം. മാര്‍ക്കറ്റ് ചെയ്യാന്‍ പോയാല്‍ കൃഷി തന്നെ ഉണ്ടാവാതെ വരും. ജൈവ പച്ചക്കറിയ്ക്ക് വിലകൂടുതലാണെന്നാണ് പലരും പറയുന്നത്. വിലകൂട്ടി കൊടുക്കണമെന്ന് ഞങ്ങള്‍ക്കില്ല. സര്‍ക്കാര്‍ കൃഷിയ്ക്കായി വേണ്ട സഹായങ്ങള്‍ ചെയ്താല്‍ ഞങ്ങളും വിലകുറച്ച് കൊടുക്കാം.’ ഒരു ജൈവകര്‍ഷകന്റെ വാക്കുകള്‍.

രാസവളവും കീടനാശിനികളുമുപയോഗിക്കാനാണ് ഉദ്യോഗസ്ഥര്‍ പോലും പലപ്പോഴും തങ്ങളോട് ആവശ്യപ്പെടുന്നതെന്നാണ് കര്‍ഷകര്‍ വെളിപ്പെടുത്തുന്നത്. പരമ്പരാഗത കൃഷിക്കാര്‍ കുറവായ സാഹചര്യത്തില്‍ യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിച്ചാലേ ജൈവപച്ചക്കറി കൃഷി എന്ന സങ്കല്‍പ്പത്തിന് പോലും നിലനില്‍പ്പുള്ളൂ. എന്നാല്‍ കര്‍ഷകര്‍ക്ക് വേണ്ടത്ര സഹായം നല്‍കി കൃഷിയും, കര്‍ഷകന്റെ ജീവിതവും മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നാല്‍ മാത്രമേ ഇത് സാധ്യമാവൂ. ഇല്ലെങ്കില്‍ കഞ്ഞിക്കുഴി ജൈവ പച്ചക്കറി എന്ന ബ്രാന്‍ഡ് സമീപ ഭാവിയില്‍ തന്നെ അപ്രത്യക്ഷമായേക്കാം.

(മാധ്യമപ്രവര്‍ത്തകയാണ് ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍