UPDATES

അഴിമുഖം ഇംപാക്ട്: കഞ്ഞിക്കുഴി ബ്രാന്‍ഡ് തിരിച്ചു പിടിക്കാന്‍ പഞ്ചായത്ത്; പുറം പച്ചക്കറികളെ തുരത്തും

പുറത്തു നിന്നെത്തുന്ന പച്ചക്കറികളായിരുന്നു കഞ്ഞിക്കുഴി ബ്രാന്‍ഡ് എന്ന പേരില്‍ കൂടുതലും വില്‍പ്പനയ്ക്കു വച്ചിരുന്നത്

ജൈവപച്ചക്കറിയുടെ കഞ്ഞിക്കുഴി ബ്രാന്‍ഡ് നിലനിര്‍ത്താന്‍ കഞ്ഞിക്കുഴി പഞ്ചായത്ത്. കഞ്ഞിക്കുഴിയിലെ ജൈവ പച്ചക്കറിയെന്ന പേരില്‍ വില്‍ക്കുന്ന പുറം പച്ചക്കറികളെ തുരത്താന്‍ കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കഞ്ഞിക്കുഴിയ്ക്കും ആലപ്പുഴ ജില്ലയ്ക്കും പുറത്തു നിന്നെത്തുന്ന, രാസവളങ്ങൾ ഉപയോഗിക്കുന്ന പച്ചക്കറികളാണ് ജൈവ പച്ചക്കറികള്‍ എന്ന പേരില്‍ ഇവിടെ വില്‍ക്കുന്നതെന്ന് അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പഞ്ചായത്തിന്റെ നടപടി.

കഞ്ഞിക്കുഴി ബ്രാൻഡ് ജൈവപച്ചക്കറി എത്രത്തോളം ജൈവമാണ്? ഒരന്വേഷണം

പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സ്റ്റാളുകളില്‍ ഇനി മുതല്‍ ജൈവ പച്ചക്കറിയാണെന്ന് ഉറപ്പുള്ളത് മാത്രമേ കര്‍ഷകരില്‍ നിന്ന് സ്വീകരിക്കൂ. കഞ്ഞിക്കുഴിയിലെ കൃഷിയിടങ്ങളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും. പരിശോധനയില്‍ കര്‍ഷകര്‍ രാസവളമുപയോഗിക്കുന്നതായി ബോധ്യപ്പെട്ടാല്‍ ആ കര്‍ഷകരില്‍ നിന്നും പഞ്ചായത്തിന്റേയോ കൃഷി വകുപ്പിന്റേയോ വില്‍പ്പന കേന്ദ്രങ്ങളിലേക്ക് പച്ചക്കറികള്‍ വാങ്ങില്ല.

കഞ്ഞിക്കുഴിയില്‍ ഇരുപത്തഞ്ചോളം വരുന്ന പച്ചക്കറി സ്റ്റാളുകളുണ്ട്. ദേശീയ പാതയോരത്തും അല്ലാതെയും കച്ചവടം നടത്തുന്ന ഇവര്‍ ജൈവ പച്ചക്കറി തന്നെയാണോ വില്‍ക്കുന്നതെന്ന കാര്യം ഉറപ്പിക്കും. പുറത്തു നിന്നെത്തുന്ന പച്ചക്കറികളോ കഞ്ഞിക്കുഴിയിലെ തന്നെ രാസവളമുപയോഗിച്ച് ഉത്പാദിപ്പിക്കുന്ന പച്ചക്കറിയോ ഈ സ്റ്റാളുകളില്‍ വില്‍ക്കുന്നുണ്ടെങ്കില്‍ ജൈവ പച്ചക്കറി എന്ന ലേബല്‍ ഒഴിവാക്കാന്‍ പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

ജൈവപച്ചക്കറി കൃഷിയുടെ ഗ്രാമം എന്ന നിലയില്‍ പേര് കേട്ട ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയില്‍ ഇന്നും ഇരുന്നൂറോളം കര്‍ഷകര്‍ ഇവിടെ ജൈവകര്‍ഷകരായി തുടരുന്നു. കഞ്ഞിക്കുഴിയില്‍ തന്നെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളില്‍ 90 ശതമാനവും വിഷമടിച്ച പച്ചക്കറിയാണെന്നും ഈ കര്‍ഷകര്‍ തന്നെയാണു സാക്ഷ്യപ്പെടുത്തുന്നതും. രാസവളവും കീടനാശിനികളുമുപയോഗിക്കാനാണ് ഉദ്യോഗസ്ഥര്‍ പോലും പലപ്പോഴും തങ്ങളോട് ആവശ്യപ്പെടുന്നതെന്നാണ് ഈ കര്‍ഷകര്‍ വെളിപ്പെടുത്തിയത്.

365 ദിവസവും നല്‍കാന്‍ മാത്രം എല്ലാ പച്ചക്കറികളും കഞ്ഞിക്കുഴിയില്‍ ഉത്പാദിപ്പിക്കുന്നില്ല. എന്നാല്‍ പല സ്റ്റാളുകളിലും മിക്കവാറും എല്ലാ ദിവസവും എല്ലാ പച്ചക്കറികളും വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പഞ്ചായത്തിന്റെ ധനസഹായവും വാങ്ങിയാണ് എല്ലാ സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പുറത്തു നിന്ന് പച്ചക്കറികള്‍ കൊണ്ടുവരികയാണെങ്കില്‍ അത് കഞ്ഞിക്കുഴിയില്‍ നിന്നാണെന്ന് പറഞ്ഞ് വില്‍ക്കാന്‍ ഇനി പഞ്ചായത്ത് അനുവദിക്കില്ല. ജൈവ പച്ചക്കറിയെന്ന് പഞ്ചായത്ത് സര്‍ട്ടിഫൈ ചെയ്യുന്ന പച്ചക്കറികള്‍ മാത്രമേ കഞ്ഞിക്കുഴി ബ്രാന്‍ഡില്‍ വില്‍ക്കാനാവൂ. അല്ലാത്തവ പ്രത്യേകം ലേബലില്‍ തന്നെ വില്‍ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റി എല്ലാ സ്റ്റാളുകളിലുമെത്തി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. കച്ചവടക്കാരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് ഈ നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.’ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എന്‍.ജി.രാജു പറഞ്ഞു.

കോട്ടയം കുറുവിലങ്ങാടു നിന്നുള്ള പച്ചക്കറികള്‍ കഞ്ഞിക്കുഴിയിലെ സ്റ്റാളുകളിലെത്തുന്നതായി പ്രദേശത്തെ കര്‍ഷകര്‍ തന്നെ ആരോപണമുന്നയിച്ചിരുന്നു. ഇതിന് പുറമെ രാസവളവും കീടനാശിനികളുമുപയോഗിച്ച് കഞ്ഞിക്കുഴിയിലെ തന്നെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും ജൈവ പച്ചക്കറിയെന്ന പേരില്‍ വില്‍ക്കുന്നതായും പരാതിയുണ്ടായിരുന്നു. ഇതവസാനിപ്പിച്ച് കഞ്ഞിക്കുഴിയിലെ ഇരുന്നൂറോളം വരുന്ന ജൈവ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനാണ് പഞ്ചായത്തൊരുങ്ങുന്നത്.

(മാധ്യമപ്രവര്‍ത്തകയാണ് ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍