UPDATES

സ്വന്തം ഭൂമി വിട്ടുകിട്ടാന്‍ ഈ കുടുംബം നടത്തുന്ന സമരം 550 ദിവസത്തിലേക്ക്

വില കൊടുത്ത് വാങ്ങിയ സ്വന്തം ഭൂമിയില്‍ നിന്നും ആട്ടിയിറക്കപ്പെട്ട് ഒടുവില്‍ ചോര്‍ന്നൊലിക്കുന്നൊരു കുടിലില്‍ കിടന്ന് അന്ത്യശ്വാസം വലിക്കും വരെ തന്റെ
മണ്ണ് തനിക്കു തിരിച്ചു കിട്ടുമെന്നായിരുന്നു കഞ്ഞിരത്തിനാല്‍ ജോര്‍ജ് എന്ന കര്‍ഷകന്‍ സ്വപ്നം കണ്ടിരുന്നത്

വില കൊടുത്ത് വാങ്ങിയ സ്വന്തം ഭൂമിയില്‍ നിന്നും ആട്ടിയിറക്കപ്പെട്ട് ഒടുവില്‍ ചോര്‍ന്നൊലിക്കുന്നൊരു കുടിലില്‍ കിടന്ന് അന്ത്യശ്വാസം വലിക്കും വരെ തന്റെ
മണ്ണ് തനിക്കു തിരിച്ചു കിട്ടുമെന്നായിരുന്നു കഞ്ഞിരത്തിനാല്‍ ജോര്‍ജ് എന്ന കര്‍ഷകന്‍ സ്വപ്നം കണ്ടിരുന്നത്. പക്ഷേ നീതിയും ഉദ്യോഗസ്ഥരുമെല്ലാം കണ്ണടച്ചു നിന്നതോടെ ജോര്‍ജ് ഒന്നും നേടാതെ ഈ ലോകത്തില്‍ നിന്നും യാത്രയായി. ജോര്‍ജ് അവസാനിപ്പിച്ചിടത്തു നിന്നും ഭൂമിക്കുവേണ്ടിയുള്ള സമരം അദ്ദേഹത്തിന്റെ മരുമകന്‍ ജയിംസ് ഏറ്റെടുത്തു. വയനാട് കളക്ട്രേറ്റ് പടിക്കല്‍ നടത്തിവരുന്ന സമരം രണ്ടുവര്‍ഷം പിന്നിടാന്‍ പോകുന്നു. പക്ഷേ നീതി ജയിംസിന്റെ മുന്നിലും കണ്ണടച്ചു നില്‍ക്കുകയാണ്.

കാഞ്ഞിരപ്പള്ളി തമ്പലക്കാട്ടുനിന്ന് കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജും ഭാര്യ ഏലിക്കുട്ടിയും 1966-ലാണ് മനസു നിറയെ സ്വപ്നവും മണ്ണു നിറയെ വിളവിന്റെ പ്രതീക്ഷയുമായി ചുരം കയറിയത്. വയനാട്ടിലെ വെള്ളമുണ്ടക്കടുത്ത് ജോര്‍ജിന്റെ അനിയന്‍ ജോസിനു 12 ഏക്കര്‍ ഭൂമിയുണ്ട്. കുട്ടനാടന്‍ കാര്‍ഡമം കമ്പനിയില്‍ നിന്ന് ജോസ് ജന്മം തീരാധാരമായി വാങ്ങിയ ഭൂമിയായിരുന്നു അത്. അതില്‍ നിന്നും ആറേക്കര്‍ ജോര്‍ജ് വാങ്ങി. കുടുംബ സ്വത്ത് വിറ്റു കിട്ടിയ പണം ഉപയോഗിച്ചാണ് ഈ ഭൂമി സ്വന്തമാക്കിയത്. പിന്നീട് അവശേഷിക്കുന്ന 6 ഏക്കര്‍ ഭൂമി ജോസ് സഹോദരന് ഇഷ്ടദാനം നല്‍കി കാഞ്ഞിരപ്പള്ളിക്ക് തിരിച്ച് പോയി.

ചുരം കേറിവരുമ്പോള്‍ ഭാര്യ ഏലിക്കുട്ടിയും മക്കളായ ത്രേസ്യയും മോളിയും ജോര്‍ജ്ജിന്റെ കൂടെ ഉണ്ടായിരുന്നു. ആറേക്കര്‍ വാങ്ങിയത് നിയമപരമായി തന്നെയായിരുന്നു. പതിനഞ്ചു വര്‍ഷത്തോളം ഈ മണ്ണില്‍ പണിയെടുത്ത് അതില്‍ നിന്നും കിട്ടുന്നതു കൊണ്ടു ജോര്‍ജും കുടുംബവും കഴിഞ്ഞുപോയി. 1983 വരെ ജോര്‍ജിന്റെ ജീവിതം സാധാരണഗതിയില്‍ തന്നെയായിരുന്നു പോയിരുന്നത്. പക്ഷേ കാര്യങ്ങള്‍ തകിടം മറിഞ്ഞതു പെട്ടെന്നായിരുന്നു. ഈ ഭൂമി നിക്ഷിപ്ത വനമാണെന്ന് പറഞ്ഞ് വനം വകുപ്പ് രംഗത്ത് വന്നതോടെ ഈ കുടുംബത്തിന്റെ മേല്‍ ദുര്‍വിധി പൊതിഞ്ഞു.

കൃഷിഭൂമി വനഭൂമിയായി മാറുന്നു
1983 വരെ ഭൂമിക്ക് വനം വകുപ്പ് നികുതി സ്വീകരിച്ചിരുന്നു. പിന്നീട് നികുതി സ്വീകരിക്കാതെ വന്നപ്പോഴാണ് അറിഞ്ഞത് അടിയന്തരാവസ്ഥക്കാലത്ത് വനഭൂമിയായി വിജ്ഞാപനമിറക്കിയ സ്ഥലമാണ് ജോര്‍ജ് കൈവശം വച്ചിരിക്കുന്നതെന്ന്. വിലകൊടുത്തു വാങ്ങിയ ഭൂമി, എല്ലാ രേഖകളും കൈവശമുണ്ട്. പതിനഞ്ചു വര്‍ഷത്തോളം കരം അടച്ചതുമാണ്. അങ്ങനെയുള്ള ഭൂമി പെട്ടെന്നൊരു ദിവസം വനഭൂമിയാണെന്നു പറഞ്ഞാല്‍. ജോര്‍ജിന് വിശ്വസിക്കാന്‍ കഴിയാത്ത കാര്യം. കേസിനു പോയി. പക്ഷേ ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ വിധിയില്‍ 12 ഏക്കറില്‍ ജോര്‍ജിന് അവകാശമുള്ളതു 75 സെന്റിനു മാത്രമാണെന്നും അത് പുറമ്പോക്കില്‍ നല്‍കണമെന്നുമായിരുന്നു. സ്വകാര്യ ഭൂമിയുടെ നടുവിലുള്ള തന്റെ പട്ടയ ഭൂമി മാത്രം എങ്ങനെ വനമായി മാറിയെന്നുള്ള ജോര്‍ജിന്റെ ചോദ്യം മാത്രം ആരും കേട്ടില്ല, അന്വേഷിച്ചുമില്ല. സ്വന്തം മണ്ണു വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ ഫോറസ്റ്റ് ട്രൈബ്യൂണല്‍, കലക്‌ട്രേറ്റ്, ആര്‍.ഡി.ഒ ഓഫീസ്, താലുക്ക് ഓഫീസ് തുടങ്ങി നിരവധി സര്‍ക്കാരിന്റെ എല്ലാ പടിവാതിലുകളിലും നീതി തേടി മുട്ടി.

കോടതിയും കേരള നിയമസഭയും ഭൂമി ജോര്‍ജ്ജിന്റേതെന്ന് സമ്മതിച്ചതാണ്. പക്ഷേ മുന്‍കാല വൈരാഗ്യത്തോടെ ഇടപെട്ട വനം വകുപ്പ് ജോര്‍ജിനെതിരേ നിന്നൂ എന്നാണ് ആരോപണം. പാലക്കാട് ആസ്ഥാനമാക്കിയുള്ള വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടനയുടെ കൂട്ട് പിടിച്ച് കേന്ദ്ര വനം മന്ത്രാലയത്തിന്റെ മുന്നില്‍ ഈ വിഷയം വനം വകുപ്പ് എത്തിച്ചു. അതോടെ ഈ നിയമ പോരാട്ടം വലിയ അനിശ്ചിതത്വത്തിലേക്ക് നീങ്ങി. കര്‍ഷക സംഘം അടക്കം സമരം ഏറ്റെടുക്കുകയും കലക്‌ട്രേറ്റിന് മുന്‍പില്‍ നടന്ന നിരാഹാരപ്പന്തലില്‍ വി.എസ് അച്യുതാനന്ദന്‍ മുതലായ നിരവധി നേതാക്കന്മാര്‍ എത്തുകയും ചെയ്തു. പിന്നീട് വി.എസ് മന്ത്രിസഭയുടെ കാലത്തു ഭൂമി ജോര്‍ജിന്റെ കുടുംബത്തിനു വിട്ടുകൊടുക്കാന്‍ ഉത്തരവിറങ്ങിയെങ്കിലും ഈ നടപടി ക്രമങ്ങളെയെല്ലാം തകിടം മറിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടന്നുവെന്നും വനം വകുപ്പിലെ ഉന്നത ഉദ്യോഗസഥരുടെ താത്പര്യം ഇക്കാര്യത്തില്‍ ഉണ്ടായിരുന്നതായും ജോര്‍ജിന്റെ കുടുംബം ആരോപിച്ചു.

കൃത്രിമ രേഖകള്‍ ചമച്ച് ജോര്‍ജിന്റെ ഭൂമി സര്‍ക്കാരിന്റേതാക്കി മാറ്റുകയായിരുന്നു വനം വകുപ്പ് യഥാര്‍ത്ഥത്തില്‍ ചെയ്തതെന്നാണു ജോര്‍ജ് പറഞ്ഞിരുന്നത്. ആരുടെയൊക്കെയോ നിഗൂഡ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും അടിയന്തരാവസ്ഥയുടെ പിന്‍ബലത്തിലാണ് വനം വകുപ്പ് കരുക്കള്‍ നീക്കിയതെന്നും ജോര്‍ജ് ആരോപിച്ചിരുന്നു. ഫോറസ്റ്റ് ട്രൈബ്യൂണലില്‍ നിന്നു രണ്ടും ഹൈക്കോടതിയില്‍ നിന്ന് അഞ്ചും അനുകൂല വിധികള്‍ ഉണ്ടായി. എന്നാലും ഭൂമി മാത്രം ജോര്‍ജിന് സ്വന്തമായില്ല. 1978 ല്‍ കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണലില്‍ നിന്നായിരുന്നു ആദ്യ വിധി. 1982 ല്‍ ഹൈക്കോടതിയില്‍ അതിന്റെ പുനര്‍വിചാരണയും 1998 ല്‍ റവന്യൂ വകുപ്പ് സംയുക്ത പരിശോധനയും നടത്തിയിരുന്നു. പക്ഷേ ഒന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല. 1983 വരെ നികുതി സ്വീകരിച്ച വില്ലേജ് ഓഫീസര്‍ എഴുതി വെച്ച ഒരു തിരക്കഥ പോലെ പിന്നീട് നികുതി നിരസിക്കുകയായിരുന്നു. നീതി നിഷേധിക്കപ്പെട്ട് കാട്ടുവള്ളികള്‍ പടര്‍ന്ന് കയറിയ ചോര്‍ന്നൊലിക്കുന്ന കുടിലിലാണ് ഈ കുടുംബത്തിന് കഴിയേണ്ടി വന്നത്. ഒരു ഉദ്യോഗസ്ഥനും അതൊന്നും കണ്ടില്ല.

ഹൈക്കോടതിയില്‍ ഈ കേസ് വന്നസമയം ചോദ്യങ്ങള്‍ക്ക് മുന്നില്‍ തന്റെ കൈവശമുള്ള രേഖകള്‍ എല്ലാം ഉയര്‍ത്തിക്കാട്ടി കാഞ്ഞിരത്തിനാല്‍ ജോര്‍ജ് ഒരിക്കല്‍ പൊട്ടിക്കരയുകയുണ്ടായി.  അന്നു കോടതിയില്‍ വികാര പ്രകടനം നടത്തിയെന്ന് ആരോപിച്ച് ഒരു ദിവസം മുഴുവന്‍ കോടതി വരാന്തയില്‍ നിശബ്ദമായി നില്‍ക്കാനുള്ള ശിക്ഷയും ഇതിന്റെ പേരില്‍ ജോര്‍ജ് ഏറ്റു വാങ്ങി. അതിനിടെ 2009 നവംബര്‍ രണ്ടിനു ജോര്‍ജിന്റെ ഭാര്യ ഏലിക്കുട്ടി ഈ ലോകത്തോട് വിട പറഞ്ഞു. ശേഷം ആശുപത്രിയും മരുന്നുമൊക്കെയായി കഴിഞ്ഞ ജോര്‍ജ്ജും ഒടുവില്‍ 2012 ഡിസംബര്‍ 13ന് നീതി നിഷേധിക്കപ്പെട്ട ഇരയായി മരണത്തിനു കീഴടങ്ങി. മരിക്കുന്നതിന് മുന്‍പ് ജോര്‍ജ് പല തവണ പറയുമായിരുന്നത്-‘എന്നായാലും സത്യം ജയിക്കും.‘എന്നായിരുന്നു.

ജോര്‍ജില്‍ നിന്നും ജയിംസിലേക്ക്
2015 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ജോര്‍ജ് തുടങ്ങിവച്ച സമരം മരുമകന്‍ ജെയിംസ് ഏറ്റെടുത്തു. വയനാട് കളക് ട്രേറ്റില്‍ സമരം ഇരുന്നു. ‘അതു വനഭൂമിയല്ല. വില കൊടുത്തു വാങ്ങിയ സ്വന്തം ഭൂമിയാണിത്. ഞങ്ങള്‍ കൈയ്യേറ്റക്കാര്‍ അല്ല. ആരോ തട്ടിയെടുത്ത വനഭൂമിക്ക് പകരം അപ്പച്ചന്റെ ഭൂമി വനം വകുപ്പ് കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്തതാണ്’ സമരപ്പന്തലില്‍ ഇരുന്ന് ജെയിംസ് പറയുന്നു. പക്ഷേ ജെയിംസിന്റെ സത്യാഗ്രഹം 550 ദിവസത്തിലേക്ക് അടുക്കുമ്പോഴും ആ രോദനം കേള്‍ക്കാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും തയ്യാറായിട്ടില്ല. ഇതിനിടയില്‍ വനം വകുപ്പ് ജോര്‍ജിന്റെ 12 ഏക്കര്‍ സ്ഥലം പിടിച്ചെടുത്ത് ജണ്ട സ്ഥാപിക്കുകയും ചെയ്തു.

അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത. പി. ഹരന്‍ നടത്തിയ അന്വേഷണത്തില്‍ 12 ഏക്കര്‍ ഭൂമി നിക്ഷിപ്ത വനമായി പ്രഖ്യാപിച്ച രേഖകള്‍ ഹാജരാക്കാന്‍ വനം വകുപ്പിന് കഴിഞ്ഞിരുന്നില്ല. വിജിലന്‍സ് നടത്തിയ സര്‍വെയില്‍ കാഞ്ഞിരത്തിനാല്‍ സഹോദരന്‍മാരുടെ ഭൂമി വനം വകുപ്പ് വനമായി വിജ്ഞാപനം ചെയ്ത ഭൂമിയല്ലെന്നും കണ്ടെത്തിയിരുന്നു. ട്രൈബ്യൂണലില്‍ നിന്ന് ഇതിന് അനുകൂലമായി വിധിയും ഇതിന് മുന്‍പ് ഉണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തിയതിന്റെ ഫലമായി നീതിയുടെ വഴിയില്‍ ഒറ്റപ്പെട്ടുപോയ ഈ കുടുംബത്തിന് പ്രത്യേകമായ പാക്കേജ് അനുവദിക്കാനായിരുന്നു അന്നത്തെ മന്ത്രിസഭാ തീരുമാനം. എന്നാല്‍ വില കൊടുത്ത് വാങ്ങിയ സ്വന്തം ഭൂമി വിട്ടു കിട്ടാനുള്ള തീരുമാനം ഉണ്ടാകണമെന്ന് ഈ കുടുംബം ആവശ്യപ്പെട്ടതോടെ പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകള്‍ നീണ്ടു പോയി.

നീതിക്കുവേണ്ടിയുള്ള സമരം തുടരുന്നു
‘ഒരിഞ്ചു വന ഭൂമിയോ റവന്യൂ ഭൂമിയോ കൈയ്യേറാന്‍ ഞങ്ങളുടെ അപ്പച്ചനോ ഞങ്ങളോ ശ്രമിച്ചിട്ടില്ല. ഞങ്ങള്‍ വനം മാഫിയയോ ഭൂ മാഫിയയോ അല്ല. മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത് വാങ്ങിയ ഭൂമി വനം വകുപ്പ് പിന്നെന്തിന് പിടിച്ചെടുത്തു? കള്ളക്കളികള്‍ നടന്നിട്ടുണ്ട്. അക്കാര്യം മറച്ച് വെക്കാന്‍ ഉന്നത ഉദ്യോഗസ്ഥ ഗൂഡാലോചനയും നടന്നിട്ടുണ്ട്. സത്യം പുറത്തു വന്നാല്‍ നീതിന്യായ കോടതി പോലും ലജ്ജിച്ച് തല താഴ്‌ത്തേണ്ടി വരും. വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തിരിച്ച് പോകാന്‍ ഒരിടമില്ല. ഇവിടെ കിടന്ന് മരിക്കുകയാണ് ഭേദം’ ജെയിംസിന്റെ വാക്കുകളില്‍ വേദനയും നിരാശയും.

തൊണ്ടര്‍നാട് വില്ലേജിലെ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന് കൈമാറിയ ഭൂമി ഐറ്റം 122 പ്രകാരം നോട്ടിഫൈ ചെയ്തതല്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി വിലയിരുത്തിയിരുന്നു. ജോര്‍ജിന്റെ ഭൂമി വനഭൂമിയല്ലെന്നും ഈ ഭൂമി നോട്ടിഫൈ ചെയ്തതല്ലെന്നും ജോര്‍ജിന്റെ ഭൂമിയും നോട്ടിഫൈ ചെയ്തത ഭൂമിയും രണ്ടാണെന്നും എന്ന നിഗമനത്തിലാണ് സമിതി എത്തിച്ചേര്‍ന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് വയനാട് ജില്ല കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടും സമിതി പരഗണിച്ചിരുന്നു. ഭൂമിയില്‍ വനേതര പ്രവര്‍ത്തങ്ങള്‍ തുടങ്ങുന്നതിന് വണ്‍ ലൈഫ് വണ്‍ എര്‍ത്ത് എന്ന സംഘടനയുടെ ഹര്‍ജി മുഖേന ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കാന്‍ സത്യവാങ്മൂലം നല്‍കുവാനും തീരുമാനമായിരുന്നു.

‘കാഞ്ഞിരത്തിനാല്‍ ജോര്‍ജ് എന്ന കര്‍ഷകന്റെ കൃഷി ഭൂമി പിടിച്ചെടുത്ത വനം റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ ആരുടെ ഭൂമി സംരക്ഷിക്കാനാണ് ഗൂഡാലോചന നടത്തുന്നതെന്ന് കണ്ടെത്തും. ഭൂമി വിട്ടു കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടും ജോര്‍ജിനെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. മറ്റാര്‍ക്കോ വേണ്ടിയാണ് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി പിടിച്ചെടുത്തത് എന്ന് വ്യക്തമാണ്. വനഭൂമിയാണെന്ന് രേഖയുണ്ടാക്കി സര്‍ക്കാരിനെയും കോടതിയെയും പറ്റിക്കാന്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തയാറായതിന് പിന്നില്‍ വന്‍ ഗൂഡാലോചനയും സാമ്പത്തിക ഇടപാടും നടന്നിട്ടുണ്ട്. ജോര്‍ജിന്റെ ഭൂമി വന ഭൂമിയാക്കുന്നതിന് ഉദ്യോഗസ്ഥര്‍ ചമച്ച എല്ലാ രേഖകളും സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ട്. ഈ രേഖ ഉപയോഗിച്ച് അന്വേഷണം നടത്തി ഗൂഡാലോചന നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും ശിക്ഷിക്കണം.’എന്നു മാനന്തവാടി ഡി.എഫ്.ഒ ഓഫീസിലേക്ക് കര്‍ഷക സംഘം നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സി.പി.എം ജില്ലാ സെക്രട്ടറിയും ഇന്നത്തെ കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എയുമായ സി.കെ ശശീന്ദ്രന്‍ പറഞ്ഞ വാക്കുകള്‍ ജെയിംസ് ഇപ്പോഴും ഓര്‍ത്തിരിപ്പുണ്ട്.

വനംവകുപ്പിനെതിരേയുള്ള ആരോപണങ്ങള്‍
യഥാര്‍ത്ഥത്തില്‍, ഒരേ നമ്പറില്‍ രണ്ടു ജന്മിമാരെ നിശ്ചയിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തട്ടിപ്പിന് ഇരയായതാണ് കാഞ്ഞിരത്തിനാല്‍ കുടുംബം. ജില്ലയിലെ കാഞ്ഞിരങ്ങാട് വില്ലേജിലാണ് ഒരേ ഭൂമിക്ക് രണ്ടു ജന്മിമാരുള്ളതായി രേഖപ്പെടുത്തിയ ക്രമക്കേട്. നിക്ഷിപ്ത വനഭൂമി സ്വകാര്യ ഭൂമിയാക്കിയും പകരം കൃഷിക്കാരുടെ ഭൂമി വനമാക്കിയും ഒട്ടനവധി വെട്ടിപ്പ് ഇവിടെ നടന്നിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ആയിരുന്നു ഇതിലധികവും നടന്നത്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി കിട്ടാത്തതിലുള്ള തുടരന്വേഷണത്തിലാണ് ഈ തട്ടിപ്പൊക്കെയും പുറത്ത് വന്നത്. കാഞ്ഞിരങ്ങാട് വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 238ല്‍ 1,2എ,2ബി,3,4 എന്ന അഞ്ച് സബ് ഡിവിഷനുകളാണ് ഉള്ളത്. 238/1 സബ്ഡിവിഷനില്‍ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്‍പത് എന്നി സബ്ഡിവിഷനുകള്‍ വീണ്ടും ഉണ്ടാക്കി. ഇതിലാണ് ജന്മിമാരെ മാറ്റുകയും തിരുത്തുകയും ചെയ്തത്. സബ്ഡിവിഷന്‍ 238/1 ല്‍ അഞ്ച്, ആറ്, ഏഴ് സ്റ്റേറ്റ്‌മെന്റെില്‍ നിലവിലുള്ള ജന്മിയുടെ പേര് 374ാം പട്ടയ നമ്പറായി 393.23 ഏക്കറില്‍ ചേച്ചമ്മ തോമസ്, ജോസഫ്, ജോര്‍ജ് മാത്യു, ചാണ്ടി, സ്‌കറിയ, ടോമി.കെ തോമസ്, ജോണ്‍, ത്രേസ്യാമ, ഏലി എന്നിവരുടെ പേരാണ് ഉള്ളത്. 1975ലാണ് ഇത് തയാറാക്കിയത്. എന്നാല്‍ 1976ല്‍ തയാറാക്കിയ 238/1,8,9 സബ്ഡിവിഷന്‍ സ്റ്റേറ്റ്‌മെന്റെില്‍ 238/1 സര്‍വെ നമ്പറിലെ 392.23 ഏക്കര്‍ ഭൂമിക്ക് ജന്മിയായി 374ാം പട്ടയ നമ്പറായി കാണിച്ചിരിക്കുന്നത് മണിയങ്കോട് സുബ്ബ ഗൗഡറെയാണ്. ഒരേ പട്ടയ നമ്പറില്‍ ഒരേ സര്‍വ്വെ നമ്പറില്‍ 393.23 ഏക്കര്‍ ഭൂമിക്ക് രണ്ടു ജന്മിമാരെ കാണിച്ചത് കുറ്റകൃത്യമാണ്. വ്യാജ രേഖ നിര്‍മ്മിച്ച് ജന്മാവകാശം മറ്റൊരാള്‍ക്ക് മാറ്റി കൊടുത്തിരിക്കുകയാണ് ഇവിടെ. വ്യാജരേഖ നിര്‍മ്മിച്ചതില്‍ വനം, റവന്യു ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം ബന്ധപ്പെട്ട ഈ തട്ടിപ്പിലെ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാതെ വനം, റവന്യു വകുപ്പിലെ മേധാവികള്‍ വര്‍ഷങ്ങളായി കുറ്റം ചെയ്തവരെ സംരക്ഷിക്കുകയാണ്. അതിനുള്ള തെളിവുകള്‍ പകല്‍ പോലെ സത്യമായിട്ടും നടപടി മാത്രം എവിടെ എന്നുള്ള ചോദ്യം ഇന്നും ബാക്കി നില്‍ക്കുന്നു.
2007 ജുലായ് ആറിന് വയനാട് കളക്ടര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ 143.17 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയായി രേഖപ്പെടുത്തിയതായി പറയുന്നുണ്ട്. ഈ ഭൂമി ഉള്ളതായി വനം വകുപ്പ് രേഖാമൂലം റവന്യു വിഭാഗത്തിന് നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭൂമി മറയാക്കിയാണ് മണിയങ്കോട് സുബ്ബ ഗൗഡറുടെ പേരിലേക്ക് ജന്മാവകാശം മറിച്ചുള്ള ക്രമക്കേട് നടന്നത്. മണിയങ്കോട് സുബ്ബ ഗൗഡറുടെ ഭൂമി നിക്ഷിപ്ത വനഭൂമിയാക്കി പ്രഖ്യാപിച്ചത് പിടിച്ചെടുത്ത് സംരംക്ഷിക്കാതെ ചിലരുടെ ഭൂമിയുടെ ജന്മാവകാശം ഗൗഡറുടെ പേരിലാക്കി വ്യാജ റവന്യു രേഖ ഉണ്ടാക്കുകയായിരുന്നു.

കളകട്രേറ്റ് പടിക്കല്‍ തോരാമഴയത്തും നീതിക്കായി കേഴുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തെ തേടി നിയമപീഠത്തിന്റെ പ്രതിനിധികള്‍ എത്തിയിരുന്നു. സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം അന്നത്തെ വയനാട് സബ് ജഡ്ജിയും ലീഗല്‍ അതോറിറ്റി സെക്രട്ടറിയുമായിരുന്ന എ.ജി സതീഷ് കുമാര്‍ സത്യാഗ്രഹപ്പന്തലില്‍ നേരിട്ടെത്തി ജെയിംസില്‍ നിന്ന് വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു. കേസിന്റെ മുഴുവന്‍ രേഖകളും തുടക്കം മുതല്‍ അന്നു വരെയുണ്ടായ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിയതിന് ഒപ്പം സ്ഥലത്തിന്റെ ആധാരമടക്കമുള്ള രേഖകള്‍, സ്‌കെച്ചുകള്‍, ഭൂമി വിട്ടുകൊടുക്കാനുള്ള മുന്‍ മന്ത്രിസഭ തീരുമാനങ്ങള്‍ എന്നിവയുടെയെല്ലാം പകര്‍പ്പുകള്‍ ജഡ്ജിക്കു മുന്നില്‍ ഹാജരാക്കിയിരുന്നു. കേസിന്റെ നിജസ്ഥിതി കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ അതുവരെ നേരിട്ട പ്രതിസന്ധികളെക്കുറിച്ചുമൊക്കെ അന്ന് ബോധ്യപ്പെടുത്തിയതാണ്. പക്ഷേ ഇന്നുവരെ ഈ കുടുംബത്തിന് അനുകൂലമായ ഒരു വിധി പോലും ഉണ്ടായില്ല.

വാക്കുമാറ്റിയ മന്ത്രി
കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി വനമായി വിജ്ഞാപനം ചെയ്തതല്ല. ഈ ഭൂമി നോട്ടിഫൈ ചെയ്തതാണെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണ്, എന്ന് അന്നത്തെ വനം മന്ത്രി ബിനോയ് വിശ്വം നിയമ സഭയില്‍ പറഞ്ഞിരുന്നു.
പിന്നീട് ഈ മന്ത്രി തന്നെയാണ് മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച് നിയമസഭയില്‍ ഈ വിഷയത്തില്‍ മറുപടി പറഞ്ഞതും. മന്ത്രിസഭാ തീരുമാന പ്രകാരം ഉടമസ്ഥന് വിട്ടുകൊടുത്ത് നികുതി സ്വീകരിച്ചത് വനം ഭൂമിയാണെന്നാണ് മന്ത്രി അന്നു പറഞ്ഞത്. മന്ത്രിസഭ 2006 ഒക്‌ടോബറില്‍ കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെതാണെന്ന് സമ്മതിച്ച 12 ഏക്കര്‍ ഭൂമിയുടെ നികുതി 2007 മുതല്‍ 2009 വരെ സ്വീകരിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണെന്നാണ് നിയമസഭയില്‍ ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞത്. കാഞ്ഞിരങ്ങാട് വില്ലേജിലെ സര്‍വ്വെ നമ്പര്‍ 238/1ല്‍പ്പെട്ട 26.5857 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമിയാണ്. ഇതില്‍ 15.41 ഹെക്ടര്‍ അളന്ന് തിരിച്ച് നിക്ഷിപ്ത വനം ചട്ടം രണ്ട് എ അനുസരിച്ച് 1997 ജൂലായ് എട്ടിലെ 4713/17 ബി നമ്പര്‍ പ്രകാരം വിജ്ഞാപനം ചെയ്തു എന്നാണ് മന്ത്രിസഭയില്‍ പറഞ്ഞത്. ഈ ഭൂമിയില്‍പ്പെട്ട 12 ഏക്കറിനാണ് കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശമുന്നയിച്ചത്. ഫോറസ്റ്റ് ട്രൈബ്യുണല്‍ ഇത് തള്ളിക്കളയുകയും നിക്ഷിപ്ത വനഭൂമിയായി സംരക്ഷിച്ച് വരികയുമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയില്‍ രണ്ടു കേസുകള്‍ നിലവിലുള്ളതിനാല്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

നിലവില്‍ ഈ കുടുംബത്തെ സഹായിക്കാന്‍ കാഞ്ഞിരത്തിനാല്‍ കുടുംബ സമര സഹായ സമിതി രൂപീകരിച്ച് നീതി നേടി കൊടുക്കാന്‍ ചില നല്ല മനസ്സുകള്‍ മുന്‍പോട്ട് വന്നിട്ടുണ്ട്. ‘കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ സമര സഹായ സമിതി അടുത്ത ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ നടത്തും. നീതി ലഭ്യമാക്കാന്‍ ഏതറ്റം വരെയും പോകാനും എന്തു ചെയ്യാനും ഞങ്ങള്‍ തയാറായിക്കഴിഞ്ഞു. ഈ വിഷയത്തില്‍ പിന്തുണ തേടിയുള്ള ഒപ്പു ശേഖരണം ആയിരം കഴിഞ്ഞിരിക്കുകയാണ്. ജനങ്ങളെ സംഘടിപ്പിച്ച് പ്രധിഷേധ പരിപാടികള്‍ നടത്തുന്നതിനൊപ്പം ജനപ്രതിനിധികള്‍, നേതാക്കള്‍, മുഖ്യമന്ത്രി അടക്കമുള്ളവരെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുകയും പിന്തുണ തേടുകയും ചെയ്യും.’എന്ന് കാഞ്ഞിരത്തിനാല്‍ കുടുംബ സമര സഹായ സമിതി ചെയര്‍മാന്‍ സുരേഷ് ബാബുവും കണ്‍വീനറും പൊതു പ്രവര്‍ത്തകനുമായ ഷൈജനും പറയുന്നു.

കാഞ്ഞിരത്തിനാല്‍ ജെയിംസ് സമരം ചെയ്യുന്ന വയനാട് ജില്ലാ കളക്‌ട്രേറ്റിന് മുന്‍പിലുള്ള ചെറുപന്തലില്‍ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്.

‘വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്ത പരിചയവും നിയമത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും ന്യായാധിപനാവശ്യമാണ്. ന്യായത്തിലും നീതിയിലും അടിയുറച്ച വിശ്വാസം വേണം. പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ സത്യം കണ്ടെത്തണം. അതിനൊപ്പം നില്‍ക്കാനുള്ള ആര്‍ജ്ജവം വേണം. സമയബന്ധിതമായി തീരുമാനമെടുക്കാനാവണം. ഇല്ലെങ്കില്‍ നീതിയുടെ നടത്തിപ്പ് അവതാളത്തിലാവും.’

(സ്വതന്ത്രമാധ്യമപ്രവര്‍ത്തകനാണു ജിബിന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍