UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശൗര്യമടങ്ങാത്ത വേട്ടക്കാര്‍, കീഴടങ്ങുന്ന ഇരകള്‍; ജോര്‍ജ്ജ് എന്ന കര്‍ഷക’ഗുണ്ട’യുടെ ജീവിതം

Avatar

രമേഷ്‌കുമാര്‍ വെളളമുണ്ട

അടിയന്തരാവസ്ഥ  ഒരു കര്‍ഷക കുടുംബത്തെ  സ്വന്തം മണ്ണില്‍ നിന്നും ആട്ടിയിറക്കിയ ചരിത്രം വയനാട്ടിലെ കോറാം എന്ന ഗ്രാമം പറയും. വനം വകുപ്പ്  ഉദ്യോഗസ്ഥര്‍ അടിയന്തരാവസ്ഥക്കാലത്തെ ജോലിക്കയററത്തിന് വേണ്ടി കര്‍ഷകന്‍ വില കൊടുത്തു വാങ്ങിയ ഭൂമിയും പിടിച്ചെടുത്ത്  നല്‍കി. അതിന്റെ ഇരകളായി മാറിയ  കുടുംബം ഇന്നും പെരുവഴിയിലാണ്. കണ്ണീരുണങ്ങാത്ത ഈ ചരിത്രം ഭരണകൂട ഭീകരതയുടെ അധികമാരും അറിയാത്ത അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. വയനാട് സിവില്‍ സ്റ്റേഷനു മുന്നില്‍ ഒരു കുടുംബം നീതി തേടി സത്യാഗ്രഹത്തിലാണ്.വനം വകുപ്പ് ഇന്നും പീഡിപ്പിക്കുന്ന ഈ കുടുംബത്തിന് നീതി നിഷേധം തുടരുകയാണ്.

വയനാട്ടിലെ കാഞ്ഞിരങ്ങാട് വില്ലേജിലെ കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ പേരിലുണ്ടായിരുന്ന 12 എക്കര്‍ ഭൂമി വനഭൂമിയാണെന്നു പറഞ്ഞ് വനംവകുപ്പ് പിടിച്ചെടുത്തതോടെ, ഈ ഭൂമിക്കു വേണ്ടി 12 വര്‍ഷത്തോളം നിയമ പോരാട്ടം നടത്തിയ മരുമകന്‍ ജയിംസും കുടുംബവും പെരുവഴിയിലായി. കടം കയറി ജപ്തി ഭീതിയില്‍ കഴിയുന്ന ജയിംസിന് സ്ഥലമോ കയറിക്കിടക്കാന്‍ വീടോ ഇല്ലാത്ത അവസ്ഥയാണ്. കുടുംബചെലവ്, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം ജയിംസിനു മുന്നില്‍ വലിയൊരു ചോദ്യ ചിഹ്നമാണ്. എന്റെ മക്കളെ ആരെങ്കിലും നോക്കാനുണ്ടായിരുന്നെങ്കില്‍ ചത്തുകളയാമായിരുന്നു എന്നു പറഞ്ഞ് ജയിംസ് പൊട്ടിക്കരഞ്ഞതിനു പിന്നിലെ കഥകള്‍ ചികയുമ്പോള്‍ ഭരണകൂട ഭീകരതയുടെയും നീതിനിഷേധത്തിന്റെയും വ്യക്തമായ ചിത്രം പുറത്തു വരുന്നു. എവിടെയോ ആരൊക്കെയോ ഗൂഡാലോചന നടത്തുന്നുവെന്ന് ജയിംസിന്റെ കഥ കേള്‍ക്കുന്ന ആര്‍ക്കും ന്യായമായി സംശയം തോന്നാം.

1966ലാണ് കാഞ്ഞിരത്തിനാല്‍ ജോര്‍ജും സഹോദരന്‍ ജോസും വയനാട്ടിലെത്തിയത്. 1967ല്‍ കുട്ടനാടന്‍  ഗാര്‍ഡന്‍സ് കമ്പനിയില്‍ നിന്ന് ആറേക്കര്‍ വീതം ഭൂമി വിലകൊടുത്തു വാങ്ങി. 1983 വരെ ഈ സ്ഥലത്ത് കൃഷി ചെയ്തു. സ്ഥലത്തിന് റവന്യു വകുപ്പ് നികുതിയും സ്വീകരിച്ചു. പിന്നീട് ആറേക്കര്‍ ഭൂമി ജോര്‍ജിന് നല്‍കി ജോസ് നാട്ടിലേക്ക് തിരിച്ചുപോയി. അങ്ങനെ ജോര്‍ജ് 12 ഏക്കര്‍ ഭൂമിയുടെ ഉടമയായി. അടിയന്തരാവസ്ഥയുടെ മറവില്‍ ജോര്‍ജിന്റെ ഭൂമി നിക്ഷിപ്ത വനഭൂമിയാണെന്നു പറഞ്ഞ് വനംവകുപ്പ് രംഗത്തെത്തി. സ്ഥലത്തെ കൃഷി വനപാലകര്‍ വെട്ടിനശിപ്പിച്ചു. ഇതിനെതിരേ ജോര്‍ജ് നിയമ യുദ്ധമാരംഭിച്ചു. ഈ സമയത്താണ് മരുമകന്‍ ജയിംസും ജോര്‍ജിനെ സഹായിക്കാനിറങ്ങിയത്. ജോര്‍ജിന്റെ മകള്‍ ട്രീസയുടെ ഭര്‍ത്താവായ ജയിംസ് കോഴിക്കോട് കാവിലുംപാറ സ്വദേശിയാണ്. കേസിലെ വിധികള്‍ ജോര്‍ജിന് അനുകൂലമായും പ്രതികൂലമായും വന്നു.

ഒടുവില്‍  വന്നത് ജോര്‍ജിന്റെ ഭൂമി വനഭൂമിയാണെന്ന ഫോറസ്റ്റ് ട്രിബ്യൂണലിന്റെ ഉത്തരവാണ്. ഇതിനിടയില്‍ സി പി ഐ എം ജോര്‍ജിന്റെ ഭൂമി വിഷയം ഏറ്റെടുത്തു. മാനുഷിക പരിഗണന വച്ച് 12 ഏക്കര്‍ ഭൂമി തിരിച്ചു നല്‍കാന്‍ 2006 ഒക്‌ടോബര്‍ 11ന് ചേര്‍ന്ന എല്‍ ഡി എഫ് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് ജോര്‍ജില്‍ നിന്ന് ഭൂനികുതിയും സ്വീകരിച്ചു. എന്നാല്‍ വനംവകുപ്പ് കയ്യാളിയിരുന്ന സി പി ഐക്ക് വനംവകുപ്പ്  ഉദ്യോഗസ്ഥരെ നിലക്കു നിറുത്താന്‍ കഴിഞ്ഞില്ല. മുമ്പ് ജോര്‍ജിന്റെ ഭൂമി വനഭൂമിയാണെന്ന് വനംവകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് തിരുത്തി ജോര്‍ജിന്റെ സ്ഥലം വനമായി വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കാന്‍ മന്ത്രിസഭായോഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ അതിനു തയാറായില്ല. പകരം സാങ്കേതികമായ നൂലാമാലകള്‍ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടറടക്കമുള്ളരെ ഭീഷണിപ്പെടുത്തി നടപടികള്‍ മരവിപ്പിച്ചു. ഇതിനിടയില്‍ പാലക്കാടുള്ള ഒരു പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ച് ജോര്‍ജിന് ഭൂമി വിട്ടു നല്‍കുന്നത് സ്‌റ്റേ ചെയ്യിപ്പിക്കുകയും ചെയ്തു. അവസാനം തല ചായ്ക്കാന്‍ ഒരിഞ്ചുപോലും ഭൂമിയില്ലാതെ 2012 ഡിസംബര്‍ 13ന് ജോര്‍ജ് മരണമടഞ്ഞു. അതിനു മുമ്പേ 2009 നവംബര്‍ രണ്ടിന് ജോര്‍ജിന്റെ ഭാര്യ ഏലിക്കുട്ടിയും ഈ ലോകത്തോടു വിടപറഞ്ഞിരുന്നു.

ഒരായുസു മുഴുവന്‍ നീതിക്കായി പോരാടിയിട്ടും ഫലം കാണാതെ ജോര്‍ജ്ജും ഭാര്യയും മരണമടഞ്ഞതോടെയാണ് മരുമകന്‍ ജയിംസ് ഭൂമി പോരാട്ടം ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം അവസാനം വനംവകുപ്പ് ജോര്‍ജിന്റെ 12 ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ജണ്ട സ്ഥാപിച്ചു. കാവിലും പാറയില്‍ ഒരേക്കര്‍ ചില്ലറ ഭൂമിയാണ് ജയിംസിനുള്ളത്. കേസ് കളിക്കാന്‍ സ്ഥലം മുഴുവന്‍ പണയപ്പെടുത്തി. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകള്‍ ജപ്തി നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇനി ഭൂമി പിടിച്ചെടുക്കലാണ്. അതിനി ഉടനെ സംഭവിക്കും. ജയിംസിനു രണ്ടു മക്കള്‍; വിപിനും നിഥിനും. ഏഴാം ക്ലാസില്‍ പഠിക്കുന്നു. ഇവരെ ഏങ്ങനെ തുടര്‍ന്ന് പഠിപ്പിക്കുമെന്നറിയില്ല. ലക്ഷങ്ങളാണ് കടം. ഈ സാഹചര്യത്തില്‍ നീതി തേടി ആഗസ്റ്റ് 15ന് കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ്.

“ഒന്നുകില്‍ നീതി. അല്ലെങ്കില്‍  മരണം. നീതിക്കു വേണ്ടി ഇരക്കാന്‍ ഇനി സ്ഥലവും ബാക്കിയില്ല”, ജയിംസ് പറഞ്ഞു. കോടികളുടെ ഇടപാടുകള്‍ നടന്ന വ്യാജപട്ടയങ്ങള്‍ക്ക് പിന്നീട് നിയമസാധുത നല്‍കിയ നാടാണ് കേരളമെന്നത്  ചരിത്രത്തിന്റെ ഏടുകളില്‍ കുറിച്ചുവച്ചിട്ടുണ്ട്. അതേ നാട്ടിലാണ്, ഇല്ലാത്ത കാരണങ്ങള്‍ നിരത്തി വനംവകുപ്പ് ഭൂമി പിടിച്ചെടുത്തതിലുടെ തകര്‍ന്നുപോയ ഒരു കുടുംബത്തിന് തലചായ്ക്കാന്‍ പോലും ഭൂമി നല്‍കാന്‍ ഭരണാധികാരികളും ഉദ്യോഗസ്ഥരും തയ്യാറാകാത്തത്. വനംവകുപ്പിനെതിരേ നിരന്തരം നിയമയുദ്ധം നടത്തിയ ജോര്‍ജ് എന്ന വൃദ്ധകര്‍ഷകനോട് ചില ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പകരം വീട്ടിയത് അദേഹത്തെ ഗുണ്ടാലിസ്റ്റില്‍പെടുത്തിയായിരുന്നു. ഒരിഞ്ചുപോലും വനഭൂമി കയ്യേറാനോ വനംകൊള്ള നടത്താനോ പോകാത്ത ജോര്‍ജിനെ ഗുണ്ടാലിസ്റ്റില്‍ പെടുത്തിയതിനെതിരേ വ്യാപകമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ അധികൃതര്‍ നടപടി പിന്‍വലിച്ചു. യഥാര്‍ത്ഥത്തില്‍ നിക്ഷിപ്തവനഭൂമിയായി വിജ്ഞാപനം ചെയ്ത ഭൂമി പിടിച്ചെടുക്കാതെ സംരക്ഷിക്കാന്‍ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി വനപാലകര്‍ പിടിച്ചെടുത്തുവെന്ന സൂചനയിലേക്കാണ് ഇതുവരെ നടന്ന അന്വേഷണങ്ങള്‍ ചെന്നെത്തിയത്. മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി. ഹരന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് ജോര്‍ജിന് ഭൂമി തിരികെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


ജോര്‍ജ്ജിന്റെ മരുമകന്‍ ജയിംസ് വയനാട് സിവില്‍ സ്റ്റേഷന് മുന്‍പില്‍ സമരത്തില്‍

ജോര്‍ജിന്റെ ഭൂമി വനഭൂമിയല്ലെന്നാണ് നിവേദിതാ പി. ഹരനും മുന്‍ വയനാട് ജില്ലാ കലക്ടറും വിജിലന്‍സും പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. 2007 ല്‍ വയനാട് കലക്ടര്‍, നോര്‍ത്തേണ്‍ റീജ്യണ്‍ സി സി എഫ്, നോര്‍ത്ത് വയനാട് ഡി എഫ് ഒ, ഫോറസ്റ്റ് സര്‍വേ വിഭാഗം തുടങ്ങിയവര്‍ നടത്തിയ സംയുക്ത പരിശോധനയിലും ജോര്‍ജ് ഭൂമി പിടിച്ചെടുത്തതില്‍ ക്രമക്കേട് സംശയിച്ചിരുന്നു. കുട്ടനാടന്‍ ഗാര്‍ഡന്‍സ് കമ്പനി മാനേജര്‍ കളപ്പുരക്കല്‍ നൈനാനില്‍ നിന്ന് കാഞ്ഞിരത്തിനാല്‍ ജോസ് 1800 രൂപക്ക് 12 ഏക്കര്‍ സ്ഥലം വാങ്ങിയെന്നാണ് രേഖകളുള്ളത്. മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍  2717/1967 പ്രകാരമാണ് ഭൂമി രജിസ്റ്റര്‍ ചെയ്തത്. 1972 ലാണ് ആറേക്കര്‍ ഭൂമി ജോര്‍ജിന് നല്‍കി ജോസ് നാട്ടിലേക്ക് പോയത്.  1983 വരെ ഈ സ്ഥലത്തിന് നികുതി സ്വീകരിച്ചിരുന്നു. 1977 ജുലൈ എട്ടിനാണ് കാഞ്ഞിരത്തിനാല്‍ സഹോദരന്‍മാരുടെ ഭൂമി 4713/1977 വിജ്ഞാപന പ്രകാരം വനഭൂമിയായി പിടിച്ചെടുക്കാന്‍ വനംവകുപ്പ് ഉത്തരവിട്ടത്. വിജ്ഞാപനം ചെയ്ത 238/1 സര്‍വെ നമ്പറില്‍പ്പെട്ട ഭൂമിയുടെ തെക്കും വടക്കും 238 ഉം കിഴക്ക് 261ഉം പടിഞ്ഞാറ് 526 ഉം സര്‍വെ മ്പറുകളില്‍പെട്ട സ്ഥലങ്ങളാണ്. എന്നാല്‍ കാഞ്ഞിരത്തിനാല്‍ സഹോദരന്‍മാരുടെ ഭൂമിയുടെ അതിരുകളായി വരുന്നത് 238/1ല്‍ പെട്ട സ്ഥലങ്ങളാണ്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ 12 ഏക്കര്‍ ഭൂമി നിക്ഷിപ്ത വനമായി പ്രഖ്യാപിച്ച രേഖകള്‍ ഹാജരാക്കാന്‍ വനംവകുപ്പിന് കഴിഞ്ഞിരുന്നില്ല.

വിജിലന്‍സ് നടത്തിയ സര്‍വെയില്‍ കാഞ്ഞിരത്തിനാല്‍ സഹോദരന്‍മാരുടെ ഭൂമി വനംവകുപ്പ് വനമായി വിജ്ഞാപനം ചെയ്ത ഭുമിയല്ലെന്നും കണ്ടെത്തിയിരുന്നു. സ്ഥലം അളന്നതില്‍ നിന്ന് അതിരുകളിലെ വ്യത്യാസവും വിജിലന്‍സിന് വ്യക്തമായിരുന്നു. ചുരുക്കത്തില്‍ മറ്റാരെയോ സംരക്ഷിക്കാന്‍ ജോര്‍ജിന്റെ ഭൂമി വനഭൂമിയാക്കി മാറ്റാന്‍ ചില ഉദ്യോഗസ്ഥര്‍ വ്യാജരേഖ ചമച്ചുവെന്ന സംശയമാണ് ഉയരുന്നത്. ഇക്കാര്യം പുറത്തുവന്നാല്‍ ഒട്ടേറെ പ്രമുഖര്‍ കുടുങ്ങുമെന്നതിനാല്‍ സത്യസന്ധമായ അന്വേഷണം നടക്കാതിരിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നീക്കങ്ങള്‍ ശക്തമാണ്.

എതിര്‍വശത്ത് എല്ലാ വിധത്തിലും തകര്‍ന്നടിഞ്ഞ് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബം. ഇനി ഒരു പോരാട്ടത്തിന് ശേഷിയില്ലാത്ത വിധം മാനസികമായും ശാരീരികമായും തളര്‍ന്ന് ജയിംസ്. അതുകൊണ്ട് ഭൂമി വിഷയത്തില്‍ ഇനി ഗൗരവമായ അന്വേഷണമുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് ജോര്‍ജിന്റെ എതിരാളികള്‍.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍