UPDATES

ട്രെന്‍ഡിങ്ങ്

“ചങ്ങല പൊട്ടിക്കാനുണ്ടായിരുന്നു, പൊട്ടിച്ചു, ഭാവി തീരുമാനിച്ചില്ല”: അഭിപ്രായ സ്വാതന്ത്ര്യത്തിനായി ഐഎഎസില്‍ നിന്ന് രാജി വച്ച കണ്ണന്‍ ഗോപിനാഥന്‍ സംസാരിക്കുന്നു

സിവില്‍ സര്‍വീസ് അല്ല, സര്‍വീസ് ആവണം ലക്ഷ്യം.

‘അതിബുദ്ധിയുള്ള എന്നാല്‍ പ്രതികരണശേഷിയില്ലാത്ത ഒരാളായി ഇരിക്കണമെന്ന് എനിക്ക് തോന്നിയില്ല. അതിനാല്‍ ആ ചങ്ങല ഞാന്‍ പൊട്ടിച്ചെറിഞ്ഞു’ – സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ച കണ്ണന്‍ ഗോപിനാഥന്‍ തന്റെ തീരുമാനത്തെക്കുറിച്ച് പറഞ്ഞു. കഴിഞ്ഞ വര്‍ഷം കേരളത്തെ ബാധിച്ച മഹാപ്രളയത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സ്വയം പങ്കാളിയായി പ്രശംസ പിടിച്ചുപറ്റിയ കണ്ണന്‍ ഗോപിനാഥന്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജി വച്ചതിലൂടെ വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ്. 2012 എജിഎം യുടി കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് കണ്ണന്‍. ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി അഡ്മിനിസ്‌ട്രേഷന് കീഴിലെ നഗരവികസന വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്തിരുന്ന കണ്ണന്‍ ഓഗസ്ത് 21ന് തന്റെ രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കുകയായിരുന്നു.

സിവില്‍ സര്‍വീസ് എന്നത് പലരുടേയും സ്വപ്‌നമായി നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് പുറത്ത് പോരുന്നതിന്റെ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് കണ്ണന്‍ ഗോപിനാഥന്‍ ‘ പ്രതികരിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. എന്നാല്‍ സര്‍വീസില്‍ ഇരുന്നുകൊണ്ട് അത് ചെയ്യാനാവില്ല. പറയാനുള്ളത് പറയാന്‍ സര്‍വീസില്‍ നിന്ന് ക്വിറ്റ് ചെയ്യണമെന്ന് തോന്നി. അത് ചെയ്തു. സര്‍ക്കാരിനുള്ളിലിരുന്ന് പ്രതികരിക്കുന്നത് ശരിയല്ല. എന്നാല്‍ സര്‍ക്കാര്‍ പറയുന്ന പല കാര്യങ്ങളോടും വിയോജിപ്പുകളുമുണ്ട്. വ്യക്തി എന്ന നിലയില്‍ രണ്ട് കാര്യങ്ങളാണ് അപ്പോള്‍ ചെയ്യാനുള്ളത്. ഒന്ന്, പ്രതികരിക്കാതിരിക്കുക അല്ലെങ്കില്‍ പുറത്തിറങ്ങി വന്ന് പ്രതികരിക്കുക. ഞാന്‍ ഒരു വ്യക്തി എന്ന നിലയില്‍ പ്രതികരിച്ചതുകൊണ്ട് വലിയ മാറ്റങ്ങളുണ്ടാവുമെന്നല്ല, ചിലപ്പോള്‍ ഒന്നും ഉണ്ടായില്ലെന്ന് വരും. എന്നാല്‍ പറയാനുള്ളത് പറഞ്ഞു എന്ന സന്തോഷവും സംതൃപ്തിയും നമുക്കുണ്ടാവും.

പരീക്ഷ എഴുതി പാസായി എന്ന ഒറ്റ കാരണത്താല്‍ പലകാര്യങ്ങളും കണ്ടില്ലെന്ന് വക്കേണ്ടതോ പ്രതികരിക്കാതിരിക്കേണ്ടതോ ഇല്ല എന്ന് തോന്നി. മറ്റെന്ത് ജോലിയായിരുന്നാലും നമുക്ക് സഫോക്കേറ്റീവ് ആയാല്‍ അത് വിട്ടിട്ട് പോവും. സിവില്‍ സര്‍വീസില്‍ നിന്ന് വിട്ടിട്ട് പോരാന്‍ പലരും തയ്യാറല്ല. അതിന്റെ കാരണം പരീക്ഷയെഴുതി നേടി എന്നതും വീണ്ടും പരീക്ഷയെഴുതാന്‍ പറ്റില്ല എന്നതുമാണ്. അതാണ് അതിനുള്ളില്‍ തന്നെ നില്‍ക്കണമെന്ന് പലരും ചിന്തിക്കുന്നത്. സിവില്‍ സര്‍വീസിലേക്ക് വരുന്നവര്‍ ഇത് സംബന്ധിച്ച് ക്ലാരിറ്റിയോടെ വരണമെന്നാണ് ഞാന്‍ കരുതുന്നത്. സിവില്‍ സര്‍വീസ് സ്‌ട്രെങ്ത് ആയിരിക്കണം. അല്ലാതെ വീക്ക്‌നെസ് ആവരുത്.

സിവില്‍ സര്‍വീസ് ലക്ഷ്യമാവരുതെന്നാണ് എനിക്ക് തോന്നുന്നത്. സര്‍വീസ് ആയിരിക്കണം ലക്ഷ്യം. അതിലേക്കുള്ള മാര്‍ഗം മാത്രമാവണം സിവില്‍ സര്‍വീസ്. സിവില്‍ സര്‍വീസിലേക്ക് വരുന്നതിന് മുമ്പ് ഞാന്‍ ഒരു എന്‍ജിഒയുടെ പാര്‍ട്ട് ആയിരുന്നു. പത്തോ ഇരുന്നൂറോ പേര്‍ക്ക് പ്രയോജനപ്പെടുന്ന സര്‍വീസ് ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനമാവണം എന്നതായിരുന്നു എന്റെ സിവില്‍ സര്‍വീസ് ലക്ഷ്യം. അത് പ്രയോജനപ്പെട്ടില്ല എന്ന് പറയാന്‍ പറ്റില്ല. ഉറപ്പായിട്ടും അതിന് ഇംപാക്ട് ഉണ്ട്. എന്നാല്‍ ചില സമയം സ്വാതന്ത്ര്യം ആണ് വലുതെന്ന് തോന്നും. പ്രതികരണ ശേഷിയില്ലാത്തയാളായിരിക്കുന്നതില്‍ നിന്നുള്ള മാറ്റം അനിവാര്യമായിരുന്നു.

നാളെ എന്ത് എന്ന് അറിയില്ല. ഇനി എന്ത് ചെയ്യുമെന്ന കാര്യത്തിലും വ്യക്തതയില്ല.ചങ്ങല പൊട്ടിക്കാനുണ്ടായിരുന്നു. അത് പൊട്ടിച്ചു. ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കണം. രാഷ്ട്രീയപ്രവര്‍ത്തനമോ, സാമൂഹ്യപ്രവര്‍ത്തനമോ എന്നൊന്നും ഒരു തീരുമാനവും ഇതേവരെയില്ല. ഭാര്യയും കുഞ്ഞുമുള്ള കുടുംബത്തിനായി നാളെ സ്വകാര്യ കമ്പനിയില്‍ വര്‍ക്ക് ചെയ്യുമോ എന്നും അറിയില്ല.’

പ്രളയകാലത്ത് കൊച്ചിയില്‍ കണ്ണന്‍ ഗോപിനാഥന്‍ നേരിട്ട് പങ്കെടുത്ത പ്രവര്‍ത്തനങ്ങള്‍ രാജ്യമെമ്പാടും ശ്രദ്ധ നേടിയിരുന്നു. എട്ട് ദിവസമായിരുന്നു കണ്ണന്‍ ഗോപിനാഥന്‍ ദുരിതാശ്വാസ ക്യാംപില്‍ പ്രവര്‍ത്തിച്ചത്. അരിച്ചാക്ക് ചുമന്നും ലോഡിറക്കിയും റിലീഫ് ക്യാംപില്‍ സജീവമായിരുന്ന അദ്ദേഹത്തെ ആദ്യമാരും തിരിച്ചറിഞ്ഞില്ലെന്നതും ശ്രദ്ധേയമായിരുന്നു.

ജോലിയില്‍ നിന്ന് ലീവെടുത്ത് മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ശേഷമായിരുന്നു എറണാകുളത്ത് ക്യാംപിലെത്തിയത്. ഇതിനിടെ ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദര്‍ ആന്‍ഡ് നാഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്. ഇതിന് പിറകെ എല്ലാവരും നോക്കി നില്‍ക്കെ അദ്ദേഹം വീണ്ടും പണിയില്‍ മുഴുകി. ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെല്‍ഫി എടുക്കാനായി ചുറ്റും കൂടിയെങ്കിലും കലക്ടര്‍ അതെല്ലാം സ്‌നേഹപൂര്‍വ്വം നിരസിക്കുകയും ചെയ്തിരുന്നു.

പ്രളയം രൂക്ഷമായ സമയത്ത് തിരുവനന്തപുരത്ത് എത്തിയ പുതുപ്പള്ളി സ്വദേശിയായ കണ്ണന്‍ ഗോപിനാഥന്‍, വീട്ടിലേക്ക് പോവാതെയാണ് പ്രളയം രൂക്ഷമായി ബാധിച്ച ചെങ്ങന്നൂരിലെ ക്യാംപുകളിലെത്തിയത്. സ്വന്തം ബാച്ചുകാരന്‍ ജില്ലാ കലക്ടര്‍ ആയിരിക്കുന്ന ആലപ്പുഴയില്‍ പോയിട്ട് പോലും ആരോടും താന്‍ ആരെന്ന് വെളിപ്പെടുത്തിയിരുന്നില്ല. തന്നാല്‍ കഴിയുന്ന പോലെ പ്രവര്‍ത്തിച്ച ശേഷമാണ് പിന്നീട് കണ്ണന്‍ ഗോപിനാഥന്‍ എറണാകുളത്ത് എത്തിയത്. ചുമടെടുക്കുന്ന കളക്ടര്‍ എന്ന രീതിയില്‍ കൊച്ചിയില്‍ നിന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം താരമാവുകയായിരുന്നു കണ്ണന്‍ ഗോപിനാഥന്‍ എന്ന 32-കാരന്‍.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍