UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരിലെ അക്രമങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയം മാത്രമല്ല, സംസ്‌കാരവും പങ്കാളിയാണ്

ചിന്തു രത്ന രവീന്ദ്രന്‍

കണ്ണൂരില്‍ നിന്നും വീണ്ടും വാര്‍ത്തകള്‍ വരുന്നു. അവിടെ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ഉയര്‍ത്തിക്കാട്ടി, അതുവഴി ചിലര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. കേവലം രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രം മതി എന്നാണ് ചിന്തയെങ്കില്‍ നിലവിലുള്ള വിശകലന രീതികള്‍ തന്നെ ധാരാളം. ഒന്നോ രണ്ടോ രാഷ്ട്രീയ പാര്‍ട്ടികളെ പഴിചാരി നമുക്കെല്ലാം കൈകഴുകാം. അതാണല്ലോ എളുപ്പം. എന്നും എല്ലാവരും ഏറ്റവും കൂടുതല്‍ ചെയ്യുന്നതും അതൊക്കെ തന്നെ. രണ്ടു ദിവസത്തെ കണ്ണീരൊഴുക്കലും ഒരാഴ്ച കുറ്റം പറച്ചിലും നടത്തിയാല്‍ നമ്മുടെ മനസ്സാക്ഷിക്കുത്ത് ഒന്നു കുറയും, നമ്മള്‍ കാര്യമായിത്തന്നെ എന്തോ ചെയ്തു എന്നൊരു തോന്നലും കിട്ടും. പക്ഷെ സ്ഥായിയായ ഒരു പരിഹാരത്തിലേക്കു നമുക്കു സഞ്ചരിക്കണമെന്നുണ്ടെങ്കില്‍, കൂടുതല്‍ ആഴത്തിലുള്ള വിശകലനങ്ങള്‍, പഠനങ്ങള്‍ തന്നെ നിര്‍വാഹമുള്ളൂ. അതിനനുസരിച്ച് ഇടപെടലുകള്‍ നടത്തേണ്ടിവരും. നെഞ്ചോടു ചേര്‍ത്ത് വെച്ച ചിലതിനെ മാറ്റേണ്ടി വന്നേക്കാം. പുതിയ ചിലതൊക്കെ തുടങ്ങേണ്ടിയും വന്നേക്കാം. മാറ്റം അനിവാര്യം തന്നെ.

 

കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങള്‍ക്കൊക്കെ സിപിഎം എന്ന ഒരൊറ്റ കക്ഷിയെ ആണെപ്പോഴും പൊതുബോധം കൂടുതലായി പ്രതി ചേര്‍ത്ത് കണ്ടിട്ടുള്ളത്. കണ്ണൂരിലെ കാര്യം പിന്നെ പറയേണ്ടതില്ലലോ. ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നേരിട്ടുള്ള കക്ഷിയാണതെന്നു കണക്കുകള്‍ വെച്ച് തെളിയിച്ചാലൊന്നും തീരുന്നതല്ല ഈ പൊതുബോധം. എന്നാല്‍ കണ്ണൂരില്‍ ഈ പാര്‍ട്ടി കണ്ടതിനും കേട്ടതിനുമൊക്കെ കൊലപാതകം നടത്തുന്നു എന്നു പറയുമ്പോള്‍ തന്നെ എന്തുകൊണ്ടാണ് കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ അത്രയും കൊലകള്‍ ഇല്ലാത്തത്? പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ കിട്ടുന്ന വോട്ടുകളും സീറ്റുകളും മാനദണ്ഡമാക്കിയാല്‍ കണ്ണൂരിലും കൂടുതല്‍ ആളുകള്‍ തെക്കന്‍ കേരളത്തിലെ പല ജില്ലകളിലും സിപിഎമ്മിന്റെ കൂടെയുണ്ട്. അവിടെയും പ്രശ്‌നങ്ങള്‍ കുറവല്ല. പക്ഷേ കൊലപാതകങ്ങള്‍ കണ്ണൂരിലാണ് കൂടുതല്‍. മറ്റു പാര്‍ട്ടികളുടെ കാര്യത്തിലും ഇതു തന്നെ അവസ്ഥ. അപ്പോള്‍ ഒരുപക്ഷേ യഥാര്‍ത്ഥ പ്രശ്‌നക്കാര്‍ സിപിഎം ആകില്ലെന്ന് വരുമോ? എങ്കില്‍ പിന്നെ ആരാണ് ഇതിനു പിന്നില്‍?

 

ഓരോ വ്യക്തിയും പ്രശ്‌നത്തെ സമീപിക്കുന്ന രീതികള്‍, അവരുടെ വ്യക്തിത്വ രൂപീകരണത്തില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങള്‍ അനുസരിച്ച് വ്യത്യസ്തമായിരിക്കും. ഹെയിന്‍സ് ഹാര്‍ട്ട്മന്‍ പറയുന്നത് ഒരാള്‍ വളര്‍ന്നു വരുന്ന സാസ്‌കാരിക പരിസരം അയാളുടെ വ്യക്തിത്വ രൂപീകരണത്തില്‍ പല രീതിയിലുള്ള സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ്. ചിലവ ഉപരിപ്ലവമാണ്. അത് ഓരോ സംഭവങ്ങളെ അവര്‍ ന്യായീകരിക്കുന്ന (Rationalisation) രീതികളെയും ചില മാനസിക വ്യവഹാരങ്ങളെയും രൂപപ്പെടുത്തുന്നതില്‍ മുഖ്യ ഘടകവുമാകുന്നുണ്ട്. മറ്റു ചില സാംസ്‌കാരിക ഘടകങ്ങള്‍ മനസ്സിന്റെ കാതലായ ഭാഗത്തെ രൂപീകരിക്കുന്നതില്‍ പോലും സ്വാധീനം ചെലുത്തുന്നു. ഒരു വ്യക്തിയുടെ മനസ്സാക്ഷിയുടെ വലിപ്പം, പ്രശ്‌നപരിഹാര രീതികള്‍ ഒക്കെ തന്നെ നിര്‍ണയിക്കുന്നതില്‍ അയാള്‍ വളര്‍ന്നു വരുന്ന സാംസ്‌കാരിക പരിസരം കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. The culture influence the personality in a variety of ways. There are more superficial influences that do not reach the core mental structure but shape the choice of a person’s rationalization, the conceptual language he uses as well as certain mental contents. Other cultural influences reach the core structure where they co-determine the degree of severity of the super ego, the degrees of mobility of the ego and the person’s style of conflict resolution- (Heinz Hartmann11 (1944. Psychoanalysis and Sociology, in “Essays of Ego Psychology”, New York: Norton) – അപ്പോള്‍ ഈ വിശകലനങ്ങളുടെ വെളിച്ചത്തില്‍ വേണം നമ്മള്‍ കണ്ണൂരിലെ സാമൂഹ്യ കൊലപാതകങ്ങളെ സമീപിക്കാന്‍ എന്നു തോന്നുന്നു. പ്രത്യേകിച്ച് റാഷണലൈസേഷനെയും കോണ്‍ഫ്ലിക്ട് റെസൊല്യൂഷനേയും സംസ്കാരം സ്വാധീനിക്കുന്നതെങ്ങനെ എന്ന ഭാഗം.

 

 

കണ്ണൂര്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ സംസ്‌കാരം തെയ്യങ്ങളുടെ വലിയ സ്വാധീനം ഉള്ളടങ്ങുന്നതാണ്. ഒരു കാലത്ത് നാടുവാഴികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചേകവന്മാരെ ചാവേറുകളാക്കി പരസ്പരം പയറ്റിച്ചു കൊന്നും കൊല്ലിച്ചും വിജയം നേടിയിരുന്ന കഥകള്‍, അങ്ങനെ കൊല്ലപ്പെട്ടവരും കൊന്നവരും നായകരായ കഥകള്‍. ഈ കഥകളുടെ ചുറ്റുപാടില്‍ വളരുന്ന ആര്‍ക്കും നാടിനു വേണ്ടിയെന്ന പേരിലുള്ള കൊല്ലും കൊലയും ന്യായീകരിക്കാനും ഇത്തരത്തിലുള്ള കൊല്ലും കൊലയും പ്രശ്‌നപരിഹാര മാര്‍ഗങ്ങളായി കാണുന്നതിനുമുള്ള പ്രവണതകള്‍ കാണും. അതുകൊണ്ട് തന്നെ ഈ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇഴചേര്‍ന്നുണ്ടാകുന്ന സാംസ്‌കാരിക പശ്ചാത്തലത്തിലാകണം കണ്ണൂരിലെ കൊലപാതക സംസ്‌കാരത്തിന്റെയും വേരുകള്‍. മനുഷ്യ പ്രകൃതിയിലെ സംസ്‌കാര രൂപീകരണത്തെ കുറിച്ചുള്ള ഒട്ടോ ഫെനിഷെല്‍ന്റെ തിയറി പറയുന്നത് സംസ്‌കാരം ഒരാളുടെ മനസ്സാക്ഷി മാത്രമല്ല, ബോധ, ഉപ, അബോധ തലങ്ങളെയും രൂപീകരിക്കുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ്, അതായത് ഒരാളുടെ വ്യക്തിത്വത്തിന്റെ എല്ലാ തലങ്ങളും… Culture has a significant influence in building not only the super ego but also id and ego, i.e, the over all personality of any individuals (Otto Fenichel (1945, The Psychoanalytic Theory of Neurosis, New York : Norton. 1954, The Collected Papers of Otto Fenichel, New York : Norton) 

 

ഇതും അഭിപ്രായങ്ങളില്‍ ഒന്നു മാത്രമാണ്, മാധ്യമ ചര്‍ച്ചകളുടെ സമയബന്ധിത വേളയ്ക്കുള്ളില്‍ പരിഹാര മാര്‍ഗം രൂപപ്പെടുത്താവുന്നതല്ല സമൂഹത്തിനകത്തെ ഇത്തരം അയവില്ലാത്ത ദൃഡ ബോധങ്ങളുടെ സാന്നിധ്യം. കൂടുതല്‍ കൃത്യമായ പഠനങ്ങള്‍ കണ്ണൂരിനെ, അവിടെയുള്ള സാമൂഹ്യ കൊലപാതകങ്ങളെ കുറിച്ച് നടത്തേണ്ടതില്ലേ എന്നൊരു ചോദ്യം ഉണര്‍ത്താന്‍ വേണ്ടിയുള്ള ഒരാലോചന മാത്രം. പുതിയ മന്ത്രിസഭ ഇടപെടലുകളില്‍ മേപ്പടി ആഴങ്ങളും പരപ്പുകളും കൂടെ കണ്ടു പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം നമുക്ക്.

 

(ലേഖകന്‍ ദുബായില്‍ ജോലി ചെയ്യുന്നു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍