UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂര്‍ അങ്കത്തട്ടില്‍ സുധാകരന്‍ ചേകവന്റെ വീഴ്ച

Avatar

കെ എ ആന്റണി

കേരളത്തിനെ സംബന്ധിച്ചിടത്തോളം ആളോഹരി രാഷ്ട്രീയത്തില്‍ എന്നും പിന്നില്‍ തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമെന്ന് പാടിപുകഴ്ത്തപ്പെടുന്ന കണ്ണൂര്‍. മുന്നില്‍ മലപ്പുറം ജില്ല തന്നെ. ഇതാകട്ടെ, ജനസംഖ്യാ നിരക്ക് മാത്രമാണ്. നേതാക്കളുടെ ലിസ്റ്റ് എടുത്താല്‍ കണ്ണൂര്‍ തന്നെ മുന്നില്‍. എ കെ ജി, കെ കരുണാകരന്‍, കെ ജി മാരാര്‍, ഇ കെ നായനാര്‍, എം വി രാഘവന്‍, എല്ലാറ്റിലും ഉപരി അതിതീവ്ര വിപ്ലവകാരിയും നയനാരെ എന്നും ചീത്തവിളിച്ചിരുന്ന സ്വന്തം അമ്മാവന്‍ കെപി ആര്‍ ഗോപാലന്‍ ഇതൊക്കെയായിരുന്നു കണ്ണൂരിന്റെ പുറത്തേക്കുള്ള ഖ്യാതി.

എന്നും എവിടേയും കോണ്‍ഗ്രസിനും ബിജെപിക്കും പാടി ഇകഴ്ത്താനും സിപിഐഎമ്മിന് ഏറെ ഉറ്റം കൊള്ളാനുമുള്ള ഒരു നാട്. അതേ, കലാപങ്ങളുടെ കൂടെ ഈറ്റില്ലമായ വടക്കന്‍ കേരളത്തിലെ ഒരു ഭൂമിക. സ്‌കൂള്‍ മുറിയില്‍വച്ചൊരു അധ്യാപകനെ കൊന്നെറിഞ്ഞ നാട് എന്ന് പുറംലോകം അറിയുന്നതിന് മുമ്പ് തന്നെ കണ്ണൂര്‍ രാഷ്ട്രീയം ഏറെ കലങ്ങി മറിഞ്ഞു കൊണ്ടേയിരുന്നു. കണ്ണൂര്‍ രാഷ്ട്രീയമാണ് കേരളത്തിന് മാര്‍ഗ്ഗദര്‍ശകം ആകുക എന്ന സ്ഥിതി കൂടി വന്നതോടു കൂടി സി പി ഐ എമ്മിനും അതിന്റേതായ അഹങ്കാരത്തിന്റെ ഭൂമിക കൈവന്നു. ഒടുവില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കണ്ണൂര്‍ ലോബിയെന്ന ഒരുപദ പ്രയോഗത്തിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തിയത്.

പാര്‍ട്ടി ഗ്രാമങ്ങളുടെ ബലത്തില്‍ സിപിഐഎം പിടിച്ചു നില്‍ക്കുമ്പോഴും ഭരണസിരാകേന്ദ്രമായ കണ്ണൂര്‍ നഗരവും നഗരസഭയും എന്നും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിന് ഒപ്പമായിരുന്നു. ഇത് മുസ്ലിംലീഗിന്റെ ബലത്തില്‍ കൂടിയായിരുന്നു.

ഇന്നിപ്പോള്‍ ഒരു കോണ്‍ഗ്രസ് വിമതന്റെ മാന്ത്രിക കൈയ്യാല്‍ പുതുതായി രൂപീകരിക്കപ്പെട്ട കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഭരണസാരഥ്യം സിപിഐഎമ്മിനും അത് നയിക്കുന്ന എല്‍ഡിഎഫിനും കൈവന്നിരിക്കുകയാണ്. വിമതനായ പികെ രാഗേഷ് യുക്തിപൂര്‍വം കളിച്ചതിന്റെ ഭാഗമായി ഡെപ്യൂട്ടി മേയര്‍ സ്ഥാനം മുസ്ലിംലീഗിനും ലഭിച്ചിരിക്കുന്നു.

കേരള രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന കണ്ണൂരില്‍ വീണ്ടും ഒരു ചേകവന്റെ തലയ്ക്ക് വിലപറഞ്ഞിരിക്കുന്നു എന്നുവേണം നമ്മള്‍ ഇതില്‍ നിന്ന് ചുരുക്കിവായിക്കാന്‍. ഈ ചേകവന്‍ മറ്റാരുമല്ല. സംഘടനാ കോണ്‍ഗ്രസിലൂടെ ഗോപാലന്‍ ജനതയിലൂടെ തുടക്കത്തില്‍ ഇടതായി വന്ന് വലത് മാറിയ കെ സുധാകരന്‍ തന്നെ. ഒരു കാലത്ത് കെ കരുണാകരന്റെ വലംകൈയായിരുന്ന എന്‍ രാമകൃഷ്ണനെ പുകച്ചു പുറത്തു ചാടിച്ച് കണ്ണൂര്‍ ഡിസിസിയുടേയും പിന്നീടങ്ങോട്ട് കേരളത്തില്‍ കോണ്‍ഗ്രസിന്റെ കണ്ണൂര്‍ വക്താവുമായി മാറിയ ആള്‍.

പുതിയ സാഹചര്യങ്ങളില്‍ വിരല്‍ ചൂണ്ടുന്നത് സുധാകരന്റെ അനിവാര്യമായ പതനത്തിലേക്ക് തന്നെയാണ്. തന്നോടൊപ്പം ഒട്ടിനിന്നവരെ പോറ്റി വളര്‍ത്തിയ ചരിത്രം തന്നെയാണ് സുധാകരനും ഉള്ളത്. മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റ സുമാ ബാലകൃഷ്ണനും. അവരെ തോല്‍പ്പിക്കുക വഴി സുധാകരനെ തോല്‍പ്പിച്ച പികെ രാഗേഷുമൊക്കെ സുധാകരന്‍ വളര്‍ത്തിയ ആളുകള്‍ തന്നെ.

നിമിഷങ്ങളുടെ ബലത്തിലാണ് കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഭാഗധേയം നിര്‍ണയിക്കപ്പെട്ടത്. ഏറെശ്രമങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് നടന്നുവെങ്കിലും ഒരു വിട്ടു വീഴ്ചയ്ക്കും താനില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുക വഴി രാഗേഷ് മുന്നോട്ടു വയ്ക്കുന്ന പുതിയ കോണ്‍ഗ്രസ് രാഷ്ട്രീയം കണ്ണൂരിന്റെ മണ്ണില്‍ എത്രമാത്രം ഗുണകരമാകും എന്ന് അറിയില്ല.

അടിയന്തരാവസ്ഥയ്ക്ക് മുമ്പ് കണ്ണൂരില്‍ രണ്ടേരണ്ട് നേതാക്കളെ ഉണ്ടായിരുന്നുള്ളൂ. ഒന്ന് കമ്മ്യൂണിസ്റ്റുകാര്‍ പൂച്ച രാമകൃഷ്ണന്‍ എന്ന് വിളിച്ചാക്ഷേപിച്ചിരുന്ന എന്‍ രാമകൃഷ്ണന്‍. മറ്റൊരാള്‍ മാടായി മാടന്‍ എന്നറിയപ്പെട്ടിരുന്ന എംവിആര്‍. പൂച്ചയും മാടനും തമ്മിലെ പോരാട്ടത്തിന് ഇടയില്‍ ആയിരുന്നു സുധാകരന്റെ ഉദയവും. കാലം മാറി എംവിആര്‍ പാര്‍ട്ടിക്ക് പുറത്തായി. പാര്‍ട്ടിയില്‍ ഒന്നുമല്ലാതായി മാറിയ എന്‍ആര്‍ ഒടുവില്‍ വിമതവേഷം കെട്ടി 1996-ല്‍ സുധാകരനോട് തന്നെ ഏറ്റുമുട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റു. പരാജയമേറ്റുവാങ്ങിയ എന്‍ആര്‍ തിരിച്ചു വന്നെങ്കിലും കണ്ണൂരില്‍ കോണ്‍ഗ്രസ് എന്നാല്‍ സുധാകരന്‍ എന്ന കാര്യം ഉറപ്പിക്കപ്പെട്ടിരുന്നു. പഴയ ആന്റണി ഭക്തനും മന്ത്രിയുമായ കെപി നൂറുദ്ദീനും സംഘത്തിനും പിന്നീട് ഉമ്മന്‍ചാണ്ടിയുടെ പരമവിശ്വസ്തനായ കെസി ജോസഫ് ഉണ്ടായിട്ടു പോലും കണ്ണൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണത്തില്‍ കൈകടത്താന്‍ ആയില്ലെന്നതാണ് ആ പാര്‍ട്ടിക്കുള്ളിലെ ഗാന്ധിയന്‍മാരെ ഇപ്പോഴും അലട്ടുന്ന പ്രശ്‌നമെന്ന് ചിലരെങ്കിലും സമ്മതിക്കും ഇതില്‍ മുന്‍ നിരയില്‍ തന്നെയുണ്ട് പി രാമകൃഷ്ണന്‍ എന്ന കണ്ണൂരിന്റെ ഗാന്ധി ശബ്ദം. ഒരിക്കല്‍ കെപിസിസി ഇടപെട്ട് ഇദ്ദേഹത്തെ ഡിസിസി പ്രസിഡന്റ് ആക്കിയെങ്കിലും സുധാകരനും സംഘവും പുറത്താക്കിയ ഒരു പാവം മനുഷ്യന്‍. കണ്ണൂരില്‍ ഇപ്പോള്‍ എ കോണ്‍ഗ്രസ് എന്നാല്‍ ആകെയുള്ളത് കെപി നൂറുദ്ദീനും ടി രാമകൃഷ്ണനും പിന്നെ കണ്ണൂര്‍ക്കാര്‍ക്ക് വരത്തനായി മന്ത്രി കെസി ജോസഫും. ബാക്കിയത്രയും കൈയാളുന്നത് സുധാകരനും അദ്ദേഹത്തിന്റെ ആള്‍ക്കാരും. കണ്ണൂര്‍ ഡിസിസിയില്‍ തന്നെ ഇപ്പോള്‍ എംഎല്‍എയായ സണ്ണി ജോസഫിന് ഊഴം കിട്ടിയത് സുധാകരന്റെ വിശ്വസ്തനായത് കൊണ്ട്മാത്രം. അന്നും സുധാകരന്‍ കേരളത്തിന്റെ വനം, സ്‌പോര്‍ട്‌സ് മന്ത്രിയായിരുന്നു. അടുത്ത ഊഴം നിലവിലെ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആയത് കൊണ്ടു തന്നെ തമിഴ്‌നാട്ടില്‍ ആയത് എന്നത് പോലെ തന്നെ കണ്ണൂരിലും കോണ്‍ഗ്രസുകാര്‍ക്കിടയില്‍ മാത്രമല്ല പത്രക്കാര്‍ക്കിടയിലും പനീര്‍ശെല്‍വം എന്ന പ്രയോഗം നിലവിലുണ്ട്.

കണ്ണൂര്‍ ഡിസിസി നേതൃത്വം മാറണം എന്നതായിരുന്നു വിമതന്‍ മുന്നോട്ടു വച്ച ഒമ്പത് ആവശ്യങ്ങളില്‍ മുഖ്യമായത്. രണ്ടാമത്, വച്ച ആവശ്യം ജീവന്‍ കൊടുത്തും സുധാകരനെ സംരക്ഷിക്കും എന്ന് പറയുന്ന സുമാ ബാലകൃഷ്ണനെ മേയര്‍ സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തണം എന്നതായിരുന്നു. രണ്ടും നടന്നില്ല. വിമതന്‍ പാലു കൊടുത്ത കൈയ്ക്ക് തന്നെ തിരിഞ്ഞു കൊത്തിയെന്ന് സുധാകര പക്ഷത്തിന് പറയാം. പക്ഷേ യാഥാര്‍ത്ഥ്യം അത് മാത്രമല്ലെന്നും കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്കും അറിയാം.

കൊണ്ടും കൊടുത്തും വളര്‍ന്നതാണ് കണ്ണൂരില്‍ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും. സായ്പിന്റെ കാലം മുതല്‍ തുടങ്ങിയ സ്പര്‍ദ്ധയാണ്. മോസ്‌കോ റോഡ് എന്ന വിചിത്രമായ ഒരേര്‍പ്പാട് തുടങ്ങിവച്ചതും കോണ്‍ഗ്രസിന്റെ ചരിത്രം എഴുതിയ മൊയ്യാരത്ത് ശങ്കരനെ കമ്മ്യൂണിസ്റ്റുകാരനെന്ന് മുദ്ര കുത്തി പൊലീസിന് പിടിച്ചു കൊടുത്തതും അന്നത്തെ കോണ്‍ഗ്രസുകാര്‍ തന്നെ. എങ്കിലും കാലം മാറിയപ്പോള്‍ കോണ്‍ഗ്രസുകാരേയും കണ്ണൂരിന്റെ മനസ് ഏറ്റെടുത്ത് തുടങ്ങിയതും അതിന് ബ്രിട്ടീഷ് രാജോ അടിയന്തരാവസ്ഥയോ ഒന്നും ആവശ്യമില്ല എന്ന് വന്ന് ചേരുകയും ചെയ്തു. അതായിരുന്നു അടുത്ത കാലം വരെ കോണ്‍ഗ്രസും യുഡിഎഫും കണ്ണൂരിലും പിടിച്ചു നിന്നതിന്റെ പിന്നിലെ മനശാസ്ത്രം.

എന്നാല്‍ സുധാകരന് അടിപതറിയത് എന്ന് സുധാകരനോട് അടുത്ത വൃത്തങ്ങള്‍ പോലും സൂചിപ്പിക്കുന്നത് സ്വജന പക്ഷപാതം തന്നെയാണ്. എല്ലാ നേതാക്കള്‍ക്കും വന്ന് ഭവിക്കുന്ന ഒരു അപകടം ഇത് തന്നെയാണെന്ന് കണ്ണൂരിലെ വിലകൂടിയ വിമതനും ചൂണ്ടിക്കാണിക്കുന്നത്. സുധാകരന്റെ ദുരന്തപര്‍വം ഒരുപക്ഷേ, ഇവിടേയും അവസാനിച്ചു എന്ന് വരില്ല. എപി അബ്ദുള്ളക്കുട്ടിയെന്ന സിപിഐഎമ്മുകാരനെ താലോലിച്ച് വളര്‍ത്തിയതിന്റെ ദുരന്തവും ഇപ്പോള്‍ സുധാകരന്‍ പേറുന്നുണ്ട്. സിപിഐഎമ്മില്‍ നിന്നും പുറത്തായ അബ്ദുള്ളക്കുട്ടിയെ സ്വന്തം സീറ്റ് നല്‍കി മത്സരിപ്പിച്ച് വിജയിപ്പിച്ച സുധാകരന് പിന്നീട് വീണ് കിട്ടിയ ഒരു അവസരം ആയിരുന്നു കുട്ടിക്ക് എതിരെ സരിത ഉയര്‍ത്തിയ ആരോപണം. എന്നാല്‍ അപ്പോഴേക്കും സുധാകരന്‍ വിചാരിച്ചതിനേക്കാള്‍ കുട്ടി വളര്‍ന്നിരുന്നു. എംപി സ്ഥാനം നഷ്ടപ്പെട്ട് എംഎല്‍എ ആകാനുള്ള അടുത്ത തയ്യാറെടുപ്പാണ് സുധാകരന് നഷ്ടമായത്. ഇനിയിപ്പോള്‍ പതിവിലേറെ ശക്തരായി എ ഗ്രൂപ്പുകാര്‍ തനിക്ക് എതിരെ തിരിയുമ്പോള്‍ സുധാകരന്റെ ആവനാഴിയില്‍ അസ്ത്രങ്ങള്‍ അധികം ഉണ്ടാകാനിടയില്ല. തന്നെയുമല്ല കണ്ണൂര്‍ രാഷ്ട്രീയം ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് കെ എ ആന്‍റണി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍