UPDATES

വിമതന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി, കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിന് നഷ്ടം ആകും

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷ് ഒടുവില്‍ ജില്ലാ നേതൃത്വത്തിന് വഴങ്ങി. ഇന്ന് നടന്ന കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ രാഗേഷ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് വോട്ട് ചെയ്തത്. ഒന്നൊഴികെ എല്ലാ സ്ഥാനങ്ങളും യുഡിഎഫ് തന്നെ നേടി. ഒരു സ്ഥാനം നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിനും ലഭിച്ചു.

വിമതന്‍ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിയപ്പോള്‍ കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഭരണം എല്‍ഡിഎഫിന് നഷ്ടമാകുമെന്ന് ഉറപ്പായി. 55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 27 വീതം അംഗങ്ങളാണ് ഉള്ളത്. നേരത്തേ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടു കൂടിയാണ് എല്‍ഡിഎഫിലെ ഇപി ലത മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ രാത്രി ഏറെ വൈകിയും നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് രാഗേഷ് കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. രാഗേഷ് ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്നും കെ സുധാകരന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനം ആയതായി രാഗേഷ് അറിയിച്ചു. രാഗേഷിനൊപ്പം പുറത്താക്കപ്പെട്ട ഏഴ് പേരേയും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാനും ധാരണയായിട്ടുണ്ട്. രാഗേഷ് കോണ്‍ഗ്രസിലേക്ക് മടങ്ങിയതിനാല്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം തല്‍ക്കാലം രാജി വയ്ക്കുന്ന പ്രശ്‌നമില്ലെന്ന് ലത അറിയിച്ചു. ജനാധിപത്യ രീതിയിലാണ് താന്‍ തെരഞ്ഞെടുക്കപ്പെട്ടതെന്നും അതുകൊണ്ട് തന്നെ രാജിവയ്ക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. താന്‍ നിരുപാധികം ആയാണ് മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ചതെന്നും മേയര്‍ രാജിവയ്ക്കണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് യുഡിഎഫ് ആണെന്നും രാഗേഷ് പറഞ്ഞു. ആറുമാസത്തിന് ശേഷം യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതോടു കൂടി ലതയ്ക്ക് മേയര്‍ സ്ഥാനം നഷ്ടമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍