UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വര്‍ണമാല നല്‍കാന്‍ സുകന്യയെ പോലുള്ളവരുള്ളപ്പോള്‍ മലപ്പട്ടം സ്‌കൂള്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കും

Avatar

കൃഷ്ണ ഗോവിന്ദ്‌

കഴുത്തില്‍ കിടന്ന ഒരുപവനോളം വരുന്ന സ്വര്‍ണമാല വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്റെ കൈകളിലേക്ക് ഊരി നല്‍കുമ്പോള്‍ സുകന്യയുടെ കണ്ണുകളില്‍ അഭിമാനമായിരുന്നു. അതേ വേദിയിലണ്ടായിരുന്ന ജയിംസ് മാത്യു എംഎല്‍എയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ഒരു വിദ്യാലയത്തിന്റെ പുരോഗതി സ്വപ്‌നം കണ്ടവര്‍ക്ക് അത്രമേല്‍ ആത്മവിശ്വാസമായിരുന്നു സുകന്യയുടെ ആ മാല.

കണ്ണൂര്‍ മലപ്പട്ടം എ കുഞ്ഞിക്കണ്ണന്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സകൂള്‍ നവീകരിക്കാനും ഹൈടെക്ക് നിലവാരത്തിലേക്ക് ഉയര്‍ത്താനുമുള്ള ശ്രമങ്ങളുടെ ആരംഭമായി നടന്ന ചടങ്ങിലായിരുന്നു സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി കടിയായ സുകന്യ സുരേന്ദ്രന്‍ വിലമതിക്കാനാവാത്ത മനസോടെ തന്റെ വീതം നല്‍കിയത്.

സകൂളിനു വേണ്ടി സുകന്യ തുടങ്ങി വച്ച ആദ്യ ചുവട് വയ്പ് പിന്തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥി തനിക്ക് മുമ്പ് ലഭിച്ച രണ്ട് സ്വര്‍ണ മെഡലുകളില്‍ ഒന്ന് സംഭാവന നല്‍കി. തുടര്‍ന്ന് സ്വയം സഹായ സംഘങ്ങള്‍, സംഘടനകള്‍ വ്യക്തികള്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ എല്ലാവരും അതിന് പിന്തുണയുമായി എത്തിയപ്പോള്‍ വേദിയിലുണ്ടായിരുന്നവരും പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയവരും വികാരഭരിതരായി. ഒരു സ്‌ക്കുളിന്റെ ഉയര്‍ച്ചക്ക് വേണ്ടി ഒരു നാട് മുഴുവനും പിന്തുണ നല്‍കിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ വൈറല്‍. സുകന്യ എന്ന പതിനാറുകാരിയാണ് ഇപ്പോള്‍ മലപ്പട്ടം ഗ്രാമത്തിലെ താരം.

ശ്രീകണ്ഠപുരം എഎസ്‌ഐയും സ്‌ക്കൂള്‍ പിടിഎ മുന്‍ പ്രസിഡന്റു കൂടിയായ രഘുനാഥ് കെ വി പറയുന്നത് സുകന്യയുടെ നടപടിയാണ് സ്‌ക്കൂളിലേക്ക് ആദ്യദിവസം തന്നെ നല്ലൊരു തുക സംഭാവനയായി ലഭിക്കുവാന്‍ ഇടയാക്കിയതെന്നാണ്. സുകന്യയുടെ നടപടിയെക്കുറിച്ച് പറയുവാന്‍ വാക്കുകളില്ലെന്നാണ് അദ്ദേഹം പറയുന്നത്.  സുകന്യയുടെ അച്ഛനും പഞ്ചായത്ത് അംഗവുമായ സുരേന്ദ്രന്‍ പിടിഎയുടെ മുന്‍ പ്രസിഡന്റു കൂടിയായതിനാല്‍ അദ്ദേഹത്തോട് സ്‌ക്കൂളിന്റെ വികസനത്തെപ്പറ്റിയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ ചര്‍ച്ച കേള്‍ക്കാന്‍ ഇടയായ സുകന്യ, സുരേന്ദ്രനോട് സ്‌ക്കൂളിനായി തന്റെ മാല കൊടുത്തോട്ടെ എന്നു ചോദിച്ചിരുന്നു. സുരേന്ദ്രന്‍ മകളുടെ ആഗ്രഹത്തിന് പിന്തുണ നല്‍കിയപ്പോള്‍ സുകന്യ ആ വേദിയില്‍ മാല സംഭാവന നല്‍കുകയും ചെയ്തു.

പ്രദേശത്തെ സാധാരണക്കാര്‍ക്കു വേണ്ടിയുള്ള ഈ സ്‌ക്കൂളിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് സുകന്യ ഹൈസ്‌ക്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.  മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ഇരുന്നു പഠിച്ചതും, ആ സമയത്ത് ഓടിന്റെ ഇടിയില്‍ പതുങ്ങിയിരിക്കുന്ന ഒരു തരം പ്രാണികള്‍ വെയിലടിക്കുമ്പോള്‍ ദേഹത്തേക്ക് പൊഴിഞ്ഞ് വീണ് അലര്‍ജിയുണ്ടാക്കിയതുമൊക്കെ സുകന്യയുടെ മനസില്‍ നിന്നും പോയിട്ടില്ല. എങ്കിലും സ്വന്തം സ്‌കൂളിനോട് അവള്‍ക്ക് വല്ലാത്ത അടുപ്പമായിരുന്നു. പരാധീനതകളില്‍ നിന്നും മുക്തി നേടാന്‍ അതേ സ്‌കൂള്‍ ശ്രമം ആരംഭിച്ചൂവെന്നറിഞ്ഞപ്പോള്‍ സുകന്യയുടെ മനസില്‍ ഉണ്ടായ ആഹ്ലാദവും ആവേശവുമാണ് സ്വര്‍ണമാല ഊരി നല്‍കുന്നതിനു പ്രേരണയായത്.
പല ബുദ്ധിമുട്ടുകള്‍ സഹിച്ച് താനുള്‍പ്പടെയുള്ള കുട്ടികളെ നല്ല രീതിയില്‍ പഠിപ്പിക്കുവാന്‍ അധ്യാപകര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തിരിച്ച് എന്തെങ്കിലും നല്‍കണമെന്ന ഉദ്ദേശവുമായിരുന്നു ഇതിന് തന്നെ പ്രേരിപ്പിച്ചതെന്ന് സുകന്യ പറയുന്നു.

മലപ്പട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൈടെക് ആക്കുവാനുള്ള നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമെ താന്‍ ഇനി സ്വര്‍ണമാല ഉപയോഗിക്കുന്നുള്ളൂവെന്നും തീരുമാനമെടുത്തിരിക്കുകയാണ് സുകന്യ. സ്‌ക്കൂളിന്റെ ഇനിയുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പിലുണ്ടാക്കുമെന്നും സുകന്യ കൂട്ടിച്ചേര്‍ത്തു. സുകന്യയുടെ നടപടിക്കും തീരുമാനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അച്ഛന്‍ സുരേന്ദ്രന്‍ അറിയിച്ചു. മകളുടെ പ്രവര്‍ത്തി തനിക്ക് എത്രത്തോളം അഭിമാനമുണ്ടാക്കുന്നതാണെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രകാരം അന്താരാഷ്ടട്ര നിലവാരത്തിലുള്ള ഹൈടെക് ഹെസ്‌കൂളാക്കി മാറ്റുവാന്‍ ഒരു മണ്ഡലത്തിലെ ഒരു സ്‌ക്കൂളിന് 10 കോടി രൂപ സര്‍ക്കാര്‍ നല്‍കും. ഒരു സ്‌കൂളിനു മാത്രം ഫണ്ടനുവദിച്ചാല്‍ പ്രശ്‌നമാക്കുമെന്ന് കരുതി മണ്ഡലത്തിലെ എംഎല്‍എ ജെയിംസ് മാത്യു ഒരു നിര്‍ദേശം വച്ചു. ഹൈടെക്ക് ആക്കുവാന്‍ ഏറ്റവും നന്നായി സഹകരിക്കുകയും മുന്നിട്ടിറങ്ങുകയും ചെയ്യുന്ന സ്‌ക്കൂളിനായിരിക്കും അത് അനുവദിക്കുക. ഇതെ തുടര്‍ന്ന് മലപ്പട്ടം സ്‌ക്കൂളിനെ ഹൈടെക്കാനായിട്ടുള്ള ശ്രമത്തിലാണ് നാട്ടുകാരും വിദ്യാര്‍ഥികളും. ഇതിനായി ഒരു കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശമെന്ന് സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ സി മനോഹരന്‍ മാസ്റ്റര്‍ അറിയിച്ചു.

2000 കുടുംബങ്ങളുള്ള ഏകദേശം പത്തായിരം പേരുള്ള ഒരു പഞ്ചായത്താണ് മലപ്പട്ടം. 1980-ല്‍ മുന്‍ എംഎല്‍എ എ കുഞ്ഞിക്കണ്ണന്റെ പേരിലാണ് സ്‌ക്കൂള്‍ ആരംഭിച്ചത്. നാട്ടുകാര്‍ ദാനം നല്‍കിയ ഭൂമിയിലാണ് സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഹൈസ്‌ക്കുളിലും, ഹയര്‍സെക്കന്‍ഡറിയിലുമായി 800-നടുത്ത് കുട്ടികള്‍ പഠിക്കുന്നുണ്ട്. മലപ്പട്ടം സ്‌ക്കൂളിനടുത്തുള്ള ഒരു എല്‍പി സ്‌ക്കൂളിന്റെ ഉദ്ഘാടനത്തിന് വിദ്യാഭ്യാസ മന്ത്രി എത്തുമെന്നറിഞ്ഞപ്പോള്‍ അതിന്റെ കൂടെ സ്‌ക്കൂളിന്റെ ഫണ്ട് സമാഹരണം കൂടി നടത്താന്‍ പഞ്ചായത്തും സ്‌ക്കൂള്‍ അധികൃതരും തീരുമാനിക്കുകയായിരുന്നു. നാട്ടുകാരോട് ഇതിന് മുമ്പ് സംഭാവനയെപ്പറ്റി സൂചിപ്പിച്ചിരുന്നുവെങ്കിലും പെട്ടന്ന് എടുത്ത പുതിയ തീരുമാനത്തെ പിന്തുണച്ച് ആളുകള്‍ ഇത്രയും തുക തരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് പുഷ്പജന്‍ പറഞ്ഞു.

സ്‌ക്കൂളിനായി പഞ്ചായത്തിലെ വനിതകള്‍ സ്വന്തം മാലയിലെ ഒരു കണ്ണി മുറിച്ച് സംഭാവന ചെയ്ത് ‘കണ്ണി ചേരുക’ എന്ന ഒരാശയം മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ പലരും കണ്ണിയല്ല മാല തന്നെ സംഭാവന നല്‍കുവാന്‍ തയ്യാറായി. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത ഒരു ഉദ്ഘാടന പരിപാടിയില്‍ അവിചാരിതമായി സ്‌ക്കൂളിനായിട്ടുള്ള സംഭാവനയുടെ കാര്യം വരുകയും, സുകന്യ തന്റെ മാല കൊടുത്തതിന് പിന്നാലെ 22 പേര്‍ വള, മാല, കമ്മല്‍ മാലയുടെ അറുത്തെടുത്ത കണ്ണി എന്നിവ നല്‍കി.നാലുപവനോളം വരുമത്. കൂടാതെ ഇരുപതോളം പേര്‍ ചെക്കും പണവുമായിട്ട് 5 ലക്ഷം രൂപയും മന്ത്രിക്ക് കൈമാറി. ജനങ്ങളുടെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു പ്രതികരണം വന്നപ്പോള്‍ സത്യത്തില്‍ ഞ്ങ്ങള്‍ അമ്പരക്കുകയായിരുന്നു. ഇനി എന്തുവന്നാലും ഞങ്ങള്‍ സ്‌ക്കൂളിനെ ഹൈടെക് ആക്കുവാനുള്ള നടപടികള്‍ പൂര്‍ത്തികരിക്കുമെന്നാണ് ഉറപ്പിച്ചിരിക്കുന്നത്. പുഷ്പജന്‍ പറഞ്ഞു നിര്‍ത്തി.

(അഴിമുഖം സബ് എഡിറ്റര്‍ ആണ് കൃഷ്ണ ഗോവിന്ദ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍