UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂര്, പഴയ കണ്ണൂരല്ല

Avatar

കെ എ ആന്‍റണി

പഴയപോലെ അല്ല, കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ നിയമസഭ മണ്ഡലത്തിന്റെ യഥാര്‍ത്ഥ മനസ് അറിയാന്‍ മെയ് 19 വരെ കാത്തിരിക്കേണ്ടി വരും. യുഡിഎഫിന്റെ ഉരുക്കു കോട്ട എന്നൊക്കെ പറയുമ്പോഴും മണ്ഡലത്തിലെ അടിയൊഴുക്കുകള്‍ അത്രമേല്‍ ശക്തമാണ്. എളുപ്പവിജയം പ്രതീക്ഷിച്ച് എ ഗ്രൂപ്പ് വിട്ട് ഐ ഗ്രൂപ്പില്‍ ചേക്കേറിയ സതീശന്‍ പാച്ചേനിക്കും യുഡിഎഫിനും ഈ മണ്ഡലത്തില്‍ കാര്യങ്ങള്‍ നിലവില്‍ അത്ര ഭദ്രമല്ല. ഇതൊരു ലളിത വായനയായി എഴുതിത്തള്ളേണ്ടതില്ലെന്നാണ് മണ്ഡലത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന മുസ്ലിം വോട്ടര്‍മാരും നല്‍കുന്ന സൂചന.

വടകരയിലേക്കും കോഴിക്കോട്ടേക്കുമുള്ള യാത്രകളില്‍ കണ്ണൂര്‍ കടന്നു വരുന്നത് തികച്ചും സ്വാഭാവികം. കടത്തനാട്ടുകാര്‍ക്ക് മാത്രമല്ല കോഴിക്കോടിന്റെ മലയോര മണ്ഡലമായ തിരുവമ്പാടിയില്‍പ്പെട്ടവര്‍ക്കും അറിയേണ്ടത് ഒറ്റക്കാര്യം മാത്രം. കെ സുധാകരന്‍ കൈപിടിച്ചുയര്‍ത്തിയ അബ്ദുള്ളക്കുട്ടി തലശേരിയില്‍ വീണ്ടും അത്ഭുതക്കുട്ടിയാകുമോ. എ ഗ്രൂപ്പിനോട് സലാം പറഞ്ഞ് സുധാകര ഭക്തനായ പാച്ചേനിയെ കണ്ണൂര്‍ തുണയ്ക്കുമോ. എല്ലാ ചോദ്യങ്ങളും തികച്ചും സ്വാഭാവികം. തിരുവമ്പാടിയിലെ ബിജു എന്ന് സ്വയം പരിചയപ്പെടുത്തിയ ഓട്ടോ ഡ്രൈവര്‍ അറിയാതെയാണോ എന്നറിയില്ല ഒരു കാര്യം പറഞ്ഞു പോയി. ആള്‍ തെക്കന്‍ തിരുവിതാംകൂറില്‍ നിന്നും തിരുവമ്പാടിയിലേക്ക് കുടിയേറിയ ഈഴവ കുടുംബത്തില്‍പ്പെടും. വെള്ളാപ്പള്ളി നടേശനെ ഇഷ്ടമൊക്കെയാണെങ്കിലും മനസ്സിപ്പോഴും ഇടതിനൊപ്പം. പത്ര പ്രവര്‍ത്തനത്തിലെ പള്‍സ് ഫീലിങ് ചിലപ്പോള്‍ പാളും. പക്ഷേ, പറയുന്ന മനുഷ്യനെ, അയാളുടെ മനസ് വായിക്കാന്‍ തത്തയും കുറത്തിയും ഒന്നുമാവശ്യമില്ല. ഡെസ്മണ്ട് മോറിസിനെ നന്നായിയൊന്ന് ഇരുത്തി വായിക്കുന്നതിനൊപ്പം ഇഎംഎസിന്റെ മുഖവും ചിന്തയും ചൊല്ലും വായിച്ചാല്‍ ധാരാളം.

തിരുവമ്പാടി വിട്ട് വടകര വഴി മടങ്ങുമ്പോള്‍ വീണ്ടുമൊരു ഓട്ടോറിക്ഷക്കാരന്‍ സാരഥിയായപ്പോള്‍ ഇത്തരം യാത്രകള്‍ എത്ര സൗകര്യപ്രദമെന്ന് ചിന്തിച്ച് ചിരിച്ചുപോയി. പണ്ടൊരിക്കല്‍ മലപ്പുറത്ത് ജോലി ചെയ്യുമ്പോള്‍ ദേശാഭിമാനി ലേഖകനായിരുന്ന പാലോളി കുഞ്ഞിമുഹമ്മദ് കുട്ടിക്ക ഇടയ്‌ക്കൊക്കെ വിളിക്കാറുണ്ടായിരുന്നു. ഓട്ടോറിക്ഷയിലായിരുന്നു അന്നത്തെ യാത്രകളും. അദ്ദേഹത്തിന്റെ ഓട്ടോയില്‍ മലപ്പുറത്തു നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള പെരിന്തല്‍മണ്ണയില്‍ സീതാറാം യെച്ചൂരിയെ കാണാന്‍ പോയപ്പോഴും ഇടയ്ക്കിടെ വണ്ടിയില്‍ കയറുന്ന സഹയാത്രികരുടെ രാഷ്ട്രീയം കേട്ട് സുഖം പിടിച്ചതിനാല്‍ തന്നെയാകണം എന്റെ യാത്രയും പിന്നീട് ഓട്ടോ റിക്ഷയിലായത്.

തീരുന്നില്ല ഓട്ടോ റിക്ഷ യാത്രകള്‍ എന്നു വിചാരിച്ച് മാന്യ വായനക്കാര്‍ നാല് തെറി കോരിയിടാന്‍ വരട്ടെ. നമ്മളിപ്പോള്‍ ചെന്നെത്തി നില്‍ക്കുന്നത് കണ്ണൂരിന്റെ കണ്ണായ കണ്ണൂര്‍ നിയോജക മണ്ഡലത്തിലാണ്. 26-ാം വയസ്സില്‍ ഇകെ നായനാരെ തോല്‍പ്പിച്ചു പോയതിന്റെ പാപഭാരമത്രയും പേറി നടക്കുന്ന പാവം കടന്നപ്പള്ളി രാമചന്ദ്രനാണ് ഇക്കുറി കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിന്റെ ചിഹ്നം ഓട്ടോ റിക്ഷയാണ്. പഴയ സംഘടന കോണ്‍ഗ്രസ് ശോഷിച്ച് കോണ്‍ഗ്രസ് എസ് ആയി മാറിയപ്പോഴും പിന്നീട് ശരദ് പവാറിന്റെ കൂട്ടത്തില്‍ ഒരു ഒറ്റ ദിവസം മാറി പോകുകയും ചെയ്ത് ഒഴിച്ചാല്‍ കടന്നപ്പള്ളി പതിറ്റാണ്ടുകളായി ഇടതിനൊപ്പമാണ്. കണ്ണട മാറി ഓട്ടോറിക്ഷ കിട്ടിയ കടന്നപ്പള്ളിക്ക് വീണുകിട്ടിയ സൗഹൃദം പോലെയാണ് ഓട്ടോ തൊഴിലാളികള്‍ ഏറ്റെടുത്തിട്ടുള്ള പുതിയ ദൗത്യം. ഇപ്പറഞ്ഞതു കൊണ്ട് കടന്നപ്പള്ളി ജയിച്ചു കഴിഞ്ഞുവെന്ന് വിലയിരുത്താനാകില്ല. പഴയ കോണ്‍ഗ്രസുകാരനായ പികെ രാഗേഷെന്ന വിമതന്‍ അഴീക്കോട് മത്സരിക്കുമ്പോള്‍ കണ്ണൂരില്‍ അദ്ദേഹം തന്നെ നിര്‍ത്തിയ എന്‍ പി സത്താര്‍ എന്നൊരു സ്വതന്ത്രനുണ്ട്. സത്താര്‍ പിടിക്കുന്ന വോട്ടുകളത്രയും പാരയാകുക പാച്ചേനിക്കാണെന്നാണ് പൊതുവിലുള്ള വിലിയിരുത്തല്‍.

കടന്നപ്പള്ളിക്കും പാച്ചേനിക്കും അപരന്‍മാരുണ്ടെങ്കിലും ഇരുവര്‍ക്കും ഭീഷണിയാകുന്ന മറ്റൊരു താരം കൂടി മണ്ഡലത്തിലുണ്ട്. അതാകട്ടെ ബിജെപിയുടെ കെജി ബാബുവാണ്. പയ്യാമ്പലം ശ്മശാന പ്രശ്‌നത്തിലും രക്തദാനത്തിലും മുന്നിലുള്ള ബാബു പൊതുസമ്മതനാണ്. പതിവ് രീതി വിട്ട് ഇത്തവണ ബിജെപി കൃത്യമായ വോട്ടുകള്‍ പിടിച്ചാല്‍ പഴയ കാല ആറായിരം ഏഴായിരം വോട്ടുകളുടെ കഥകള്‍ പുതുക്കി അതൊരുപക്ഷേ, പതിനഞ്ചിനും ഇരുപതിനും ഇടയില്‍ എത്തിക്കൂടായ്കയില്ല. ബാബു പിടിക്കുന്ന അധിക വോട്ടുകള്‍ കടന്നപ്പള്ളിക്കും പാച്ചേനിക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. അതേസമയം, കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ കേരള മുസ്ലിം ജമാഅത്ത് മണ്ഡലാടിസ്ഥാനത്തില്‍ എടുക്കുന്ന സാധ്യതയുള്ള തീരുമാനവും കണ്ണൂരിലെ വിജയത്തെ നിര്‍ണയിക്കുമെന്നതാണ് ഏറ്റവും ഒടുവിലത്തെ വിവരം.

(മറ്റ് മണ്ഡലങ്ങളെക്കുറിച്ചുള്ള വിശകലനങ്ങള്‍ ഇവിടെ വായിക്കാം തൃപ്പൂണിത്തുറനേമംഇടുക്കിമഞ്ചേശ്വരംകുന്നത്തുനാട്ഉദുമ, പള്ളുരുത്തി, താനൂര്‍)

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍