അഴിമുഖം പ്രതിനിധി
വിശപ്പു സഹിക്കാനാവതെ പേരാവൂരില്‍ ആദിവാസി പെണ്‍കുട്ടി ജീവനൊടുക്കി. പേരാവൂര്‍ പഞ്ചായത്തിലെ ചെങ്ങോത്ത് പൊരുന്നന്‍ രവിയുടെയും മോളിയുടെയും മകള്‍ ശ്രുതിമോളാ(15)ണ് ആത്മഹത്യ ചെയ്തത്. കേളകം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്‌ളാസ് വിദ്യാര്‍ഥിനിയായ ശ്രുതിമോളെ ബുധനാഴ്ച വൈകുന്നേരമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും ഇനിയും വിശപ്പ് സഹിക്കാന്‍ കഴിയില്ലെന്നും നോട്ട്ബുക്കില്‍ ആത്മഹത്യ കുറിപ്പെഴുതി വച്ചിരുന്നത് പോലീസ് കണ്ടെടുത്തു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സര്‍ക്കാരിന്റെയും പട്ടികവര്‍ഗവികസന വകുപ്പിന്റെയും അനാസ്ഥയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണമായത് എന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തുവന്നിട്ടുണ്ട്.
സീസണായതിനാല്‍ രവി, മോളി, ഇളയ മകന്‍ അക്ഷയ് എന്നിവര്‍ കൊട്ടിയൂര്‍ പന്ന്യാംമലയിലെ കശുമാവ് തോട്ടത്തില്‍ കശുവണ്ടി പെറുക്കാന്‍ പോയിരുന്നു. ബുധനാഴ്ച ദിവസം വീടിനു സമീപത്തെ അംഗനവാടിയില്‍ കൗമാരക്കാരായ കുട്ടികള്‍ക്കുള്ള ക്ലാസ്സില്‍ കുട്ടി പങ്കെടുത്തിരുന്നു. ഉച്ചഭക്ഷണം കഴിക്കാന്‍ മറ്റു കുട്ടികള്‍ വീട്ടിലേക്കു പോയെങ്കിലും ശ്രുതി പോയിരുന്നില്ല. ക്ലാസ് കഴിഞ്ഞ് വൈകുന്നേരം നാലോടെ വീട്ടിലേക്കു തിരിച്ചുപോകുകയും ചെയ്തിരുന്നു.
(കണ്ണൂര്‍ പേരാവൂരില്‍ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത വാര്‍ത്തയില്‍ വസ്തുതാപരമായ പിശകുകള്‍ വന്നതില്‍ ഖേദിക്കുന്നു.)