UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദ്യം കൊന്നു തള്ളുക, തിരിച്ചുകിട്ടുമ്പോള്‍ വ്യാജപ്രചരണം; സംഘികള്‍ എന്നാണ് ഈ മുഖംമൂടി അഴിച്ചുവയ്ക്കുന്നത്

Avatar

 കെ .എ ആന്റണി

കൊല്ലും കൊലയ്ക്കും പേരുകേട്ട നാടെന്നാണ് കണ്ണൂരിനെക്കുറിച്ചു പുറം നാടുകളില്‍ പോലും ഉള്ള ഖ്യാതി. പണ്ടൊരിക്കല്‍ പി ഭാസ്‌കരന്‍ തലശ്ശേരിയെക്കുറിച്ചു പറഞ്ഞ രണ്ടു വാചകങ്ങള്‍ ഓര്‍മ വരുന്നു. സുന്ദരന്മാരുടെയും സുന്ദരികളുടെയും നാടാണ് തലശ്ശേരി. എങ്കിലും തലകള്‍ ഉരുളുന്ന നാട് കൂടിയാണ് തലശ്ശേരി. അദ്ദേഹം തലശ്ശേരിയെക്കുറിച്ചു പറഞ്ഞത് ഇന്നിപ്പോള്‍ തലശ്ശേരി നഗരത്തിലെയോ ചുറ്റുവട്ടത്തെയോ ഒന്നല്ല. പഴയ കണ്ണൂരും (ഇന്നത്തെ കാസര്‍ഗോഡ് ഉള്‍പ്പടെ ) കണ്ണൂരിനോട് ചേര്‍ന്ന് കിടക്കുന്ന കോഴിക്കോട് ജില്ലയിലെ കടത്തനാടുമൊക്കെ ഇന്നു തലകള്‍ ഉരുളുന്ന ദേശം മാത്രമല്ല, തലകളോ കൈ കാലുകളോ അതുമല്ലെങ്കില്‍ ശരീരം മൊത്തത്തില്‍ ചിതറി മരിക്കാന്‍ വിധിക്കപ്പെട്ടവരുടെ നാടാണ്. 

എത്ര കൊന്നാലും എത്ര ചത്താലും മതിവരാത്തവരുടെ നാട്. യുദ്ധ വെറിയന്മാര്‍ക്കിടയിലും പ്രാകൃത ഗോത്രങ്ങള്‍ക്കിടയിലും കണ്ടു വന്നിരുന്ന ചോര വീഴ്ത്തുന്നതിലെ നിര്‍വൃതി ദശകങ്ങള്‍ക്കിപ്പുറം ഇന്നും തുടരുന്നു. 

രണ്ടു നാള്‍ മുന്‍പാണ് ഒരു സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കണ്ണൂര്‍ ജില്ലയിലെ തന്നെ പടുവിലായില്‍ കൊല്ലപ്പെട്ടത്. ഒരു ഒമ്‌നി വാനില്‍ എത്തിയ മുഖം മൂടി സംഘം കൊത്തിയരിഞ്ഞുവെന്നാണ് വാര്‍ത്തയെങ്കിലും പോലീസ് നിഷ്പക്ഷമായി പറയുന്നു; കൊലക്കു പിന്നില്‍ ബിജെപി-ആര്‍എസഎസ് ആണെന്ന്. ഒരാളെ അവര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് താനും. 

കണ്ണൂരില്‍ ഒരു കൊലപതകവും പകരം കൊലപാതകം ഇല്ലാതെ പോകുന്നില്ല എന്നതാണ് ഈ നാടിന്റെ ഏറ്റവും വലിയ ഗതികേട്. ആ ഗതികേട് തന്നെയാണ് ഇന്നും സംഭവിച്ചത്. ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലൂടെ. കൊലചെയ്യപ്പെട്ട ആളുടെ അച്ഛനും ഇതേ രീതിയില്‍ കൊലക്കത്തി രാഷ്ട്രീയത്തിന്റെ ബലിയാടാണെന്നാണ് വാര്‍ത്തകള്‍.

ഏറെ കഷ്ടം സംഘികള്‍ കുറച്ചു കാലമായി നടത്തി വന്നിരുന്ന ‘ഹിറ്റ് കണ്ണൂര്‍ ഹിറ്റ് കേരളം’ എന്ന പ്രചാരണത്തിന്റെ മുനയൊടിച്ച് അവര്‍ തന്നെ ആദ്യ കൊലപാതകം നടത്തി എന്നത് തന്നെയാണ്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മോഹനന്റെ കൊലപാതകം നല്‍കുന്ന സൂചന അതു തന്നെയാണ്. മോഹനന്‍ കൊലചെയ്യപ്പെട്ട അന്നു തന്നെയായിരുന്നു ഡല്‍ഹിയിലെ സിപിഎം ഓഫീസിലേക്കു സംഘികള്‍ മാര്‍ച്ചു നടത്തിയതും. ആവശ്യം കണ്ണൂരിലെ അരുംകൊലയ്ക്ക്  അറുതി വരുത്താന്‍ സിപിഎം തയ്യാറാവണം എന്നതും. ഈ ആവശ്യം മറ്റൊരു രീതിയിലാണ് കണ്ണൂരില്‍ സംഘികള്‍ നിറവേറ്റിയത് എന്നതു വ്യക്തമാക്കുന്നത് നാളിതുവരെ തുടര്‍ന്നു വരുന്ന കൊലപാതക രാഷ്ട്രീയത്തിന് പെട്ടെന്നൊരു ശമനം അടുത്തൊന്നും ഉണ്ടാകാന്‍ ഇടയില്ല എന്നു തന്നെയാണ്.

ഇന്നു രാവിലെ ഒരു യുവാവ് കണ്ണൂര്‍ പിണറായിയില്‍ വെട്ടേറ്റു പിടഞ്ഞു മരിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായിരിക്കുന്നു. സിപിഎം ആയാലും സംഘികള്‍ ആയാലും ആരും കത്തി താഴെ വെയ്ക്കാന്‍ തയ്യാറല്ല. ഈ കൊലപാതകങ്ങള്‍ അവിരാമം നടന്നു കൊണ്ടേയിരിക്കും. 

ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ചാനലുകാലുകളില്‍ നിറഞ്ഞാടുന്നുണ്ട്. കൊന്നയാളെ അല്ലല്ലോ തിരിച്ചു കൊന്നത് എന്നും ചോദിക്കുന്നതു കേട്ടു. ബീഫ് വിവാദം ഉണ്ടായപ്പോള്‍ താന്‍ ബീഫ് കഴിച്ചിട്ടില്ല, ഉള്ളി മാത്രമാണ് കഴിച്ചതെന്ന തരത്തിലുള്ള ന്യായങ്ങള്‍ നിരത്തുന്ന ഏര്‍പ്പാടുകള്‍ നിര്‍ത്തി യഥാര്‍ത്ഥ സമവായത്തിന് ശ്രമിക്കുന്നതാണ് ഇരുപക്ഷത്തെയും നേതാക്കള്‍ക്ക് നല്ലത്. അതു തന്നെയാണ് സമാധാനകാംഷികളായ ജനങ്ങളും ആഗ്രിക്കുന്നത്. 

എന്നാല്‍ സുരേന്ദ്രന്‍ എന്നെങ്കിലും കണ്ണൂരിലെ കൊലപാതക രാഷ്ട്രീയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഏതെങ്കിലും ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ എന്നു ചോദിക്കരുത്. കൊങ്കച്ചിയിലും ചെറുവാഞ്ചേരിക്കടുത്ത കണ്ണവം വനത്തിലേയുമൊക്കെ താങ്കളുടെ പാര്‍ട്ടിക്കാര്‍ സ്വതന്ത്രമായി നടത്തി വരുന്ന ബോംബ് നിര്‍മാണ കേന്ദ്രങ്ങളെക്കുറിച്ച് എന്തെങ്കിലും അറിയുമോ എന്നും ചോദിക്കരുത്. പിണറായി വിജയന്റെ നാടെന്നു താങ്കള്‍ ഇന്നും വാതോരാതെ പ്രസംഗിച്ച പിണറായിലെ വെണ്ടുട്ടായില്‍ ബ്ലേഡ് മുതലാളിമാര്‍ക്കുവേണ്ടി നിങ്ങളുടെ പ്രവര്‍ത്തകര്‍ ഒരുക്കുന്ന പീഡന കേന്ദ്രത്തെക്കുറിച്ച് മലയാള മനോരമയില്‍ തന്നെയായിരുന്നു വലിയൊരു വാര്‍ത്ത വന്നിരുന്നതെന്നും താങ്കളെപ്പോലുള്ള അധികാരത്തിന്റെ അപ്പക്കഷ്ണത്തിനു വേണ്ടി നടക്കുന്നവര്‍ മറന്നു പോകുന്നത് എന്തുകൊണ്ടാണ്? 

ഇക്കാര്യത്തില്‍ താങ്കളോ താങ്കളുടെ പാര്‍ട്ടിയോ മാത്രമല്ല കുറ്റക്കാര്‍. മറു ഭാഗത്തും നിങ്ങളുടെ കൂട്ടത്തിലും ഉണ്ട് കോഴി കള്ളക്കടത്തിന് ഗുണ്ടാ പണി ചെയ്യുന്നവരെ കൊട്ടേഷന്‍ ഏല്‍പ്പിക്കുന്ന ഏര്‍പ്പാട്. നാട്ടിലെ ചില കോണ്‍ഗ്രസുകാരും ഒട്ടും പിന്നിലല്ല.

സമാധാനം ഉണ്ടാക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ് കേന്ദ്ര സംഘവുമായി ഇക്കഴിഞ്ഞ ആഴ്ച കണ്ണൂരില്‍ വലിയൊരു നാടകം കളിച്ചത് എന്നാണു ബിജെപിയോട് ഇന്നലെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ചോദിച്ചത്. ആ ചോദ്യം ഏറെ പ്രസക്തം തന്നെയാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന അന്നു തന്നെ പിണറായില്‍ ഒരു കൊലപാതകം, തൊട്ടു പിന്നാലെ പയ്യന്നൂര്‍ രാമന്തളിയില്‍ മറ്റൊന്ന്. ആദ്യം എല്ലാം തുടങ്ങി വെക്കുക. തിരിച്ചു കിട്ടുമ്പോള്‍ വ്യാജ പ്രചാരണം. ഈ മുഖം മൂടി അഴിച്ചു വെക്കുക. നിങ്ങള്‍ മാത്രമല്ല മറുഭാഗത്തു നില്‍ക്കുന്നവരും. അങ്ങനെ വന്നാല്‍ കണ്ണൂരില്‍ സമാധാനം പുലരും. അങ്ങനെ വന്നാല്‍ മാത്രം.

 

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍