UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംഘപരിവാറിന്റെ ഗാന്ധിക്കളിയില്‍ അമ്പരന്ന് സി പി എം കണ്ണൂര്‍: വാളില്‍ നിന്ന് മഴുവിലേക്ക്, പിന്നെ ഫേസ്ബുക്കും വാട്സാപ്പും

Avatar

കെ.പി.എസ്.കല്ലേരി

കണ്ടകശനി കൊണ്ടേ പോവൂ എന്നായിരിക്കുന്നു കണ്ണൂരില്‍ സിപിഎമ്മിന്റെ കാര്യങ്ങള്‍. സാധാരണ ഗതിയില്‍ തങ്ങളൊന്നടിച്ചാല്‍ രണ്ടടിക്കുന്നവരാണ് ബിജെപിയും ആര്‍എസ്എസും. പക്ഷെ ഒരുമിച്ച് രണ്ടടിച്ചുനോക്കിയിട്ടും ശത്രുപക്ഷം മിണ്ടുന്നേയില്ല. വാളും വാളും ഏറ്റുമുട്ടി കുറേ തലകള്‍ വീണുകഴിഞ്ഞാല്‍ പരസ്പരം എണ്ണം നോക്കി ഏതെങ്കിലും ഭാഗത്ത് കൂടുതലോ കുറവോ ഉണ്ടെങ്കില്‍ ഒരാഴ്ചയോ രണ്ടാഴ്ചയോ കൊണ്ട് അതങ്ങ് നികത്തിയാല്‍ തീരുന്ന പ്രശ്‌നങ്ങളായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. കോടതിയും കേസും പിന്നെ സെന്‍ട്രല്‍ ജയിലും എല്ലാം കണ്ണൂരില്‍ തന്നെ ആയതിനാല്‍ ഇക്കാലമത്രയും ഒന്നിനും ഒരു കുറവ് കണ്ണൂര്‍ക്കാര്‍ക്ക് ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് സിപിഎമ്മുകാര്‍ക്ക്. പക്ഷെ വടകരയിലെ ‘കുലംകുത്തി’കളുടെ നേതാവ് കൊല്ലപ്പെട്ടത് മുതല്‍ തുടങ്ങിയതാണ് ശനിയുടെ അപഹാര വേല. അന്നും ഇന്നുമെല്ലാം പോളിറ്റ് ബ്യൂറോ കണ്ണൂര്‍കാര്‍ക്കൊപ്പം തന്നെയാണ്. ടിപി വധത്തില്‍ പങ്കില്ലെന്ന് കണ്ണൂര്‍ക്കാര്‍ ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ അതാണ് ശരിയെന്ന് ഡല്‍ഹി ആപ്പീസും വിധിയെഴുതി. ഇപ്പോള്‍ മനോജ് വധം വന്നപ്പോഴും തഥൈവ. ഒരുപക്ഷെ പാര്‍ട്ടി സംസ്ഥാന നേതൃത്വം പരസ്യ നിലപാട് പ്രഖ്യാപിക്കും മുമ്പുതന്നെ ഇത്തവണ പോളിറ്റ് ബ്യൂറോ പറഞ്ഞു കളഞ്ഞു, പാര്‍ട്ടിക്ക് ഒരു പങ്കുമില്ല. കഴിഞ്ഞ തവണ പാര്‍ട്ടി ജനങ്ങളെ വിശ്വസിപ്പിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടിയത് വേലിക്ക് പുറത്ത് നില്‍ക്കുന്ന അച്യൂതാനന്ദന്‍ സഖാവിന്റെ കാര്യത്തിലായിരുന്നു. എന്തുപറഞ്ഞാലും വിശ്വസിക്കാത്ത സഖാവ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് തലേന്ന് രമയുടെ കണ്ണീരൊപ്പാന്‍ ഒഞ്ചിയത്ത് പോകുംവരെ എത്തി കാര്യങ്ങള്‍. എന്നാല്‍ ഇപ്പോള്‍ കുറച്ചുകാലമായി അങ്ങേരെക്കൊണ്ട് പ്രത്യേകിച്ച് കണ്ണൂര്‍ നേതാക്കള്‍ക്ക് ഒരു ശല്യവുമില്ല. വേണമെങ്കില്‍ ജയരാജന്‍മാര്‍ വിളിച്ചാല്‍ കണ്ണൂരില്‍ ചെന്ന് മനോജ് വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയാന്‍ വരെ അദ്ദേഹം ഒരുക്കമാണ്. അത്രമാത്രം വിനീത വിധേയനാണ് വിഎസ് എന്ന് ചുരുക്കം. പക്ഷെ കുടുങ്ങിയത് ബിജെപിക്കാരെക്കൊണ്ടാണ്.

കൊലപാതകത്തിന് പിന്നാലെ അവര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ കണ്ണൂരിലെ പാര്‍ട്ടി നേതൃത്വത്തിന് അത് വലിയ ആശ്വാസമായിരുന്നു. കാരണം നേതാക്കള്‍ എത്രതന്നെ തടഞ്ഞു നിര്‍ത്തിയാലും ഹര്‍ത്താലില്‍ ബിജെപി-ആര്‍എസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങും. കണ്ണൂരിലെ സിപിഎം ജില്ലാകമ്മറ്റി ഓഫീസിന് ബോംബെറിഞ്ഞും പാവപ്പെട്ട ഏതെങ്കിലും കര്‍ഷകത്തൊഴിലാളിയുടെ ജീവനെടുത്തും കാര്യങ്ങളൊക്കെ അവര്‍ വെടിപ്പാക്കുമെന്ന് ഉറച്ച് വിശ്വസിച്ചു. പക്ഷെ സിപിഎമ്മുകാര്‍ ബിജെപി ഓഫിസിന് ഹര്‍ത്താല്‍ ദിനത്തില്‍ കല്ലെറിഞ്ഞിട്ടുപോലും അവര്‍ ഒരു ചെറുവിരലനക്കിയല്ല. കല്ലേറുണ്ടായില്ല, കടകള്‍ തകര്‍ത്തില്ല, കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ല് പൊട്ടിച്ചില്ല, കണ്ണൂരില്‍ ഒരിടത്തും ഒരു സിപിഎം കൊടിപോലും വലിച്ചുകീറിയില്ല, എന്തൊരു ഗതികേടാണിത്..! ശനിയുടെ അപഹാരവും വ്യവഹാരവുമെല്ലാം ഇങ്ങനേയും ഒരു പാര്‍ട്ടിയെ വിടാതെ പിന്തുടരുമോ?

സാധാണ ഗതിയില്‍ ഒരു ലോക്കല്‍ പൊലീസ് അന്വേഷണവും ചില്ലറ റെയ്ഡുകളും പിന്നെ കുറച്ചുപേരെ സ്റ്റേഷനിലോ കോടതിയിലോ ഹാജരാക്കുകയും ചെയ്താല്‍ തീരുന്ന പ്രശ്‌നമാണിപ്പോള്‍ ലോക്കല്‍പൊലീസും ക്രൈംബ്രാഞ്ചുമെല്ലാം കടന്ന് സിബിഐയുടെ കൈകളിലേക്ക് പോവുന്നത്. യുഡിഎഫിലെ മുസ്‌ലീം ലീഗുകാരനും യൂത്ത് ലീഗുകാരനുപോലും വിശ്വസിക്കാനായിട്ടില്ല ഇത്ര പെട്ടന്നൊരു സിബിഐ അന്വേഷണം. കാരണം 51 വെട്ടു കിട്ടിയ ചന്ദ്രശേഖരനെ അദ്ദേഹത്തിന്റെ വിധവ രമ സെക്രട്ടരിയേറ്റ് പടിക്കല്‍ നിരാഹാരമടക്കം കിടന്നിട്ടും സിബിഐ മടക്കിയതാണ്. പിന്നെ പ്രാകൃതമായ രീതിയില്‍ ഷുക്കൂറെന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടിട്ടും സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പോലും പോയില്ല. എന്നിട്ടും ഒരു ബിജെപിക്കാരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഇത്ര തിടുക്കത്തില്‍ എന്തിനാണ് ഒരു സിബിഐ അന്വേഷണം എന്ന് ലീഗുകാര്‍ പോലും ചോദിക്കുമ്പോള്‍ സിപിഎം എങ്ങനെ വിശ്വസിക്കും.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഞാന്‍ കുറ്റപ്പെടുത്തുക ഇടതുപക്ഷത്തെയാണ് – ഡോ.കെ ശാരദാമണി
നമോ വിചാറുകാരെ ആനയിക്കുംമുമ്പ് പിണറായി വിജയന്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍
ഞാന്‍ ടി.പിയുടെ ഭാര്യയാണ്; ഞരമ്പുകളിലോടുന്നത് കമ്യൂണിസ്റ്റ് രക്തവും – കെ കെ രമ
സി.പി.ഐ (മനുഷ്യാവകാശം) – കൊടി പ്രൈ. ലിമിറ്റഡ്
മിസ്റ്റര്‍ സംസ്ഥാന സെക്രട്ടറി.. താങ്കള്‍ക്ക് ആ പോസ്റ്റില്‍ ഇരിക്കാന്‍ യോഗ്യതയില്ല

വല്ലാത്തൊരു ചെയ്ത്താണ് ഈ ബിജെപിക്കാരും കോണ്‍ഗ്രസുകാരും ചേര്‍ന്ന് കണ്ണൂരിലെ പാര്‍ട്ടിയോട് ചെയ്തത്. ടിപി വധമുണ്ടാക്കിയ  ഊരാക്കുടുക്കുകളില്‍ നിന്ന് രണ്ട് പാര്‍ട്ടിക്കാരെമാത്രം ബലികൊടുത്ത് കുഞ്ഞനന്തനെവരെ രക്ഷിച്ച് നിര്‍ത്തി ഏതാണ്ട് നടുനിവര്‍ത്തിവരുമ്പോള്‍ ഇങ്ങനെ ഒരു പടുകുഴിയില്‍  വീഴുമെന്ന് സ്വപ്‌നേപി ആരും കരുതിയിരുന്നതല്ലല്ലോ. ഒരു രണ്ട് മൂന്നുമാസം തുടര്‍ച്ചയായി പത്രസമ്മേളനങ്ങളില്‍ നിഷേഷിച്ച് നിഷേധിച്ച് കൈകഴുകിക്കളയാമെന്ന് കരുതിയത് കൈക്കുള്ളില്‍ പറ്റിപ്പിടിച്ച് ശരീരമാസകലം വലിഞ്ഞ് കയറുകയാണ്. കേസില്‍ മുഖ്യപ്രതിയെന്നു പറയപ്പെടുന്ന വിക്രമന്‍ പി.ജയരാജന്‍ സഖാവിന്റെ വലംകൈയ്യാണെന്ന് കണ്ണൂരില്‍ ഇരുവരേയും അറിയാവുന്ന ആര്‍ക്കാണ് സംശയമുള്ളത്. പിന്നെ സുധാകരന്‍ പറയുമ്പോലെ ജയരാജന്റെ മകന്‍ വിക്രമനെ അങ്കിള്‍ എന്നാണോ വിളിക്കുന്നതെന്ന് കേരളത്തിലെ ജനത്തിനോ അന്വേഷണ സംഘത്തിനോ പ്രശ്‌നമല്ല. കാരണം ഇപ്പറഞ്ഞ സുധാകരനും കുറഞ്ഞ പുള്ളിയൊന്നുമല്ലല്ലോ.

കൊലപാതകം നടന്നശേഷം ഉണ്ടാക്കിയ ക്രൈംബ്രാഞ്ച് സംഘത്തില്‍ പഴയ ടിപികേസിലെ തിരുവഞ്ചൂരിന്റെ പുലിക്കുട്ടികളെ ഇറക്കിയപ്പോള്‍ തന്നെ ജനം ഉറപ്പിച്ചതാണ് ഇവിടെ വല്ലതും നടക്കുമെന്ന്. പണ്ട് ദേശീയപാതയില്‍ കാറ് തടഞ്ഞിട്ട് പി.മോഹനന്‍മാഷെ ഈ സംഘം അറസ്റ്റ് ചെയ്തുകൊണ്ടുപോയതൊന്നും കണ്ണൂരിലെ സിപിഎമ്മുകാര്‍ക്ക് അത്ര പെട്ടന്ന് മറക്കാനാവുമോ..? അതുകൊണ്ടുതന്നെയാവണം അന്വേഷണസംഘം തലങ്ങും വിലങ്ങും ഓടിനടക്കുകയും ആര്‍എസ്എസുകാര്‍ നാടൊട്ടുക്കുമുള്ള അവരുടെ ശാഖകളിലും ഓഫീസുകളിലുമെല്ലാം വിക്രമന്റെ പടം ഒട്ടിക്കുകയും ചെയ്ത സാഹചര്യത്തില്‍ വലിയ ഒളിച്ചുകളിക്കൊന്നും നില്‍ക്കാതെ വിക്രമനെ കോടതിയില്‍ എത്തിച്ചത്. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിക്രമന്‍ കീഴടങ്ങിയത് ടിപി കേസിലെ പ്രധാന അഭിഭാഷകര്‍ക്കൊപ്പമാണെന്നത് പഴയതുപോലെ തന്നെ ഈ കേസിനും സിപിഎമ്മിന് യാതതൊരു ബന്ധവുമില്ലെന്ന് തെളിയിക്കുന്നത് തന്നെ. ഈ പാര്‍ട്ടിയെക്കുറിച്ച് അല്ലെങ്കിലും ജനത്തിന് പണ്ടേ ഒരു ചുക്കും അറിയില്ലല്ലോ. വിക്രമന്‍ സിപിഎം കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് കമ്മറ്റി അംഗമാണ്. മഴുകൊണ്ട് വിക്രമനാണ് മനോജിനെ വെട്ടിയതെന്നാണ് കൂടെ വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രമോദിന്റെ മൊഴി. അല്ലെങ്കിലും അതിലൊന്നും വലിയ കാര്യമില്ല. കെ.സി.രാമചന്ദ്രന്‍ സിപിഎം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റി അംഗമായിരുന്നില്ലേ. ടിപി വധക്കേസില്‍ അദ്ദേഹം ശിക്ഷിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പുറത്താക്കാനും രാമചന്ദ്രന്റെ വ്യക്തിവിരോധമാണ് ടിപിയെ 51 വെട്ടിന് തീര്‍ത്തതിന് പിന്നിലെന്നും പറഞ്ഞ് വിശ്വസിപ്പിക്കാന്‍ സിപിഎമ്മിന് അധികകാലമൊന്നും വേണ്ടിവന്നില്ലല്ലോ. ജനവും പാര്‍ട്ടി പ്രവര്‍ത്തകരും അത് വിശ്വസിച്ചോ എന്നത് വേറെ കാര്യം. എന്നാലും വിഎസിനു വരെ വിശ്വസിക്കേണ്ടിവന്നില്ലേ നാട്ടിന്‍ പുറത്ത് ഒരു ലക്ഷം രൂപയ്ക്ക് വീടിന്റെ കോണ്‍ട്രാക്ട് പണി കരാറെടുക്കുന്ന കെ.സി.രാമചന്ദ്രന്‍ വ്യക്തിവിരോധം തീര്‍ക്കാനാണ് ടിപിയെ ലക്ഷങ്ങളിറക്കി കൊലപ്പെടുത്തിയതെന്ന പാര്‍ട്ടി സത്യം. അപ്പോള്‍ വിക്രമന്‍ കുടുങ്ങിയാലും ഈ പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. പക്ഷെ വിക്രമന് മുകളില്‍ ക്രൈംബ്രാഞ്ചുകാര്‍ ചിക്കിച്ചികയുന്നതും അതിനും മുകളില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സിബിഐ ഇറങ്ങി ഒരു കലക്കൊക്കെ കലക്കി നോക്കി ആരല്‍ മീനുകളുടെ കൂട്ടത്തില്‍ നിന്ന് വല്ല കൊമ്പന്‍സ്രാവിനേയൊ മറ്റോ പിടികൂടുമോ എന്നതാണ് ഏക പ്രശ്‌നം. പോളിറ്റ്ബ്യൂറോയുടെ സപ്പോര്‍ട്ടൊന്നും സിബിഐയുടെ കലത്തില്‍ വെന്തില്ലെങ്കില്‍ 51 വെട്ടില്‍ തുടങ്ങിയ കണ്ടകശനി തങ്ങളേയും കൊണ്ടേ പോവൂ എന്നൊരങ്കലാപ്പ് കുറച്ച് ദിവസമായി കണ്ണൂരിലെ പാര്‍ട്ടിക്കാര്‍ക്കുണ്ടോയെന്ന് ഒരു സംശയം. സംശയം എന്നാല്‍ വെറും സംശയം.

എന്നാലും ബിജെപി ചെയ്തത് വല്ലാത്തൊരു ചെയ്ത്തായിപ്പോയി. രണ്ട് പ്രവര്‍ത്തകരെ ബലിദാനം നല്‍കിയിട്ടും അവരോടെല്ലാം ക്ഷമിച്ച് ഗാന്ധിയുടെ പാതയില്‍ പാര്‍ട്ടി വളര്‍ത്തിക്കളയാമെന്ന നിങ്ങളുടെ തീരുമാനം സിപിഎമ്മിന്റെ നെഞ്ചത്ത് മാത്രമല്ല സുധാകരന്റെ നെഞ്ചത്തും വല്ലാത്ത അടിയായിപ്പോയി.

 

സാജു കൊമ്പന്‍

1990 കളെ ഓര്‍മ്മിപ്പിക്കുന്ന രാഷ്ട്രീയ(?) കൊലപാതകങ്ങളുടെ ഇരുണ്ട കാലത്തിലേക്ക് കണ്ണൂര്‍ വീണ്ടും നടന്നടുക്കുകയാണോ? ഇന്നലെ കണ്ണൂരിലെ കതിരൂര്‍ പഞ്ചായത്തിലെ ഡയമണ്ട് മുക്കില്‍ ആര്‍ എസ് എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് പ്രമുഖ് കെ. മനോജ് കുമാറിനെ ഒരു സംഘം ആളുകള്‍ ബോംബെറിഞ്ഞതിന് ശേഷം വെട്ടി കൊലപ്പെടുത്തിയ വാര്‍ത്ത അറിഞ്ഞപ്പോള്‍ കണ്ണൂരിലുള്ള സുഹൃത്തിനെ ഞാന്‍ ഫോണ്‍ വിളിച്ചു. ആയാളുടെ മറുപടി ഇതായിരുന്നു. “വടി വാളില്‍ നിന്ന് മഴുവിലേക്ക് മാറി. ഇതാണ് ഇത്തവണത്തെ പ്രത്യേകത”

എന്തുകൊണ്ടാണ് മനുഷ്യജീവന് തെല്ലും വില കല്‍പ്പിക്കാത്ത പ്രതികാര രാഷ്ട്രീയം ഉപേക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകാത്തത്? സമൂഹം ഇത്രയേറെ മാറിയിട്ടും പ്രാകൃത സമൂഹത്തിലേത് പോലെ ഇവരുടെ രക്ത ദാഹം ശമിക്കാത്തതെന്താണ്? ടി പി ചന്ദ്രശേഖരന്റെ കൊലപാതകം സൃഷ്ടിച്ച പൊതുസമൂഹത്തില്‍ നിന്നുയര്‍ന്ന എതിര്‍പ്പില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ട സി പി ഐ എം എന്തുകൊണ്ടാണ് വീണ്ടും പ്രതിയോഗികളെ ഉന്മൂലനം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്? (കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന് എന്നത്തേയും പോലെ സി പി ഐ എം കണ്ണൂര്‍ ജില്ലാ ഘടകം പത്ര പ്രസ്താവന ഇറക്കിയിട്ടുണ്ട്). ഈ പാര്‍ട്ടിയെക്കുറിച്ചും, മൊത്തത്തില്‍ രാഷ്ട്രീയത്തെക്കുറിച്ചും, ഒരു ചുക്കും അറിയാത്തതുകൊണ്ടാണോ നമുക്കീ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടാത്തത്?

1999 ആഗസ്ത് 25നു തിരുവോണ ദിവസം കിഴക്കേ കതിരൂരിലെ വീട്ടില്‍ കയറി ഇപ്പോഴത്തെ സി പി ഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചാം പ്രതിയാണ് മനോജ്. തലശ്ശേരി സെഷന്‍സ് കോടതി ശിക്ഷിച്ച കേസില്‍ ഹൈക്കോടതിയില്‍ നല്കിയ അപ്പീലില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് ഇപ്പോള്‍ ഇയാള്‍ കൊല്ലപ്പെടുന്നത്. കൊന്നത് സി പി ഐ എം കാരാണെങ്കില്‍ 15 വര്‍ഷക്കാലം പഴക്കമുള്ള ഒരു പ്രതികാരത്തിനാണ് ഇവിടെ പരിസമാപ്തി കുറിച്ചിരിക്കുന്നത്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് പ്രതികാരം എന്നു ഒരിക്കല്‍കൂടി തെളിയിക്കുന്നതായി സംഭവം. അങ്ങനെയെങ്കില്‍ കഴിഞ്ഞ 30 വര്‍ഷക്കാലത്തിനിടയില്‍ കണ്ണൂരില്‍ കൊല ചെയ്യപ്പെട്ടതോ അംഗഭംഗം സംഭവിച്ച് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരുടെയൊക്കെ പിന്നില്‍  ഒരു പ്രതികാര നിഴല്‍ പതുങ്ങിയിരിക്കുന്നുണ്ടാകണം. അങ്ങിനെയെങ്കില്‍ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം ഒരിയ്ക്കലും അവസാനിക്കാത്ത ഗോത്ര വൈരം പോലെ തുടരുക തന്നെ ചെയ്യും.

തങ്ങള്‍ക്ക് മൃഗീയ ആധിപത്യമുണ്ടായിരുന്ന ബംഗാളില്‍ പാര്‍ട്ടി ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണിട്ടും സി പി ഐ എം എന്തുകൊണ്ടാണ് പാഠം പഠിക്കാത്തത്. അഴിമതിയുടെയും കഴിവുകേടിന്റെയും പര്യായമായിമാറിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ഒന്നും ചെയ്യാന്‍ സാധിക്കാത്തത് തങ്ങളുടെ ഇത്തരം പ്രവര്‍ത്തന രീതികളോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ് എന്നത് എന്തുകൊണ്ടാണ് ഈ പാര്‍ട്ടി തിരിച്ചറിയാത്തത്. സുപ്രീം കോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട് നിരായുധനായി നില്‍ക്കുന്ന മുഖ്യമന്ത്രിക്കെതിരായി ബ്രാഞ്ച് തലത്തില്‍ ഏറ്റവും കുറഞ്ഞത് ഒരു പന്തം കൊളുത്തി പ്രകടനം നടത്തി ബഹുജനങ്ങളിലേക്ക് ഇറങ്ങേണ്ടിയിരുന്ന ദിവസം തന്നെ തങ്ങളുടെ രാഷ്ട്രീയ എതിരാളിയെ വകവരുത്തി വീണ്ടും വീണ്ടും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടാന്‍ സി പി ഐ എം ശ്രമിക്കുന്നത് എന്തുകൊണ്ടാണ്?

കണ്ണൂരില്‍ ഭീതിയുടെ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് പലരും ആരോപിക്കുന്നു. ബി ജെ പി നേതാക്കള്‍ പറയുന്നതു പോലെ തങ്ങളുടെ ഒരു കൂട്ടം പ്രവര്‍ത്തകരില്‍ വളര്‍ന്ന് വരുന്ന അസംതൃപ്തിയും കൊഴിഞ്ഞു പോക്കും ചില പ്രദേശങ്ങളില്‍ പ്രവര്‍ത്തകര്‍ ബി ജെ പിയിലേക്ക് ചേരുന്നതും തടയിടാന്‍ ഭയപ്പാടിന്റെ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടെന്ന് സി പി എമ്മിന് തോന്നിയോ? കൊല്ലപ്പെട്ടവരുടെ കണക്ക് പറയുകയാണെങ്കില്‍ ഈ അടുത്തകാലങ്ങളിലായി തുടര്‍ച്ചയായി നാല് പ്രവര്‍ത്തകരെയാണ് സംഘ് പരിവാറിന് കണ്ണൂരില്‍ നഷ്ടമായിരിക്കുന്നത്. രക്തത്തിന് രക്തം എന്ന രീതിയില്‍ പോയാല്‍ തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആരുമുണ്ടാകില്ല എന്ന തിരിച്ചറിവ് ഒരു പരിധി വരെ ആര്‍ എസ് എസിനെ പ്രതികാര നടപടികളില്‍ നിന്ന് പിന്‍വലിപ്പിച്ചിട്ടുണ്ട്. മാത്രമല്ല കൊല്ലപ്പെടുന്നവരെല്ലാം ഒരേ ജാതിക്കാരും മതസ്ഥരുമാണെന്ന ചര്‍ച്ച ഉയര്‍ത്തിക്കൊണ്ട് വരികയും അതില്‍ നിന്ന് സാധ്യമാകുന്ന സാമുദായിക ചിന്ത വളര്‍ത്തിയെടുക്കാനും ബി ജെ പി ശ്രമിക്കുന്നുണ്ട്. രണ്ടു പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ക്കിടയിലെ ശത്രുതയെ പരമാവധി തണുപ്പിക്കാനും കൂടുതല്‍ ജനകീയമായ പ്രശ്നങ്ങളില്‍ ഇടപെട്ട് അക്രമ രാഷ്ട്രീയത്തില്‍ സ്ഥിരം കക്ഷിയായ പാര്‍ട്ടി എന്ന ഇമേജില്‍ നിന്നും മാറാനും ബി ജെ പി ആഗ്രഹിക്കുന്നുണ്ട്. സി പി ഐ എം അണികളിലെ അസംതൃപ്തിയെ ചൂഷണം ചെയ്ത് ആളെക്കൂട്ടുക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ടെന്ന് വേണം കരുതാന്‍.

ബെസ്റ്റ് ഓഫ് അഴിമുഖം

മിസ്റ്റര്‍ സംസ്ഥാന സെക്രട്ടറി.. താങ്കള്‍ക്ക് ആ പോസ്റ്റില്‍ ഇരിക്കാന്‍ യോഗ്യതയില്ല
പുറവില്‍ കണ്ണന്‍ എന്തുകൊണ്ട് കേരള രക്ഷാ മാര്‍ച്ചില്‍ പങ്കെടുത്തില്ല?
സി.പി.ഐ (മനുഷ്യാവകാശം) – കൊടി പ്രൈ. ലിമിറ്റഡ്
നമോ വിചാറുകാരെ ആനയിക്കുംമുമ്പ് പിണറായി വിജയന്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍
സഖാവേ, അതൊരു ഓലപ്പടക്കമാണ്!

 അണികളെ കൂട്ടുക തങ്ങളുടെ ശക്തി ദുര്‍ഗം തകരാതെ കാക്കുക എന്നിങ്ങനെ അബദ്ധ ജടിലമായ രാഷ്ട്രീയ തന്ത്രങ്ങളുടെയും അടവുകളുടെയും പ്രത്യാഘാതം അനുഭവിക്കുന്ന കണ്ണൂരിലെ ജനസമൂഹത്തെ കുറിച്ച് പലപ്പോഴും ആരും ചിന്തിക്കാറില്ല. ആരെങ്കിലും കൊല്ലപ്പെടുമ്പോള്‍ ഒഴുകിപ്പരക്കുന്ന കണ്ണീര്‍ കഥകളില്‍ കവിഞ്ഞ് എന്തെങ്കിലും പ്രത്യേകത മാധ്യമങ്ങളും ഇതില്‍ കാണുന്നില്ല. കൊല്ലപ്പെടുന്നവരുടെ ബന്ധുജനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടാകുന്ന മാനസികാഘാതങ്ങള്‍, സാമ്പത്തിക തകര്‍ച്ചകള്‍, ആത്മഹത്യകള്‍, നിരപരാധികളുടെ ജയില്‍ വാസങ്ങള്‍, ഒളിച്ചോട്ടങ്ങള്‍, നാടുകടത്തലുകള്‍, വിലക്കുകള്‍, വിവാഹം മുടക്കലുകള്‍  ഇങ്ങനെ നീളുന്ന കണ്ണൂരിലെ സോഷ്യല്‍ ട്രോമ ആഴത്തില്‍ മനസിലാക്കേണ്ടതും പരിഹരിക്കപ്പെടേണ്ടതുമാണ്. ഇത് ഏതെങ്കിലും രീതിയില്‍ അഭിസംബോധന ചെയ്യാനുള്ള ശ്രമങ്ങള്‍ പൊതുസമൂഹത്തില്‍ നിന്നുണ്ടാക്കുന്നുണ്ട് എന്നു തോന്നുന്നില്ല. അഥവാ ‘പാര്‍ട്ടി ഗ്രാമങ്ങള്‍’ അത്തരം ഇടപെടലുകളെ സമ്മതിക്കാത്തതാണോ?

‘ഈ സന്തോഷ വാര്‍ത്തയ്ക്കായി എത്ര കാലമായി കാത്തു നില്ക്കുന്നു. അഭിവാദ്യങ്ങള്‍ പ്രിയ സഖാക്കളെ’ എന്ന് കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പി ജയരാജന്‍റെ മകന്‍ ഫേസ്ബുക് പോസ്റ്റിട്ടു എന്നാണ് മാധ്യമ വാര്‍ത്ത. അത് പിന്നീട് അപ്രത്യക്ഷമായതായും 41 പേര്‍ ലൈക് ചെയ്തതായും കേള്‍ക്കുന്നു. മറുപടിയായി കൊല്ലപ്പെട്ടയാളുടെ ദാരുണ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയാണ് സംഘ് പരിവാര്‍ സംഘടനകള്‍. എന്തായാലും 90കള്‍ക്കിപ്പുറത്ത് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് മറ്റൊരു പുരോഗതി കൂടി ഉണ്ടായിരിക്കുന്നു.

ഇനി നിങ്ങള്‍ക്ക് കൊലപാതകികളുടെയും വെട്ടേറ്റുവീഴുന്നവന്റെയും വീഡിയോയും ചിത്രങ്ങളും ഷെയറുചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്യാം. വാട്സാപ്പ് മെസേജായി ചങ്ങാതിമാര്‍ക്ക് അയച്ചുകൊടുക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍