‘നിഷ്ഠൂരമായ കൊലപാതകത്തെ സിപി.ഐ(എം) ശക്തമായി അപലപിക്കുന്നു’
കണ്ണൂര്‍ തലശ്ശേരി ധര്മ്മടത്തിനടുത്ത അണ്ടല്ലൂരില്‍ ബി ജെ പി പ്രവര്ത്തകന് സന്തോഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ സി.പി.ഐ(എം) പിണറായി ഏരിയ സെക്രട്ടറിയുടെ പ്രസ്താവന വന്നു. സന്തോഷ് എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഏരിയ സെക്രട്ടറി കെ മനോഹരന് വ്യക്തമാക്കിയത്. ഈ നിഷ്ഠൂരമായ കൊലപാതകത്തെ സിപി.ഐ(എം) ശക്തമായി അപലപിക്കുന്നു. ഈ സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണം. ഇതില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആരെങ്കിലുമുണ്ടെങ്കില്‍ അവരെ സംരക്ഷിക്കുകയില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബി ജെ പി അണ്ടല്ലൂര്‍ ബൂത്ത് കമ്മിറ്റി പ്രസിഡന്റ് എ സന്തോഷ് (52) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നു മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. കൊലപാതകത്തിന് പിന്നില്‍ സി പി എം ആണെന്ന് ബി ജെ പി ആരോപിച്ചു. സന്തോഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു ജില്ലയില്‍ ബി ജെ പി ഹര്‍ത്താല്‍ ആചരിക്കുകയാണ്.