UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ ഇന്ത്യയിലാണ് 1 ലക്ഷം കോടിയുടെ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുമെന്ന് നാം ഊറ്റം കൊള്ളുന്നത്

Avatar

ടീം അഴിമുഖം

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തന്നെ ജീവന്‍ വയ്പിച്ച ഒരു പദ്ധതിയാണ് അഹമ്മദാബാദ് – മുംബൈ അതിവേഗ റെയില്‍ അഥവാ ബുള്ളറ്റ് ട്രെയിന്‍. വികസിത രാജ്യങ്ങളില്‍ക്കൂടി ചീറിപ്പാഞ്ഞു പോകുന്ന ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യന്‍ ട്രാക്കുകളിലും ഓടിത്തുടങ്ങുന്നതിനെക്കുറിച്ച് നിരവധി അവകാശവാദങ്ങളും പിന്നാലെയുണ്ടായി. 98,000 കോടി രൂപയാണ് (അതായത് 1 ലക്ഷം കോടി) പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്.

 

ഇനി മറ്റൊരു കണക്കിലേക്ക് വരാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2015-16) സ്‌കൂള്‍ വിദ്യാഭ്യാസം, സാക്ഷരത എന്നിവയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയത് 39,038 കോടി രൂപയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തിനായി 15,855 കോടി രൂപയും. ആരോഗ്യ മേഖലയ്ക്കായി വകയിരുത്തിയത് 24,549 കോടി രൂപയാണ്. റോഡ് ഗതാഗത, ഹൈവേ മേഖലയ്ക്കായി ആകെ വകയിരുത്തിയത് 42,912 കോടി രൂപയും. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലുറപ്പു പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിക്കായി ഇക്കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത് 38,000 കോടി രൂപയാണ്. ഇനി റെയില്‍വേയുടെ കാര്യത്തിലേക്ക് വരാം. 3438 ലെവല്‍ ക്രോസിംഗുകള്‍ നീക്കി 970 ഓവര്‍ബ്രിഡ്ജ്, അണ്ടര്‍ ബ്രിഡ്ജ് എന്നിവയടക്കം നിര്‍മിക്കുന്നതിനായുള്ള സുരക്ഷാകാര്യങ്ങള്‍ക്കായി നീക്കിവച്ചത് 6,581 കോടി രൂപ. ഇതില്‍ റെയില്‍ മാറ്റം, മികച്ച സുരക്ഷയുള്ള കോച്ചുകള്‍ തുടങ്ങിയവയ്ക്കായി നീക്കി വച്ചിരിക്കുന്നത് 2,200 കോടി രൂപ.

 

എന്തായാലും ഞായറാഴ്ച വെളുപ്പിനെ ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 143 ആയി. 200-ലേറെ പേര്‍ക്ക് പരിക്കേറ്റു, അതില്‍ 50-ലേറെപ്പേരുടെ പരിക്കുകള്‍ ഗുരുതരമാണ്. റെയില്‍വേ ട്രാക്കിലുണ്ടായ പ്രശ്നങ്ങളാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. 2010-ല്‍ ബംഗാളില്‍ യാത്രാ ട്രെയിന്‍ ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ച് 146 പേര്‍ മരിച്ചതിനു ശേഷമുണ്ടായ ഏറ്റവും വലിയ അപകടമാണ് കഴിഞ്ഞ ദിവസം നടന്നത്. പുതിയ അപകടത്തിനു ശേഷം റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ചെയ്ത രണ്ട് ട്വീറ്റുകള്‍ ഇങ്ങനെ പറയുന്നു: മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം മൂന്നര ലക്ഷം രൂപയായി ഉയര്‍ത്തി (പലതുകൊണ്ടും ചോദിച്ചു പോകുന്നു, ഇത് പഴയ നോട്ടിലോ പുതിയ നോട്ടിലോ?). മറ്റൊരു ട്വീറ്റ്: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

 

 

ശരി, ആരാണ് കുറ്റക്കാര്‍? ലോകത്തിലെ നാലാമത്തെ വലിയ റെയില്‍വേ നെറ്റ്‌വര്‍ക്കായ ഇന്ത്യന്‍ റെയില്‍വേയെ വിശ്വസിച്ച ആ 143 മനുഷ്യരോ? നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമുള്ള തന്റെ ആദ്യ ബജറ്റില്‍ സുരേഷ് പ്രഭു റെയില്‍വേ മേഖലയില്‍ പ്രഖ്യാപിച്ച പല പരിഷ്‌കാരങ്ങള്‍ക്കും മിക്കവരും കയ്യടിച്ചിരുന്നു. എന്നാല്‍ യാഥാര്‍ഥ്യം അതൊന്നുമായിരുന്നില്ലെന്നതാണ് വാസ്തവം. റെയില്‍വേ യാത്രാ നിരക്കും ചരക്കുകൂലിയും പലതവണയായി കൂട്ടി. വിമാനയാത്രയാണോ ട്രെയിന്‍ യാത്രയാണോ ഭേദമെന്ന നിലയില്‍ പോലും യാത്രക്കാര്‍ ചോദിച്ചു തുടങ്ങുന്ന സാഹചര്യമെത്തി. എന്നാല്‍ റെയില്‍വേ സുരക്ഷാ കാര്യത്തില്‍ എന്തൊക്കെ ചെയ്തു എന്നു പരിശോധിക്കുമ്പോഴാണ് ഇന്ത്യന്‍ റെയില്‍വേയുടെ ശോചനീയാവസ്ഥ മനസിലാകുന്നത്.

 

2015-ലെ നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് തലേവര്‍ഷം റെയില്‍വേയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ എണ്ണം 27,000-ത്തിനു മുകളിലാണ്. ട്രെയിന്‍ പാളം തെറ്റല്‍, ആളില്ലാ ലെവല്‍ക്രോസുകളിലെ അപകടം അടക്കമുള്ളവയാണ് ഇത്. മുംബൈ സബര്‍ബന്‍ ട്രെയിനുമായി ബന്ധപ്പെട്ട് മാത്രം ഒരു വര്‍ഷം 6,000-ത്തിലേറെ പേര്‍ മരിക്കുന്നു എന്നാണ് കണക്ക്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടുള്ള ട്രെയിന്‍ അപകടങ്ങളുടെ 50 ശതമാനവും ട്രെയിനുകള്‍ പാളം തെറ്റിയതു മൂലമുണ്ടായതാണ്. ഇതില്‍ 29 ശതമാനമാകട്ടെ, കേടുപാടുകള്‍ ഉണ്ടായതും പഴക്കം ചെന്നതുമായ ട്രാക്കുകള്‍ സമയത്ത് മാറ്റാത്തതും മൂലം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഇത്തവണ ട്രെയിന്‍ പാളം തെറ്റല്‍ 67 ശതമാനം വര്‍ധിച്ചുവെന്നും റെയില്‍വേ അധികൃതര്‍ തന്നെ സമ്മതിക്കുന്നു. അതായത്, കഴിഞ്ഞ വര്‍ഷം ട്രെയിന്‍ പാളം തെറ്റല്‍ ഉണ്ടായത് 69 തവണയാണെങ്കില്‍ ഈ ദിവസം വരെ അത് 80 ആയിക്കഴിഞ്ഞു. അവിടെയാണ് 98,000 കോടി രൂപ മുടക്കി ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുന്നതിനെ കുറിച്ച് നാം ഊറ്റം കൊള്ളുന്നത്.

 

ഒരുവശത്തു കൂടി റെയില്‍വേയെ സ്വകാര്യവത്ക്കരണത്തിന്റെ പാതയിലേക്ക് കൊണ്ടുവരികയും മറുഭാഗത്ത് സാധാരണക്കാരായ യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുകയും ചെയ്യുകയും എന്നാല്‍ സുരക്ഷാ കാര്യങ്ങളില്‍ യാതൊരു ആധുനികവത്ക്കരണവും നടപ്പാക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. റെയില്‍വേ സുരക്ഷാ കാര്യങ്ങള്‍ പഠിക്കുന്നതിനും നിര്‍ദ്ദേശിക്കുന്നതിനുമായി 2012-ല്‍ അന്നത്തെ റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി, അനില്‍ കാക്കോദ്ക്കര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. അവരുടെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന് നിലവില്‍ റെയില്‍വേയുടെ ഇന്‍റെഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിക്കുന്ന കോച്ചുകള്‍ക്ക് പകരം Linke Hoffman Busch (LHB) കോച്ചുകള്‍ പുറത്തിറക്കണം എന്നതായിരുന്നു. നിലവിലുള്ള കോച്ചുകളെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും എളുപ്പത്തില്‍ മറിയാത്തതും അതുകൊണ്ടു തന്നെ അപകടസാധ്യത കുറഞ്ഞതുമാണ് LHB കോച്ചുകള്‍. കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ഇക്കാര്യം നടപ്പാക്കുമെന്ന് മന്ത്രി സുരേഷ് പ്രഭു ഊന്നിപ്പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും കാര്യമായി നടന്നിട്ടില്ല എന്നാണ് സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. 

 

 

നല്ല ഭരണകര്‍ത്താക്കള്‍ ചെയ്യുന്നത് ഒരു രാജ്യത്തിന് എന്തൊക്കെയാണ് ആവശ്യങ്ങള്‍ എന്ന മനസിലാക്കി അതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് അവിടുത്തെ ജനങ്ങളുടെ ജീവിതം സുരക്ഷിതവും സുഗമവുമാക്കുക എന്നതാണ്. അല്ലാതെ നാടകീയ പ്രഖ്യാപനങ്ങളും ബഹളവും ആക്രോശങ്ങളും നിറഞ്ഞ പേടിപ്പെടുത്തുന്ന അന്തരീക്ഷം അവരുടെ ജീവിതത്തില്‍ സൃഷ്ടിക്കുകയല്ല. ബുള്ളറ്റ് ട്രെയിന്‍ ഒരുവിഭാഗം ഇന്ത്യക്കാരുടെ അഭിമാനപ്രശ്‌നമായിരിക്കാം, ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള മികച്ച ഉപാധിയുമായിരിക്കാം, അതിലാര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ഇന്നലെ ജീവന്‍ വെടിഞ്ഞ 143 പേരും ജീവച്ഛവങ്ങളായ 200-ലേറെപ്പേരും ഈ രാജ്യത്തെ പൗരന്മാര്‍ തന്നെയാണ്. അവരുടെ ജീവിതത്തിനും ഭരണകര്‍ത്താക്കള്‍ക്ക് ഉത്തരവാദിത്തമുണ്ട്. നല്ല ഭരണാധികാരികള്‍ ഉണ്ടാകുന്നത് തങ്ങള്‍ ചവിട്ടിനില്‍ക്കുന്ന തറയില്‍ ഒപ്പം നില്‍ക്കുന്ന മനുഷ്യരെ കൂടി മനസിലാക്കുമ്പോഴാണ്. അതിവിടെ കാണാനില്ല എന്നു മാത്രം.

 

60 വര്‍ഷം മുമ്പ് 1956 നവംബര്‍ 27-നാണ് തമിഴ്‌നാട്ടിലെ അരിലായൂരില്‍ 144 പേര്‍ കൊല്ലപ്പെട്ട ട്രെയിന്‍ അപകടമുണ്ടാകുന്നത്. അന്ന് റെയില്‍മന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി ചെയ്തത് ‘ഞാനാണ് ഉത്തരവാദി’ എന്ന് വ്യക്തമാക്കിക്കൊണ്ട് മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഒന്നോര്‍മിപ്പിച്ചു എന്നു മാത്രം. പക്ഷേ, ഇതൊന്നും ഉണ്ടാകുമെന്ന് കരുതുന്നില്ല. അവനവന്‍ അധ്വാനിച്ചുണ്ടാക്കിയ പൈസയുടെ മൂല്യം തെളിയിക്കാന്‍ മഴയത്തും വെയിലത്തും ദിവസങ്ങള്‍ ക്യൂ നില്‍ക്കേണ്ടി വരുന്ന കോടിക്കണക്കിന് പാവപ്പെട്ടവരുള്ള ഈ നാട്ടില്‍ 143 പേരുടെ ജീവനൊന്നും ഒരു സംഖ്യയല്ലല്ലോ. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍