UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാന്തപുരവും സ്ത്രീവാദത്തിന്റെ പ്രതിസന്ധികളും

Avatar

 

മുസ്ലീം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും പൊതുരംഗത്ത് വരുന്നതും മത നിഷേധമാണ് എന്ന സമസ്ത യുവ പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗം ഏറെ വിവാദമായിരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ സ്ത്രീ സംവരണത്തിന്റെ കാര്യത്തില്‍ ‘ഭരണനടത്തിപ്പ് പിന്‍സീറ്റ് ഡ്രൈവിങ്ങായി പരിണമിക്കുന്നു’ എന്ന ജമാഅത്ത് ഇസ്ലാമി നേതാവ് ഓ അബ്ദുറഹ്മാന്‍ നടത്തിയ മുന്‍പ്രസ്താവനയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടത്. സുന്നി പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസല്യാരും സ്ത്രീ-പുരുഷ തുല്യതയുടെ കാര്യത്തില്‍ തികച്ചും സ്ത്രീ വിരുദ്ധമായ നിലപാടുകളാണ് പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണം കൂടിപ്പോയി എന്ന കാന്തപുരത്തിന്റെ പ്രസ്താവന ഈ അടുത്ത ദിവസങ്ങളിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. മുസ്‌ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാം മതം വിലക്കിയിട്ടില്ലെന്ന മത പണ്ഡിതനും ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റ് ജനറല്‍സെക്രട്ടറിയുമായ ഹുസൈന്‍ മടവൂരിന്‍റെ നിലപാട് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. അതേസമയം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ സീറ്റുകളില്‍ സ്ത്രീകള്‍ മത്സരിക്കുന്നുണ്ട് എന്നത് വളരെ കൃത്യമായ ഒരു രാഷ്ട്രീയ യാഥാര്‍ഥ്യമാണ്. ഇതിനെ പിന്നോട്ടടിപ്പിക്കാന്‍ ഇത്തരത്തില്‍ നടക്കുന്ന മതാധിഷ്ഠിതമായ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് വരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ-മത മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ച അഴിമുഖം ആരംഭിക്കുന്നു. 

പി.കെ.എം അബ്ദുറഹിമാന്‍ സഖാഫി

 

സ്ത്രീ പദവിയെ കുറിച്ചുള്ള മുസ്‌ലിം സമുദായത്തിലെ പുരുഷ നേതാക്കളുടെ നിലപാടുകള്‍ പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ഇഷ്ട വിഷയങ്ങളില്‍ ഒന്നാണ്. മുസ്‌ലിം സ്ത്രീ എന്നാല്‍, മറ്റു സമുദായങ്ങളിലെയും സമുദായങ്ങള്‍ക്ക് പുറത്തു നില്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടങ്ങളിലെയും സ്ത്രീകളില്‍ നിന്നും ഒരപവാദമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് എന്ന ബോധ്യമാണ് മുസ്‌ലിം സ്ത്രീയെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ആശങ്കകളുടെ പ്രധാനപ്പെട്ട ഒരു ഉറവിടം. അതുപോലെ തന്നെ, മുസ്‌ലിം പുരുഷനും മറ്റു മത, മതേതര പുരുഷന്മാരില്‍ നിന്നുള്ള ഒരപവാദമാണ് എന്ന ധാരണയില്‍ നിന്നാണ് തിരഞ്ഞെടുപ്പിലെ സ്ത്രീ സംവരണത്തെ കുറിച്ച് അഭിപ്രായം അറിയാന്‍ മാധ്യമങ്ങള്‍ മുസ്‌ലിം പുരുഷ നേതാക്കളുടെ പിന്നാലെ ഓടി നടക്കുന്നതും. അതു കൊണ്ടാണ് മുസ്‌ലിം ജമാഅത്തില്‍ സ്ത്രീകളുണ്ടോ എന്നു ചോദിക്കുന്നതിലുള്ള ആവേശം, കെ.പി.സി ജനറല്‍ സെക്രട്ടറിമാരില്‍ എത്ര സ്ത്രീകളുണ്ട്, അല്ലെങ്കില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ എത്ര സ്ത്രീകളുണ്ട് എന്നൊന്നും ചോദിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും സാംസ്‌കാരിക നായകന്മാര്‍ക്കും ഇല്ലാതെ പോകുന്നതും. ഏറ്റവും കുറഞ്ഞത്, മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയിലെ സ്ത്രീ പ്രാതിനിധ്യം എത്രയാണ്, അവരുടെ കമ്മിറ്റികളില്‍ സ്ത്രീകള്‍ക്ക് എപ്പോഴെങ്കിലും പ്രവേശനം നല്കിയിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തിനോക്കിയാലോ എന്ന്‍ ഏതെങ്കിലും നിമിഷത്തില്‍ തോന്നിയ ഒരു മാധ്യമ പ്രവര്‍ത്തകനും മുസ്‌ലിം ജമാഅത്തില്‍ സ്ത്രീകളുണ്ടോ എന്ന ചോദ്യം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരോട് അല്പം തല താഴ്ത്തിപ്പിടിച്ചല്ലാതെ ചോദിക്കാന്‍ കഴിയില്ല. എന്നിട്ടും ആവേശം ചോരാതെ അത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ അവര്‍ക്ക് കഴിയുന്നത് തങ്ങളുടെ ചരിത്ര, സാമൂഹിക ബോധങ്ങളുടെ ശൂന്യത മൂലധനമാക്കി ആഘോഷിക്കാന്‍ കഴിയുന്നത് കൊണ്ടാണ്. 

 

മുസ്‌ലിം സ്ത്രീയുടെ മറയെ കുറിച്ചുള്ള ചര്‍ച്ചകള്‍ മറ്റു പല ചോദ്യങ്ങള്‍ക്കും മറയിടാനും ഒളിപ്പിച്ചുവയ്ക്കാനുമുള്ള ഒരുപാധിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആ ഒളിപ്പിച്ചുവെക്കലിലെ രാഷ്ട്രീയത്തെ മറച്ചു പിടിച്ചു കൊണ്ട് മുസ്‌ലിം സ്ത്രീപദവിയെ കുറിച്ചും മുസ്ലിംകളുടെ സ്ത്രീ നിലപാടുകളെ കുറിച്ചും നടക്കുന്ന ചര്‍ച്ചകളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് അപര്യാപ്തമായിരിക്കും. എന്നു മാത്രമല്ല, സ്ത്രീ പദവികളെ കുറിച്ചുള്ള ചര്‍ച്ചകളെ വഴിതിരിച്ചു വിടാന്‍ മാത്രമേ മുസ്‌ലിം സ്ത്രീയെ മുന്‍ നിര്‍ത്തി ആരംഭിക്കുന്ന ‘സ്ത്രീ സംവാദങ്ങള്‍’ ഉപകരിക്കുകയുള്ളൂ. കേരളം പോലെയുള്ള ഒരു സമൂഹത്തില്‍, സ്ത്രീയെ കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ആരംഭിക്കേണ്ടത് മുസ്‌ലിം സ്ത്രീയില്‍ നിന്നോ, സ്ത്രീയെ കുറിച്ചുള്ള മുസ്‌ലിം പുരുഷന്റെ നിലപാടുകളില്‍ നിന്നോ അല്ല. മറിച്ച്, സ്ത്രീകളുടെയും പുരുഷന്റെയും സാമൂഹിക പദവികളെ കുറിച്ചും അവരുടെ പ്രവര്‍ത്തന മേഖലകളെക്കുറിച്ചും തുല്യതാ ബോധമുള്ള നിലപാടുകള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന പ്രസ്ഥാനങ്ങളുടെയും കൂട്ടായ്മകളുടെയും സ്ത്രീകളെക്കുറിച്ചുള്ള നിലപാടുകളെയും ആ നിലപാടുകളെ പ്രായോഗികവത്ക്കരിക്കുന്നതില്‍ അവര്‍ കാണിച്ച ശുഷ്‌കാന്തി (യില്ലായ്മ)യെ വിലയിരുത്തിയുമാണ്. അതുകൊണ്ട് തന്നെ, കേരളത്തിലെ യുക്തിവാദ പ്രസ്ഥാനങ്ങളില്‍, ഇവിടെയുള്ള ശാസ്ത്രസാഹിത്യ പ്രസ്ഥാനങ്ങളുടെ ഇന്നേവരെയുള്ള ചരിത്രത്തില്‍ സ്ത്രീകള്‍ എങ്ങിനെയാണ് പരിഗണിക്കപ്പെട്ടത് എന്ന ചോദ്യത്തില്‍ നിന്ന് വേണം നമ്മുടെ സ്ത്രീ സംവാദങ്ങള്‍ ആരംഭിക്കാന്‍. അവിടെ നിന്നും വേണം നാം ഈയിടെ ആരംഭിച്ച മുസ്‌ലിം ജമാഅത്തിന്റെ സ്ത്രീ നിലപാടുകളെ കുറിച്ചുള്ള വിലയിരുത്തലുകള്‍ എത്തിച്ചേരാന്‍. എങ്കിലേ ഈ സംവാദങ്ങള്‍ ഫലപ്രദവും ചരിത്ര, സാമൂഹിക അനുഭവങ്ങളോട് നീതി പുലര്‍ത്തുന്ന ഒന്നായി മാറുകയും ചെയ്യുകയുള്ളൂ.

 

എന്‍.എസ്.എസ്സിനും എസ്.എന്‍.ഡി.പിക്കും ബാധകമാകാത്ത ഒരു ചോദ്യം മുസ്‌ലിം ജമാഅത്തിനു മാത്രം ബാധകമാകു(ക്കു)ന്നതിലെ രാഷ്ട്രീയത്തെ കുറിച്ചു തന്നെയാണ് എന്റെ ചോദ്യം. ഹൈന്ദവ, ക്രൈസ്തവ സമുദായ നേതാക്കളോട് ചോദിക്കാത്ത ചോദ്യങ്ങള്‍ മുസ്‌ലിം നേതാക്കളോട് ചോദിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം ലഭിക്കുന്നത് ഏതു രാഷ്ട്രീയ ബോധത്തില്‍ നിന്നാണ് എന്നതിനെക്കുറിച്ചു തന്നെയാണ് ഈ ചോദ്യം. മുസ്‌ലിം സ്ത്രീയെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ടി.എന്‍ സീമക്കും ബിന്ദു കൃഷ്ണയ്ക്കും ലഭിക്കുന്ന ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം എന്താണ് എന്നതിനെക്കുറിച്ചു കൂടിയാണ് ഈ ചോദ്യം. 

 

സ്വന്തം പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും സ്വാധീനം കൊണ്ടും അനുഭവം കൊണ്ടും കേരള രാഷ്ട്രീയത്തില്‍ തന്റെ ഇടം സ്ഥാപിച്ചെടുത്ത, കെ ആര്‍ ഗൌരിയമ്മയെ മറികടന്നുകൊണ്ട് ഇ കെ നായനാര്‍ക്ക് മുഖ്യമന്തി പദം നല്കാന്‍ സി പി എമ്മിനെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നുവെന്നതിനെക്കുറിച്ചുള്ള ആലോചനകളില്‍ നിന്ന് ടി എന്‍ സീമയുടെ സ്ത്രീപക്ഷ ചിന്തകള്‍ ഉരുത്തിരിഞ്ഞു വരുന്ന ഒരു രാഷ്ട്രീയകാലത്തെയാണ് ഞാന്‍ സ്വപ്നം കാണുന്നത്. ഈ ചോദ്യത്തിന് ഇന്ദിരാഗാന്ധി സ്ത്രീയല്ലേ, അവര്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നിട്ടില്ലേ എന്നൊക്കെ മറുപടി പറയാന്‍ ഓങ്ങുന്നതിനു പകരം സ്ത്രീ ആയിരുന്നതുകൊണ്ടാണോ അതോ നെഹ്‌റു കുടുംബത്തില്‍ പിറന്നതു കൊണ്ടാണോ ഇന്ദിരാഗാന്ധിക്ക് ആ പദവി ലഭിച്ചതെന്ന ചോദ്യത്തില്‍ നിന്നും ബിന്ദു കൃഷ്ണ തന്റെ സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു കാലത്തേ നമ്മുടെ സ്ത്രീ സംവാദങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സത്യസന്ധത പുലര്‍ത്തൂ. അതുകൊണ്ട് തന്നെ കേരളത്തില്‍ ഇതുവരെയും ഒരു സ്ത്രീ മുഖ്യമന്ത്രി ആയിട്ടുണ്ടോ എന്ന കാന്തപുരത്തിന്റെ ചോദ്യത്തെ അദ്ദേഹത്തിന്റെ ‘സ്ത്രീവിരുദ്ധ’ നിലപാടിന്റെ ഭാഗമായി വായിക്കാന്‍ ഒരാള്‍ക്കും പ്രയാസപ്പെടേണ്ടി വരില്ല. പക്ഷെ, സാക്ഷരതയിലും ജീവിത നിലവാരത്തിലും ഏറെ മുന്നില്‍ നില്ക്കുന്ന മലയാളിയുടെ പൊതുബോധത്തെ ബാധിച്ച സ്ത്രീവിരുദ്ധ ബോധമാണ് അങ്ങനെയൊരു ചോദ്യം ചോദിക്കാനുള്ള അവസരം കാന്തപുരത്തിന് നല്കിയത് എന്നു മനസ്സിലാക്കാന്‍ നമ്മുടെ മാധ്യമ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അല്പം ബുദ്ധിമുട്ടേണ്ടി വരും. കാരണം അവരുടെ കൂടി ചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലമായി കൂടിയാണല്ലോ ആ പൊതുബോധം വന്നതും വികസിച്ചതും.

 

സ്വന്തം രാഷ്ട്രീയത്തെ ചരിത്രപരമായ ഓഡിറ്റിങ്ങിനു വിധേയമാക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് സ്ത്രീപക്ഷ ചിന്തകള്‍ ഓരോരുത്തരോടും ചോദിക്കുന്നത്. സ്ത്രീപക്ഷ ചിന്തകളുടെ ഉത്ഭവത്തെയും വികാസത്തെയും കുറിച്ചുള്ള ചരിത്രം മനസ്സിലാക്കാന്‍ ശ്രമിച്ച ഏതൊരാള്‍ക്കും ഇതു ബോധ്യപ്പെടും. സ്ത്രീയെ മാത്രമല്ല സ്ത്രീ പക്ഷചിന്തകള്‍ ലക്ഷ്യമിടുന്നത്. എല്ലാതരം ഒഴിവാക്കലുകളെയും അരികുവത്ക്കരണങ്ങളെയുമാണ്. അതുകൊണ്ടാണ് സ്ത്രീപക്ഷ ചിന്തകള്‍ എന്ന നിലക്ക് ആരംഭിച്ച രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് ബ്ലാക്ക്, ദളിത്, മുസ്‌ലിം, ലൈംഗിക ന്യൂനപക്ഷ ചോദ്യങ്ങളെയൊക്കെ അഭിമുഖീകരിക്കാന്‍ കഴിഞ്ഞത്. ചോദിക്കാത്ത ചോദ്യങ്ങളും ചോദിക്കേണ്ടതില്ല എന്നു കരുതിയ ചോദ്യങ്ങളെയും ചോദിക്കുക എന്നതാണ് സ്ത്രീപക്ഷ ചിന്തകളുടെ മര്‍മ്മ പ്രധാന ലക്ഷ്യം. ഗൌരിയമ്മ എന്തുകൊണ്ട് മുഖ്യമന്ത്രി ആയില്ല, അല്ലെങ്കില്‍ ഇന്ദിരാ ഗാന്ധി എങ്ങനെ പ്രധാനമന്ത്രി ആയി എന്നു തുടങ്ങിയ ചോദ്യങ്ങളും അതില്‍ ഉള്‍പ്പെടും. ഫെമിനിസത്തെ അത്തരം സമഗ്രതയില്‍ നിന്ന് മനസ്സിലാക്കുകയും തങ്ങളുടെ രാഷ്ട്രീയ ചിന്തകളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും ആന്തരികവല്കരിക്കുകയും ചെയ്യാതെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരോട് മുസ്‌ലിം ജമാഅത്തില്‍ സ്ത്രീകള്‍ക്ക് അംഗത്വം ഉണ്ടാകുമോ എന്നു ചോദിക്കാനുള്ള മാര്‍ഗമാണ് എന്നു മനസ്സിലാക്കുന്നവരോട് നാം സഹതപിക്കുക. 

ഇസ്ലാമിന്റെ, മുസ്ലിംകളുടെ, മുസ്‌ലിം സംഘടനകളുടെ, സമുദായ നേതാക്കളുടെ സ്ത്രീ പദവിയെക്കുറിച്ചുള്ള നിലപാടുകളെ ചരിത്രപരമായ ഓഡിറ്റിങ്ങിനു വിധേയമാക്കെണ്ടതില്ല എന്നു ഇപ്പറഞ്ഞതിന് അര്‍ഥമില്ല. പൊതുസമൂഹം എന്നു പറയപ്പെടുന്ന ആള്‍കൂട്ടത്തിന്റെ സ്ത്രീവിരുദ്ധ ബോധത്തെ, മതത്തിനകത്ത് സ്ത്രീ വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ഒഴിവു കഴിവായി ഉപയോഗപ്പെടുത്തുന്നവരില്‍ ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നവരും ഉണ്ട്. ബി.ബി.സിയാണ് മലാലയ്ക്ക് എഴുതാനുള്ള പേനയും ഡയറിയും വാങ്ങിച്ചു കൊടുത്തത് എന്നു പറഞ്ഞ് മലാലക്കെതിരെയുള്ള ആക്രമണത്തെ അപലപിക്കാന്‍ കൂട്ടാക്കാതിരുന്നവരും അപലപിച്ചവരെ സാമ്രാജ്യത്വ ദാസന്മാരായും മുസ്‌ലിം വിരുദ്ധന്മാരായും ചിത്രീകരിച്ചവര്‍ കേരളത്തിലും ഉണ്ടായിരുന്നല്ലോ.

തീര്‍ച്ചയായും മുസ്ലിങ്ങളുടെ, സ്ത്രീകുറിച്ചുള്ള ആലോചനകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും വേണം. പക്ഷെ, നേരത്തെ സൂചിപ്പിച്ചതു പോലെ അതെവിടെ നിന്ന് തുടങ്ങണം എന്നതു തന്നെയാണ് ഇക്കാര്യത്തിലും മതേതര ചിന്തകരും മുസ്‌ലിം പുരോഗമന വാദികളും നേരിടുന്ന ഗുരുതരമായ പ്രതിസന്ധി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മുസ്‌ലിം ജമാത്തിലെ സ്ത്രീ പ്രാതിനിധ്യത്തില്‍ നിന്ന് വേണം അതു തുടങ്ങാന്‍ എന്നാണ് മുസ്‌ലിം പുരോഗമന വാദികളും ആവശ്യപ്പെടുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും. ഇക്കാര്യത്തില്‍ മുസ്‌ലിം പുരോഗമനവാദികളും ഇസ്ലാമിസ്റ്റുകളും, അവര്‍ ബ്രാഹ്മണിക്കല്‍ അല്ലെങ്കില്‍ പുരുഷാധിപത്യ ബോധമുള്ളവര്‍ എന്നൊക്കെ വിളിക്കുകയും ചെയ്യുന്ന, മതേതര ബുദ്ധിജീവികളും രാഷ്ട്രീയ പ്രവര്‍ത്തകരും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ല എന്നതാണ് രസകരം. നേരത്തെ സൂചിപ്പിച്ചതു പോലെ, ഈ തുടക്കം തന്നെയാണ് മുസ്‌ലിം സമുദായത്തിനകത്തും സ്ത്രീ പദവിയെ കുറിച്ചുള്ള ചര്‍ച്ചകളെ വഴി തെറ്റിക്കുന്നത്. അങ്ങനെയെങ്കില്‍ എവിടെ നിന്നു വേണം മുസ്ലിങ്ങളുടെ സ്ത്രീ ആലോചനകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍?

 

സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണ്ട, ഭര്‍ത്താവിനെ നോക്കി വീട്ടില്‍ ഇരുന്നാല്‍ മതി; സമസ്തയുടെ ശാസന
മുസ്‌ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മതവിരുദ്ധമല്ല: ഹുസൈന്‍ മടവൂര്‍
ഒ. അബ്ദുറഹിമാന്‍, ദയവു ചെയ്ത് ആ അംബേദ്കര്‍ അവാര്‍ഡ് താങ്കള്‍ തിരിച്ചു കൊടുക്കണം
അവിടെ നിര്‍ത്തുന്നതാണ് നല്ലത് ജനാബ് ഒ അബ്ദുറഹ്മാന്‍

വിശ്വാസപരമായി സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ ചുമതലകളും പ്രവര്‍ത്തന മന്ധലങ്ങളുമാണ് ഇസ്ലാം നിര്‍ദേശിച്ചിരിക്കുന്നത് എന്നും ഇസ്ലാമിലെ സ്ത്രീ തുല്യത എന്നാല്‍ ഈ വ്യത്യസ്തതയെ ബഹുമാനിക്കലാണ് എന്നും കേരളത്തിലെ സുന്നി സംഘടനകള്‍ക്കും അത്തരമൊരു നിലപാട് പുലര്‍ത്താനേ നിര്‍വ്വാഹമുള്ളൂ എന്നുമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറയുന്നത്. എന്നാല്‍ ഇതു മതത്തെക്കുറിച്ചുള്ള പരിമിതമായ വായന മാത്രമാണെന്നും സ്ത്രീകള്‍ക്ക് സുന്നികള്‍ നല്കുന്ന പരിഗണന നല്‍കിയാല്‍ പോര എന്നുമാണ് അബുല്‍ അഅലാ മൌദൂദിയുടെ ചിന്തകളെ ആസ്പദമാക്കി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയും ഇബ്‌നു അബ്ദുല്‍ വഹാബിന്റെ വിശ്വാസപ്രമാണങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വിവിധ മുജാഹിദ് സംഘടനകളും പറയുന്നത്. ഈ രണ്ടു പേരുടെയും വിശ്വാസധാരകളെ ആന്തരികവത്ക്കരിച്ചുകൊണ്ടാണ് മുസ്‌ലിം ലീഗും തങ്ങളുടെ സ്ത്രീ വാദങ്ങള്‍ ഉയര്‍ത്താറുള്ളത്. ചര്‍ച്ചക്ക് വേണ്ടി വഹാബികളുടെയും മൌദൂദികളുടെയും മുസ്‌ലിം ലീഗിന്റെയും ആ വാദം നാം അംഗീകരിക്കുക. അങ്ങനെയെങ്കില്‍ ആ വാദമുള്ളവര്‍ അവരുടെ സ്ത്രീകളോട് എങ്ങിനെ പെരുമാറുന്നുവെന്നും, മതത്തിനകത്ത് അവര്‍ക്ക് എത്രമാത്രം ഇടം നല്കിയിട്ടുമുണ്ട് എന്ന വിലയിരുത്തലില്‍ നിന്ന് വേണം നാം മുസ്‌ലിം സ്ത്രീയെ കുറിച്ചുള്ള മലയാളി മുസ്‌ലിങ്ങള്‍ക്കുള്ളിലെ ചര്‍ച്ച തുടങ്ങാന്‍.

 

അങ്ങനെയെങ്കില്‍, ഒരു നൂറ്റാണ്ട് കാലത്തെ ‘നവോഥാന’ പ്രവര്‍ത്തനം കൊണ്ട്, മലയാളി വഹാബികളുടെ പണ്ഡിത സംഘടനയായ കേരള ജം ഇയ്യത്തുല്‍ ഉലമയുടെ ഭാരവാഹികളില്‍ എത്ര സ്ത്രീകള്‍ക്ക് ഇടം കൊടുക്കാന്‍ കഴിഞ്ഞു, ജമാ അത്തെ ഇസ്ലാമിയുടെ കേന്ദ്ര ശൂരയിലേക്ക് കേരളത്തില്‍ നിന്നും എത്ര സ്ത്രീകളെ പറഞ്ഞയക്കാന്‍ സാധിച്ചു, ഒരു സ്ത്രീ, ജമാഅത്തെ ഇസ്ലാമിയുടെ അടുത്ത അമീറാവാനുള്ള സാധ്യതകള്‍ എത്രമാത്രം ഉണ്ട്, മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തക സമിതി അംഗങ്ങളില്‍ എത്ര സ്ത്രീകളുണ്ട്, വനിതാ ലീഗിന്റെയെങ്കിലും നേതൃത്വത്തില്‍ പാണക്കാട് കുടുംബത്തില്‍ നിന്നുള്ള ഒരു സ്ത്രീ വരാനുള്ള സാധ്യത എത്രയുണ്ട്, ഒരു വനിത, ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയായി വരാന്‍ എത്ര നാള്‍ കൂടി കാത്തിരിക്കേണ്ടി വരും, ആണുങ്ങളുടെ മൂത്രപ്പുരയില്‍ നിന്നുള്ള അസഹനീയമായ ദുര്‍ഗന്ധം ഇല്ലാതെ മനോഹരമായ പള്ളികളുടെ മുന്‍ ഭാഗത്ത് കൂടി പള്ളിക്കകത്ത് കടക്കാന്‍ വഹാബി സ്ത്രീകള്‍ക്ക് എത്ര കാലം കാത്തു നില്‌ക്കേണ്ടി വരും തുടങ്ങിയ ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ മുസ്‌ലിം സ്ത്രീ പദവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സാധ്യമല്ല. അതില്ലാതെയും ചര്‍ച്ച സാധ്യമാകുന്നുണ്ട് എന്നാണെങ്കില്‍ അതിനര്‍ഥം സാമൂഹികവും രാഷ്ട്രീയവുമായ ചോദ്യങ്ങളെ മറച്ചുപിടിക്കാനും അതിന്റെ സൌകര്യത്തില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ആഴത്തെ ഇല്ലാതാക്കാനും മതേതര ബുദ്ധിജീവികളും രാഷ്ട്രീയ പ്രവര്‍ത്തകരുമായ ടി എന്‍ സീമക്കും ബിന്ദു കൃഷ്ണക്കും മാത്രമല്ല ധൃതിയും താല്പര്യവുമുള്ളത്, മറിച്ച് ആരിഫലിക്കും ഹുസൈന്‍ മടവൂരിനും കെ പി എ മജീദിനുമെല്ലാം അതേ ധൃതിയും താത്പര്യവുമാണുള്ളത് എന്നു വേണം നാം മനസ്സിലാക്കാന്‍.

 

ആശയപരമായ കാരണങ്ങള്‍ കൊണ്ടല്ല, പ്രായോഗികമായ കാരണങ്ങള്‍ കൊണ്ടാണ് ‘ഇസ്ലാമിലെ ലിംഗനീതി’ നടപ്പില്‍ വരുത്താന്‍ മുസ്‌ലിം ലീഗിനും മുജാഹിദ്, ജമാഅത്ത് സംഘടനകള്‍ക്കും കഴിയാത്തത് എന്നാണെങ്കിലോ എന്നു ഒരാള്‍ക്ക് വേണമെങ്കില്‍ ചോദിക്കാം. പക്ഷെ, മുസ്‌ലിം സ്ത്രീ പദവിയെ കുറിച്ചുള്ള പല ചോദ്യങ്ങളും ഒളിപ്പിച്ചു പിടിച്ചതു പോലെ, സ്ത്രീ പദവിയെ കുറിച്ചുള്ള മൌദൂദിയുടെയും ഇബ്‌നു അബ്ദുല്‍ വഹാബിന്റെയും ചിന്തകളും ഈ പ്രസ്ഥാനങ്ങള്‍ ഒളിപ്പിച്ചു വെച്ചതു കൊണ്ടാണ് പുറമേക്ക് പറയുന്ന ആശയങ്ങളും സംഘടനയ്ക്കകത്തുള്ള അതിന്റെ പ്രായോഗികവല്ക്കരണവും തമ്മിലുള്ള ഈ വൈരുധ്യം ഇത്രമാത്രം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. പര്‍ദ്ദ എന്ന പേരിലാണ് ഇസ്ലാമിലെ സ്ത്രീ പദവിയെ കുറിച്ച് മൗദൂദി പുസ്തകം എഴുതിയത്. ആ പുസ്തകത്തിന്റെ ആശയങ്ങളും പ്രവര്‍ത്തന മാര്‍ഗരേഖകളുമാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ത്രീ ചിന്തകളുടെ ആധാരം. അവ ആധാരമാക്കിയാണ് സ്ത്രീകളുടെ പരിധിവിട്ട സ്വാതന്ത്ര്യബോധവും മിക്‌സഡ് വിദ്യാഭ്യാസവും ‘സ്ത്രീപീഡനത്തിന് ഉത്തരവാദി’യാണെന്ന് ജമാഅത്തെ ഇസ്ലാമി ശൂറ നിലപാടെടുക്കുന്നത്. ആ നിലപാടിന്റെ തുടര്‍ച്ചയായാണ് ബുദ്ധിയുടെയും കാര്യശേഷിയുടെയും വിഷയത്തില്‍ സ്ത്രീകള്‍ പിന്നിലാണെന്നും സ്ത്രീ സംവരണം കുടുംബം തകര്‍ക്കുമെന്നുമൊക്കെ മൗദൂദി ചിന്തകനായ ഓ അബ്ദുറഹിമാനും ‘സ്ത്രീ അടുക്കളയുടെ നിയന്ത്രണം ഏറ്റെടുക്കുകയും അത് യഥാവിധി ആദരിക്കപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ സമൂഹമിന്ന് അകപ്പെട്ട അപചയത്തിനും അരക്ഷിതത്വത്തിനും അറുതിയുണ്ടാകുകയുള്ളൂ. സ്ത്രീകള്‍ അടുക്കളയുടെ നേതൃത്വമേറ്റെടുത്ത്, മാതൃത്വബാധ്യത പൂര്‍ത്തീകരിച്ച്, തലമുറകളെ രൂപപ്പെടുത്തുക വഴി ലോകത്തിന്റെ നായകത്വനിയോഗം നിര്‍വഹിക്കുന്നില്ലെങ്കില്‍ പൊട്ടന്മാരുടെ ആധിപത്യത്തിന് സമൂഹം അടിപ്പെടാനുള്ള സാധ്യത ഒട്ടും വിദൂരമല്ല’ എന്ന്‍ ഷെയ്ഖ് മുഹമ്മദ് കാരക്കുന്നിനും പറയാന്‍ കഴിയുന്നത്. മുജാഹിദുകളുടെ കാര്യവും വ്യത്യസ്തമല്ല. സ്ത്രീകള്‍ക്ക് ടാക്‌സി കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാമോ, വിവാഹിതരായ രണ്ടു സഹോദരന്മാര് അവരുടെ ഭാര്യമാരെ പരസ്പരം കാണാന്‍ പാടുണ്ടോ, സ്ത്രീകള്‍ പാന്റ്‌സ് ധരിക്കാമോ എന്നിത്യാദി ചോദ്യങ്ങളാണ് ഷെയ്ഖ് സ്വലിഹ് ഉസൈമിന്‍, ഇബ്രാഹിം അല ഷെയ്ഖ് തുടങ്ങിയ സലഫി പണ്ഡിതന്മാരുടെ പ്രധാന ഗവേഷണ വിഷയങ്ങള്‍. ഇതൊന്നും പാടില്ല എന്നാണ് വഹാബികളുടെ വിശ്വാസം. ബഹുഭാര്യാത്വം ആരാധനയാണ് എന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സംഘടന തന്നെ മുജാഹിദുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

ഇത്തരം വിശ്വാസങ്ങളും ആചാരങ്ങളും പുലര്‍ത്തുന്നവര്‍ക്ക് എങ്ങിനെ മതത്തിനകത്തു ലിംഗനീതി ഉറപ്പുവരുത്താന്‍ കഴിയും? അതല്ലെങ്കില്‍ ലിംഗനീതിയെ കുറിച്ചുള്ള ഇവരുടെ ഇസ്ലാമിക കാഴ്ചപ്പാട് സ്ത്രീവിരുദ്ധ നിലപാടുകള്‍ പുലര്‍ത്തുന്നവരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ വ്യത്യാസപ്പെട്ടു നില്ക്കുന്നുണ്ടോ? ഇല്ലെന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് മുസ്‌ലിം മഹല്ലുകളില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വഹാബി അനുകൂല സംഘടനയായ കേരള നദ് വത്തുല്‍ മുജാഹിദിലെ മടവൂര്‍ വിഭാഗം കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പാസ്സാക്കിയ പ്രമേയം. സ്വന്തം നിയന്ത്രണത്തിലുള്ള ഏതെങ്കിലും പള്ളികളില്‍ വഹാബികള്‍ ഇതു നടപ്പിലാക്കിയിട്ടുണ്ടോ എന്നു മാത്രം പരിശോധിച്ചാല്‍ മതി ഇവരുടെ സ്ത്രീയെ കുറിച്ചുള്ള കാഴ്ചപ്പാടിന്റെ ശൂന്യത ബോധ്യപ്പെടാന്‍.

 

പിന്നെ എന്തിനാവും ഈ മുസ്‌ലിം വിഭാഗങ്ങള്‍ ഇത്തരം ‘സ്ത്രീപക്ഷ ചിന്തകള്‍’ ഉയര്‍ത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്നത്? ആ അവകാശവാദത്തിലൂടെ ഈ മുസ്‌ലിം വിഭാഗങ്ങള്‍ എന്താവും മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നത്? ഇസ്ലാമിനെ ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രവും അധികാരം കൈപ്പിടിയില്‍ ഒതുക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗവും എന്ന നിലയില്‍ കാണുന്നവരാണ് വഹാബികളും മൌദൂദികളും. ഐ എസ്സിന്റെ പ്രവര്‍ത്തനങ്ങളുടെ ആശയധാര ഇത്തരം ചിന്തകള്‍ കൂടിയാണല്ലോ. ഇത്തരം പിന്തിരിപ്പന്‍ നിലപാടുകളെ മുഴുവന്‍ അവര്‍ ഒളിപ്പിച്ചു വെക്കുന്നത് അവരുടെ ‘സ്ത്രീപക്ഷ മുഖം’ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്. പിണറായി വിജയനും രമേശ് ചെന്നിത്തലക്കും ഒക്കെ കെ എം മൗലവി നവോഥാന നായകനും ഹുസൈന്‍ മടവൂര്‍ ആ നവോഥാന നായകന്റെ പിന്തുടര്‍ച്ചക്കാരനും ആയി മാറുന്നത് അവരുടെ ‘സ്ത്രീപക്ഷ’ ചിന്തകളുടെ പേരിലാണ്. ഇനിയിപ്പോള്‍ ഇവരുടെ ആലോചനകള്‍ സ്ത്രീപക്ഷം തന്നെയാണെന്ന് വാദത്തിനു വേണ്ടി സമ്മതിക്കുക. അങ്ങനെയെങ്കില്‍ സ്ത്രീകള്‍ക്ക് പള്ളിയുടെ പിന്‍ഭാഗത്ത് നല്കുന്ന കുറഞ്ഞ ഇടത്തിന്റെ പേരില്‍ വഹാബിസം പോലുള്ള രാഷ്ട്രീയമായി അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ ഒരു പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കാന്‍ പറ്റുമോ?

 

മതത്തിനകത്തെയും പുറത്തെയും സ്ത്രീവാദങ്ങളുടെ പരിമിതി ബോധ്യപ്പെടുത്താനാണ് ഈ ലേഖനം ശ്രമിച്ചത്. ഈ പരിമിതി മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ നിലപാടുകള്‍ പുലര്‍ത്തുന്ന ഒരു പുസ്തകം വിവര്‍ത്തനം ചെയ്യുകയും അതിനുള്ള പ്രതിഫലം വാങ്ങുകയും ചെയ്ത ഒരാള്‍ക്ക് താന്‍ സ്ത്രീയായതു കാരണം മേല്‍ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പ്രവേശനം നിഷേധിച്ചു എന്നൊക്കെ പറയേണ്ടി വരുന്നത്. ആത്യന്തികമായി ഒരാള്‍ സ്ത്രീപക്ഷവാദിയാണെങ്കില്‍ സ്ത്രീവിരുദ്ധമായ ആശയം പ്രചരിപ്പിക്കാന്‍ കൂട്ടുനില്‍ക്കുമോ എന്നതാവണം മര്‍മ്മപ്രധാനമായ ചോദ്യം. അതുപോലെ, മുസ്‌ലിം ജമാഅത്തില്‍ സ്ത്രീകളുണ്ടോ എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ എന്‍ എം ശംസുദ്ദീന്‍ എന്ന ഒരു പുരുഷനെയേ ലീഗിന് ലഭിക്കുന്നുള്ളൂ എന്നതാണ് മുസ്‌ലിം സ്ത്രീപക്ഷ വാദങ്ങളുടെ പരിമിതി.

 

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീപദവിയെ കുറിച്ചുള്ള നിലപാടുകളും നാം ചര്‍ച്ച ചെയ്യണം; പക്ഷെ, ആ ചര്‍ച്ച മേല്‍ ഉന്നയിച്ച ചോദ്യങ്ങളെയും ചരിത്ര വര്‍ത്തമാനങ്ങളെയും എല്ലാം മറന്നു കൊണ്ടാവുന്നു എന്നതാണ് അത്തരം ചര്‍ച്ചകളുടെ പരിമിതി. അതു മറക്കാന്‍ ആളുകള്‍ കാണിക്കുന്ന ആവേശത്തിലാണ്, കാന്തപുരത്തിന്റെ നിലപാടുകളേക്കാള്‍ സ്ത്രീവിരുദ്ധത ഉള്ളത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു സ്ത്രീയെ ഉയര്‍ത്തിക്കാണിക്കാന്‍ തയ്യാറുള്ള മുന്നണിയെ തങ്ങള്‍ പിന്തുണക്കും എന്നു കാന്തപുരം പറയുന്നതിന് മുന്‍പ് ഈ ചോദ്യങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അത്രയും നന്ന്. അല്ലാത്തപക്ഷം നമ്മുടെ സ്ത്രീ വാദങ്ങളുടെ പരിമിതി നിരന്തരം ബോധ്യപ്പെടുത്തുന്ന സാന്നിധ്യമായി കാന്തപുരവും മുസ്‌ലിം ജമാ അത്തും ഇവിടെയൊക്കെ തന്നെ ഉണ്ടാകും.

 

(എഴുത്തുകാരനും സിറാജ് ദിനപത്രത്തില്‍ സബ് എഡിറ്ററുമാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍