UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാരക്കോണം മെഡിക്കല്‍ കോളേജ്; ശശി തരൂരിന് ഹൌസ് സര്‍ജന്മാരുടെ കത്ത്

Avatar

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ഡോ. ശശി തരൂരിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു കാരക്കോണം മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ആയ ഡോ. ബെന്നറ്റ് എബ്രഹാം. തങ്ങളുടെ പ്രശ്നങ്ങള്‍ അറിയിച്ച് സ്ഥലം എം പി ആയ ശശി തരൂരിന് തുറന്ന കത്തെഴുതുകയാണ് ഹൌസ് സര്‍ജന്‍മാര്‍. 

ബഹുമാനപ്പെട്ട ശശി തരൂര്‍ സര്‍, 

കേരള സര്‍ക്കാര്‍ ഒരു ഉത്തരവിലൂടെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഹൗസ് സര്‍ജന്‍മാരുടെ സ്റ്റൈപ്പന്‍റ് 20,000 രൂപയായി 1-4-2015 മുതല്‍ ഉയര്‍ത്തിയിട്ടുള്ളതാണ്. ഇതിനു പുറമെ 2016 ജനുവരിയില്‍ കേരള ആരോഗ്യ സര്‍വ്വകലാശാല പുറപ്പെടുവിച്ച ഉത്തരവില്‍ ഗവണ്‍മെന്‍റ്  ഉത്തരവ് എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളേജുകളും ബാധകമാണെന്നും അറിയിച്ചിരിക്കുന്നു. കാരക്കോണം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍മാരായ ഞങ്ങള്‍ക്ക് 3975 എന്ന നാമമാത്രമായ തുകയാണ് സ്റ്റൈപ്പന്‍റായി ലഭിച്ചുകൊണ്ടിരിക്കുന്നത്. 

മേല്‍പ്പറഞ്ഞ ഗവണ്‍മെന്‍റ് ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സ്റ്റൈപ്പന്‍റ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് കോളേജ് അധികാരികള്‍ക്ക് പലതവണ നിവേദനം സമര്‍പ്പിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഇതേവരെ അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.

ഹൌസ് സര്‍ജന്‍മാര്‍ അടിമകളല്ല; കാരക്കോണം മെഡിക്കല്‍ കോളേജിനെതിരെ പ്രതിഷേധം ശക്തം

ഈ തുക ദൈനംദിന ചിലവുകള്‍ക്കു പോലും തികയാത്തതിനാല്‍ ഇപ്പോഴും വീട്ടുകാരെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും വച്ച് ഏറ്റവും തുച്ഛമായ സ്റ്റൈപ്പന്‍റ് നല്‍കുന്നത് എസ്.എം. സി.എസ്.ഐ. മെഡിക്കല്‍ കോളേജിലാണ്. ഇത് ഈ കോളേജിലെ ഹൗസ് സര്‍ജന്‍മാരോട് കാണിക്കുന്ന അനീതിയും ഗവണ്‍മെന്‍റ് ഉത്തരവിന്‍റെ നഗ്നമായ ലംഘനവുമാണ്.

ഞങ്ങള്‍ ഇക്കാര്യം ആരോഗ്യ സര്‍വ്വകലാശാലയുടെ രജിസ്ട്രാര്‍, വൈസ് ചാന്‍സലര്‍, ആരോഗ്യമന്ത്രി, ഹെല്‍ത്ത് സെക്രട്ടറി, ജെയിംസ് കമ്മിറ്റി എന്നിവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. അതു പ്രകാരം ജെയിംസ് കമ്മിറ്റി ഇക്കഴിഞ്ഞ ഏപ്രില്‍ മാസം 19-ാം തീയതി ആദ്യ വിചാരണയ്ക്ക് വിളിക്കുകയും, ശ്രീമതി മെഴ്സി ഭായ് (സ്പെഷ്യല്‍ ഓഫീസര്‍ – കാരക്കോണം മെഡിക്കല്‍ കോളേജ്) അവര്‍കളുടെ സാന്നിദ്ധ്യത്തില്‍, ഒരു അന്തിമതീരുമാനം ഏപ്രില്‍ 30 ന് പുറപ്പെടുവിക്കുമെന്നും തീരുമാനിച്ചു. ഇതോടൊപ്പം താല്‍ക്കാലികമായി 10,000 എന്ന തുക നിര്‍ദ്ദേശമായി വയ്ക്കുകയും ചെയ്തു. എന്നാല്‍ യാതൊരു മുന്നറിയിപ്പും കൂടാതെ അവസാന നിമിഷത്തില്‍ ഏപ്രില്‍ 30-ാം തീയതിയിലെ കൂടിക്കാഴ്ച മാറ്റിവയ്ക്കുകയാണ് ഉണ്ടായത്. ഞങ്ങളുടെ ഹൗസ് സര്‍ജന്‍സി ഇനിയൊരു രണ്ടു മാസം മാത്രമാണ് ബാക്കിനില്‍ക്കുന്നത്. കഴിഞ്ഞ പത്തുമാസമായി വിവിധ തലങ്ങളില്‍ നിവേദനം സമര്‍പ്പിച്ചിട്ടും അനുകൂലമായ യാതൊരു നടപടിക്രമങ്ങളും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ മെയ് മാസം ഒന്നാം തീയതി മുതല്‍ ഞങ്ങളുടെ ചുമതലകളില്‍ നിന്നും വിട്ടുനിന്ന് വളരെ സമാധാനമായി ഇതിനെ പ്രതിഷേധിക്കുകയാണ്. ഇന്ന് ഈ പണിമുടക്കിന്‍റെ ഏഴാമത്തെ ദിവസമാണ്.

132 എന്ന തുച്ഛമായ ദിവസവേതനത്തിനു പുറമേ ഓരോ അവധി ദിവസത്തിനും 250 രൂപ പിഴയും മൂന്നുദിവസത്തെ അധിക ജോലിയും അടിച്ചേല്‍പ്പിക്കുന്നു. ബഹുമാനപ്പെട്ട ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി അന്തിമതീരുമാനം ഉണ്ടാക്കാമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചിരുന്നു. മെയ് മാസം അഞ്ചാം തീയതി നടക്കും എന്ന് പറയപ്പെട്ടിരുന്ന ഈ കൂടിക്കാഴ്ചയുടെ വിശദവിവരങ്ങളോ തീരുമാനങ്ങളോ ഇതുവരെ ഞങ്ങളെ അറിയിച്ചിട്ടില്ല. കൂടാതെ ഞങ്ങള്‍ സമരം തുടരുകയാണെങ്കില്‍ ഹോസ്റ്റലുകളില്‍ നിന്നും ഇറക്കിവിടുമെന്നും അല്ലാത്ത പക്ഷം ഹോസ്റ്റലുകളിലെ വൈദ്യുതിയും വെള്ളവും മുടക്കുമെന്നും കോളേജ് അധികൃതര്‍ അറിയിച്ചു.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള തുക സ്റ്റൈപ്പന്‍റായി ലഭിക്കുന്നതിന് താങ്കളുടെ എല്ലാ സഹായവും താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു. താങ്കളുടെ മണ്ഡലത്തിലെ ആളുകള്‍ എന്ന നിലയില്‍ ഒരു എം പി എന്ന നിലയില്‍ അങ്ങയുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്,

നന്ദിപൂര്‍വ്വം
ഹൗസ് സര്‍ജന്‍മാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍