UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാരക്കോണം മെഡിക്കല്‍ കോളേജ്; മാനേജ്മെന്റ് തിന്നുന്നത് ഹൗസ് സർജൻസിന്റെ വിയർപ്പിന്റെ ഫലം

Avatar

കാരക്കോണം മെഡിക്കൽ കോളേജ് മേധാവി ഡോ.ബെന്നറ്റ് എബ്രഹാമിന് എറണാകുളം ഗവ.മെഡിക്കൽ കോളേജ് ഹൗസ് സർജൻസ് എഴുതുന്ന തുറന്ന കത്ത്.

സര്‍,

ഞങ്ങൾ എറണാകുളം ഗവ.മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസ് ആണ്. ആറു വർഷങ്ങൾക്ക് മുൻപ് MBBS ന് അഡ്മിഷൻ കിട്ടിയപ്പോൾ പലരും ഗവ: മെഡിക്കൽ കോളേജുകൾ കഴിഞ്ഞാൽ പ്രൈവറ്റിൽ ഏറ്റവും നല്ലത് കാരക്കോണം മെഡിക്കൽ കോളേജാണെന്നും അത് ഓപ്ഷനിൽ മുന്നിൽ വെയ്ക്കണമെന്നും ഉപദേശിച്ചിരുന്നു. നല്ല വിദ്യാര്‍ത്ഥി സൌഹൃദ മാനേജ്മെന്റ് ആണ് അവിടുള്ളത് എന്നാണ് അന്ന് പറഞ്ഞ് കേട്ടത്. എന്നാൽ ഇത്രയും ഫ്രണ്ട്ലി ആണ് സാർ ഉൾപ്പെടുന്ന ഈ മാനേജ്മെന്റ് എന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല. ഫുട്ബോൾ ടൂർണമെന്റിനായി പലവട്ടം ഞങ്ങൾ കാരക്കോണത്ത് വന്നിട്ടുണ്ട് അന്നൊന്നും ഇത്രയും വികൃതമായൊരു മാനേജ്മെന്റ് അവിടുണ്ടെന്ന് അറിഞ്ഞിരുന്നില്ല.

പല ഡിപ്പാർട്ട്മെൻറുകളിലും ആവശ്യത്തിന് ഡോക്ടേഴ്സ് ഇല്ല. ഹൗസ് സർജൻസ് രാപ്പകൽ കഷ്ടപ്പെടുന്നത് കൊണ്ട് മാത്രമാണ് മെഡിക്കൽ കോളേജുകൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നത്. ഹൗസ് സർജൻസിന്റെ വിയർപ്പിന്റെ പ്രതിഫലമാണ് മാനേജ്മെന്റ് തിന്നുന്നത് എന്ന് എല്ലാവർക്കും ഓർമ വേണം.

തിരുവനന്തപുരം ലോകസഭ സീറ്റിൽ മത്സരിച്ച വ്യക്തിത്വമാണല്ലൊ അങ്ങ്. സ്വന്തം സ്ഥാപനത്തിലെ ഹൗസ് സർജൻസിന്റെ വിഷമങ്ങൾക്ക് പരിഹാരം കാണാതെയാണൊ താങ്കൾ നാട് നന്നാക്കാനായി മത്സര രംഗത്ത് ഇറങ്ങിയത്. ആദ്യം സ്വന്തം സ്ഥാപനം നന്നാക്കു എന്നിട്ട് പോരെ നാട്ടുകാരെ നന്നാക്കാനായി ഇറങ്ങാൻ…

മെഡിക്കൽ കോളേജുകളിൽ നഴ്സുമാരുടെ ജോലി പോലും അവിടത്തെ ഹൗസ് സർജൻ ആണ് പലപ്പോഴും ചെയ്യുന്നത്. ബ്ലഡ് എടുക്കുന്നതും ക്യാനുല ഇടുന്നതും തൊട്ട് A to Z ജോലികളും ഹൗസ് സർജൻസ് ആണ് ചെയ്യുന്നത്. രോഗികളെ പരിപാലിക്കുന്നതിലും പരിശോധിക്കുന്നതിലും എന്ത് ചെയ്യുന്നതിലും ഒരു ഹൗസ് സർജൻസിനു ഒരു മടിയും ഉണ്ടാകില്ല. തിരിച്ച് അവർ ആവശ്യപ്പെടുന്നത് ഗവ. അവർക്ക് നിശ്ചയിച്ച് നൽകിയിരിക്കുന്ന സ്റ്റെപ്പന്റ് മാത്രമാണ്. ഒരു ഹൗസ് സർജന് ഒരു മാസം കിട്ടുന്നത് വെറും 3975 രൂപ മാത്രം. എന്തൊരു അനീതിയാണ് താങ്കൾ ഉൾപ്പെടുന്ന മാനേജ്മെന്റ് കാണിക്കുന്നത്. ഇതൊക്കെ മനുഷ്യാവകാശ ലംഘനമാണ് സാർ.

മതങ്ങൾ മനുഷ്യരെ തമ്മിൽ സ്നേഹിപ്പിക്കാനും മനസിലാക്കാനും വേണ്ടിയുള്ളതാണ്. എന്നാൽ മതങ്ങളുടെ പേരിൽ തുടങ്ങിയ നിങ്ങളുടെ കോളേജിന് എന്തേ നിങ്ങളുടെ തന്നെ ഹൗസ് സർജൻസിനെ സ്നേഹിക്കാൻ അറിയില്ലേ?

എത്രയും വേഗം തന്നെ താങ്കളുടെ ഹൗസ് സർജൻസിന്റെ സ്റ്റെപ്പന്റ് ഉയർത്തി എന്നുള്ള ഓർഡർ ഇറങ്ങിയില്ല എങ്കിൽ ശക്തമായ സമരത്തിന് കാരക്കോണം സാക്ഷിയാകേണ്ടി വരും. കേരളത്തിലെ എല്ലാ മെഡിക്കൽ വിദ്യാർത്ഥികളും ഹൗസ് സർജൻസും ഡോക്ടേഴ്സും സമരത്തിൽ അണിചേരും. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ നിങ്ങളുടെയൊക്കെ കപട ആശയങ്ങളെ കാറ്റിൽ പറത്തിയേക്കാം. അവിടത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് വരെ ഏറണാകുളം മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസും വിദ്യാർത്ഥികളും അവർക്കൊപ്പം ഉറച്ച് നിൽക്കുക തന്നെ ചെയ്യും.

എത്രയും വേഗം ഹൗസ് സർജൻസിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ താങ്കൾ തയ്യാറാകുമെന്ന് പ്രതീക്ഷിച്ചു കൊള്ളുന്നു.

എന്ന്,

വിശ്വസ്തയോടെ

ഹൗസ് സർജൻസ്

ഗവ.മെഡിക്കൽ കോളേജ് എറണാകുളം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍