UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാരക്കോണം മെഡിക്കല്‍ കോളേജ്; വിദ്യാര്‍ത്ഥി പീഡനത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

Avatar

കാരക്കോണം മെഡിക്കല്‍ കോളേജിലെ  തിക്താനുഭവങ്ങളെ കുറിച്ച് ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി എഴുതുന്നു.

കാരക്കോണം മെഡിക്കല്‍ കോളേജിലെ സംഭവവികാസങ്ങള്‍ ഓരോന്നായി പുറത്തു വരികയാണ്. ‘ദൌര്‍’ഭാഗ്യവശാല്‍ അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ഥിയാകാന്‍ അവസരമുണ്ടായ ഒരുവനാണ് അടിയന്‍. പിജി ആയതിനാല്‍ ഇപ്പോഴും അവിടെ കയറേണ്ടി വരുന്നതിനാല്‍ പേര് വെളിപ്പെടുത്താന്‍ ലേശം പ്രയാസമുണ്ട്. എന്തിനും പോന്ന കുറേപ്പേര്‍ അവിടെ സെക്യൂരിറ്റി എന്ന പേരില്‍ നില്‍പ്പുണ്ട്. എങ്കിലും കുറച്ചു കാര്യങ്ങള്‍ പറയാതിരിക്കാന്‍ വയ്യ. ജീവഹാനി വരുമെന്ന ഭീതി കൊണ്ട് ഒരു അനോണിയുടെ മാസ്ക് അണിയുകയാണ്.

അന്ന് ഞങ്ങള്‍ക്ക് പറ്റാതിരുന്നത് ഇപ്പോഴുള്ള ഹൌസ് സര്‍ജന്മാര്‍ ചെയ്യുമ്പോള്‍ സന്തോഷമുണ്ട്. എത്രയൊക്കെ പൂഴ്ത്തിവച്ചാലും സത്യം പുറത്തെത്തും എന്നുള്ളതിന് തെളിവാണിത്. ഡയറക്ടര്‍ ബെന്നറ്റ്‌ എബ്രഹാമിന്റെയും മാനേജ്മെന്റിന്റെയും കച്ചവട താല്പര്യങ്ങള്‍ക്കു ബലിയാടാകേണ്ടിവരുന്ന അവസ്ഥ ഇനി വരുന്ന ബാച്ചിനെങ്കിലും ഉണ്ടാവരുത്.

മാനെജ്മെന്റ് ചൂഷണം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. 2002 മുതൽ കാരക്കോണം മെഡിക്കല്‍ കോളേജ് ഭരിച്ചിരുന്ന ഡോക്ടര്‍ ബെന്നറ്റ്‌ അവിടത്തെ അപ്രഖ്യാപിത ഡിക്റ്റെറ്റര്‍ ആയി മാറുകയായിരുന്നു. ഓരോ വര്‍ഷവും വരുന്ന കുട്ടികളില്‍ നിന്നും കണക്കില്ലാതെ പണം വാങ്ങി കീശ വീര്‍പ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മാനെജ്മെന്റ്. മിസ്‌ലേനിയസ് ഫീ എന്ന പേരില്‍ അവര്‍ വാങ്ങിക്കൂട്ടുന്നതിനു കയ്യും കണക്കുമില്ല. ഓരോ വര്‍ഷവും തോന്നുംപടി അത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ വിദ്യാര്‍ഥികളുടെ ഒരാവശ്യത്തിനും അതൊട്ട്‌ ഉപയോഗിച്ചിട്ടുമില്ല.

മെഡിക്കല്‍ കൌണ്‍സില്‍ ഇന്‍സ്പെക്ഷന്‍ നടത്തുമ്പോള്‍ പരിശോധിക്കാന്‍ മാത്രമായി ഇന്‍റ്റെണ്‍സ് ക്വാര്‍ട്ടേഴ്സ് എന്നൊന്ന് ഉണ്ടാക്കിയിട്ടിട്ടുണ്ട്. അവിടെ എല്ലാ സൗകര്യങ്ങളും ഉണ്ട്. മറ്റിടങ്ങളിലെ അവസ്ഥ പരിതാപകരവും.

ഇല്ലാത്ത മെസ്സിന് ഫീസ്‌ കൊടുത്താണ് അവര്‍ അവിടെ കഴിയുന്നത്‌. ആര്‍ക്കും എപ്പോഴും കയറി ഇറങ്ങാവുന്ന ഒന്നാണ് ലേഡീസ് ഹോസ്റ്റല്‍. ഒരു സെക്യൂരിറ്റി പോലും അതിനില്ല. വിലപിടിപ്പുള്ള സാമഗ്രികള്‍ മിസ്സ്‌ ആവുന്നത് അവിടെ പതിവാണ്. ആരെങ്കിലും കയറി എന്തെങ്കിലും ചെയ്തിട്ടു പോയാലും ഒറ്റ കുഞ്ഞറിയില്ല എന്നാണ് സുഹൃത്തുക്കള്‍ ഞങ്ങളോട് പറഞ്ഞിട്ടുള്ളത്.

മെന്‍സ് ഹോസ്റ്റല്‍/ ഹൌസ് സര്‍ജന്മാരുടെ ഹോസ്റ്റലിന്റെ മേല്‍ക്കൂര പണികഴിപ്പിച്ചിരിക്കുന്നത് ആസ്ബസ്റ്റോസ് ഷീറ്റുകള്‍ പതിച്ചാണ്. അതും ഏറ്റവും മുകളിലെ നിലയില്‍. റൂമുകള്‍ എന്ന് പറയാനാവില്ല അതിനെ. ടെറസ്സിനെ മുകളില്‍ ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ച് അതിനു കീഴെ ഫാള്‍സ് സീലിംഗ്. അലൂമിനിയം ഫാബ്രിക്കേഷന്‍ ചെയ്ത് വേര്‍തിരിച്ചിരിക്കുന്നു എന്ന് മാത്രം. ഇപ്പോഴത്തെ ബാച്ച് ഈ ചൂടു സമയത്ത് എങ്ങനെ കഴിയുന്നു എന്ന് ഊഹിക്കാന്‍ പോലും സാധിക്കില്ല. ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ച കെട്ടിടങ്ങള്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല എന്നിരിക്കെയാണ് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ഇതെല്ലാം നടക്കുന്നത് എന്നാലോചിക്കണം. ഇവിടെ പത്തുമാസം കഴിയുന്നവരുടെ അവസ്ഥ എന്തായിരിക്കും. അതൊന്നു വൃത്തിയാക്കാന്‍ ആരും വരാറില്ല.സേഫ്ടിക്ക് ഒരു പൂട്ട്‌ പോലും ഇല്ലാത്തയിടത്താണ് ഞങ്ങള്‍ കഴിഞ്ഞത്, ഇപ്പോഴുള്ളവര്‍ കഴിയുന്നത്. വെള്ളത്തിന്റെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. കളര്‍ കണ്ടാല്‍ ചായ ഗ്ലാസ് കഴുകിയ വെള്ളം എങ്ങനെയുണ്ടാവുമോ അങ്ങനെയിരിക്കും. കുളിക്കാനും മറ്റും ഉപയോഗിക്കുന്നത് അതാണ്.

ബാത്ത് റൂം ഉണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്, ഇല്ലേ എന്നാണെങ്കില്‍ ഇല്ല. അങ്ങനെ പറയാന്‍ കാരണം വേറൊന്നുമല്ല. അവര്‍ സജ്ജീകരിച്ചിരിക്കുന്ന ‘അ’സൗകര്യങ്ങളാണ്.

2004 മുതല്‍ ഈ തുച്ഛമായ തുകയ്ക്ക് വേണ്ടി ഹൌസ് സര്‍ജന്മാര്‍ പണിയെടുക്കുന്നു. ഓരോ തവണയും  വര്‍ധനവ് ആവശ്യപ്പെടുമ്പോള്‍ പിച്ചക്കാശു പോലെ അന്‍പതോ നൂറോ രൂപ കൂട്ടും. ആരും ചോദ്യം ചെയ്യില്ല എന്നൊരു വിശ്വാസമായിരുന്നു അവര്‍ക്ക്.

സ്റ്റെപ്പന്റ് വര്‍ദ്ധനവിനായി സര്‍ക്കാര്‍ നിയമം ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ മാനേജ്മെന്‍റിനെ സമീപിച്ചിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞത് അത്തരത്തില്‍ ഒരു നിയമമേ ഇല്ല എന്നായിരുന്നു. കൂടെ എട്ടാമത് ബാച്ചിലെ ആരോ കേസ് നല്‍കിയിരുന്നു. അതിന്റെ വിധി വരട്ടെ എന്നും പറഞു. പക്ഷേ ആ കേസ് വിധി പറഞ്ഞിട്ട് കാലങ്ങള്‍ ആയിരുന്നു.

കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ കീഴില്‍ വന്നപ്പോഴേക്കുമാണ് സ്റ്റെപ്പന്റ് തുകയുടെ കാര്യത്തില്‍ വ്യക്തതയുണ്ടായത്. എന്നാലും മാനെജ്മെന്റ് അതിനു നല്‍കിയത് പുല്ലുവിലയാണ്.

എക്സ്ടന്‍ഷന്‍ ഫൈന്‍ ഇവര്‍ ഒരു വരുമാന മാര്‍ഗ്ഗമായാണ് കാണുന്നത്. വാർഡില് 10 മിനിറ്റ് താമസിച്ചെത്തിയതിന് 10 ദിവസം എക്സ്ടന്‍ഷന്‍ എഴുതിയിട്ടു. കല്യാണത്തിന് 1000 മുതൽ 5000 വരെയും, പ്രസവത്തിന് 25,000  രൂപയോളവും വാങ്ങിയിട്ടുണ്ട്. എട്ടാമത് ബാച്ചിലെ ഒരു ചേച്ചി പ്രഗ്നന്റ് ആയി ലീവ് എടുത്തിരുന്നു. തിരിച്ചു വന്നപ്പോള്‍ ഫൈന്‍ ആയി അടയ്ക്കേണ്ടി വന്നത് 17000 രൂപയാണ്. അങ്ങനെ എത്രയെത്ര സംഭവങ്ങള്‍.

ഒരു തവണ സ്റ്റെപ്പന്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കോണ്‍വോക്കേഷന്‍ നടത്തിത്തരില്ല എന്നൊരു ഭീഷണിയാണ് അവര്‍ ഉയര്‍ത്തിയത്. പരിപാടി നടത്തണമെങ്കില്‍  നിങ്ങളുടെ മൂന്നു മാസത്തെ സ്റ്റെപ്പന്‍റ്റ് വേണം എക്സ്പെന്‍സ് ആയി. കൂട്ടിച്ചോദിക്കാന്‍ വന്നാല്‍ കോണ്‍വൊക്കെഷന്‍ നടത്തില്ല എന്നുതന്നെ പറഞ്ഞു.

അതുപോലെ തന്നെയാണ് ആര്‍ട്സിന്റെ കാര്യവും. ഒരു വര്‍ഷത്തെ ആര്‍ട്സ് നടത്തിയില്ല. ഈ വര്‍ഷം സമരം ആണെന്നും പറഞ്ഞുകൊണ്ട് ആര്‍ട്സ് മാറ്റി വച്ചിരിക്കുകയാണ്. എന്നാല്‍ അതിന്റെയെല്ലാം പണം പിരിച്ചു കഴിഞ്ഞു.

വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ലോണ്‍ എടുത്ത് പഠിക്കുന്നുണ്ട്. അവര്‍ ഫീസ്‌ ക്യാഷ് ആയി നല്‍കുന്നത് മറ്റു കാര്യങ്ങള്‍ക്കായി തിരിമറി കാണിക്കും. ലാസ്റ്റ് ഡേറ്റ് ഒക്കെ ആകുമ്പോഴാവും ഫീസ്‌ ഇവര്‍ അടയ്ക്കുക. അതും വിദ്യാര്‍ഥികള്‍ സമീപിക്കുമ്പോള്‍ മാത്രം. വേറൊന്ന് കാമ്പസില്‍ നിന്നും ഒരു തവണ പുറത്തിറങ്ങുന്നതിന് 25 രൂപയുടെ കൂപ്പണ്‍ വാങ്ങണം എന്നുള്ള നിയമമായിരുന്നു. അതായത് ദിവസത്തില്‍ നാലു പ്രാവശ്യം ഇറങ്ങണം എങ്കില്‍ 100 രൂപ.

പല പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കും കോഷന്‍ ഡെപ്പോസിറ്റ് ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല. കോഴ്സ് കഴിഞ്ഞു പോരാന്‍ നേരം അത് തിരികെ തരണം എന്നാണല്ലോ നിയമം. മാനേജ്മെന്റിനോട്‌ കോഷന്‍ ഡെപ്പോസിറ്റ് ചോദിച്ചാല്‍ അഞ്ചാറു വര്‍ഷം കഴിഞ്ഞിട്ട് വാ എന്നാവും മറുപടി. 2007 ലെ വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ പൂര്‍ണ്ണമായും കോഷന്‍ ഡെപ്പോസിറ്റ് ലഭിച്ചിട്ടില്ല എന്ന് കൂട്ടിച്ചേര്‍ത്താല്‍ പിക്ചര്‍ ക്ലിയര്‍ ആകും.

ആശുപത്രിക്കും വേണ്ടി രാപകല്‍ പണിയെടുക്കുന്ന ഞങ്ങളെ മാനസികമായി തകര്‍ക്കാനുള്ള നടപടികളും മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുമുണ്ടായിരുന്നു. അഞ്ചു രൂപ കുടിശിഖ വന്നാലും നോട്ടീസ് ബോര്‍ഡില്‍ പേര് എഴുതിയിടുക, ക്ലാസ്സില്‍ കയറ്റാതിരിക്കുക, കയറിയാലും അറ്റന്‍ഡന്‍സ് നല്‍കാതിരിക്കുക എന്നിങ്ങനെ നീളുന്നു മെന്‍റ്റല്‍ ടോര്‍ച്ചര്‍.

ഇതിനെപ്പറ്റി ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല ഞങ്ങള്‍ക്ക്. ബെന്നെറ്റ് എബ്രഹാം നേരിട്ടാണ് സെക്യൂരിറ്റിയുടെ നിയന്ത്രണം. ഡോക്ടര്‍മാരെ ഒന്നും അവര്‍ക്ക് മൈന്‍ഡ് ചെയ്യുക പോലും വേണ്ട. മറ്റാരു പറഞ്ഞാലും അവര്‍ അംഗീകരിക്കുകയുമില്ല.

നമ്മള്‍ പ്രതികരിക്കാന്‍ ശ്രമിച്ചാല്‍ ഭീഷണിയും വാഹനം കൊണ്ടു വരികയാണെങ്കില്‍ അതില്‍ നശീകരണ പ്രവര്‍ത്തികള്‍ നടത്തുക എന്നതും ഇവിടെ സ്ഥിരമാണ്. കാറിന്റെ പെയിന്റ് ചുരണ്ടുക, ടയര്‍ കുത്തി കാറ്റ് കളയുക എന്നിങ്ങനെ അവരുടെ കലാപരിപടികള്‍ ഏറെയുണ്ട്. ഇപ്പോഴും അത് നിര്‍ബാധം തുടരുന്നു.

കാമ്പസിനുള്ളില്‍ എവിടെയെങ്കിലും ഞങ്ങള്‍ ഇരിക്കുന്നത് കണ്ടാല്‍ എണീറ്റു പോടാ,പോടീ എന്നൊക്കെ വിളിച്ചു കൊണ്ട് സെക്യൂരിറ്റികള്‍ അടുത്തെത്തും.

ഇന്റര്‍ മെഡിക്കോസ് എന്ന ഫംഗ്ഷന്‍ നടക്കുന്ന സമയം ഫുട്ട്ബോള്‍ മാച്ചിനു വന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹൌസ് സര്‍ജന്സിനെ തല്ലിയതിലും വിദ്യാര്‍ത്ഥിനിയുടെ മരണത്തിനോട് അടുപ്പിച്ചു നടന്ന ആക്രമണങ്ങളിലും ഇവരുടെ പങ്ക് കേരളം കണ്ടതാണ്.

ഇപ്പോഴത്തെ ബാച്ചിന് ബെന്നറ്റ്‌ എബ്രഹാം തുടക്കത്തില്‍ ഒരു ക്ലാസ് നല്‍കിയത് ഓര്‍മ്മ വരുന്നു. ‘ഇതൊക്കെയാണ് ഇവിടത്തെ നിയമങ്ങള്‍. മുന്‍പും ഇവിടെ സമരങ്ങള്‍ നടന്നിട്ടുണ്ട്. അതൊക്കെ ഞങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ആരു സമരം ചെയ്താലും ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ചെയ്യുന്നവര്‍ പിന്നെ തോറ്റു തിരികെ വരേണ്ടിവരും’- ഇതായിരുന്നു ആ മാന്യദേഹം നല്‍കിയ സാരോപദേശം.

ഇതൊന്നും ആരും ചോദ്യം ചെയ്യാന്‍ പോകുന്നില്ല എന്നതായിരുന്നു അവരുടെ ധൈര്യം. എന്നാല്‍ ഇപ്പോഴുണ്ടായത് ആ അപ്രമാദിത്വം തകര്‍ക്കുന്നതും. കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉള്ള മെഡിക്കല്‍ കോളേജുകളില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട് ഹൌസ് സര്‍ജന്‍മാരുടെ പ്രതിഷേധത്തിന്. അത് ലക്ഷ്യം കാണുകതന്നെ ചെയ്യും. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍