UPDATES

കേരള നമ്പര്‍ 1 എന്തുകൊണ്ടാണ് 2017-ലെ ഏറ്റവും മികച്ച രാഷ്ട്രീയ കാമ്പെയ്‌ന്‍ ആകുന്നത്?

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പശുവിന്റെ പേരില്‍ ദലിതരും മുസ്ലിങ്ങളും ക്രൂരമായി കൊല്ലപ്പെടുകയും മത വര്‍ഗ്ഗീയവാദത്തിന് എക്കാലത്തേക്കാളും വലിയ പിന്തുണ ലഭിക്കുകയും ചെയ്യുമ്പോള്‍ കേരളം എങ്ങനെ വ്യത്യസ്തമാകുന്നുവെന്നത് ലോകം അറിഞ്ഞു

നവമാധ്യമ രംഗത്ത് സംഭവ ബഹുലമായിരുന്നു 2017. നവമാധ്യമങ്ങള്‍ക്ക് ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ജനകീയത കേരള രാഷ്ട്രീയം വളരെ നന്നായി തന്നെ ഉപയോഗിച്ചു. പോയവര്‍ഷം നവമാധ്യമരംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയ രാഷ്ട്രീയ പ്രചരണങ്ങളിലൊന്നിനെ വിശകലനം ചെയ്യുന്നു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന് ദേശീയതലത്തില്‍ തന്നെ ഏറെ ശ്രദ്ധ ലഭിക്കാനും സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യവ്യാപകമായ പ്രചരണം ലഭിക്കാനും സഹായിച്ച ഓണ്‍ലൈന്‍ കാമ്പെയ്‌നിംഗ് ആയിരുന്നു കേരള നമ്പര്‍ 1. സംസ്ഥാന സര്‍ക്കാര്‍ ആദ്യം ഇംഗ്ലീഷ് പത്രങ്ങളില്‍ നല്‍കിയ ഒരു മുഴുവന്‍ പേജ് പരസ്യമായിരുന്നു ഇതിന്റെ തുടക്കം. വിവിധ രംഗങ്ങളില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എങ്ങനെ മുന്നില്‍ നില്‍ക്കുന്നുവെന്നും അത് എത്രമാത്രം മുന്നിലാണെന്നും വിശദീകരിക്കുന്നതായിരുന്നു ഈ പരസ്യം. പരസ്യത്തിന് വലിയ തോതില്‍ ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നാലെ ആരോപണങ്ങളും ഉയര്‍ന്നു. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് രാജ്യവ്യാപകമായി പരസ്യം ചെയ്തതാണ് മുഖ്യമായും വിമര്‍ശിക്കപ്പെട്ടത്. കേരളത്തില്‍ പനിമരണം രൂക്ഷമായിരിക്കെ സംസ്ഥാന സര്‍ക്കാര്‍ പരസ്യത്തിനായി കോടികള്‍ ചെലവഴിക്കുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ -മുഖ്യമായും സംഘപരിവാര്‍- നടത്തിയ ആരോപണം.

കേരളം നമ്പര്‍ 1 ആണോ? ആണെങ്കില്‍ ആര്‍ക്കാണ് പ്രശ്നം?

ഓഗസ്റ്റ് മാസത്തില്‍ ഈ പരസ്യം വരുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ബിജെപിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇല്ലാത്തതിനാല്‍ 63 കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം പുറത്തു വന്നത്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിന്റെ പരസ്യത്തിലാകട്ടെ ശിശുമരണ നിരക്കിലും ആരോഗ്യ രംഗത്തും കേരളം എത്രമാത്രം മുന്നിലാണെന്ന് വ്യക്തമാക്കുന്നുമുണ്ട്. ഇത് തന്നെയായിരുന്നു ആര്‍എസ്എസ്- ബിജെപി നേതൃത്വത്തെ വിറളി പിടിപ്പിച്ചതും. എന്നാല്‍ ഈ ആരോപണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഈ പരസ്യത്തെ ഏറ്റെടുത്ത് നടന്ന കാമ്പെയ്‌നിംഗ്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലെ തങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ക്കൊപ്പം കേരള നമ്പര്‍ 1 എന്ന ഫ്രെയിം ഒട്ടനവധി പേരാണ് ഉപയോഗിച്ചത്. കേരളത്തിന് പുറത്തുള്ള മലയാളികളും ഉപയോഗിച്ച ഈ ഫ്രെയിം രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ ഉപയോഗിക്കപ്പെട്ടുവെന്ന് തന്നെ പറയാം.

കേരളം കൊലപാതകങ്ങളുടെ നാടാണ്, സിപിഎമ്മിന്റെ അക്രമരാഷ്ട്രീയമാണ് ഇവിടെ നടക്കുന്നത് തുടങ്ങീ സംഘപരിവാര്‍ ഉത്തരേന്ത്യയില്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പരസ്യവും അതിന്റെ ചുവടുപിടിച്ചുണ്ടായ കാമ്പെയ്‌നിംഗും. തങ്ങളുടെ പ്രവര്‍ത്തകനായ രാജേഷ് തിരുവനന്തപുരത്ത് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആര്‍എസ്എസ് സിപിഎം വിരുദ്ധ പ്രചരണങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയത്. കേരളത്തില്‍ ഗവര്‍ണര്‍ ഭരണം നടപ്പാക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ തന്നെ ബിജെപി നേതാക്കള്‍ രാജ്ഭവനിലും രാഷ്ട്രപതി ഭവനിലും കയറിയിറങ്ങാനും ആരംഭിച്ചിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സംസ്ഥാനത്ത് പറന്നിറങ്ങി, രാജേഷിന്റെ വീട് സന്ദര്‍ശിക്കുകയും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ അഴിച്ചു വിടുകയും ചെയ്തു.  കേന്ദ്രത്തിലെ ഭരണസ്വാധീനം ഉപയോഗിച്ച് കേരള ഭരണത്തെ താറടിച്ച് കാണിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നുമുണ്ട്.

‘ദ കില്ലിംഗ് ഫീല്‍ഡ്‌സ് ഓഫ് കേരള’ എന്ന പേരില്‍ ഇന്ത്യ ടുഡേ ചാനലില്‍ വന്ന വാര്‍ത്ത കേരളത്തിലെ ക്രമസമാധാന നില താറുമാറായി എന്ന് വരുത്തി തീര്‍ക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായിരുന്നു. അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലും ടൈംസ് നൌവും കേരളത്തെ പാകിസ്ഥാനുമായി താരതമ്യം ചെയ്തും പ്രചരണം നടത്തി. വര്‍ഗീയ കലാപത്തിന്റെ കാര്യത്തില്‍ കേരളം ഒന്നാമതാണെന്നായിരുന്നു മറ്റൊരു പ്രചരണം. പ്രസംഗവേദികളില്‍ മാത്രമല്ല, പാര്‍ലമെന്റില്‍ പോലും ഇത്തരം നുണ പ്രചരണങ്ങള്‍ ഇടം നേടി. ലോക്സഭയില്‍ കേരളത്തെക്കുറിച്ച് എംപി മീനാക്ഷി ലേഖി പറഞ്ഞ അഭിപ്രായം കേരളം ദൈവം കൈവിട്ട നാടാണെന്നാണ്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിലാണ് അവര്‍ ഈ ആരോപണം ഉന്നയിച്ചത്. രാഷ്ട്രീയ ശത്രുക്കളായ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ മാത്രമല്ല കോണ്‍ഗ്രസുകാരെയും സിപിഐക്കാരെ പോലും സിപിഎം കൊലപ്പെടുത്തുന്നുവെന്നാണ് അവര്‍ അന്ന് പറഞ്ഞത്. ഈ സാഹചര്യത്തില്‍ മന്ത്രിസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍ ഭരണം ഏറ്റെടുക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.

കേരളം എന്തുകൊണ്ട് നമ്പര്‍ വണ്‍: ഇത് ജെയ്റ്റ്‌ലിക്കുള്ള പിണറായിയുടെ മറുപടി

ഈ പ്രചരണങ്ങള്‍ക്കിടെയാണ് ആദ്യം ഇംഗ്ലീഷിലും പിന്നീട് മലയാളത്തിലും ഹിന്ദിയിലുമായി കേരള സര്‍ക്കാരിന്റെ പരസ്യം വിവിധ സംസ്ഥാനങ്ങളിലെ ദിനപ്പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യം രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ലഭിക്കുന്ന പത്രങ്ങളില്‍ ഇംഗ്ലീഷിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. രാജ്യതലസ്ഥാനമായതിനാല്‍ തന്നെ അതനുസരിച്ചുള്ള ആഗോള ശ്രദ്ധ ഈ പരസ്യത്തിന് ലഭിക്കുകയും ചെയ്തു. മാനവവികസന സൂചിക, സാക്ഷരത, ആയുര്‍ദൈര്‍ഘ്യം, സ്ത്രീ പുരുഷാനുപാതം, കുറഞ്ഞ ശിശുമരണ നിരക്ക്, ആരോഗ്യ പരിരക്ഷ, ടോയ്ലറ്റ് സൗകര്യം, ശുചിത്വം എന്നിവയില്‍ കേരളത്തിനുള്ള ഒന്നാം സ്ഥാനം കണക്കിലെടുത്താണ് ഈ പരസ്യം തയ്യാറാക്കിയത്. ക്രമസമാധാന പാലനത്തിന് രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നതിനാല്‍ ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളമെന്നാണ് പരസ്യത്തില്‍ പറയുന്നത്. വര്‍ഗ്ഗീയതയ്ക്കെതിരായ മികച്ച പ്രവര്‍ത്തനങ്ങള്‍, ഭരണത്തിലെ മികവ്, അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനം, മാനവ വികസനത്തില്‍ ഒന്നാം സ്ഥാനത്ത്, ഉയര്‍ന്ന സാക്ഷരതയും ആളോഹരി വരുമാനവും എന്നിവയാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മുന്‍പന്തിയിലെത്തിക്കുന്നത്. കൂടാതെ ശ്രീ എം, സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ ടി തോമസ്, നടന്‍ കമല്‍ഹാസന്‍ എന്നിവരുടെ പ്രശംസ വാക്കുകളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേരളം സന്ദര്‍ശിക്കൂ, കേരളത്തില്‍ നിക്ഷേപം നടത്തൂ എന്ന സന്ദേശത്തോടെയാണ് പരസ്യം അവസാനിക്കുന്നത്.

‘പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയത് കൊണ്ട് ഞാന്‍ കമ്യൂണിസ്റ്റായി എന്നാണെങ്കില്‍ ഞാനങ്ങു സഹിച്ചു’

മൈത്രി അഡ്വര്‍ടൈസിംഗ് ആണ് പരസ്യം തയ്യാറാക്കിയത്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ് കേരളമെന്നും പലതിലും കേരളം എന്താണെന്ന് അറിയണമെങ്കില്‍ ഇന്ത്യ ഒന്ന് ചുറ്റിയച്ചിട്ട് വരണമെന്നും മൈത്രി അഡ്വര്‍ടൈസിംഗ് അഡ്മിന്‍ അജിത് കുമാര്‍ ആര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അന്ന് കുറിച്ചു. ‘കേരളത്തെയും പ്രസിഡന്റ് ഭരണത്തെയും ഒറ്റ ശ്വാസത്തില്‍ പറയുന്നവര്‍ വാക്ക് തൊണ്ടയില്‍ കുടുങ്ങി മരിക്കാതെ സൂക്ഷിക്കൂ. മലയാളി എന്ന ജനതയുടെ ജനിതക ഘടന ഇതര ഭാരത ദേശങ്ങള്‍ക്ക് അവകാശപ്പെടാന്‍ ആകുമോ എന്ന് സംശയമാണ്‘. ശരിയായ ജനാധിപത്യത്തിന്റെ ഇത്രയും നല്ല പരിച്ഛേദം മറ്റെങ്ങും ദര്‍ശിക്കാനാകുമോ എന്നതും സംശയമാണെന്നും അജിത് കുമാര്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ കേരളം നമ്പര്‍ 1 പ്രചരണം ചൂടുപിടിച്ചതിന് ശേഷമാണ് പരസ്യം ഹിന്ദിയില്‍ പ്രസിദ്ധീകരിച്ചത്. കേരളത്തിന്റെ നേട്ടങ്ങള്‍ ഹിന്ദി സംസാരിക്കുന്ന ജനങ്ങളിലും എത്തിച്ച് ഇവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ പരസ്യത്തിന് സാധിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കേരളത്തിലെത്തി ഇവിടെ സിപിഎം നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ വിമര്‍ശിച്ച് സംസാരിച്ചതിന് പിന്നാലെയാണ് ഹിന്ദി പരസ്യം വന്നത്. ബിജെപി ഒരിക്കലും അധികാരത്തിലെത്താത്ത കേരളത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളില്‍ കൃത്യമായെത്തിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യമായിരുന്നു ഈ പരസ്യത്തിന് പിന്നില്‍.

ഇനിയും കേരളത്തിന് മേല്‍ കുതിര കേറാന്‍ വരരുത്; ആ കുരുന്നുകളുടെ ജീവന് നിങ്ങള്‍ മറുപടി പറയണം

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പശുവിന്റെ പേരില്‍ ദലിതരും മുസ്ലിങ്ങളും ക്രൂരമായി കൊല്ലപ്പെടുകയും മത വര്‍ഗ്ഗീയവാദത്തിന് എക്കാലത്തേക്കാളും വലിയ പിന്തുണ ലഭിക്കുകയും ചെയ്യുമ്പോള്‍ കേരളം എങ്ങനെ വ്യത്യസ്തമാകുന്നുവെന്നത് ലോകം അറിഞ്ഞു. മതേതരത്വത്തിലും വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ശുചിത്വത്തിലുമെല്ലാം തങ്ങള്‍ എത്രമാത്രം മുന്നില്‍ നില്‍ക്കുന്നുവെന്ന് മലയാളികള്‍ ഈ കാമ്പെയ്‌നിംഗിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞു. രാജ്യത്തെ ഏക പ്രതിപക്ഷ സംസ്ഥാനമെന്ന് തന്നെ വിളിക്കാവുന്ന കേരളത്തില്‍ എന്തുനടക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ ഉറ്റുനോക്കുന്ന ഈ കാലഘട്ടത്തില്‍ നടന്ന കാമ്പെയ്‌നിംഗിന് വലിയ പ്രാധാന്യവും കൈവന്നു. ഇടതുപക്ഷ സര്‍ക്കാരിനെ പ്രശംസിക്കുന്നതിനപ്പുറം ആര്‍എസ്എസിനും ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരായ ആയുധമായാണ് ഈ ഫ്രെയിം പലരും ഉപയോഗിച്ചത്. കാവി രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരെല്ലാം തന്നെ ഇതൊരു പ്രതിരോധമാണെന്ന് തിരിച്ചറിഞ്ഞ് ഇതിന്റെ ഭാഗമാകുകയായിരുന്നു.

ഇത് രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്ന് കരുതുന്നെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി

മുരുഗന്റെ മരണം ഏത് കണക്കില്‍ കൂട്ടും? കേരള മോഡല്‍ വേണ്ടത് പരസ്യത്തിലല്ല, പ്രവര്‍ത്തിയിലാണ്

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍