UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മരം കയറ്റിറക്ക് തൊഴിലാളി; ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡന്‍റ്

Avatar

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതികള്‍ അധികാരം ഏറ്റെടുക്കുകയും ചെയ്തു. ഏറെ പ്രത്യേകതകളാണ് ഇത്തവണത്തെ മേയര്‍മാര്‍ക്കും നഗരസഭാദ്ധ്യക്ഷന്‍മാര്‍ക്കും ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ഉള്ളത്. അവരില്‍ ചിലരേയും അവരുടെ കാഴ്ചപ്പാടുകളേയും അഴിമുഖം പരിചയപ്പെടുത്തുന്നു.

പേര് : കറപ്പന്‍
വയസ്സ് : 53
അച്ഛന്‍ : പരേതനായ ഒറ്റപ്പാലം സ്വദേശി രാവുണ്ണി
അമ്മ : പാലക്കാട് അന്നമ്മ
മേല്‍വിലാസം : നെന്മേനി പഞ്ചായത്ത്,
ചുള്ളിയോടിനടുത്ത് കോട്ടക്കുണ്ട് പെറംമ്പോക്ക് ഭൂമി 
സ്വത്ത് വിവരം : ആറ് സെന്റ് പുറംമ്പോക്ക് കൈവശ സര്‍ട്ടിഫിക്കറ്റ് ആധാരം
വിദ്യാഭ്യാസം : മൂന്നാം തരം 
ജോലി : മരം കയറ്റിറക്ക്

വയനാട്ടില്‍ നെന്മേനി ഗ്രാമപഞ്ചായത്ത് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ടി ആര്‍ കറപ്പന്റെ ബയോഡേറ്റയാണ് മുകളില്‍ കൊടുത്തത്. 

മതവും ജാതിയും ഒന്നും മനുഷ്യരുടെ ജീവിതത്തിന് അതിരിടാത്ത കാലത്ത് വയനാട്ടില്‍ എത്തിയതാണ് കറപ്പന്റെ അച്ഛനും അമ്മയും. എസ്റ്റേറ്റ് പുറമ്പോക്കില്‍ ഉണ്ടുറങ്ങിയ രാവുണ്ണിയ്ക്കും അന്നമ്മയ്ക്കും രണ്ടാമത്തെ മകനായി കറപ്പന്‍ പിറന്നു. മൂന്നാം തരത്തിന് അപ്പുറം പോകാന്‍ ദാരിദ്ര്യം അനുവദിച്ചില്ല. ബാല്യത്തിന് അനുയോജ്യമായ പണിയായിരുന്നു ആദ്യകാലം. തണ്ടും തടിയും വന്നതോടെ മരം കയറ്റിറക്ക് പണിയിലേക്ക് മാറി. അടുത്തുളള ചുള്ളിയോട് അങ്ങാടിയായിരുന്നു കേന്ദ്രം. സി ഐ ടി യുവില്‍ അംഗമായി ജോലിത്തുടക്കം. വിവാഹം കഴിച്ചു. മകള്‍ പിറന്നു. മകളെ വിവാഹം കഴിച്ച് അയച്ചു. 

തട്ടിയും മുട്ടിയും മുന്നോട്ട് പോയ അക്കാലത്തൊന്നും രാഷ്ട്രീയം കറപ്പനെ സ്പര്‍ശിച്ചില്ല. അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും സഹായം ആവശ്യമുണ്ടെങ്കില്‍ തയ്യാറായി കറുപ്പന്‍ ഉണ്ടാകും. മരണവീടോ കല്യാണവീടോ എന്ന് വേര്‍തിരിവില്ലാതെ. മരണവീട്ടില്‍ കുഴിയെടുക്കാന്‍ മുന്നിലുണ്ടാകും. കല്യാണ വീട്ടില്‍ പാചകത്തിനും കറപ്പന്‍ റെഡി. അതായിരുന്നു കറപ്പന്റെ രാഷ്ട്രീയം. 

”അഞ്ച് കൊല്ലം മുമ്പ് നെന്മേനി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ നിന്ന് മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞതാണ്. പാര്‍ട്ടി എന്നാല്‍ സി പി ഐ (എം). അംഗമല്ലെങ്കിലും അനുഭാവിയാണ്. ദൈനംദിനകാര്യങ്ങള്‍ മുന്നോട്ട് പോകണമെങ്കില്‍ പണിക്ക് പോകണം. പഞ്ചായത്ത് മെമ്പറായാല്‍ അതിന് കഴിയില്ല. പാര്‍ട്ടിയുടെ ആവശ്യം ഇത്തവണ അനുസരിച്ചു. അങ്ങനെ മെമ്പറായി. പഞ്ചായത്ത് പ്രസിഡന്റ് പദവി പട്ടിക ജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തതുകൊണ്ട് പ്രസിഡന്റുമായി.” കറപ്പന്‍ പറഞ്ഞു. 

”വലിയ വാഗ്ദാനങ്ങള്‍ ഒന്നും നല്‍കിയല്ല തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഏത് രാത്രിയിലും എന്നെ വിളിക്കാം. ഏത് ആവശ്യത്തിനും നിങ്ങളോടൊപ്പം ഞാന്‍ ഉണ്ടാകും. ഇതാണ് ഞാന്‍ വോട്ടര്‍മാര്‍ക്ക് കൊടുത്ത ഉറപ്പ്. ജനസേവകനാണ് പഞ്ചായത്ത് അംഗം. ആദിവാസികളുടെ വീട് നിര്‍മ്മാണത്തിനുവരെ കൈക്കൂലി പണം പറ്റുന്നവര്‍ ഇന്നുണ്ട്. ഇവിടെ അത് ഇനിയുണ്ടാവില്ല. പഞ്ചായത്തംഗം പരിശോധിച്ച് അനുമതി നല്‍കിയാല്‍ കരാറുകാരന് പണം കൊടുക്കാമെന്നാണ് വ്യവസ്ഥ. നെന്മേനിയില്‍ അത് നടക്കില്ല. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ നേരിട്ട് പരിശോധിച്ച് മാത്രമേ പണിയരുടെ വീട് നിര്‍മ്മാണത്തിന് പണം കൈമാറൂ.” കറപ്പന്‍ നിലപാട് വ്യക്തമാക്കി. 

ഔപചാരിക വിദ്യാഭ്യാസമോ പാര്‍ട്ടി അംഗത്വമോ രാഷ്ട്രീയ പഠന ക്ലാസുകളിലെ പങ്കാളിത്തമോ ഉത്തമരായ ജനസേവകരെ സൃഷ്ടിക്കുകയില്ലെന്ന് വര്‍ത്തമാനകാലം തെളിയിച്ചതാണ്. നെന്മേനിയില്‍ കറപ്പന്‍ പഞ്ചായത്ത് പ്രസിഡന്റായത് സംവരണ തത്വത്തിന്റെ അകൗണ്ടിലാണെങ്കില്‍ സംവരണം വിജയിക്കുന്നു എന്ന് വിലയിരുത്താം. കാരണം, ജനാധിപത്യ വ്യവസ്ഥിതിയില്‍ സഹജീവകളോടുള്ള കരുണയാണ് പൊതു പ്രവര്‍ത്തകന്റെ മുഖമുദ്ര. ആത്മവിശ്വാസത്തോടെ കറപ്പനിത് പ്രഖ്യാപിക്കാന്‍ ആകുന്നുണ്ട്. ബാക്കി കാലം തെളിയിക്കും.

(തയ്യാറാക്കിയത് എം കെ രാംദാസ്)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍